Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലവെള്ളപ്പാച്ചിലിനും തളർത്താനായില്ല കുറിച്യാർമല നിവാസികളുടെ ഇച്ഛാശക്തിയെ; നോക്കിനിൽക്കെ കണ്മുമ്പിൽ ആകെയുള്ള സ്‌കൂൾ വീണുടഞ്ഞെങ്കിലും കുറിച്ച്യരുടെ നാട്ടിൽ സ്‌കൂൾ തുറപ്പ് നാളെ തന്നെ; അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന പാവങ്ങൾക്കായി സ്‌കൂളായി മാറുന്നത് മദ്രസ; ചിത്രപ്പണികളാൽ അലങ്കരിച്ച മദ്രസയിലേക്ക് ഉല്ലാസത്തോടെ എത്താനൊരുങ്ങി കുട്ടികളും

മലവെള്ളപ്പാച്ചിലിനും തളർത്താനായില്ല കുറിച്യാർമല നിവാസികളുടെ ഇച്ഛാശക്തിയെ; നോക്കിനിൽക്കെ കണ്മുമ്പിൽ ആകെയുള്ള സ്‌കൂൾ വീണുടഞ്ഞെങ്കിലും കുറിച്ച്യരുടെ നാട്ടിൽ സ്‌കൂൾ തുറപ്പ് നാളെ തന്നെ; അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന പാവങ്ങൾക്കായി സ്‌കൂളായി മാറുന്നത് മദ്രസ; ചിത്രപ്പണികളാൽ അലങ്കരിച്ച മദ്രസയിലേക്ക് ഉല്ലാസത്തോടെ എത്താനൊരുങ്ങി കുട്ടികളും

ജാസിം മൊയ്‌ദീൻ

കൽപറ്റ: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തിന് മുമ്പും ശേഷവും വയനാട്ടിൽ പരിസ്ഥിതിയെ അമിതമായി ചൂഷണം ചെയ്യാതെയും എല്ലാവിധ സാഹോദര്യത്തോടെയും കഴിഞ്ഞിരുന്ന ഒരു നാടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച വീരപഴശ്ശിയുടെ പടയാളികൾ കുറിച്ച്യരുടെ നാടായ കുറിച്ച്യാർമല. പൊഴുതന പഞ്ചായത്തിൽപെട്ട കുറിച്ച്യാർമലയിലെ 34 ഏക്കർ ഭൂമിയാണ് ഈ പ്രളയകാലത്ത് നഷ്ടപ്പെട്ടത്. അത്ഭുതമെന്ന് പറയട്ടെ ഒരൊറ്റ ജീവൻപോലും നഷ്ടപ്പെട്ടില്ല. അത്ഭുതമോ ദൈവിക ശക്തിയോ അല്ല കുറിച്ച്യർമലയിലെ ജനങ്ങളുടെ ജീവൻ രക്ഷിച്ചത്. കൃത്യമായി മുൻകരുതലുകളെടുത്തതാണ് അവരെ ജീവൻ നഷ്ടമാകാതെ കാത്തത്.

ചെറിയ ഉരുൾപൊട്ടലുണ്ടായപ്പോൾ പ്രദേശത്തെ ആളുകളെല്ലാം തന്നെ വീടുകളിൽ നിന്ന് പറ്റാവുന്നതെല്ലാം എടുത്ത് അടുത്തുള്ള പള്ളിയിലേക്ക് മാറി. വളർത്തുമൃഗങ്ങളെ കെട്ടഴിച്ച് വിടുകയും ചെയ്തു. എന്നിട്ട് പള്ളിയിലിരുന്നു മഴകുറയാനായി പ്രാർത്ഥിച്ചു. എന്നാൽ, ചെറിയ ഉരുൾപൊട്ടലുകളുണ്ടായ ഇടങ്ങളിലൊക്കെ വലിയ ഉരുൾപൊട്ടലുകളുണ്ടായി. തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ ചെലവഴിച്ച് നിർമ്മിച്ച വീടുകൾ ഒലിച്ചുപൊകുന്നത് അവർക്ക് നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ.

12 വീടുകളാണ് കുറിച്ച്യാർ മലയിൽ വാസയോഗ്യമല്ലാതായിരിക്കുന്നത്. ഇതിൽ അഞ്ച് വീടുകൾ പൂർണ്ണമായും തകർന്നിരിക്കുന്നു. അത് നിന്നിരുന്ന സ്ഥലത്ത് അതിന്റെ അടയാളംപോലും ബാക്കിയില്ല. പ്രദേശത്ത് ആകെയുണ്ടായിരുന്ന ഒരു സ്‌കൂൾ പകൽ വെളിച്ചത്തിൽ മണ്ണിടിഞ്ഞ് വീണ് പൂർണ്ണമായും തകർന്നു. അനേകം ജനങ്ങളുടെ ജീവിതമാർഗ്ഗം നഷ്ടപ്പെട്ടു. വീടും, കൃഷിയിടങ്ങളും, വളർത്തുമൃഗങ്ങളും എല്ലാം നഷ്ടപ്പെട്ട ജനതയാണ് ഇന്ന് കുറിച്ച്യാർമലയിലുള്ളതെങ്കിലും അവർ എല്ലാം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ്. നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കുമെന്ന് അവർക്ക് ഉറപ്പുണ്ട്. വീണ്ടും പഴയ ജീവിതത്തിലേക്ക് തങ്ങൾക്ക് തിരികെ കയറാനാകുമെന്ന് തന്നെയാണ് അവർ വിശ്വസിക്കുന്നത്.

ഈ പ്രതീക്ഷകളുടെയും ഉയിർത്തെഴുന്നേൽപ്പിന്റെയും ആദ്യ ഘട്ടമായിരുന്നു തങ്ങളുടെ മക്കൾക്ക് മറ്റെല്ലായിടങ്ങളിലുമെന്ന പോലെ 29ന് തന്നെ ക്ലാസ്മുറികളിലിരിക്കാനുള്ള സൗകര്യമൊരുക്കുക എന്നത്. എന്നാൽ പൂർണ്ണമായും തകർന്ന സ്‌കൂളിൽ ഒരിക്കലും ഈ ദിവസത്തിനകം ക്ലാസ് തുടങ്ങുക സാധ്യമാകുമായിരുന്നില്ല. ഈ സമയത്താണ് സ്‌കൂൾ പിടിഎ പ്രസിഡണ്ടും മദ്രസ കമ്മറ്റി അംഗവുമായ അസ്ലമിനൊരു ബുദ്ധിതോന്നിയത്. സ്‌കൂൾ പുനർനിർമ്മിക്കുംവരെ സകൂളിന്റെ പ്രവർത്തനം മദ്രസയിലാക്കാം എന്ന്. എന്നാൽ മദ്രസയിലെ നിലവിലെ സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു.

നാട്ടുകാർ കൂടിയാലോചിച്ചു എന്ത് ചെയ്യാനാകുമെന്ന്. അന്നന്നത്തെ അന്നത്തിനായി ദിവസക്കൂലിക്ക് പണിയെടുക്കുന്ന നാട്ടുകാർക്ക് മുന്നിൽ ഒരു ഉത്തരം കിട്ടാതെ പകച്ചുനിൽക്കുമ്പോളാണ് അവിടേക്ക് കുറച്ച് കലാകാരന്മാരുടെ സംഘം സഹായങ്ങളുമായെത്തുന്നത്. ഹ്യൂമൻബീംഗ് കളക്ടീവ് എന്ന പേരിൽ സിനിമ, നാടകം, ചിത്രംവര തുടങ്ങിയ വിവിധ കലാമേഖലകളിൽ പ്രവർത്തിക്കുന്ന കുറച്ച് ചെറുപ്പക്കാരുടെ സംഘമായിരുന്നു അവരുടേത്. സ്‌കൂൾ തുറക്കുമ്പോഴേക്ക് മദ്രസയെ സ്‌കൂളാക്കി മാറ്റുക എന്ന ശ്രമകരമായ ദൗത്യം അവരേറ്റെടുക്കുകയായിരുന്നു.

പലയിടങ്ങളിൽ നിന്നായി അവർ സ്‌കൂളിലേക്ക് വേണ്ട സാധനങ്ങളെത്തിച്ചു. മലബാർ ഫ്ളഡ് റിലീഫ് വളണ്ടിയേഴ്സും, ഗ്രീൻപാലിയേറ്റീവ് പ്രവർത്തകരും അവരോടൊപ്പം ചേർന്നു. കല്ല് ചുമക്കാനും, സിമന്റ് തേക്കാനും, ഇലക്ട്രീഷ്യൻ പ്ലംബിങ് വർക്കുകൾ നടത്താനും നൂറുകണക്കിന് വളണ്ടിയേഴ്‌സുമെത്തി. ക്ലാസ് മുറികളിലിരുന്ന് ചിത്രം വരയ്ക്കാൻതുടങ്ങി. ബഞ്ചും ഡെസ്‌കുമെത്തിച്ചു. അതിനെല്ലാമപ്പുറം പകൽവെളിച്ചത്തിൽ തങ്ങളുടെ വിദ്യാലയത്തെ മണ്ണുമൂടുന്ന കാഴ്ചകണ്ട് മനസ്സ് തളർന്ന കുട്ടികളിൽ കളികളിലൂടെയും പാട്ടുകളിലൂടെയും ഉണർവ്വുണ്ടാക്കി.

മദ്രസയുടെ ചെറിയ കെട്ടിടം നൂറിലധികം കുട്ടികൾക്കുള്ള സ്‌കൂളാക്കി മാറ്റാനുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ സ്‌കൂളിലെ രക്ഷിതാക്കളും പങ്കുചേർന്നു. ആദ്യാവസാനം വരെ സ്‌കൂളിന്റെ പ്രധാനാധ്യാപകൻ മേസ്തിരിയുടെ ചുമതലയേറ്റെടുത്തു. തങ്ങളുടെ മക്കൾക്ക് സ്‌കൂളൊരുക്കാൻ വന്നവർക്ക് കുറിച്ച്യാർമലയിലുള്ളവർ താമസവും ഭക്ഷണവുമൊരുക്കി. ഇപ്പോൾ അവസാനവട്ട മിനുക്കു പണികൾ പുരോഗമിക്കുന്നു. നാളെ സ്‌കൂൾ തുറക്കുമ്പോൾ തങ്ങളുടെ കുട്ടികൾക്കും എല്ലായിടത്തുമെന്ന പോലെ ക്ലാസിലിരിക്കാനാകുമെന്ന സന്തോഷത്തിലാണ് കുറിച്ച്യാർമലയിലെ നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP