Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലാരിവട്ടത്തെ പഞ്ചവടിപ്പാലമാക്കിയതിന് കിട്ടിയ പണം ഉപയോഗിച്ച് മകന്റെ പേരിൽ വാങ്ങിയത് ഇടപ്പള്ളിയിലെ കണ്ണായ സ്ഥലത്ത് 16.5 സെന്റ് സ്ഥലവും റെസിഡൻഷ്യൽ കോംപ്ലക്‌സും; മകൻ റിസ്വാന് ബിഡിഎസ് പഠനകാലത്ത് മംഗലാപുരത്ത് വാങ്ങിയ ഫ്‌ളാറ്റും അന്വേഷണ പരിധിയിൽ; മകളുടെ വിവാഹത്തിന് 600 പവനും ആഡംബര ഫ്ളാറ്റും 25 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയതും സൂരജിന്റെ അഴിമതിക്ക് തെളിവ്; മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞും കുടുങ്ങിയേക്കും; ലീഗ് നേതാവിനെതിരെ തെളിവുകൾ തേടി വിജിലൻസ്

പാലാരിവട്ടത്തെ പഞ്ചവടിപ്പാലമാക്കിയതിന് കിട്ടിയ പണം ഉപയോഗിച്ച് മകന്റെ പേരിൽ വാങ്ങിയത് ഇടപ്പള്ളിയിലെ കണ്ണായ സ്ഥലത്ത് 16.5 സെന്റ് സ്ഥലവും റെസിഡൻഷ്യൽ കോംപ്ലക്‌സും; മകൻ റിസ്വാന് ബിഡിഎസ് പഠനകാലത്ത് മംഗലാപുരത്ത് വാങ്ങിയ ഫ്‌ളാറ്റും അന്വേഷണ പരിധിയിൽ; മകളുടെ വിവാഹത്തിന് 600 പവനും ആഡംബര ഫ്ളാറ്റും 25 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയതും സൂരജിന്റെ അഴിമതിക്ക് തെളിവ്; മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞും കുടുങ്ങിയേക്കും; ലീഗ് നേതാവിനെതിരെ തെളിവുകൾ തേടി വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി ഒ സൂരജിനെതിരായ കുരുക്ക് മുറുകുന്നു. സൂരജ് ബിനാമി പേരിൽ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് വിജിലൻസ് കണ്ടെത്തി. 2012-14 കാലയളവിൽ എറണാകുളത്ത് 15 സെന്റ് സ്ഥലം മകന്റെ പേരിൽ വാങ്ങിയെന്നും ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലൻസ് പറയുന്നു. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവർത്തിച്ചതായും വിജിലൻസ് പറയുന്നു.

അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടിഒ സൂരജിന്റെ പങ്കാളിത്തം വ്യക്തമാണെന്നും വിജിലൻസിന്റെ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. 2012-14 കാലഘട്ടത്തിൽ ടി ഒ സൂരജ് പല ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 2014ൽ ഇടപ്പള്ളിയിൽ മകന്റെ പേരിൽ 15 സെന്റ് സ്ഥലവും വീടും വാങ്ങിയെന്നും വിജിലൻസ് കണ്ടെത്തി. 3.30 കോടി രൂപയാണ് ഭൂമി വാങ്ങാൻ വിനിയോഗിച്ചതെങ്കിലും ആധാരത്തിൽ കാണിച്ചത് 1.4 കോടിരൂപ മാത്രമാണ്. ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ചോദ്യം ചെയ്ത ഘട്ടത്തിൽ ടി ഒ സൂരജ് സമ്മതിച്ചു എന്ന വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു. 2014 ഓഗസ്റ്റിലാണ് ആർഡിഎക്സ് കമ്പനിക്ക് എട്ടേകാൽ കോടി രൂപ മുൻകൂറായി അനുവദിക്കുന്നത്. ഇത് കഴിഞ്ഞ് രണ്ട് മാസങ്ങൾക്കു ശേഷമാണ് സൂരജ് മകന്റെ പേരിൽ ഭൂമി വാങ്ങുന്നത്.

പാലാരിവട്ടം മേൽപാലം നിർമ്മാണ അഴിമതിക്കേസിൽ മുന്മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ പങ്ക് അന്വേഷിച്ചുവരുകയാണ്. സത്യം പുറത്തുകൊണ്ടുവരാൻ മതിയായ സമയം വേണം. കേസിലെ നാലാംപ്രതി ടി.ഒ. സൂരജ് നൽകിയ ജാമ്യഹരജിക്കെതിരെ സമർപ്പിച്ച വിശദീകരണത്തിലാണ് ഈ പരാമർശങ്ങളുള്ളത്. ഇതോടെ കേസിൽ ഇബ്രാഹിംകുഞ്ഞും കുടുങ്ങുമെന്ന് വ്യക്തമാകുകയാണ്. പാലാരിവട്ടം മേൽപാലം നിർമ്മാണക്കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയശേഷം 3.30 കോടി രൂപ ചെലവിട്ട് ഇടപ്പള്ളി സൗത്ത് വില്ലേജിൽ 16.5 സന്റെ് സ്ഥലവും റെസിഡൻഷ്യൽ കോംപ്ലക്‌സും വാങ്ങിയെന്നാണ് വിജിലൻസ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. 2014 ജൂലൈ 22നാണ് ആർ.ഡി.എസ് കമ്പനിക്ക് അഡ്വാൻസ് നൽകിയത്. 2014 ഒക്ടോബർ ഒന്നിനാണ് മകൻ റിസ്‌വാൻ സൂരജിന്റെ പേരിൽ ഭൂമി വാങ്ങിയത്. 1.04 കോടി രൂപയാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നതെങ്കിലും 3.30 കോടിക്കാണ് വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മകനെ ബിനാമിയാക്കി താനാണ് വാങ്ങിയതെന്നും ഇതിൽ രണ്ടുകോടി കള്ളപ്പണമാണെന്നും ചോദ്യംചെയ്യലിൽ സൂരജ് സമ്മതിച്ചതായാണ് വിജിലൻസ് ഡിവൈ.എസ്‌പി ആർ. അശോക്കുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. നിർമ്മാണക്കമ്പനിക്ക് മുൻകൂർ പണം നൽകിയതിൽ മുന്മന്ത്രിക്കുള്ള പങ്കും ഗൂഢലക്ഷ്യവും സൂരജ് വെളിപ്പെടുത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതിയോടെ സെപ്റ്റംബർ 25ന് സൂരജിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തലുണ്ടായതെന്ന് വിജിലൻസ് പറയുന്നു.

മൊബിലൈസേഷൻ അഡ്വാൻസായി 8.25 കോടി രൂപ ഏഴുശതമാനം പലിശക്ക് നൽകാൻ സൂരജ് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഫയൽ നീക്കുകയോ കുറിപ്പെഴുതുകയോ ചെയ്തിട്ടില്ല. അഴിമതിയിൽ സൂരജിനുള്ള പങ്ക് സംശയാതീതമാണ്. 2012 മുതൽ 2014 വരെ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ സൂരജ് വരവിൽകവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടുള്ളതായും വിശദീകരണത്തിൽ പറയുന്നു. സൂരജും ആർ.ഡി.എസ് കമ്പനി മാനേജിങ് ഡയറക്ടർ സുമിത് ഗോയൽ, എം ടി. തങ്കച്ചൻ, ബെന്നി പോൾ എന്നിവരും നൽകിയ ജാമ്യഹരജിയിൽ ചൊവ്വാഴ്ചയും വാദം തുടരും.

രജിസ്ട്രേഷൻ ഐ.ജി, തൃശൂർ, കോഴിക്കോട് കളക്ടർ, ടൂറിസം ഡയറക്ടർ എന്നീ പദവികളിലുണ്ടായിരുന്ന 1999-2004 കാലയളവിൽ സൂരജിന് പരിമിതമായ സമ്പാദ്യമേയുണ്ടായിരുന്നുള്ളൂ. 2005ൽ ഡെപ്യൂട്ടിസെക്രട്ടറി പദവിമാത്രമുണ്ടായിരിക്കേ ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറായ സൂരജിന്റെ സമ്പാദ്യം പിന്നീട് കുതിച്ചുകയറുകയായിരുന്നു. മംഗലാപുരത്ത് ബി.ഡി.എസ് പഠനത്തിനു പോയ മകൻ റിസ്വാന് സ്വന്തമായി ഫ്ളാറ്റ് വാങ്ങിനൽകിയതും ഈ കാലത്തായിരുന്നു. വിജിലൻസ് ചോദ്യംചെയ്‌പ്പോൾ വിദേശത്തുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫ്ളാറ്റിൽ പേയിങ് ഗസ്റ്റായി താമസിച്ചാണ് മകൻ പഠിച്ചതെന്നാണ് സൂരജ് പറഞ്ഞത്. എന്നാൽ ഇതേസമയത്തുതന്നെ മംഗലാപുരത്തെ രജിസ്ട്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് റിസ്വാന്റെ പേരിൽത്തന്നെയാണ് ഫ്ളാറ്റെന്നും വിപണിവില ഒരുകോടിക്കുമുകളിൽ വരുമെന്നും കണ്ടെത്തിയിരുന്നു.

വ്യവസായവകുപ്പിലിരിക്കേയാണ് ആലുവയിലെ വമ്പൻവ്യവസായിയുടെ മകനുമായുള്ള മകളുടെ വിവാഹത്തിന് 600 പവൻ സ്വർണാഭരണങ്ങളും കൊച്ചി കലൂരിനടുത്തെ ആഡംബരഫ്ളാറ്റും 25ലക്ഷം രൂപയും സ്ത്രീധനമായി സൂരജ് നൽകിയത്. മകളുടെ വിവാഹത്തിന് വെറും 15ലക്ഷം രൂപയേ ചിലവഴിച്ചുള്ളൂവെന്നാണ് സൂരജ് മൊഴിനൽകിയത്. എന്നാൽ സ്ത്രീധനത്തിന്റെ വിവരങ്ങൾ സൂരജിന്റെ ഉറ്റബന്ധു വിജിലൻസിന് മൊഴിനൽകി. ഇതേത്തുടർന്ന് വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളും വിജിലൻസ് പിടിച്ചെടുത്തപ്പോൾ സംഗതി ശരിയാണെന്ന് തെളിഞ്ഞു. കൊച്ചിയിലെ ഫ്ളാറ്റിന് ഒന്നരക്കോടിയിലേറെ വിപണിവിലയുണ്ട്. കൊച്ചിയിലെ സ്വകാര്യകോളേജിൽ മകളുടെ എം.ഡി പഠനത്തിന് 1.50കോടിയും ഇളയമകന്റെ എം.ബി.ബി.എസ് പഠനത്തിന് ഒരുകോടിയോളവും സൂരജ് ചെലവിട്ടതായും വിജിലൻസ് കണ്ടെത്തിയിരുന്നു.

സൂരജ് മറ്റുള്ളവരുടെ പേരിലെടുത്ത് സ്വന്തമായി ഉപയോഗിച്ചിരുന്ന ആറ് വാഹനങ്ങളുടെ ആർ.സിബുക്കടക്കമുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. സൂരജിന്റെ സമ്പാദ്യം വരവിന്റെ 314 ശതമാനത്തിലേറെയാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP