Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തിയും അരയിൽ ചുറ്റി തെങ്ങിൽ കയറിയാൽ മാത്രം പോരാ.. പൂങ്കുല തല്ലാനും ചെത്തിയെടുക്കാനും പഠിക്കണം; കള്ള് ചെത്തൽ ഇനി 'സ്‌കൂളിൽ' പോയി പഠിക്കാം! ശാസ്ത്രീയമായ അഭ്യസിക്കാൻ കോടഞ്ചേരിയിൽ ട്രെയിനിങ് സ്‌കൂൾ തുറന്നു; വൈറ്റ് കോളർ ജോലി തേടി പോകുന്ന യുവാക്കളെ പരമ്പരാഗത വ്യവസായത്തിലേക്ക് ക്ഷണിക്കാൻ പുതുതന്ത്രം പയറ്റി കള്ള് ചെത്ത് തൊഴിലാളി സംഘങ്ങൾ

കത്തിയും അരയിൽ ചുറ്റി തെങ്ങിൽ കയറിയാൽ മാത്രം പോരാ.. പൂങ്കുല തല്ലാനും ചെത്തിയെടുക്കാനും പഠിക്കണം; കള്ള് ചെത്തൽ ഇനി 'സ്‌കൂളിൽ' പോയി പഠിക്കാം! ശാസ്ത്രീയമായ അഭ്യസിക്കാൻ കോടഞ്ചേരിയിൽ ട്രെയിനിങ് സ്‌കൂൾ തുറന്നു; വൈറ്റ് കോളർ ജോലി തേടി പോകുന്ന യുവാക്കളെ പരമ്പരാഗത വ്യവസായത്തിലേക്ക് ക്ഷണിക്കാൻ പുതുതന്ത്രം പയറ്റി കള്ള് ചെത്ത് തൊഴിലാളി സംഘങ്ങൾ

കോഴിക്കോട്: കള്ള് ചെത്ത് ഇനി 'സ്‌കൂളിൽ' പോയി പഠിക്കാം. കള്ളു ചെത്തൽ ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്നത് കോഴിക്കോട് ഒരു 'സ്‌കൂൾ' തുറന്നിട്ടുണ്ട്. കേരള മധു ടെക്ക്നീഷ്യൻ ട്രെയിനിങ്ങ് സെന്റർ എന്ന പേരിലുള്ള 'സ്‌കൂൾ' കോടഞ്ചേരി ഈരൂടിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയനും കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘവും സംയുക്തമായാണ് ട്രെയിനിങ്ങ് സെന്റർ തുടങ്ങിയത്.

കള്ളിനെ കുറിച്ച് കൃത്യമായ അവബോധമുള്ള മികച്ച ചെത്തു തൊഴിലാളികളെ വാർത്തെടുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. സംഘത്തിന്റെ കീഴിൽ അഞ്ച് ഏക്കർ തെങ്ങിൻ തോട്ടം കോടഞ്ചിരിയിലെ ഈറൂട് എന്ന സ്ഥലത്തുണ്ട്. ഇവിടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ഇതുവരെ 12 പേർ സ്ഥാപനത്തിൽ പ്രവേശനം നേടിയിട്ടുണ്ട്. 20 പേർ കൂടി ഉടൻ പ്രവേശനം നേടും. തിയറി ക്ലാസും പ്രാക്ടിക്കൽ ക്ലാസും എല്ലാം ഉൾപ്പെടുന്നതാണ് കോഴ്സ്. ആദ്യം കള്ള് എന്താണെന്നും അത് എങ്ങനെയാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും അതിന്റെ ഗുണങ്ങളെന്താണെന്നുമെല്ലാം വിശദമായി പഠിപ്പിക്കും. അതിന് ശേഷം മാത്രമേ പ്രാക്ടിക്കൽ ക്ലാസുകളിലേക്ക് കടക്കുകയൊള്ളൂ. ചെറിയ തെങ്ങുകളിലായിരിക്കും പ്രായോഗിക പരിശീലനം. രണ്ടുമാസം കഴിയുന്നതോടെ വൈദഗ്ദ്ധ്യമുള്ള ചെത്തു തൊഴിലാളിയായി സ്‌കൂളിൽ നിന്നും പുറത്തിറങ്ങാം.

പഠന കാലയളവിൽ ഓരോ പഠനാർത്ഥിക്കും 5000 രൂപ മാസം സ്‌റ്റൈപ്പൻഡ് നൽകുന്നുണ്ട്. പഠനം വിജയകരമായി പൂർത്തിയാക്കിയാൽ ജോലി ഉറപ്പാണ്. ആത്മാർത്ഥതയോടേയും മികച്ച രീതിയിലും ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുകയും ചെയ്യും. കോഴിക്കോട് താലൂക്ക് സംഘത്തിന്റെ കീഴിൽ തന്നെ 150ഓളം ചെത്തു തൊഴിലാളികളെ ആവശ്യമുണ്ട്. ജോലിയിൽ സ്ഥിരപ്പെടുത്തുന്നവർക്ക് മികച്ച വേതന വ്യവസ്ഥകളും സ്ഥാപനം ഉറപ്പു നൽകുന്നുണ്ട്. 34 ശതമാനം, ബോണസ്, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റിയുവിറ്റി തുടങ്ങിയ അവകാശങ്ങളും ഇവർക്ക് ലഭിക്കും.

തെങ്ങു ചെത്താൻ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ ഇവർ തീരുമാനിച്ചത്. താൽപ്പര്യമുള്ളവർക്ക് പോലും തെങ്ങ് ചെത്തുന്നത് എങ്ങനെയെന്ന് പഠിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. അതിനാൽ തന്നെ യുവാക്കൾ ആരും ഈ മേഖലയിലേക്ക് കടന്നു വന്നിരുന്നില്ല. അതിനൊരു പരിഹാരമായാണ് സ്‌കൂളിന്റെ തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം. യുവാക്കളെ കൂടുതൽ ഈ മേഖലയിലേക്ക് ക്ഷണിക്കുകയാണ് സ്ഥാപനത്തിന്റ പ്രധാന ലക്ഷ്യമെങ്കിലും 18 മുതൽ 50 വയസ് വരെയുള്ളവർക്ക് സ്ഥാപനത്തിൽ പ്രവേശനം നേടാം. കള്ള് ചെത്തൽ വൈദഗ്ദ്ധ്യത്തിന് പേരുകേട്ട വൈക്കത്തു നിന്നും ഉള്ളവരാണ് പഠിതാക്കൾക്ക് പരിശീലനം നൽകുന്നത്.

ഇവർക്ക് താമസിക്കുന്നതിനും മറ്റുമുള്ള സൗകര്യവും ഇവിടെ ഏർപ്പാടാക്കിയിട്ടുണ്ട്. ഇനി അപകടം പറ്റുമെന്ന പേടിയും വേണ്ട. സ്ഥാപനത്തിൽ പ്രവേശനം നേടുന്നവർക്ക് ഇൻഷൂറൻസ് സംരംക്ഷണവും സ്ഥാപനം ഉറപ്പു നൽകുന്നുണ്ട്. 10 ലക്ഷം രൂപയുടെ മരണ ഇൻഷൂറൻസ് പോളിസി ഇവരുടെ പേരിൽ എടുക്കും. അംഗവൈകല്യം സംഭവിക്കുന്നവർക്ക് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപവരെയുള്ള ഇൻഷൂറൻസ് പോളിസിയും സ്ഥാപനം ഉറപ്പു നൽകുന്നുണ്ട്. ഒരു വർഷത്തേക്കുള്ള 3300 രൂപയുടെ ഇൻഷൂറൻസ് പ്രീമിയം സ്ഥാപനം അടക്കും. നീര നല്ല സംരംഭമായിരുന്നെങ്കിലും അപകടങ്ങൾ വലിയൊരു വെല്ലു വിളിയായിരുന്നു. തെങ്ങിൽ നിന്ന് വീണ് പരിക്കു പറ്റിയവർ നിരവധിയുണ്ട്. ഈ ഒരവസ്ഥ വരാതിരിക്കാനാണ് സ്ഥാപനം ഇൻഷൂറൻസ് പോളിസി ഏർപ്പാടാക്കുന്നത്.

കാർഷിക രംഗം പരാജയപ്പെട്ടുക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തൊഴിൽ മേഖലയുടെ വലിയൊരു സാധ്യതയാണ് മധു ടെക്ക്നീഷ്യൻ ട്രെയിനിങ്ങ് സെന്റർ തുറന്നിടുന്നതെന്ന് കോഴിക്കോട് താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ സെക്രട്ടറി പി എ ചന്ദ്രശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളത്തിൽ 20 കൊല്ലം മുമ്പ് 40000 ചെത്തു തൊഴിലാളികൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് കേവലം 20000 പേർ മാത്രമാണ്. നിരവധി തൊഴിലാളികളെ ഈ മേഖലയിലേക്ക് ആവശ്യമുണ്ട്. യുവാക്കൾക്ക് വലിയ അവസരമാണ് സ്ഥാപനം നൽകുന്ന പരിശീലനത്തിലൂടെ ലഭിക്കാൻ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

വലിയ പ്രചരണം കൊടുക്കാൻ സാധിക്കാത്തതിനാൽ നിലവിൽ കുറച്ചുപേർ മാത്രമേ സ്ഥാപനത്തിൽ പ്രവേശനം നേടിയിട്ടൊള്ളൂ. എന്നാൽ വരു ദിവസങ്ങളിൽ കൂടുതൽ പഠനാർത്ഥികൾ വരുമെന്നും കള്ള് ചെത്ത് 'സ്‌കൂൾ' സജീവമാവുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP