Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരൂരിൽ 97 ദിവസത്തിനകം തന്നെ കാമ്പസ് ഒരുക്കി; കോഴ്സുകൾക്ക് അംഗീകാരം നേടിയെടുക്കുന്നതിലും മിടുക്കു കാട്ടി; 'എല്ലാ ശരിയാകാൻ' കെ ജയകുമാർ കൂടിയേ തീരൂ..വെന്ന് ഭരണക്കാർ ഇപ്പോഴും പറയുന്നു; 22 തസ്തികകളിൽ ജോലി ചെയ്ത കെ.ജയകുമാർ മലയാളം സർവകലാശാലയുടെ എല്ലാമെല്ലാമായത് നാലര വർഷം; കേരളം കണ്ട ഏറ്റവും മികച്ച ബ്യൂറോക്രാറ്റ് പടിയിറങ്ങുന്നത് തികഞ്ഞ സംതൃപ്തിയോടെ

തിരൂരിൽ 97 ദിവസത്തിനകം തന്നെ കാമ്പസ് ഒരുക്കി; കോഴ്സുകൾക്ക് അംഗീകാരം നേടിയെടുക്കുന്നതിലും മിടുക്കു കാട്ടി; 'എല്ലാ ശരിയാകാൻ' കെ ജയകുമാർ കൂടിയേ തീരൂ..വെന്ന് ഭരണക്കാർ ഇപ്പോഴും പറയുന്നു; 22 തസ്തികകളിൽ ജോലി ചെയ്ത കെ.ജയകുമാർ മലയാളം സർവകലാശാലയുടെ എല്ലാമെല്ലാമായത് നാലര വർഷം; കേരളം കണ്ട ഏറ്റവും മികച്ച ബ്യൂറോക്രാറ്റ് പടിയിറങ്ങുന്നത് തികഞ്ഞ സംതൃപ്തിയോടെ

എം പി റാഫി

മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാളസർവകലാശാല വൈസ് ചാൻസിലർ കെ.ജയകുമാറിന് നാലര വർഷത്തെ സേവനത്തിന് ശേഷമുള്ള പടിയിറക്കമാണ് ഇന്ന്. എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ ജയകുമാർ മലയാളം സർവകലാശാലയുടെ വളർത്തഛൻ കൂടിയാണ്. വിരമിച്ച ശേഷം സാഹിത്യ, സിനിമാ രംഗങ്ങളിൽ ചെലവിടാനാണ് ജയകുമാറിന്റെ തീരുമാനം. ജീവിതത്തിൽ ഇതുവരെ 22 തസ്തികകളിലാണ് ജയകുമാർ ഇരുന്നത്. ഒട്ടേറെ മറ്റു ചുമതലകളും വഹിച്ചു. എന്നാൽ ഒരു സംരംഭത്തിന്റെ സാധ്യത പഠിച്ച് തുടങ്ങുകയും അതിന്റെ വളർച്ചാഘട്ടം പിന്നിട്ട് വ്യവസ്ഥാപിതമാക്കിയെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ജയകുമാറിന്റെ പഠിയിറക്കം. 100 ദിവസത്തിനുള്ളിൽ താൽക്കാലിക കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം സ്‌പെഷൽ ഓഫിസറാകുമ്പോൾ നടത്തിയായിരുന്നു ജയകുമാറിന്റെ തുടക്കം. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് 97 ദിവസത്തിനകം തന്നെ കാമ്പസ് ഒരുക്കി.

ഭാഷാപിതാവിന്റെ ജന്മനാട് ജയകുമാറിന് കഴിഞ്ഞ ദിവസം യാത്രയയപ്പ് നൽകിയിരുന്നു. നേട്ടങ്ങളും ദിശാബോധവും ഉണ്ടാക്കിയാണ് താൻ പടിയിറങ്ങുന്നതെന്നും എല്ലാ വിജയത്തോടൊപ്പവും സാഹിത്യ ലോകവും തന്നോടൊപ്പം ഉണ്ടായിരുന്നതായും വിരമിക്കുന്നതിന് മുമ്പ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.ജയകുമാർ പറഞ്ഞു. ഇതുവരെ എണ്ണൂറിൽ അധികം സാഹിത്യകാരന്മാരെ കാമ്പസിൽ കൊണ്ടുവരാൻ സാധിച്ചു.

സ്പെഷൽ ഓഫീസറായിരിക്കെ നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് സർവകലാശാലയുടെ തുടക്കവും വളർച്ചയും. നിലവിൽ യുജിസി 2എഫ് അംഗീകാരം വരെയാണ് സർവകലാശാല എത്തിനിൽക്കുന്നത്. നാലു വിശിഷ്ഠ കോഴ്സുകൾ, രാജ്യാന്തര പ്രസാധകരുടെ സഹകരണമുള്ള പ്രസിദ്ധീകരണ വിഭാഗം, ജർമനിയിലെ ടുബിൻഗൻ സർവകലാശാലയിലെ ഗുണ്ടർട്ട് ചെയർ അങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്താണ് പടിയിറക്കം.

പ്രധാന സംരംഭമായ ഓൺലൈൻ നിഘണ്ടു ഉടൻ പുറത്തിറങ്ങും. 98,000 വാക്കുകളാണ് ശബ്ദതാരാവലിയിൽ ഉള്ളതെങ്കിൽ നിഘണ്ടുവിലുണ്ടാവുക 1.3ലക്ഷം വാക്കുകളാണ്. പ്രൂഫ് റീഡിംങ് പുരോഗമിക്കുകയാണ്. പ്രാദേശികമോ പൊതുവായതോ ആയ വാക്കുകൾ വായനക്കാർക്കു നിർദ്ദേശിക്കാനുള്ള സൗകര്യവുമുണ്ടാകും. മൊബൈൽ ആപ്പുകളും ഇതിനോടൊപ്പം പുറത്തിറങ്ങും. നേട്ടങ്ങൾ നിരവധി പറയാനുണ്ടെങ്കിലും സർവകലാശാലക്ക് സ്വന്തം ഭൂമി കണ്ടെത്താൻ പറ്റിയില്ലെന്നതും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

വിദഗ്ദ സമിതി റിപ്പോർട്ടിനു ശേഷം 2015ൽ ഭൂമി ഏറ്റെടുക്കാൻ റിപ്പോർട്ട് നൽകിയെങ്കിലും നടന്നില്ല. ഭരണം മാറി. മറ്റൊരു ഭൂമിയുണ്ടെന്ന അഭിപ്രായമുയർന്നു. സർക്കാർ മറ്റൊരു സമിതിയെ വച്ചു പഠിച്ച് അഗ്‌നിശുദ്ധി വരുത്തിയ ശേഷം ഭുമി ഏറ്റെടുത്താൽ മതിയെന്നാണ് ജയകുമാറിന്റെ നിർദ്ദേശം. രണ്ടോ മൂന്നോ വർഷത്തേക്ക് ഇപ്പോഴത്തെ കാമ്പസിൽ സുഖമായി പ്രവർത്തിക്കാം. ആവശ്യമെങ്കിൽ കൂടുതൽ നിലകൾ പണിയുകയും ചെയ്യാം. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി വിവാദമുണ്ടാക്കുമ്പോൾ സർവകലാശാലയെ വിവാദത്തിന്റെ ഭാഗമാക്കരുതെന്നാണ് വിസിക്ക് പറയാനുള്ളത്.

കമ്പ്യൂട്ടർ സയൻസ്, മാത്തമറ്റിക്‌സ് എന്നീ വിഷയങ്ങളിൽ കൂടി മലയാളത്തിൽ പഠിപ്പിക്കണമെന്നാണ് ജയകുമാറിന്റെ അഭിപ്രായം. എം.ബി.എ കോഴ്‌സ് അടുത്ത വർഷം മുതൽ മലയാള സർവകലാശാലയിൽ തുടങ്ങും. പട്ടം പോലെ കറങ്ങണം, സിനിമയിൽ എന്തെങ്കിലും സംഭാവനചെയ്യണം, എല്ലാറ്റിലുപരി എഴുതണം വേലിക്കെട്ടുകളില്ലാതെ ...... ഇതെല്ലാമാണ് വിസിയുടെ തുടർന്നുള്ള സ്വപ്നം. സർഗാത്മകമായ പല അടിയറവുകളും കഴിഞ്ഞകാലത്ത് ഉണ്ടായി. സർവീസിലിരിക്കുമ്പോൾ പലതും തുറന്ന് പറയാൻ പറ്റിയില്ലെന്നും ഇനി ഈ തടസമുണ്ടാകില്ലെന്നും ജയകുമാർ പറഞ്ഞു.

മലയാളം സർവകാലാശാലയെ വെള്ളവും വളവും നൽകി നട്ടു വളർത്തിയ വളർത്തഛനായി ജയകുമാറിനെ എന്നും ഓർക്കുമെന്നതിൽ സംശയമില്ല. എന്നാൽ സർവകലാശാലയുടെ ഭാവി ആശങ്കയിലാണ്. പുതിയ വിസിയെ അടക്കം ഇതുവരെ സർക്കാർ തീരുമാനിച്ചിട്ടില്ല. ഇത് നിരവധി പ്രവർത്തനങ്ങളെ തടസപ്പെടുത്തും. പുതിയ വിസിയായി നിരവധി പേരുകൾ ഉയർന്നു കേട്ടെങ്കിലും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ചുമതല നൽകുമെന്നാണ് സൂചന. ജയകുമാറിനോടു തന്നെ തുടരാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ജയകുമാർ പിൻവാങ്ങുകയായിരുന്നു. പൊതു രംഗത്തും സിനിമാ സാഹിത്യ രംഗത്തും സജീവമാകാനാണ് ജയകുമാറിന്റെ തീരുമാനം. ഈ രംഗത്ത് പൊതുവേദിയുണ്ടാക്കാനും തീരുമാനമുണ്ട്. മലയാളഭാഷാ മേഖലയിൽ നിന്നു വിശ്രമം അസാധ്യമായതിനാലാണ് പൊതു വേദിയുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് ജയകുമാർ പറഞ്ഞു.പടിയിറങ്ങിയ ശേഷം നാളെ കുടുംബത്തോടൊപ്പം വിദേശ യാത്ര പോകുന്ന ജയകുമാർ അടുത്തമാസമാണ് തിരിച്ചെത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP