Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫാ. ടോം ഉഴുന്നാലിന്റെ മോചനം ഒളിമ്പിക്സിൽ കിരീടം നേടിയതുപോലെ ആഘോഷിക്കേണ്ടെന്ന് ഫാ. പോൾ തേലക്കാട്ടിൽ; ജയിൽ മോചിതനായ വൈദികന് നാടുനീളെ സ്വീകരണം നൽകുന്നതിനെതിരെ സഭയ്ക്കുള്ളിൽ മുറുമുറുപ്പ്; അച്ചനെതിരെ ഉയരുന്ന ട്രോളുകളുടെ ഉത്തവാദിത്തത്തിൽ നിന്നും സഭയ്ക്കും രക്ഷപെടാനാവില്ലെന്ന് കരുതുന്നവർ ഏറെ

ഫാ. ടോം ഉഴുന്നാലിന്റെ മോചനം ഒളിമ്പിക്സിൽ കിരീടം നേടിയതുപോലെ ആഘോഷിക്കേണ്ടെന്ന് ഫാ. പോൾ തേലക്കാട്ടിൽ; ജയിൽ മോചിതനായ വൈദികന് നാടുനീളെ സ്വീകരണം നൽകുന്നതിനെതിരെ സഭയ്ക്കുള്ളിൽ മുറുമുറുപ്പ്; അച്ചനെതിരെ ഉയരുന്ന ട്രോളുകളുടെ ഉത്തവാദിത്തത്തിൽ നിന്നും സഭയ്ക്കും രക്ഷപെടാനാവില്ലെന്ന് കരുതുന്നവർ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദ്വീർഘകാലം ഐസിസ് ഭീകരരുടെ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം മോചിതനായ ഫാ. ടോം ഉഴുന്നാലിൽ കേരളത്തിൽ എത്തിയിട്ട് കുറച്ചു ദിവസമായി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അദ്ദേഹത്തിന് സ്വീകരണം ലഭിക്കുന്നുമുണ്ട്. കോട്ടയത്തും കൊച്ചിയിലും ഇതിനോടകം അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. എന്നാൽ, ഫാദർ നടത്തിയ പ്രസ്താവനകൾ കടുത്ത ട്രോളിംഗിനും ഇടനൽകി. ഇതോടെ ഫാദറിനെയും കൊണ്ട് ഇനിയും നാടുനീളെ കറങ്ങി സ്വീകരണം നൽകണോ എന്ന ചോദ്യം കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്നു തന്നെ ഉയർന്നു തുടങ്ങി.

ഒന്നര വർഷത്തിനുശേഷം ഭീകരർ വിട്ടയച്ച ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഒളിമ്പിക്‌സിൽ കിരീടം നേടിയതുപോലെ ആഘോഷിക്കേണ്ട ഒന്നല്ലെന്നാണ് സീറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട് വ്യക്തമാക്കിയത്. ഫാ. ടോമിന്റെ മോചനത്തെ ബന്ധപ്പെട്ടവർ യാഥാർഥ്യബോധത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ടോമിന്റെ മോചനം സന്തോഷകരമാണ്. എന്നാൽ, ഇത്രമാത്രം ആഘോഷിക്കേണ്ടതാണെന്ന് കരുതുന്നില്ല. ഫാ. ടോമിന്റെ മോചനത്തിന് ആത്മീയമായ മാനമുണ്ട്. അതാണ് തിരിച്ചറിയപ്പെടേണ്ടത്. സന്തോഷവും നന്ദിപ്രകടനവുമെല്ലാം ആകാം. പക്വതയും മിതത്വവും ഉണ്ടാകണം. അഫ്ഗാനിസ്താനിൽനിന്ന് തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചപ്പോൾ അവിടെ ഇത്തരം ആഘോഷങ്ങളൊന്നും ഉണ്ടായില്ല.

'തീവ്രവാദികൾ അദ്ദേഹത്തെ കൊല്ലാൻ ഉദ്ദേശിച്ചു എന്നു ബോധമുള്ളവരാരും പറയില്ല. 16 പേരെ കൊന്നിട്ടാണ് അച്ചനെ അവർ പിടിച്ചുകൊണ്ടുപോയത്. അച്ചനെ കൊല്ലാനല്ല, വില പേശാനാണ് അവർ കാണ്ടുപോയത്. രണ്ടു തവണയും വിലപേശൽ ശക്തമാക്കാൻ ചിത്രങ്ങളും അവർ അദ്ദേഹത്തിന്റെ വായിൽ തിരുകിയ അഭ്യർത്ഥനകളും കേരളത്തിൽ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തു. അത് ആരെയാണു സഹായിച്ചത്, അച്ചനെയോ തീവ്രവാദികളെയോ?
അച്ചൻ ഇപ്പോൾ മോചിതനായി. വിലപേശൽ വിജയിച്ചോ, തോറ്റോ? അവർ വിജയിച്ചതിന്റെ ആഘോഷം നമ്മൾ നടത്തണോയെന്ന് ഫാ.പോൾ തേലക്കാട്ടിൽ ചോദിക്കുന്നു. അച്ചൻ അവരോടു ക്ഷമിച്ചു എന്നു പറയുന്നു; അതാണു വൈദികൻ പറയേണ്ടത്. അത് അച്ചൻ വ്യക്തിപരമായി പറയുന്നതാണ് എന്നു കരുതുന്നു. പക്ഷേ, അവർ ആരാണ്? യാതൊരു മനുഷ്യത്വവുമില്ലാതെ അക്രമവും അരാജകത്വവും നടമാടുന്ന നാട്ടിൽ മനുഷ്യത്വത്തിന്റെ മരണക്കിടക്കയിൽ ശുശ്രൂഷ നൽകാൻ വന്നവരെ നിഷ്‌കരുണം വെടിവച്ചുകൊന്നവർ. '

വിദേശരാജ്യങ്ങളിലെ പ്രയാസമേറിയ ആത്മീയദൗത്യങ്ങളിൽ സ്വാഭാവികമായി നേരിടേണ്ടിവരുന്ന പരീക്ഷണമായാണ് ഇതിനെ കാണേണ്ടത്. അവിടെ ജയപരാജയങ്ങളുണ്ടാകാം. അത് ലോകത്തിന്റെ വിജയമായി ആഘോഷിക്കേണ്ടതില്ല. ഫാ. ടോമിന്റെ സ്വീകരണ പരിപാടികൾ സിനിമതാരങ്ങൾക്ക് ആരാധകർ നൽകുന്ന വരവേൽപിന്റെ തലത്തിലേക്ക് മാറുന്നതായി വൈദികർക്കിടയിലും സഭക്കുള്ളിലും തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്തും ആഘോഷിക്കണമെന്ന ജ്വരത്തിലാണ് മലയാളി. നന്ദിപ്രകടനവും സന്തോഷവുമെല്ലാം ഇക്കാണുന്നതിൽനിന്ന് വ്യത്യസ്ത സ്വഭാവത്തിലാകണമെന്നും ഫാ. പോൾ തേലക്കാട്ട് പറഞ്ഞു.

ഭീകരർ തന്നോട് കാരുണ്യം കാണിച്ചുവെന്നാണ് ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞതേടെയാണ് അദ്ദേഹത്തിന് കടുത്ത വിമർശനവും ട്രോളും നേരിടേണ്ടി വന്നത്. ഫാ. ടോം ഉഴുന്നാലിലിനോടു, കാവൽക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടുകൊള്ളാൻ ഭീകരർ തന്നെ നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. തടവിലാക്കിയ അജ്ഞാത സ്ഥലത്തു കാവൽ നിന്നവരിൽ രണ്ടുപേരാണു രക്ഷപ്പെടാൻ സഹായിക്കാമെന്നു ഫാ. ടോമിനോടു വാഗ്ദാനം ചെയ്തത്. എന്നാൽ, അങ്ങനെ രക്ഷപ്പെടാൻ ഉദ്ദേശ്യമില്ലെന്നും ഔദ്യോഗികമായി മോചിപ്പിക്കുകയാണെങ്കിൽ മാത്രം മതിയെന്നും ഭീകരരോടു മറുപടി നൽകി.

ഇത് കൂടാതെ ഐസിസ് ഭീകരരെ പുകഴ്‌ത്ത് ടോം കൂടുതൽ പ്രസ്താവനകൾ നടത്തുകയും ചെയ്തു. ഇതൊക്കെ കടുത്ത ട്രോളിഗിന് ഇരയായി. ഇതോടെയാണ് ടോമിന് ഇനിയും സ്വീകരണം നൽകണോ എന്ന ചോദ്യം സഭയിൽ നിന്നു തന്നെ ഉയർന്നത്.

ഫാ.പോൾ തേലക്കാട്ടിന്റെ ലേഖനത്തിന്റെ പൂർണ രൂപം:

യെമനിൽ 556 ദിവസം തീവ്രവാദികളുടെ തടവിൽ കഴിഞ്ഞ ഫാ. ടോം ഉഴുന്നാലിൽ ഒമാനിലെ സുൽത്താന്റെ ഇടപെടലിലൂടെ മോചിതനായി. ആ വൈദികനെ ജീവനോടെ തിരിച്ചുകിട്ടിയതിൽ കേരള ജനത സന്തോഷിക്കുന്നു. പക്ഷേ, ആ സന്തോഷം ആഘോഷമാക്കുമ്പോൾ എന്താണ് ആഘോഷിക്കുന്നത് എന്നു ചിന്തിക്കണം. തീവ്രവാദികളുടെ തടവിൽനിന്നു രക്ഷപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. 2015ൽ അഫ്ഗാൻ തീവ്രവാദികളുടെ പിടിയിൽനിന്ന് എട്ടു മാസങ്ങൾക്കുശേഷം കേന്ദ്ര സർക്കാർ മോചിപ്പിച്ച ഈശോസഭാ വൈദികനാണു ഫാ. അലക്‌സിസ് പ്രേംകുമാർ. അന്നൊന്നും കാണാത്ത ഉത്സവപ്രതീതി ഇപ്പോഴുണ്ട്. നാലു കന്യാസ്തീകൾ ഉൾപ്പെടെ 16 പേരെ കൊന്നത് അതിന്റെ മൂല്യം വർധിപ്പിക്കുന്നു എന്നു വരുന്നോ?
ഇവിടെ നാം വിജയിച്ചു എന്നു സഭയോ സമൂഹമോ കരുതുന്നുണ്ടോ? അദ്ദേഹം ജീവനോടെ തിരിച്ചുവന്നു. പക്ഷേ അദ്ദേഹത്തെ കൊല്ലാൻ അവർ ഉദ്ദേശിച്ചു എന്നു ബോധമുള്ളവരാരും പറയില്ല. 16 പേരെ കൊന്നിട്ടാണ് അച്ചനെ അവർ പിടിച്ചുകൊണ്ടുപോയത്. അച്ചനെ കൊല്ലാനല്ല, വില പേശാനാണ് അവർ കാണ്ടുപോയത്. രണ്ടു തവണയും വിലപേശൽ ശക്തമാക്കാൻ ചിത്രങ്ങളും അവർ അദ്ദേഹത്തിന്റെ വായിൽ തിരുകിയ അഭ്യർത്ഥനകളും കേരളത്തിൽ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തു. അത് ആരെയാണു സഹായിച്ചത്, അച്ചനെയോ തീവ്രവാദികളെയോ?
അച്ചൻ ഇപ്പോൾ മോചിതനായി. വിലപേശൽ വിജയിച്ചോ, തോറ്റോ? അവർ വിജയിച്ചതിന്റെ ആഘോഷം നമ്മൾ നടത്തണോ? അച്ചൻ അവരോടു ക്ഷമിച്ചു എന്നു പറയുന്നു; അതാണു വൈദികൻ പറയേണ്ടത്. അത് അച്ചൻ വ്യക്തിപരമായി പറയുന്നതാണ് എന്നു കരുതുന്നു. പക്ഷേ, അവർ ആരാണ്? യാതൊരു മനുഷ്യത്വവുമില്ലാതെ അക്രമവും അരാജകത്വവും നടമാടുന്ന നാട്ടിൽ മനുഷ്യത്വത്തിന്റെ മരണക്കിടക്കയിൽ ശുശ്രൂഷ നൽകാൻ വന്നവരെ നിഷ്‌കരുണം വെടിവച്ചുകൊന്നവർ. അതിനു കാശുണ്ടാക്കുന്ന കർമത്തിന്റെ ഇരയാണു ഫാ. ടോം.
കത്തോലിക്കാസഭ എന്തിന് അങ്ങോട്ടു കന്യാസ്ത്രീകളെ വിട്ടു, വൈദികർ എന്തിനു പോയി? അതിൽ ഏറ്റ മുറിവുകളിലാണു സഭ. സഭ ഇതു ചെയ്തതിന് ഒരു കാരണമേയുള്ളൂ. ക്രൂശിതനായ ക്രിസ്തുവിനെ പിൻചെല്ലുക. മനുഷ്യനിൽ ദൈവികമഹത്ത്വമുണ്ട് എന്നു വിശ്വസിച്ച അതിന്റെ മിഷനറിയായതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന സന്ദർഭങ്ങളാണിവ. ഇവിടെ സഭ കരയണം. ഇതു പണപ്രതാപങ്ങളുടെ വിജയങ്ങളുടെ കഥയല്ല.
ലോകവിജയത്തിന്റെ പുരസ്‌കാര സ്വീകരണവുമല്ല. ലോകത്തെ ജയിക്കുന്നതിന്റെ സന്ദർഭങ്ങളാണ്. മനുഷ്യത്വം ചവിട്ടിമെതിക്കപ്പെടുന്നതിന്റെ മുറവിളികൾ ഉയരണം. എന്റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു എന്ന നിലവിളിയുടെ പ്രാർത്ഥനകൾ ഉയരണം.
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ ഏഴു വയസുള്ള പെൺകുട്ടി ലൈംഗികമായി പീഡിപ്പിച്ചു കൊല്ലപ്പെട്ട ഒരു നാടുമാണു നമ്മുടേത്. മനുഷ്യരല്ലാതായ മനുഷ്യർ ചെയ്യുന്ന ക്രൂരതകൾ. ദൈവം നാടുവിട്ട സംസ്‌കാരമോ? ക്രിസ്തുവിന് 500 വർഷങ്ങൾക്കുമുമ്പു സോഫോക്ലിസ് എഴുതിയ ഈഡിപ്പസ് രാജാവിന്റെ കഥ ദുരന്തനാടിന്റെയാണ്. അവിടെ ആളുകളെ ദിനംപ്രതി കൊല്ലുന്ന യക്ഷി സ്പിൻക്‌സ് ഓരോരുത്തരോടും ചോദിക്കുന്നു. രാവിലെ നാലു കാലിലും ഉച്ചയ്ക്കു രണ്ടു കാലിലും വൈകിട്ട് മൂന്നു കാലിലും നടക്കുന്ന ജന്തു ഏത്? ഉത്തരം പറയാൻ കഴിയാത്തവരാണു കൊല്ലപ്പെട്ടത്. മനുഷ്യൻ എന്നു സ്വയം തിരിച്ചറിയാത്തവർ. ഈ നാടു യെമൻ മാത്രമല്ല. നിർദോഷികൾ പീഡിപ്പിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. നീതിമാൻ എന്തുകൊണ്ടു സഹിക്കുന്നു? എന്തിനാണു യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്? എന്തിനാണു സോക്രട്ടീസിനെ വിഷം കുടിപ്പിച്ചു കൊന്നത്? എന്തിനാണു വ്യാസൻ ശരശയ്യയിൽ വീണു മരിച്ച ഭീഷ്മരുടെ കഥ പറഞ്ഞത്? ലോകത്തിൽ നീതിയുടെയും മനുഷ്യമഹത്ത്വത്തിന്റെയും നിലപാടുകളും വ്രതങ്ങളും എടുത്തതിന്? നീതിമാന്മാരുടെ സഹനം തുടരുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുമ്പോൾ ഈ ആഘോഷത്തിമിർപ്പിനേക്കാൾ മനുഷ്യമഹത്വത്തിനുവേണ്ടിയുള്ള നിലപാടിന്റെയും അതു മരണംകൊണ്ടു ഒപ്പുവയ്ക്കുന്ന ധീരതയുടെയും നടപടികളും ജീവിതങ്ങളുമുണ്ടോ?
മദ്ധ്യപൂർവദേശത്തു മനുഷ്യത്വത്തിനെതിരായ ഭീകരതകൾ പുതിയ കാര്യമല്ല. അവിടെ ബന്ദിയാക്കപ്പെടുന്നവരെ മോചിപ്പിക്കുന്നതിനു കാന്റർബെറി ആർച്ചുബിഷപ്പിന്റെ പ്രതിനിധിയായിരുന്ന ടെറി വെയ്റ്റ തന്നെ തീവ്രവാദികളുടെ പിടിയിലായി. 1,763 ദിവസങ്ങൾക്കുശേഷമാണ് അദ്ദേഹം മോചിതനായത്. അദ്ദേഹം എഴുതി: സത്യത്തിനുവേണ്ടി നിലകൊള്ളുക എന്നതു ധാർമികമായി ശക്തിപ്പെടുത്തുന്നതാണ്. എന്റെ കാല്പാദങ്ങളിൽ അവർ കേബിൾ കൊണ്ട് അടിച്ചപ്പോൾ എനിക്കു ഭീകരമായി വേദനിച്ചു. അതിനുശേഷം ഒരാഴ്ച എനിക്കൊട്ടും നടക്കാനായില്ല. എനിക്ക് എന്നോട് ദയ തോന്നി, മാത്രമല്ല ഒട്ടും പ്രതിരോധിക്കാനാവാത്ത ഒരുവനോട് ഇങ്ങനെ ക്രൂരത കാണിക്കുന്നതിനോടുള്ള അമർഷവും എനിക്കുണ്ടായി എന്നു സമ്മതിക്കുന്നു... അപരിഹാര്യമായി ചുറ്റും കാണുന്ന മനുഷ്യസ്വഭാവത്തിന്റെ നിഷേധവശം നമ്മെ നിരാശരാക്കുക എളുപ്പമാണ്. എന്തു വന്നാലും ഇതു മറികടക്കണം. ഏകാന്തതയിൽ പിന്താങ്ങാൻ ആരുമില്ല, നിരാശനാകുക എളുപ്പമാണ്. ഒരുവൻ തന്നിൽത്തന്നെ നങ്കൂരമിടണം... എനിക്കു മതവിശ്വാസമുണ്ട്...
കവിയായ യിറ്റ്‌സിന്റെ വരികൾ നമ്മെ പ്രചോദിപ്പിക്കട്ടെ, ഞാൻ പീഡിതനാകാം, എനിക്കുള്ള ഏക പ്രതിരോധം എന്റെ അന്തസ് മാത്രമാണ്. എന്റെ അന്തസ് നിന്റെ മുമ്പിൽ ഞാൻ വിരിക്കുന്നു. മൃദുവായി നീ നടക്കുക, എന്റെ അന്തസിന്മേലാണു നീ നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP