Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആവേശം കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനു ശേഷം വർണ വിസ്മയം തീർത്ത് കുടമാറ്റം; കഥകളി മുതൽ മിക്കി മൗസ് വരെ ഇടംപിടിച്ച വർണ്ണക്കുടകൾ പൂരലഹരിയുടെ കൊടുമുടി തീർത്തു; വിവാദങ്ങളിൽ പെട്ടുപോകാതെ തൃശ്ശൂർ പൂരം പൊടിപൊടിക്കുമ്പോൾ ഇനി ബാക്കിയുള്ളത് പൂരവെടിക്കെട്ടും പകൽപ്പൂരവും; നാളെ വൈകിട്ട് തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇക്കൊല്ലത്തെ ചടങ്ങുകൾക്ക് അവസാനമാകും.  

ആവേശം കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനു ശേഷം വർണ വിസ്മയം തീർത്ത് കുടമാറ്റം; കഥകളി മുതൽ മിക്കി മൗസ് വരെ ഇടംപിടിച്ച വർണ്ണക്കുടകൾ പൂരലഹരിയുടെ കൊടുമുടി തീർത്തു; വിവാദങ്ങളിൽ പെട്ടുപോകാതെ തൃശ്ശൂർ പൂരം പൊടിപൊടിക്കുമ്പോൾ ഇനി ബാക്കിയുള്ളത് പൂരവെടിക്കെട്ടും പകൽപ്പൂരവും; നാളെ വൈകിട്ട് തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇക്കൊല്ലത്തെ ചടങ്ങുകൾക്ക് അവസാനമാകും.   

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ആവേശക്കൊടുമുടിയിൽ. രണ്ടു മണിക്കൂർ നീണ്ടു നിന്ന ഇലഞ്ഞിത്തറ മേളത്തിനു ശേഷം ദൃശ്യ വിസ്മയം തീർത്ത് കുടമാറ്റം. പൂരങ്ങളുടെ പൂരമായ തൃശൂർ പുരത്തിന്റെ മുഖ്യ ആകർഷണമായ കുടമാറ്റം വർണ വിസ്മയമായി മാറുകയായിരുന്നു. തെക്കേ ഗോപുരനടയിൽ തിരുവമ്പാടിയും പാറമേക്കാവും മത്സരാവേശത്തോടെ നടത്തിയ കുടമാറ്റം കാണാൻ ആയിരങ്ങളാണെത്തിയത്. കാഴ്ചയുടെ പുതുവസന്തമായായിരുന്നു പൂരനഗരിയിൽ കുടമാറ്റം. പാറമേക്കാവും തിരുവമ്പാടിയും വാശിയോടെ വിസ്മയങ്ങളുെട കാഴ്ചകൾ ഒന്നൊന്നായി പുറത്തെടുത്തതോടെ പൂരപ്രേമികൾ ആവേശത്തിലാറാടി. കണ്ണിമചിമ്മാതെ നിൽക്കുന്ന പൂരപ്രേമികളുടെ ആരവങ്ങൾക്ക് നടുവിൽ പതിവില്ലാത്ത വർണക്കൂട്ടുകളും കോപ്പുകളും നിറച്ച കുടകളുടെ വരവ് വിസ്മയ കാഴ്ചയായി. ആയിരങ്ങളാണ് പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തിയത്. മനംനിറഞ്ഞ് മറ്റെല്ലാം മറന്ന് പൂരലഹരിയിലായിരുന്നു നഗരം ആകെ.

രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്റെ പ്രധാന ആകർഷണം. കഥകളി രൂപങ്ങൾ മുതൽ മിക്കി മൗസിന്റെ ചിത്രങ്ങൾ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റത്തിന് മിഴിവേകി.

വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ പെരുവനം കുട്ടന്മാരാരുടെ മേൽനോട്ടത്തിൽ നടന്ന ഇലഞ്ഞിത്തറ മേളത്തിന് ശേഷമാണ് കുടമാറ്റം നടന്നത്. പൂരപെരുമയുടെ പെരുമ്പറയായി വടക്കുന്നാഥന്റെ തിരുമുറ്റത്ത് ഒരുവട്ടം കൂടി ഇലഞ്ഞിത്തറമേളം പെയ്തിറങ്ങി. പെരുവനം കുട്ടന്മാരാരും മുന്നൂറോളം സഹകലാകാരന്മാരും ചേർന്നൊരുക്കിയ താളവിസ്മയം പൂരപ്രേമികൾക്ക് പുതിയ അനുഭവമായി. രണ്ടര മണിക്കൂർ നീണ്ട താളപ്പെരുമ പെരുവനം കുട്ടന്മാർ കൊട്ടി അവസാനിപ്പിച്ചത് സ്വന്തം പേരിൽ ഒരു റെക്കോർഡ് കൂടി എഴുതിചേർത്തുകൊണ്ടാണ്. തുടർച്ചയായി 21ാം വർഷമാണ് അദ്ദേഹം ഇലഞ്ഞിത്തറയിൽ മേളം നയിച്ചത്. പാണ്ടിമേളത്തിന്റെ രൗദ്രതാളത്തിൽ കൊട്ടിക്കയറിയ ഇലഞ്ഞിത്തറയിൽ മേളം സമ്മാനിച്ച ആവേശം കുടമാറ്റത്തോടെ പാരമ്യതയിലെത്തി.

ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഇലഞ്ഞിത്തറമേളം. ഇലഞ്ഞിത്തറ മേളം ആസ്വദിക്കാനെത്തുന്നവർ നേരത്തെ എത്തണമെന്ന് പൊലീസ് നിർദ്ദേശമുണ്ടായിരുന്നു. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തിൽ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടന്നത്. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം.

രാവിലെ അഞ്ച് മണിക്ക് കണിമംഗലം ശാസ്താവ് വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകൾക്ക്തുടക്കമായത്. തുടർന്ന് ചെമ്പുക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്മാർ ഘടകപൂരങ്ങളായി വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എത്തി. ഓരോ ഘടകപൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തുടർന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന മഠത്തിൽ വരവ് നടന്നു.

ഉച്ചയോടെ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. രാവിലെ കടുത്ത പനി ബാധിച്ചാണ് കുട്ടന്മാരാർ എത്തിയത് തന്നെ. പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ കുട്ടന്മാരാർ തളർന്നു വീണിരുന്നു.ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പക്ഷേ, എല്ലാ കൊല്ലവും മുടക്കാതെ വടക്കുന്നാഥന്റെ മുന്നിൽ കൊട്ടുന്ന പതിവ് അവശത മൂലം വേണ്ടെന്ന് വയ്ക്കാൻ കുട്ടന്മാരാർ തയ്യാറായിരുന്നില്ല. ചെറിയ ചികിത്സയ്ക്ക് ശേഷം, ആവേശത്തോടെ വീണ്ടും ഇലഞ്ഞിത്തറയിലെത്തി. മേളത്തിന്റെ ആവേശം നട്ടുച്ചയുടെ കൊടുംചൂടിനിടയിലും കൊട്ടിക്കയറി.

പുലർച്ചെയാണ് ആകാശത്ത് വർണവിസ്മയം തീർത്ത് പൂരവെടിക്കെട്ട്. പിന്നീട് പകൽപ്പൂരമാണ്. അതിന് ശേഷം തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇക്കൊല്ലത്തെ പൂരച്ചടങ്ങുകൾക്ക് അവസാനമാകും.

കനത്ത സുരക്ഷയിലാണ് ഇത്തവണ തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾ നടത്തിയത്. നഗരത്തിൽ സിസിടിവി ക്യാമറകൾ കൂടുതലായി സ്ഥാപിച്ചു. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മോക്ഡ്രിൽ നടത്തി. ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടർക്ക് നൽകാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് നിർദ്ദേശം നൽകി. 3500-ഓളം ഉദ്യോഗസ്ഥരാണ് പൂരത്തിന് സുരക്ഷയേർപ്പെടുത്താൻ എത്തിയത്. കേന്ദ്രസേനയുൾപ്പടെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിച്ചു.

തൃശൂർ പൂരം വിളംബരത്തിന് ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലും ഇത്തവണ വിവാദങ്ങളുയർന്നു. നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാമചന്ദ്രനെ എഴുന്നള്ളിച്ചത്. തുടർച്ചയായ ആറാം വർഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവുമുള്ള ആനയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും കർശന ഉപാധികളോടെയാണ് എഴുന്നെള്ളിക്കാൻ ധാരണയായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP