Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗഡ്യേ..ഇത്തവണ ആനയില്ലാത്ത പൂരമോ! തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാത്ത പൂരം എന്തൂട്ട് പൂരം എന്ന് ക്ഷോഭിച്ച് ആന ഉടമകൾ ഇടഞ്ഞതോടെ ഒരാണ്ട് കാത്തിരുന്ന പൂരത്തിന് പൊലിമ കുറയുമോയെന്ന ആശങ്കയിൽ തൃശൂരുകാർ; കൊമ്പനെ എഴുന്നള്ളിച്ചാൽ വമ്പുകാട്ടുമെന്നും എഴുന്നള്ളിപ്പ് അനുവദിക്കാനാവില്ലെന്നും ഉറച്ച് ജില്ലാ കളക്ടർ ടി.വി.അനുപമ; ആനകളെ വിട്ടുനൽകില്ലെന്ന് തീരുമാനിച്ച ഉടമകളെ അനുനയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ; വനം വകുപ്പുമായുള്ള ആന ഉടമകളുടെ ഇടയൽ ഇത് ആദ്യവട്ടമല്ല താനും

ഗഡ്യേ..ഇത്തവണ ആനയില്ലാത്ത പൂരമോ! തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാത്ത പൂരം എന്തൂട്ട് പൂരം എന്ന് ക്ഷോഭിച്ച് ആന ഉടമകൾ ഇടഞ്ഞതോടെ ഒരാണ്ട് കാത്തിരുന്ന പൂരത്തിന് പൊലിമ കുറയുമോയെന്ന ആശങ്കയിൽ തൃശൂരുകാർ; കൊമ്പനെ എഴുന്നള്ളിച്ചാൽ വമ്പുകാട്ടുമെന്നും എഴുന്നള്ളിപ്പ് അനുവദിക്കാനാവില്ലെന്നും ഉറച്ച് ജില്ലാ കളക്ടർ ടി.വി.അനുപമ; ആനകളെ വിട്ടുനൽകില്ലെന്ന് തീരുമാനിച്ച ഉടമകളെ അനുനയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ; വനം വകുപ്പുമായുള്ള ആന ഉടമകളുടെ ഇടയൽ ഇത് ആദ്യവട്ടമല്ല താനും

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്ന ആന ഉടമകൾ ബഹിഷ്‌കരണ ഭീഷണി മുഴക്കി. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടുനൽകില്ലെന്ന നിലപാടിലാണ് ഉടമകൾ. വനംവകുപ്പ് ആനഉടമകളെ ദ്രോഹിക്കുകയാണ്. മന്ത്രിതലയോഗത്തിലെ തീരുമാനം സർക്കാർ അട്ടിമറിച്ചെന്നും ഡോക്ടർമാരെ പോലും ഭീഷണിപ്പെടുത്തി ആനയ്ക്ക് സർട്ടിഫിക്കറ്റ് നൽകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഢാലോചനയാണിതെന്നും ഫെഡറേഷൻ പ്രതിനിധികൾ ആരോപിച്ചു. വനംവകുപ്പ് മന്ത്രിയും ഇതിന് കൂട്ടുനിൽക്കുകയാണ്. പിന്നിൽ വൻഗൂഢാലോചനയുണ്ട്. അത് മന്ത്രി തന്നെ വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തങ്ങളോട് പ്രതികാര മനോഭാവം സ്വീകരിക്കുകയാണ്. പൾസർ ബൈക്ക് അപകടത്തിന് കാരണമാവുന്നു എന്ന് കൊണ്ട് എല്ലാ പൾസർ ബൈക്കും നിരോധിക്കണം എന്ന് പറയുന്നതിന് തുല്യമാണ് ഇതെന്നും ആനയുടമ സംഘം ഭാരവാഹികൾ ആരോപിച്ചു. മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കും ആനകളെ നൽകില്ലെന്നാണ് ആന ഉടമകളുടെ തീരുമാനം.

അതേസമയം ആന ഉടമകളുടെ വെല്ലുവിളിക്ക് വഴങ്ങേണ്ടതില്ലെന്നാണ് ഗുരുവായൂർ ദേവസ്വത്തിന്റെയും ദേവസ്വം മന്ത്രിയുടെയും നിലപാട്. ആനയുടമകൾ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകാത്ത സാഹചര്യത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ആനകളെയും പൂരത്തിന് വിട്ടുനൽകും. തൃശൂർ പൂരം സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്നം എല്ലാവരോടും കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൂരത്തിൽ നിന്ന് ആനയുടമകൾ മാറിനിൽക്കുമെന്ന് കരുതുന്നില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അവർ അത് മനസിലാക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു. സർക്കാരിന് തെച്ചിക്കോട്ട് രാമചന്ദ്രന്റെ കാര്യത്തിൽ പിടിവാശിയൊന്നുമില്ല. പതിനായിരക്കണക്കിന് ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലത്ത് സുരക്ഷയ്ക്ക് മുൻഗണ നൽകിയേ മതിയാവൂ. ആന ഉടമ സംഘവും സർക്കാരുമായി തർക്കം ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ, ഏഴുപേരെ കുത്തിക്കൊന്ന തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ, അതിന് സർക്കാരാണ് മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ മന്ത്രി വി എസ്.സുനിൽ കുമാറിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുന്ന സാഹചര്യമുണ്ടായി. ഈ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഉമന്ത്രി കുറ്റപ്പെടുത്തി. ഏതായാലും നാളെ തന്നെ ആന ഉടമകളുമായി ചർച്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഈ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനും കാക്കുകയാണെന്നും മന്ത്രി പറഞ്ഞു.


ആന ഉടമകളുടെ തീരുമാനം നിർഭാഗ്യകരമെന്ന് മന്ത്രി വി എസ്. സുനിൽകുമാർ പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് നിർദ്ദേശം നൽകി. പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്നത് അതുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ മാത്രമാണ്. അതിന് അനുവാദം തേടിയുള്ള ഹർജി ഹൈക്കോടതി 10ന് പരിഗണിക്കും,

അതേസമയം, തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് തൃശൂർ കളക്ടർ ടിവി അനുപമ വ്യക്തമാക്കി. അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്നും തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും അനുപമ വ്യക്തമാക്കി. ആന അക്രമാസക്തനാണെന്നും അതിനാൽ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നത് ശരിയല്ലെന്നും കളക്ടർ പറഞ്ഞു. 2007 മുതൽ ഇതു വരെ ഏഴ് പേരെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നിട്ടുണ്ട്. അതുകൊണ്ട് ഉത്സവപറമ്പിൽ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്നും കളക്ടർ വ്യക്തമാക്കി.

ആനകളെ പീഡിപ്പിച്ച് ഉടമകൾ കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതെിരെയും ആന ഉടമകൾ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കി. ഉത്സവം നാടിന്റെ ആഘോഷമാണ്. ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു. വനം വകുപ്പ് ഉദ്യോസ്ഥർ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സർക്കാർ തങ്ങൾക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണ്.

തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി വനം മന്ത്രി കെ.രാജു കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് കുറിപ്പിട്ടിരുന്നു. ആനപ്രേമികളുടെ ഇടയിൽ പൂരത്തിന് രാമചന്ദ്രനെ എത്തിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ 'ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശ്ശൂർ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും.

അമ്പലപരിസരം മുഴുവൻ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളിൽ എഴുന്നെള്ളിച്ചു നിൽക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാൻ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്' എന്നും മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ആനയെ എഴുന്നെള്ളിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള അധികാരം ജില്ലാ കളക്ടർക്കാണ്. ഇക്കാര്യത്തിൽ കേവലം ആവേശ പ്രകടനങ്ങൾക്കല്ല ജനനന്മ ലക്ഷ്യമാക്കി, ജനങ്ങൾക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പരഞ്ഞു. ആന ഉടമകളും വനം വകുപ്പുമായി നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു. 2016ൽ തൃശൂർ പൂരത്തിന്റെ ഭാഗമായി ആന എഴുന്നള്ളത്തിന് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുറത്തിറക്കിയ സർക്കുലർ വിവാദമായി. പിന്നീട് സർക്കാർ ഇടപെട്ട് അത് പിൻവലിക്കുകയായിരുന്നു. തിരുവിതാകൂർ, പാറമേക്കാവ് ദേവസ്വം ബോർഡുകളുടെ അഭ്യർത്ഥന പരിഗണിച്ചാണ് അന്ന് തീരുമാനമെടുത്തത്.

സർക്കാരിനോട് ആലോചിക്കാതെയാണ് അന്ന് ഉത്തരവ് ഇറക്കിയത്. പകൽ 10 മണി മുതൽ അഞ്ച് മണിവരെ ആനകളുടെ എഴുന്നള്ളിപ്പ് പാടില്ലെന്നും ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം പാലിച്ചുവേണം എഴുന്നള്ളിപ്പ് നടത്താനെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദേവസ്വങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പൂരം വെടിക്കെട്ടിനു പുറമെ ആന എഴുന്നള്ളിപ്പിനും കർശന നിയന്ത്രണം വന്നതോടെ തൃശൂർ പൂരം ചടങ്ങുമാത്രമായി ചുരുക്കാൻ ദേവസ്വം ബോർഡുകൾ തീരുമാനിച്ചിരുന്നു. ആന എഴുന്നള്ളിപ്പിനു കർക്കശ നിയന്ത്രണങ്ങളുമായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇറക്കിയ ഉത്തരവു കുടമാറ്റമുൾപ്പെടെയുള്ള പൂരച്ചടങ്ങുകളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേത്തുടർന്ന് പൂരം എഴുന്നെള്ളിപ്പ് ഒരാനപ്പുറത്തു മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് മന്ത്രി ഇടപെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP