Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ ഉച്ചയ്ക്ക് മുൻപേ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിൽ ശമ്പളം എത്തി; അക്ഷരാർത്ഥത്തിൽ ഞെട്ടിയത് എംപാനലുകാർ; നേതാക്കളുടെ കെണിയിൽ വീഴാതെ മര്യാദയ്ക്ക് പണിയെടുത്ത് കെഎസ്ആർടിസിയെ നിലനിർത്താൻ ഭൂരിപക്ഷം വരുന്ന ജീവനക്കാരും: ലൈസൻസ് എടുത്ത തച്ചങ്കരി ഇന്ന് തിരുവനന്തപുരത്ത് നിന്നും തിരുവല്ല വരെ കണ്ടക്ടറായി ടിക്കറ്റ് വിറ്റ് യാത്ര ചെയ്യും

ഇന്നലെ ഉച്ചയ്ക്ക് മുൻപേ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിൽ ശമ്പളം എത്തി; അക്ഷരാർത്ഥത്തിൽ ഞെട്ടിയത് എംപാനലുകാർ; നേതാക്കളുടെ കെണിയിൽ വീഴാതെ മര്യാദയ്ക്ക് പണിയെടുത്ത് കെഎസ്ആർടിസിയെ നിലനിർത്താൻ ഭൂരിപക്ഷം വരുന്ന ജീവനക്കാരും: ലൈസൻസ് എടുത്ത തച്ചങ്കരി ഇന്ന് തിരുവനന്തപുരത്ത് നിന്നും തിരുവല്ല വരെ കണ്ടക്ടറായി ടിക്കറ്റ് വിറ്റ് യാത്ര ചെയ്യും

തിരുവനന്തപുരം: വാക്കു പാലിച്ച് തച്ചങ്കരി കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യസമയത്ത് തന്നെ ശമ്പളം നൽകി. നേരത്തെ തന്നെ ജീവനക്കാരോട് ഈ മാസം 30ന് തന്നെ ശമ്പളം നൽകുമെന്ന് തച്ചങ്കരി വാക്ക് നൽകിയിരുന്നു. തച്ചങ്കരിയുടെ ഈ പ്രഖ്യാപനമാണ് ഇന്നലെ യാഥാർത്ഥ്യമായത്. പെൻഷൻ തുകയും കൃത്യസമയത്തു നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും പെൻഷനും വൈകുന്നതു പതിവായിരിക്കെയാണു ജീവനക്കാർ് അപ്രതീക്ഷിതമായി കൃത്യസമയത്തു ശമ്പളം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.

കെഎസ്ആർടിസി കടം കേറി മുടിഞ്ഞതിനാല് കുറച്ച് കാലമായി കൃത്യസമയത്ത് ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ശമ്പളം കിട്ടാൻ കുറഞ്ഞത് ഒരാഴ്ച എങ്കിലും വൈകാറുണ്ട്. ഈ പതിവു രീതിയാണ് ഇന്നലെ തച്ചങ്കരി മാറ്റി എഴുതിയത്. ഇന്നലെ ഉച്ചയോടെ അക്കൗണ്ടിൽ ശമ്പളം വന്നതിന്റെ മൊബൈൽ സന്ദേശം ലഭിച്ചതോടെ ജീവനക്കാരും സന്തോഷത്തിലായി. ശമ്പളം അക്കൗണ്ടിൽ എത്തിയതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് എംപാനലുകാരായിരുന്നു

തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ശമ്പളം വൈകുന്നതിലാണു ഏറെ പരാതികളുണ്ടായത്. തുടർന്നു തച്ചങ്കരി ധനകാര്യ മന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ടു ശമ്പളത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുകയായിരുന്നു. കൃത്യസമയത്തു ശമ്പളം നൽകുമെന്നും ഇല്ലെങ്കിൽ എംഡി സ്ഥാനം രാജിവയ്ക്കുമെന്നുമായിരുന്നു തച്ചങ്കരി ജീവനക്കാർക്കു നൽകിയ ഉറപ്പ്. അതിനു പകരമായി ജീവനക്കാരുടെ പൂർണപിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.

ശമ്പളം നൽകാൻ 86 കോടിയാണു വേണ്ടത്. കെഎസ്ആർടിസി കടത്തിലായതിനാൽ മാസങ്ങളായി സർക്കാരാണു തുക നൽകുന്നത്. പെൻഷൻ വിതരണത്തിനുള്ള 60 കോടി രൂപ സഹകരണ ബാങ്കുകളുടെ കൺസോർഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്. 46,450 ജീവനക്കാരാണു കെഎസ്ആർടിസിയിലുള്ളത്. ഇവർക്കെല്ലാം ഇന്നലെ തന്നെ ശമ്പളം കിട്ടി.

മാത്രമല്ല കെഎസ്ആർടിസിയെ അടിമുടി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി തച്ചങ്കരി ഇന്ന് കെഎസ്ആർടിസി കണ്ടക്ടറായി ടിക്കറ്റ് വിൽക്കും.
തിങ്കളാഴ്ചയാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി തിരുവനന്തപുരം ആർ.ടി. ഓഫീസിൽനിന്ന് കണ്ടക്ടർ ലൈസൻസ് എടുത്തത്.
ലോക തൊഴിലാളിദിനമായ മെയ്‌ ഒന്നിന് തച്ചങ്കരി കെ.എസ്.ആർ.ടി.സി. ബസിൽ കണ്ടക്ടറുടെ ജോലി ചെയ്യും.

ചൊവ്വാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂർക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിൽ ഡി.ജി.പി. പദവിയിലുള്ള തച്ചങ്കരിയായിരിക്കും കണ്ടക്ടർ. കൊട്ടാരക്കര സ്റ്റാൻഡിൽ ഭക്ഷണത്തിനുനിർത്തുമ്പോൾ ഡ്രൈവർക്കൊപ്പം പോയി ഭക്ഷണം കഴിക്കും. തിരുവല്ലയിൽ ഡ്യൂട്ടി അവസാനിപ്പിച്ച് ഗാരേജിൽ തൊഴിലാളികളുമായി സംവദിക്കാനുമാണ് തീരുമാനം.

ഡ്രൈവിങ് ലൈസൻസിനെന്നപോലെ ലേണേഴ്സ് ടെസ്റ്റിലും ശാരീരികക്ഷമതാ പരിശോധനയിലും തച്ചങ്കരി പങ്കെടുത്തു. ലേണേഴ്സ് ടെസ്റ്റിലെ 20 ചോദ്യങ്ങളിൽ 19 എണ്ണത്തിന് തച്ചങ്കരി ശരിയുത്തരമെഴുതി. ഒരെണ്ണത്തിന് തെറ്റുത്തരമാണ് എഴുതിയത്. ബസിൽ എത്ര യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാം എന്ന ചോദ്യത്തിനു 25 എന്നാണ് കെ.എസ്.ആർ.ടി.സി. മേധാവിയായ തച്ചങ്കരി ഉത്തരം നൽകിയത്. യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ പാടില്ല എന്നതാണ് ശരിയുത്തരം. മൂന്നുവർഷത്തേക്കുള്ള ലൈസൻസാണ് തച്ചങ്കരിക്ക് ലഭിച്ചത്.

റോഡ് നിയമങ്ങളെക്കുറിച്ചും ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ടിക്കറ്റ് ഫെയർസ്റ്റേജുകളെക്കുറിച്ചും വിവിധ സൗജന്യ പാസുകളെക്കുറിച്ചും വിദ്യാർത്ഥി പാസുകളെക്കുറിച്ചും തച്ചങ്കരി തിങ്കളാഴ്ചതന്നെ കൂലങ്കഷമായി പഠിച്ചു. ഡ്യൂട്ടിക്കിടെ പിഴവുസംഭവിച്ചാൽ സഹായിക്കാൻ സ്റ്റാൻഡ് ബൈ കണ്ടക്ടർ ഉണ്ടാവില്ല. ഡി.ജി.പി.യുടെ കാക്കിയിലായിരിക്കില്ല തച്ചങ്കരി കണ്ടക്ടർ. പുതിയ കണ്ടക്ടർ യൂണിഫോം തിങ്കളാഴ്ച തയ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP