Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മർദ്ദിച്ച അബോധാവസ്ഥയിലായി ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാൻ അരുൺ ആനന്ദ് ശ്രമിച്ചു; ശസ്ത്രക്രിയ നടത്താൻ സമ്മതപത്രം ഒപ്പിടാതെ അമ്മയും; അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുൺ ആനന്ദ് ഡോക്ടർമാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു; അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടന്നു യുവതി: മരണാസന്നനായ ആ കുരുന്നിനോടു കാണിച്ച ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

മർദ്ദിച്ച അബോധാവസ്ഥയിലായി ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാൻ അരുൺ ആനന്ദ് ശ്രമിച്ചു; ശസ്ത്രക്രിയ നടത്താൻ സമ്മതപത്രം ഒപ്പിടാതെ അമ്മയും; അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുൺ ആനന്ദ് ഡോക്ടർമാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു; അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടന്നു യുവതി: മരണാസന്നനായ ആ കുരുന്നിനോടു കാണിച്ച ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: വേദനകൾ ഇല്ലാത്ത ലോകത്തിലേക്ക് ആ ഏഴു വയസുകാരൻ കുരുന്ന് യാത്രയായിട്ടുണ്ട്. അരുൺ ആനന്ദ് ക്രൂരമായി മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കി ആശുപത്രിയിൽ എത്തിച്ച വേളയിലും ചികിത്സ വൈകിപ്പിക്കുകയാണ് ഉണ്ടായത്. മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാനാണ് പ്രതി ശ്രമിച്ചെന്നതിന്റെ തെളിവുകളാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മനോരമ ന്യൂസ് ചാനലാണ് അരുൺ ആനന്ദിന്റെ ക്രൂരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.

മരണാസന്നനായ നിലയിൽ അടിച്ചു തലപൊളിച്ച ശേഷം ആ കുരുന്നിനെയും കൊണ്ടുവന്ന ശേഷം മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാൻ പ്രതി അരുൺ ആനന്ദ് ശ്രമിക്കുകയായിരുന്നു. മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടർമാരുമായി വഴക്കിടുകയും പിന്നീട് കുട്ടിക്കൊപ്പം ആംബുലൻസിൽ കയറാതിരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു.

മദ്യലഹരിയിൽ അരുൺ ആനന്ദ് ഡ്രൈവ് ചെയ്ത കാറിലാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിൽ എത്തിയത്. ഷർട്ട് അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകൾ നിലത്തുറയ്കാത്ത നിലയിൽ ആയിരുന്നു. വേച്ചുവേച്ചാണ് അയാൾ നടന്നു നീക്കിയത്. പിൻസീറ്റിൽ കിടത്തിയിരുന്ന കുഞ്ഞുമായി യുവതി ആശുപത്രിക്കുള്ളിലേക്ക് സ്‌ട്രെച്ചറിൽ നീങ്ങി. പ്രാഥമിക ശുശ്രൂഷ നൽകി അടിയന്തര ചികിത്സ നൽകാൻ അവർ തയ്യാറായിരുന്നില്ല. അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുൺ ആനന്ദ് ഡോക്ടർമാരുമായി വഴക്കിട്ട് സമയം വൈകിപ്പിക്കുകയായിരുന്നു. 

മദ്യലഹരിയായ അരുൺ ആനന്ദ് ബഹളം ഉണ്ടാക്കിയതോടെ കുഞ്ഞിന്റെ അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിക്കുകയായിരുന്നു. എന്നാൽ ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടക്കുകയായിരുന്നു യുവതിയെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർമാർ ഉടൻ ഓപ്പറേഷൻ വേണമെന്ന് ഇവരോട് ആവശ്യപ്പെടുന്നു. എന്നാൽ അരുൺ ഇതിനോട് യോജിക്കുന്നില്ല. സമ്മതപത്രം ഒപ്പിട്ടുനൽകാനും തയാറായില്ല. ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിടാൻ യുവതിയും തയാറായില്ല. പിന്നീട് ഡോക്ടർമാർ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോൺനമ്പർ ചോദിച്ചു. എന്നാൽ, ഇതിനും വഴങ്ങാതെ അധികൃതരോട് തർക്കിക്കുകയാണ് ഇരുവരും ചെയ്തത്.

ഇതോടെ കാര്യങ്ങൾ പന്തികേടാണെന്ന് തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുൺ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതോടെ ദുരൂഹത ഉറപ്പിച്ചു. തുടർന്നു പൊലീസ് അന്വേഷണത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകുകയും ചെയ്തു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ കുട്ടിയെ ആംബുലൻസിൽ കയറ്റിയെങ്കിലും കൂടെകയറാൻ യുവതിയും അരുൺ ആനന്ദും തയാറായിരുന്നില്ല.

പൊലീസിനോടും ജീവനക്കാരോടും തർക്കിച്ച് പിന്നേയും അരമണിക്കൂർ സമയം കളഞ്ഞു. ഏറ്റവും ഒടുവിൽ അരുണിനെ പൊലീസ് ബലമായി ആംബുലൻസിൽ കയറ്റുകയായിരുന്നു. തിരികെ കാറെടുക്കാന് പോയ യുവതിയെയും പൊലീസ് ആംബുലൻസിൽ തന്നെ കയറ്റി. വിദഗ്ധ ചികിൽസ ലഭ്യമാക്കാമായിരുന്ന ഒന്നര മണിക്കൂറിലധികം അരുണും യുവതിയും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു എന്നാണു പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

പത്ത് ദിവസങ്ങൾക്ക് ശേഷം ഇന്ന് രാവിലെ 11 മണിയോടെയാണ് കുഞ്ഞിന്റെ ജീവശ്വാസം നിലച്ചത്. തൊടുപുഴയിൽ മർദനമേറ്റു മരിച്ച ഏഴു വയസ്സുകാരന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. അതിനിടെ ഏഴുവയസ്സുകാരന്റെ മരണത്തിന് കാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടും പുറത്തുവന്നു. കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്. വീഴ്ചയിൽ സംഭവിക്കുന്നതിനെക്കാൾ ഗുരുതരമായ പരിക്കാണിത്. കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗങ്ങൾ നടത്തിയതിന്റെ പാടുകളുണ്ട്. വാരിയെല്ലുകൾക്കും ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ടെന്നും പ്രാഥമിക മൃതദേഹ പരിശോധനയിൽ വ്യക്തമായി. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇതുസംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാകൂ.

കുഞ്ഞിനെ മർദ്ദിച്ച ഗുരുതരമായി പരിക്കേൽപിച്ച അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഫെഡറൽ ബാങ്കിലെ നല്ല ജോലിയും ഇയാൾ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഇയാളുടെ അച്ഛൻ. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂൾ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്.

അരുൺ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ഇവർ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയിൽ കഴിയുകയാണ്. ആദ്യ ബന്ധത്തിൽ അരുണിന് 10 വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹബന്ധം വേർപെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എൻജിനിയറിങ് ബിരുദധാരിയാണ്.

അഞ്ച് വർഷത്തോളം തിരുവനന്തപുരത്ത് ഭർതൃ വീട്ടിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും രണ്ടുവർഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. അരുണുമായുള്ള ഭാര്യയുടെ അടുപ്പം മനസ്സിലാക്കിയായിരുന്നു ഇത്. വെങ്ങല്ലൂരിന് സമീപം മോട്ടോർ മെക്കാനിക്ക് വർക്ക്‌ഷോപ്പ് ആരംഭിച്ചു. ഇതിനിടെയാണ് കഴിഞ്ഞ വർഷം മെയ് 23ന് ഭർത്താവ് മരിച്ചത്. തുടർന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി താമസിച്ചു. ഇതോടെ വീണ്ടും അരുണമായി അടുത്തു. പിന്നീട് ഭർത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തിൽ തിരുവനന്തപുരത്ത് പോയപ്പോൾ പ്രണയം അസ്ഥിക്ക് പിടിച്ചു. തിരികെ തൊടുപുഴയിൽ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടർന്നു.

ഇതിന് ശേഷമാണ് പിന്നീട് ഭർത്താവ് മരിച്ചതോടെ യുവതി രണ്ടുകുഞ്ഞുങ്ങൾക്കൊപ്പം അരുണിന്റെ കൂടെ താമസം തുടങ്ങിയത്. കൊടും ക്രൂരനായിരുന്ന അരുൺ നിരന്തരം കുഞ്ഞുങ്ങളെ പീഡിപ്പിച്ചിരുന്നു. ഇളയകുഞ്ഞിന്റെ മൊഴിയിലൂടെയാണ് വീട്ടിൽ ചേട്ടനേയും തന്നെയും അരുൺ മർദ്ദിച്ചിരുന്നു എന്ന വിവരം പൊലീസ് തിരിച്ചറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP