Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തരേന്ത്യയിൽ മാത്രമല്ല, ഈ കേരളത്തിലുമുണ്ട് ചികിത്സ കിട്ടാതെയുള്ള മരണങ്ങൾ; കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ മൂന്ന് വയസുകാരൻ പനിച്ചു മരിച്ചത് മതിയായ വൈദ്യസഹായം കിട്ടാതെ; ദുരന്തം ഉൾവനത്തിലെ വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്താൻ വാഹനസൗകര്യമില്ലാതെ വന്നതോടെ; കേരളം 'നമ്പർ വണ്ണാ'ണെന്ന് തള്ളുന്നവർ ഈ ദാരുണ സംഭവം കാണാതെ പോകരുത്

ഉത്തരേന്ത്യയിൽ മാത്രമല്ല, ഈ കേരളത്തിലുമുണ്ട് ചികിത്സ കിട്ടാതെയുള്ള മരണങ്ങൾ; കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ മൂന്ന് വയസുകാരൻ പനിച്ചു മരിച്ചത് മതിയായ വൈദ്യസഹായം കിട്ടാതെ; ദുരന്തം ഉൾവനത്തിലെ വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്താൻ വാഹനസൗകര്യമില്ലാതെ വന്നതോടെ; കേരളം 'നമ്പർ വണ്ണാ'ണെന്ന് തള്ളുന്നവർ ഈ ദാരുണ സംഭവം കാണാതെ പോകരുത്

സുവർണ്ണ പി എസ്

കൊച്ചി : വൈദ്യസഹായം ലഭിക്കാൻ വൈകിയതിനാൽ കുട്ടികൾ മരിക്കുന്ന വാർത്ത ഉത്തരേന്ത്യയിലൊക്കെ കേൾക്കാറുണ്ട്. എന്നാൽ എന്തിലും മുമ്പിലെന്ന് മേനി നടക്കുന്ന കേരളത്തിൽ ഒരു മൂന്ന് വയസുകാരൻ ചികിൽസ കിട്ടാതെ മരിച്ചിട്ടും സമൂഹമനസാക്ഷി ഉണരുന്നില്ല .പനി മൂർച്ഛിച്ചായിരുന്നു കുട്ടിയുടെ മരണം. കോതമംഗലത്തിനടുത്തെ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കുടിയിലെ ശശി - മഞ്ജു ദമ്പതിമാരുടെ ഇളയ മകൻ ശബരിനാഥാണ് മരിച്ചത്. കുഞ്ചിപ്പാറയിൽ നിന്ന് പനി കൂടി ഛർദിയും ശ്വാസംമുട്ടലുമായി കുട്ടമ്പുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് കുട്ടി മരണപ്പെട്ടത്. കൃത്യ സമയം വൈദ്യ സഹായം ലഭിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു. എന്നാൽ ആശുത്രിയിൽ എത്താൻ താമസിച്ചതാണ് മരണത്തിൽ കലാശിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മൂന്ന് വയസുകാരൻ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പനിക്ക് മരുന്ന് വാങ്ങിയത്. ഉച്ചയ്ക്ക് ശേഷം തിരികെ കുടിയിലേയ്ക്ക് പോവുകയും ചെയ്തു. എന്നാൽ കുടിയിലെത്തി വൈകിട്ടോടെ കുഞ്ഞിന് പനി കൂടി, കൂടെ ഛർദിയും തുടങ്ങിയിരുന്നു. ബുധനാഴ്‌ച്ച പുലർച്ചയോടെ ശ്വാസംമുട്ടലും അനുഭവപ്പെട്ടു. തുടർന്ന് കുഞ്ഞിന് തീരെ വയ്യാതെ ആയതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. എന്നാൽ കുടിലിൽ നിന്ന് ആശുപത്രിയിലേയ്ക്ക് എത്താൻ സമയം എടുത്തതാണ് കുട്ടി മരണപ്പെടാൻ കാരണം.

കുട്ടിയുടെ വീട് ഉൾവനത്തിലായതിനാൽ തന്നെ പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലായിരുന്നു. വാഹന സൗകര്യം ഇല്ലാത്തതും, കനത്ത ഇരുട്ടുമായിരുന്നു കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നിലുണ്ടായിരുന്ന പ്രതിസന്ധി. അതുകൊണ്ട് തന്നെ ഈ തടസങ്ങളെല്ലാം മറികടന്ന് യഥാസമയം കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. എങ്കിലും വാഹനത്തിന്റെ പോരായ്മയും കനത്ത ഇരുട്ടും മറികടന്ന് ബുധനാഴ്ച രാവിലെ ആറരയോടെ കുഞ്ഞിനെയും കൊണ്ട് കുടിയിൽ നിന്ന് പുറപ്പെടുകയായിരുന്നു. എന്നാൽ ആറരയോടെ കുടിയിൽ നിന്ന് പുറപ്പെട്ട ജീപ്പ് രാവിലെ 8 മണിയോടെയാണ് കുട്ടമ്പുഴയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. ഡോക്ടർ കുഞ്ഞിനെ പരിശോധിച്ച് നാഡിമിടിപ്പ് കാണാതെ വന്നതോടെ അടിയന്തിരമായി കോതമംഗലത്തെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതോടെ പെട്ടെന്ന് തന്നെ കുടുംബാരോഗ്യ കേന്ദ്രം ആംബുലൻസിൽ കുഞ്ഞിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് മരണം സ്ഥിരീകരിക്കാനെ സാധിച്ചുള്ളു. അതേസമയം കുട്ടിയുടെ മരണ വാർത്ത അറിഞ്ഞ അച്ഛൻ ബോധരഹിതനായി. മകന്റെ മരണ വാർത്തയറിഞ്ഞ് വാവിട്ട് കരയുന്ന അമ്മ മഞ്ജുവിനെ സമാധാനിപ്പിക്കാൻ ബന്ധുക്കളും, ആശുപത്രി ജീവനക്കാരും കഷ്ടപ്പെടുകയായിരുന്നു.

ഉച്ചയോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച മൂന്നുവയസുകാരന്റെ മൃതദേഹം വൈകീട്ട് ഏഴോടെ പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രി 9.30 ഓടെ മൃതദേഹം വീട്ടിൽ എത്തിച്ചു. മരിച്ച ശബരിനാഥിന്റെ സഹോദരി കല മാതിരപ്പിള്ളി സ്‌ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

അതേസമയം പനി ബാധിച്ച് ചികിത്സയ്ക്കായെത്തിയ കുഞ്ഞിന് ചൊവ്വാഴ്ച മരുന്ന് നൽകിയിരുന്നെന്നും. പനി കുറഞ്ഞതായി ബോധ്യപ്പെട്ടതോടെയാണ് കുട്ടിയുമായി വീട്ടുകാർ മടങ്ങി പോയതെന്നും. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. മാത്രമല്ല മരണ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വ്യക്തമാകൂ എന്നും പറഞ്ഞ അധികൃതർ കുട്ടിയെ കുട്ടമ്പുഴയിൽ നിന്ന് ആംബുലൻസിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുമെന്നുള്ള വിവരം കിട്ടിയപ്പോൾ തന്നെ അത്യാഹിത വിഭാഗത്തിൽ എല്ലാ സജ്ജീകരണവും ഒരുക്കി സൂപ്രണ്ട് അടക്കമുള്ള ഡോക്ടർമാർ തയ്യാറെടുത്തിരുന്നെന്നും രോഗം മൂർച്ഛിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP