Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയപ്പെട്ട ജയശങ്കർജി..... എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായെന്ന് ടിവി കണ്ട് അറിഞ്ഞു; കസ്റ്റഡിയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമാവസ്ഥയിലും എനിക്ക് അതിയായ ആശങ്കയുണ്ട്; നിയമത്തിന്റെ പരിധിയിൽ നിന്ന് എല്ലാ സഹായവും ചെയ്യണം; വ്യക്തിപരമായ ഇടപെടൽ ഉണ്ടായേ മതിയാകൂ...; ചെക്ക് കേസിൽ കുടുങ്ങിയ തുഷാറിന് വേണ്ടി മുഖ്യമന്ത്രി കത്തെഴുതിയത് വിദേശകാര്യമന്ത്രിക്ക്; പ്രളയത്തിൽ പോലുമില്ലാത്ത പിണറായിയുടെ അതിവേഗ ഇടപെടൽ ചർച്ചയാകുമ്പോൾ

പ്രിയപ്പെട്ട ജയശങ്കർജി..... എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായെന്ന് ടിവി കണ്ട് അറിഞ്ഞു; കസ്റ്റഡിയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമാവസ്ഥയിലും എനിക്ക് അതിയായ ആശങ്കയുണ്ട്; നിയമത്തിന്റെ പരിധിയിൽ നിന്ന് എല്ലാ സഹായവും ചെയ്യണം; വ്യക്തിപരമായ ഇടപെടൽ ഉണ്ടായേ മതിയാകൂ...; ചെക്ക് കേസിൽ കുടുങ്ങിയ തുഷാറിന് വേണ്ടി മുഖ്യമന്ത്രി കത്തെഴുതിയത് വിദേശകാര്യമന്ത്രിക്ക്; പ്രളയത്തിൽ പോലുമില്ലാത്ത പിണറായിയുടെ അതിവേഗ ഇടപെടൽ ചർച്ചയാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: രാഷ്ട്രീയമായി എതിർ ചേരിയെങ്കിലും തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് അതിവേഗ ഇടപെടൽ. അറ്റ്‌ലസ് രാമചന്ദ്രന്റേ കാര്യത്തിൽ പോലും ആരും കാട്ടാത്ത ആവേശമാണ് സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ എടുത്തത്. കേന്ദ്ര സർക്കാരിന് പിണറായി എഴുതിയെന്ന അവകാശവുമായി കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചെക്ക് കേസിലെ പ്രതിക്ക് വേണ്ടി മുഖ്യമന്ത്രി ഇത്രയും വലിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. മാധ്യമങ്ങളിൽ ഇന്ന് പുലർച്ചെയാണ് തുഷാറിന്റെ അറസ്റ്റ് ചർച്ചയായത്. തൊട്ട് പിന്നാലെ തന്നെ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതി. അജ്മാനിലെ ജയിലിൽ തുഷാറിന്റെ ആരോഗ്യം എന്താകുമെന്ന സംശയമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്

പ്രിയപ്പെട്ട ജയശങ്കർജി..... എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായെന്ന് ടിവി കണ്ട് അറിഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമാവസ്ഥയിലും എനിക്ക് അതിയായ ആശങ്കയുണ്ട്. നിയമത്തിന്റെ പരിധിയിൽ നിന്ന് എല്ലാ സഹായവും ചെയ്യണം. വ്യക്തിപരമായ ഇടപെടൽ ഉണ്ടാകണമെന്നാണ് പിണറായിയുടെ ആവശ്യം. കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നണിയിലെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. എന്നാൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനും ബിജെപി നേതൃത്വവുമായി അത്ര സുഖത്തിൽ അല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മറ്റും പിണറായി വിജയനെ പരസ്യമായി വെള്ളാപ്പള്ളി പിന്തുണച്ചു. നവോത്ഥാന മതിലിലും അണിചേർന്നു. ഈ സാഹചര്യത്തിൽ ബിജെപിയുടെ ഇടപെടലിൽ വെള്ളാപ്പള്ളിക്ക് സംശയമുണ്ട്. ഇതുകൊണ്ടാണ് പിണറായി കേന്ദ്ര സർക്കാരിന് കത്തെഴുതിയത്.

അജ്മാനിൽ പൊലീസ് കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ആശങ്ക അറിയിക്കുന്നതാണ് കത്ത്. നെടുങ്കണ്ടത്തെ കസ്റ്റഡി മരണവും വരാപ്പുഴയിലെ പൊലീസ് അതിക്രമവും മനസ്സിൽ വച്ചാണ് ഇത്തരത്തിലൊരു കത്ത് പിണറായി എഴുതിയതെന്ന ട്രോളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ചെക്ക് കേസുണ്ടായപ്പോൾ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് പിണറായി പറഞ്ഞത്. സമാന കേസാണ് തുഷാറിനെതിരേയും ഉയർന്നത്. അപ്പോൾ പ്രതിയുടെ ആരോഗ്യത്തിൽ മുഖ്യമന്ത്രിക്ക് ആശങ്കയെത്തി. ഇതിൽ ഇരട്ടത്താപ്പും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. കേരളത്തിലെ ഇപ്പോഴുണ്ടായ പ്രളയം പോലും കേന്ദ്ര സർക്കാരിനെ സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചില്ലെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു.

അജ്മാനിൽ പൊലീസിന്റെ പിടിയിലായ തുഷാർ വെള്ളാപ്പള്ളി ജാമ്യം നേടാൻ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തന്നെ വഞ്ചിച്ചതാണ് എന്ന വാദമാണ് തുഷാർ ഉന്നയിക്കുന്നത്. പരാതിക്കാരനുമായി ഒത്തു തീർപ്പ് ചർച്ചകൾ നടത്തി കോടതിക്ക് പുറത്തു കേസ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. രണ്ടു ദിവസമായി അജ്മാൻ ജയിലിൽ കഴിയുകയാണ് തുഷാർ വെള്ളാപ്പള്ളി. പത്ത് വർഷം മുൻപുള്ള ചെക്ക് ഇടപാടിലാണ് അജ്മാൻ പൊലീസ് തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ്് ചെയ്തത്. തന്നെ ബോധപൂർവം കേസിൽ കുടുക്കി എന്നാണു തുഷാർ പറയുന്നത്. പത്ത് വർഷം മുൻപാണ് അജ്മാനിലുള്ള തൃശൂർ സ്വദേശിയായ നാസിൽ അബ്ദുല്ലയ്ക്ക് 10 മില്യൺ ദിർഹത്തിന്റെ അതായത് 20 കോടി രൂപയുടെ ചെക്ക് നൽകിയത്. ഈ ചെക്കിന് നിയമ സാധുത ഇല്ല എന്ന് തുഷാർ വാദിക്കുന്നു. നാസിൽ അബ്ദുള്ളയ്ക്ക് 10 വർഷത്തിനിടയിൽ പലപ്പോഴായി പണം നൽകി, എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കിൽ പുതിയ തീയതി എഴുതി ചേർത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണ് എന്നും തുഷാർ വാദിക്കുന്നു.

യു എ ഇ പൗരന്റെ മധ്യസ്ഥതയിൽ ഒത്തു തീർപ്പ് ചർച്ചകൾക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസിൽ തുഷാർ വെള്ളാപ്പള്ളിയെ യു എ ഇ യിലേക്ക് വിളിച്ചു വരുത്തിയത്. തുഷാർ അജ്മാനിലെ ഹോട്ടലിൽ എത്തിയ വിവരം നാസിൽ പൊലീസിനെ അറിയിക്കുകയായിരുന്നു.നാല് ദിവസം മുൻപേ തന്നെ നാസിൽ അബ്ദുല്ല തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്മാൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിവരം മറച്ചു വച്ച ഒത്തു തീർപ്പ് ചർച്ചകൾക്ക് വിളിച്ചു വരുത്തിയതിലെ ധാർമികതയും തുഷാർ വെള്ളാപ്പള്ളി ചോദ്യം ചെയ്യുന്നു. ഇന്ന് ജാമ്യം കിട്ടിയില്ലെങ്കിൽ രണ്ടു ദിവസം കൂടി തുഷാർ ജയിലിൽ കഴിയേണ്ടി വരും. വെള്ളിയാഴ്ച രാത്രി ഔദ്യോഗിക പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ എത്തുന്നുണ്ട് . ബിജെപി യുടെ ഘടക കക്ഷിയായ ബി ഡി ജെ എസ് നേതാവ് ഈ സമയം ഇവിടെ ജയിലിൽ കഴിയുന്നത് ഒഴിവാക്കാൻ ഡൽഹിയിലെ ബിജെപി കേന്ദ്ര നേതൃത്വവും താല്പര്യം എടുക്കുന്നുണ്ട്. യൂ എ ഇ യിലെ പ്രമുഖ വ്യവസായികളെ ഈ വിഷയത്തിൽ ഇടപെടുവിക്കാൻ അവർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുതു വേഗം നൽകുന്നതാണ് പിണറായി വിജയന്റെ താൽപ്പര്യമെടുക്കലും

സ്വകാര്യ സാമ്പത്തീക കേസിലാണ് തുഷാർ അറസ്റ്റിലായതെങ്കിലും സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടേയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. എന്നാൽ, സഖ്യകക്ഷിയായ ബിജെപിയുടെ നിലപാട് എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പ്രതികരിക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ കേന്ദ്ര നേതൃത്വം കരുതലോടെ ഇടപെടുന്നുണ്ട്. യുഎഇയിലെ പ്രമുഖരും എസ്എൻഡിപിയുടെ ഗൾഫിലെ പോഷക സംഘടനയായ 'സേവന'ത്തിന്റെ നേതാക്കളും ചേർന്നാണു ശ്രമം നടത്തുന്നത്. പ്രധാനമന്ത്രി വെള്ളിയാഴ്ച യുഎഇയിലെത്താനിരിക്കെ, എത്രയും പെട്ടെന്നു മോചനം സാധ്യമാക്കുകയാണ് ലക്ഷ്യം. വെള്ളി, ശനി ദിവസങ്ങൾ യുഎഇയിൽ വാരാന്ത്യ അവധി ദിനങ്ങളായതിനാൽ ഇന്ന് ഉച്ചയ്ക്ക് മുൻപ് കാര്യമായ നീക്കം നടന്നാലേ ജയിലിൽനിന്ന് പുറത്തിറങ്ങാനാകുകയുള്ളൂ.

ചൊവ്വാഴ്ച വൈകിട്ടാണ് 10 ദശലക്ഷം ദിർഹത്തിന്റെ(ഏകദേശം 19 കോടി രൂപ) ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുഷാറിന്റെ യുഎഇയിലെ കെട്ടിട നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട് തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത തുഷാറിനെ പിന്നീട് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. എന്നാൽ, ഇത് എസ്എൻഡിപിയുടെ പോഷക സംഘടനകളായ 'സേവനം', 'എസ്എൻഡിപി യോഗം സേവനം' തുടങ്ങിയവയുടെ ഭാരവാഹികൾ പോലും അറിയുന്നത് ബുധനാഴ്ചയാണ്. ഒത്തുതീർപ്പിന് വിളിച്ചുവരുത്തിയ ശേഷമാണ് കേസു കൊടുത്തതെന്നാണ് ആരോപണം. പക്ഷേ, വലിയ തുകയുടെ കാര്യമായതിനാൽ പ്രശ്‌നത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും പ്രമുഖരാരെങ്കിലും ഇടപെട്ടാലേ സാമ്പത്തിക പ്രശ്‌നം തീർത്ത് തുഷാറിനെ മോചിപ്പിക്കാനാകൂ എന്നും എസ്എൻഡിപി സേവനം നേതാക്കളിലൊരാൾ പറഞ്ഞു. യുഎഇയിലുള്ള തുഷാറിന്റെ അമ്മാവൻ അടക്കമുള്ളവർ ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം.

വലിയ തുകയുടെ ചെക്ക് കേസായതിനാൽ തുഷാറിന് നേരിട്ടുള്ള ജാമ്യം ലഭിക്കുക പ്രയാസകരമാണ്. ചുരുങ്ങിയത് ഒരു ലക്ഷം ദിർഹമെങ്കിലും കെട്ടിവയ്ക്കുകയും ഒപ്പം തുഷാറിന്റെയും മറ്റൊരു വ്യക്തിയുടെയും പാസ്‌പോർട്ടുകൾ ജാമ്യം വച്ചാലെ പുറത്തിറങ്ങാനാകുമെന്ന് നിയമവിദഗ്ദ്ധർ പറഞ്ഞു. എന്നാൽ, ഇന്ന് അതു സാധ്യമായില്ലെങ്കിൽ അടുത്ത പ്രവൃത്തി ദിവസമായ ഞായറാഴ്ചയേ അതിനു സാധ്യതയുള്ളു. അങ്ങനെയെങ്കിൽ അതുവരെ തുഷാർ അജ്മാൻ സെൻട്രൽ ജയിലിൽ കഴിയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP