Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥികളിൽ ഏറെയും മത്സ്യത്തൊഴിലാളികളുടെ മക്കളും പാർശ്വവത്കൃത സമൂഹത്തിലുള്ളവരും; തീരമേഖലയിലെ കരുത്തിന്റെ പ്രതീകമായി ദത്തെടുത്ത് പരിപാലിക്കുന്നത് ഫാത്തിമപുരം ഗ്രാമത്തെ; ഓഖിയും പ്രളയവുമെത്തിയപ്പോൾ ദുരിത കയത്തിൽ പെട്ടവരെ പ്രതീക്ഷയുടെ തീരത്തേക്ക് കൈപിടിച്ച് കയറ്റാനും മുമ്പിൽ നിന്നും അദ്ധ്യാപകരും കുട്ടികളും പുതു മാതൃകയായി; പഠനത്തിനൊപ്പമുള്ള സാമൂഹിക ഇടപെടലിന് അംഗീകാരമായി നാക്കിന്റെ എ ഗ്രേഡ്; തുമ്പ സെന്റ് സേവിയേഴ്സ് രചിച്ചത് സമാനതകളില്ലാത്ത ചരിത്രം

വിദ്യാർത്ഥികളിൽ ഏറെയും മത്സ്യത്തൊഴിലാളികളുടെ മക്കളും പാർശ്വവത്കൃത സമൂഹത്തിലുള്ളവരും; തീരമേഖലയിലെ കരുത്തിന്റെ പ്രതീകമായി ദത്തെടുത്ത് പരിപാലിക്കുന്നത് ഫാത്തിമപുരം ഗ്രാമത്തെ; ഓഖിയും പ്രളയവുമെത്തിയപ്പോൾ ദുരിത കയത്തിൽ പെട്ടവരെ പ്രതീക്ഷയുടെ തീരത്തേക്ക് കൈപിടിച്ച് കയറ്റാനും മുമ്പിൽ നിന്നും അദ്ധ്യാപകരും കുട്ടികളും പുതു മാതൃകയായി; പഠനത്തിനൊപ്പമുള്ള സാമൂഹിക ഇടപെടലിന് അംഗീകാരമായി നാക്കിന്റെ എ ഗ്രേഡ്; തുമ്പ സെന്റ് സേവിയേഴ്സ് രചിച്ചത് സമാനതകളില്ലാത്ത ചരിത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുജിസി നാഷണൽ അസ്സസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അക്രഡിറ്റേഷൻ പ്രക്രിയയിൽ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് ചരിത്ര നേട്ടം. ആദ്യമായി കോളേജ് എ ഗ്രേഡ് കരസ്ഥമാക്കി. നിലവിൽ ഉണ്ടായിരുന്ന ബി ഗ്രേഡ് മറികടന്ന് 3.22 പോയിന്റോട് കൂടിയാണ് ഈ വലിയ വിജയം കോളേജ് നേടിയെടുത്തത്. എ പ്ലസ് ഗ്രേഡ് ലഭിക്കാൻ 0.04 പോയിന്റിന്റെ കുറവ് മാത്രമാണുള്ളത്.

നാക്കിന്റെ പുതിയ രീതിയിലുള്ള അക്രഡിറ്റേഷൻ സംവിധാനം നിലവിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ മൂല്യനിർണ്ണയമാണ് നടന്നത്. തിരുവനന്തപുരത്തെ അഫിലിയേറ്റഡ് കോളേജുകളിൽ ഇത്തരത്തിൽ നടന്ന മൂല്യ നിർണ്ണയത്തിൽ ബി ഗ്രേഡിൽ നിന്ന് ഉയർന്ന പോയിന്റോടെ എ ഗ്രേഡ് നേടി മുന്നിൽ എത്തുന്ന കോളേജ് ആയി തുമ്പ സെന്റ് സേവിയേഴ്സ് മാറി. തിരുവനന്തപുരത്തെ തീരമേഖലയിലെ ഈ കോളേജിന്റെ നേട്ടത്തിന് അതുകൊണ്ട് തന്നെ വലിയ കൈയടിയാണ് വിദ്യാഭ്യാസ പ്രവർത്തകർ നൽകുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എ ഗ്രേഡ് നിലനിർത്തിയെങ്കിലും 3.02 പോയിന്റാണ് ലഭിച്ചത്. എ ഗ്രേഡ് ഉണ്ടായിരുന്ന അഫിലിയേറ്റഡ് കോളേജുകൾക്ക് പലതിനും നാക്കിന്റെ പുതിയ രീതിയിലുള്ള മൂല്യ നിർണയത്തിൽ അത് നഷ്ടമായി. തിരുവനന്തപുരത്തെ കോളേജുകളിൽ ഓട്ടോണോമസ് വിഭാഗത്തിലുള്ള മാർ ഇവാനിയോസ് മാത്രമാണ് എ ഗ്രേഡിൽ നിന്ന് എ പ്ലസ്സിലേക്ക് കയറിയത്. ഈ സാഹചര്യത്തിലാണ് ബി ഗ്രേഡിൽ നിന്നും ഉയർന്ന പോയിന്റോടെ എ ഗ്രേഡിലേക്ക് തുമ്പ സെന്റ് സേവിയേഴ്സ് കുതിച്ചുയർന്നത്. കലാലയത്തിന്റെ അടിസ്ഥാന വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ ശേഖരിച്ച് കൊണ്ടായിയിരുന്നു പുതിയ രീതിയിലുള്ള അക്രഡിറ്റേഷൻ സംവിധാനം. വിദ്യാർത്ഥികൾക്കിടയിൽ ഓൺലൈനായി അഭിപ്രായ സർവേയും നടത്തിയിരുന്നു. ഇത് കൂടാതെ ഈ മാസം 10, 11 തീയതികളിൽ നാക്കിന്റെ പീയർ ടീം അംഗങ്ങൾ കോളേജിൽ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തു.

85 ഏക്കറിൽ നീണ്ട് കിടക്കുന്ന കോളേജിന്റെ പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം, മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പീയർ ടീം അംഗങ്ങളിൽ വലിയ മതിപ്പുളവാക്കി. ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി വഴി നവീകരിച്ച ക്ലാസ് മുറികൾ, ആധുനിക രീതിയിലുള്ള ലബോറട്ടറികൾ, തീയേറ്ററും ഷൂട്ടിങ് ഫ്‌ളോറും റെക്കോഡിങ് സ്റ്റുഡിയോയും എഡിറ്റിങ് സ്യൂട്ടും ഉൾക്കൊള്ളുന്ന മീഡിയ ലാബ്, പെൺകുട്ടികൾക്കുള്ള വിശ്രമ കേന്ദ്രം, വിശാലമായ കളിസ്ഥലങ്ങൾ, കേരളാ ക്രിക്കറ്റ് അസ്സോസിയേഷനുമായി സഹകരിച്ചു കൊണ്ട് നിർമ്മിച്ച ക്രിക്കറ്റ് സ്റ്റേഡിയം, യോഗ സെന്റർ, ജിംനേഷ്യം, കഠിനംകുളം പഞ്ചായത്തുമായി സഹകരിച്ചു നടത്തിയ ജൈവ കൃഷി തുടങ്ങിയവ കോളേജിന് ഉയർന്ന ഗ്രേഡ് ലഭിക്കുന്നതിന് സഹായകമായി.

നിർധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണം, സൗജന്യ പാഠപുസ്തകം, സ്‌കോളർഷിപ്പുകൾ, ദേശിയ രംഗത്തും അന്തർദേശീയ രംഗത്തും കലാകായിക മേഖലയിലുണ്ടായ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ, ഫാത്തിമപുരം എന്ന ഗ്രാമം ദത്തത്തെടുത്ത് നടത്തുന്ന സേവന പ്രവർത്തനങ്ങൾ തുടങ്ങിയവ കോളേജിന്റെ എടുത്ത പറയേണ്ട സവിശേഷതകളാണ്.

സംസ്ഥാന സർക്കാരിന്റെ തലം മുതൽ ഐക്യ രാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ വരെ കഴിവുകൾ തെളിയിച്ച അദ്ധ്യാപകർ സെന്റ് സേവിയേഴ്‌സിലുണ്ട്. സെന്റ് സേവിയേഴ്സിലെ വിദ്യാർത്ഥികളിൽ വലിയ ശതമാനവും മത്സ്യത്തൊഴിലാളികളുടെ മക്കളും പാർശ്വവത്കൃത സമൂഹത്തിലുള്ളവരുമാണ്. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ ഏക സർക്കാർ എയ്ഡഡ് കോളേജാണ് തുമ്പ സെന്റ് സേവിയേഴ്സ്. ഇവിടത്തെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒാേഖി- പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലും സജീവമായി പങ്കെടുത്തവരുമാണ്.

കഴിഞ്ഞ ഒരു വർഷക്കാലമായി പ്രിൻസിപ്പാൾ ഡോ.ഫാ.വി.വൈ.ദാസപ്പൻ, നാക്കിന്റെ കോളജ് തലത്തിലുള്ള നോഡൽ ഏജൻസിയായ ഇന്റേണൽ ക്വാളിറ്റി ആഷ്വറൻസ് സെൽ കോർഡിനേറ്റർ മലയാളം & മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ.ടി.കെ. സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ കോളജ് മാനേജ്‌മെന്റും അദ്ധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നാക്കിന്റെ അക്ക്രെഡിറ്റേഷന് വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു. പൂർവ വിദ്യാർത്ഥി സംഘടന , പി.ടി.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണവും ഈ വിജയത്തിന് പിന്നിലുണ്ട്.

സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്, ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എംഎ‍ൽഎയുമായ വി.ശശി, മുൻ ഡി.ജി.പിമാരായ ജേക്കബ് പുന്നൂസ്, അലക്സാണ്ടർ ജേക്കബ്, കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ്, കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. എസ്. കെവിൻ, കേരള സർവകലാശാല സോഷ്യോളജി വിഭാഗം അസോ. പ്രൊഫസ്സർ ഡോ.ആന്റണി പാലക്കൽ, ടൈറ്റാനിയം എം.ഡി ജോർജി നൈനാൻ തുടങ്ങിയവർ നാക്ക് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട കലാപരിപാടിയും കോളേജിനെ കുറിച്ച് ഐ.ക്യു.എ.സി തയാറാക്കിയ സീ ഷെൽ എന്ന ഡോക്യൂമെന്ററിയും പീയർ ടീം അംഗങ്ങളിൽ മതിപ്പുളവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP