Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയമലംഘകരെ രക്ഷിക്കാൻ സകലരും ഒരുമിച്ചപ്പോൾ കെ എസ് ആർ ടി സി സ്റ്റൈൽ പിന്തുടർന്ന് വീട്ടുവീഴ്ചയില്ലാത്ത നിലപാടുമായി തച്ചങ്കരി; ഫ്ളാറ്റ് ഉടമകളിൽ നാലിൽ മൂന്ന് പേരുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് തുടക്കമിട്ടത് മുട്ടൻ പണി; കെട്ടിടം പൊളിക്കുന്നതിന് എതിരു നിൽക്കില്ല; നാലാമനെതിരെ പരാതി ഇല്ലാത്തതിനാൽ ക്രൈംബ്രാഞ്ച് തന്നെ സ്വമേധയാ കേസെടുത്തു; സുപ്രീംകോടതിയെ പറ്റിക്കാൻ സകല രാഷ്ട്രീയക്കാരുമായി ഒത്തുതീർപ്പിലെത്തിയ മരടിലെ നിർമ്മാതാക്കൾ വെള്ളം കുടിക്കുന്നത് ഇങ്ങനെ

നിയമലംഘകരെ രക്ഷിക്കാൻ സകലരും ഒരുമിച്ചപ്പോൾ കെ എസ് ആർ ടി സി സ്റ്റൈൽ പിന്തുടർന്ന് വീട്ടുവീഴ്ചയില്ലാത്ത നിലപാടുമായി തച്ചങ്കരി; ഫ്ളാറ്റ് ഉടമകളിൽ നാലിൽ മൂന്ന് പേരുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് തുടക്കമിട്ടത് മുട്ടൻ പണി; കെട്ടിടം പൊളിക്കുന്നതിന് എതിരു നിൽക്കില്ല; നാലാമനെതിരെ പരാതി ഇല്ലാത്തതിനാൽ ക്രൈംബ്രാഞ്ച് തന്നെ സ്വമേധയാ കേസെടുത്തു; സുപ്രീംകോടതിയെ പറ്റിക്കാൻ സകല രാഷ്ട്രീയക്കാരുമായി ഒത്തുതീർപ്പിലെത്തിയ മരടിലെ നിർമ്മാതാക്കൾ വെള്ളം കുടിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിന് ക്രൈംബ്രാഞ്ച് എതിരു നിൽക്കില്ലെന്ന് സൂചന. തൊണ്ടിമുതലാണ് ഫ്‌ളാറ്റ് എന്ന വാദം ഉയർത്തി പ്രതികളെ രക്ഷിക്കില്ലെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നൽകുന്നത്. മരടിലെ അഴിമതിയിൽ അതിശക്തമായ നീക്കമാണ് ക്രൈംബ്രാഞ്ച് നൽകുന്നത്. ഉദ്യോഗസ്ഥരെ കേസിൽ പ്രതിചേർത്തതും തന്ത്രപരമായ നീക്കമാണ്. കെ എസ് ആർ ടി സി എംഡി പദവി ഒഴിഞ്ഞ ശേഷം നിർണ്ണായക പദവികളൊന്നും ടോമിൻ തച്ചങ്കരിക്ക് കിട്ടിയിരുന്നില്ല. അതിന് ശേഷം തേടിയെത്തിയ മികച്ച അവസരമാണ് ക്രൈംബ്രാഞ്ച് തലവനെന്ന പദവി. ഈ പദവിയെ കെ എസ് ആർ ടി സി സ്റ്റൈലിൽ ഉപയോഗിച്ച് മരടിൽ നീതി നടപ്പാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. അതിവേഗ നീക്കങ്ങളാണ് ഇതിന് വേണ്ടി തച്ചങ്കരി നടത്തുന്നത്. കേസിൽ ഫ്‌ളാറ്റ് ഉടമയായ ഒരാളെ അറസ്റ്റ ്‌ചെയ്തതും തച്ചങ്കരിയുടെ ഇടപടെലിന്റെ ഭാഗമാണ്. ഉദ്യോഗസ്ഥരെ കുടുക്കിയതോടെ മരടിലെ അന്വേഷണം ഏവരും ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ്.

മരടിൽ മൂന്ന് ഉദ്യോസ്ഥരെയാണ് പ്രതിചേർത്തത്. സാധാരണ ഇത്തരം കേസുകളിൽ ഉദ്യോഗസ്ഥരെ അവസാനം മാത്രമേ പ്രതിചേർക്കാറുള്ളൂ. എന്നാൽ തുടക്കത്തിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സാധാരണ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടിയ ശേഷം ഉദ്യോഗസ്ഥരെ പ്രതിയാക്കും. ഇതിലൂടെ അവർക്ക് ജയിലിൽ കഴിയാതെ രക്ഷപ്പെടാം. ഈ രീതിയാണ് തച്ചങ്കരി പൊളിച്ചത്. സാധാരണ 420-ാം വകുപ്പാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തുക. ഇവിടെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തു. ഇങ്ങനെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇത്തരത്തിലൊരു അനുമതിക്ക് സർക്കാരിന് ക്രൈംബ്രാഞ്ച് അപേക്ഷ കൊടുത്തത് ഇന്നലെയാണ്. ഒറ്റ ദിവസം കൊണ്ട് അനുമതി നൽകുകയും ചെയ്തു. അതിവേഗമായിരുന്നു സർക്കാരും ഇടപെട്ടത്. ഇതോടെയാണ് ഫ്‌ളാറ്റ് ഉടമയെ പോലും ക്രൈംബ്രാഞ്ച് അറസ്റ്റ ്‌ചെയ്തത്. രേഖകൾ പരിശോധിച്ച് അനുമതി നൽകിയതും തച്ചങ്കരിയാണ്.

നിയമ ലംഘകരായ ഫ്‌ളാറ്റ് നിർമ്മതാക്കളെ രക്ഷിക്കാൻ സകലരും ഒരുമിച്ചപ്പോൾ കെ എസ് ആർ ടി സി സ്‌റ്റൈൽ പിന്തുടർന്ന് വീട്ടുവീഴ്ചയില്ലാത്ത നിലപാടുമായി തച്ചങ്കരി രംഗത്തെത്തുകയാണ്. എല്ലാ രാഷ്ട്രീയക്കാരും തുടക്കത്തിൽ സർക്കാർ ഖജനാവിൽ നിന്ന് പണം എടുത്ത് ഫ്‌ളാറ്റ് വാങ്ങിയവർക്ക് നൽകാനാണ് നീക്കം നടത്തിയത്. എല്ലാ ഉടമകൾക്കും ഒരു കോടി രൂപ വീതം സർക്കാരിനെ കൊണ്ട് കൊടുക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് സുപ്രീംകോടതി ഇടപെടുന്നത്. നിയമം ലംഘിച്ചത് നിർമ്മാതാക്കളാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിനിടെയും അട്ടിമറി നീക്കം സജീവമായി നടന്നു. നാടകീയമായി തച്ചങ്കരി എത്തിയതോടെ സുപ്രീംകോടതിയുടെ ഇടപെടലിന് ഫലമുണ്ടായി. അതിവേഗം അന്വേഷണം നീങ്ങി. അങ്ങനെ അറസ്റ്റും. ഫ്‌ളാറ്റ് ഉടമകളിൽ നാലിൽ മൂന്ന് പേരുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് തുടക്കമിട്ടത് മുട്ടൻ പണിയും കൊടുത്തു. നാലാമനെതിരെ പരാതി ഇല്ലാത്തതിനാൽ ക്രൈംബ്രാഞ്ച് തന്നെ കേസ് ഏറ്റെടുക്കുകയും ചെയ്തു.

മരട് ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. നാല് നിർമ്മാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം, ജെയിൻ ബിൽഡേഴ്‌സ്, ആൽഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ഉടമകളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാൻ റവന്യൂ, റജിസ്‌ട്രേഷൻ വകുപ്പുകൾക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി. മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നിർമ്മാതാക്കളിൽ നിന്ന് തന്നെ ഈടാക്കി നൽകാമെന്ന സുപ്രീംകോടതി വിധിയിലെ പരാമർശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നത്. നാല് ഫ്‌ളാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, റജിസ്‌ട്രേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്.

ക്രൈംബ്രാഞ്ചിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്തയോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ്, പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടർ സ്‌നേഹിൽ കുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി എന്നിവരാണ് യോഗത്തിന് നേതൃത്വം നൽകിയത്. ഈ യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാൻ തീരുമാനിച്ചത്. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നിലവിൽ അരൂർ പഞ്ചായത്ത് സെക്രട്ടറിയാണ് ഇയാൾ. ഇത്തരം അറസ്റ്റുകളെല്ലാം സംസ്ഥാനത്ത് ആദ്യമായി നടക്കുന്നതാണ്. ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് താനിരിക്കുമ്പോൾ മരടിൽ കള്ളക്കളികൾ ഉണ്ടാകില്ലെന്നാണ് തച്ചങ്കരി നൽകുന്ന സൂചന.

ഐപിഎസ് ജീവിതത്തിൽ ഉടനീളം വിവാദങ്ങളായിരുന്നു ടോമിൻ തച്ചങ്കരിയെ പിന്തുടർന്നത്. മറ്റൊരു ഓഫീസറും കേൾക്കാത്ത പേരുദോഷങ്ങൾ. ഇതെല്ലാം പലപ്പോഴും ആർക്കെല്ലാമോ വേണ്ടി ചെയ്തു കൊടുത്തവയാണെന്ന് വിലയിരുത്തുന്നുവരുമുണ്ട്. ഇതിനിടെയിൽ പലതവണ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടു. നിയമപോരാട്ടങ്ങൾക്കൊടുവിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്താണ് തച്ചങ്കരി സർവ്വീസിൽ മടങ്ങിയെത്തിയത്. കുത്തഴിഞ്ഞ കൺസ്യൂമർ ഫെഡായിരുന്നു ഏൽപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ കൺസ്യൂമർ ഫെഡിലെത്തിയ തച്ചങ്കരി തന്റെ പ്രതിച്ഛായ മുഴുവൻ മാറ്റിയെടുത്തു. കൺസ്യൂമർ ഫെഡിലെ അഴിമതിക്കാരെ മുഴുവൻ പുകച്ച് പുറത്ത് ചാടിച്ചു. യുഡിഎഫ് സർക്കാരിന് പോലും വലിയ പ്രതിച്ഛായ നഷ്മുണ്ടാക്കി ഈ സംഭവം. വിജിലൻസ് കേസുകളിലേക്ക് കൺസ്യൂമർ ഫെഡിലെ ഉന്നതരെ തള്ളിവിട്ട നടപടി. ഇതോടെ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി തച്ചങ്കരി താരമായി.

ഇതിനിടെയിൽ സഹകരണമന്ത്രിയായിരുന്ന സി ബാലകൃഷ്ണൻ എതിർപ്പുമായെത്തി. അങ്ങനെ കൺസ്യൂമർ ഫെഡിൽ നിന്ന് തച്ചങ്കരി തെറിച്ചു. കണ്ണായ ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനം തന്നെ തച്ചങ്കരിക്ക് പകരമായി ഉമ്മൻ ചാണ്ടി നൽകി. ഗതാഗത മന്ത്രിയുമായി ഭിന്നതയുണ്ടാകാതിരിക്കാൻ ഉമ്മൻ ചാണ്ടി പ്രത്യേകം ശ്രദ്ധിച്ചു. ഇവിടേയും പരിഷ്‌കരണങ്ങൾക്കാണ് തച്ചങ്കരി ശ്രമിച്ചത്. ഹെൽമറ്റിലായിരുന്നു തുടക്കം. അഴിമതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിച്ചു. അപ്പോഴും ഉമ്മൻ ചാണ്ടിക്ക് പ്രശ്നമുണ്ടാകാതിരിക്കാൻ തച്ചങ്കരി പ്രത്യേക മുൻകരുതലുകൾ എടുത്തു. വിവാദമൊഴിയാതെ യുഡിഎഫ് ഭരണകാലത്ത് തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മീഷണറായി പേരുണ്ടാക്കി. അഴിമതി വിരുദ്ധ ്പ്രതിച്ഛായയുമായി മുന്നേറുമ്പോഴാണ് ഭരണമാറ്റം. പിണറായി മുഖ്യമന്ത്രിയായി. എകെ ശശീന്ദ്രൻ ഗതാഗത മന്ത്രിയും.

ഇതോടെ പരിഷ്‌കാരങ്ങൾ ശക്തമാക്കി. പെട്രോൾ അടിക്കണമെങ്കിൽ ഹെൽമറ്റ് നിർബന്ധമാക്കാൻ തച്ചങ്കരി തീരുമാനിച്ചു. പെട്രോളിന് ഹെൽമറ്റെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോൽ മന്ത്രിയുമായി തച്ചങ്കരി ആലോചിച്ചില്ല. പരസ്യമായി തന്നെ വിയോജിപ്പുമായി ശശീന്ദ്രൻ എത്തിയതോടെ എതിർപ്പിന് പുതിയ തലം വന്നു. ഗതാഗത വകുപ്പിലെ അഴിമിതി തുടച്ചു നീക്കുമെന്ന നിലപാട് മന്ത്രിയുടെ പാർട്ടിയായ എൻസിപിക്കും പിടിച്ചില്ല. സ്ഥലംമാറ്റത്തിൽ പോലും എൻസിപിയുടെ ആഗ്രഹങ്ങൾ നടക്കാതെ പോയി. ഇതിലൂടെ കോടികളുടെ കോഴയാഗ്രഹിച്ച എൻസിപിക്കാർ നിരാശരുമായി. എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ തന്നെ രംഗത്തു വന്നു. ഇതിനിടെയാണ് അഴിമതി വിരുദ്ധ പ്രതിച്ഛായ കൂട്ടാൻ തന്റെ പിറന്നാൾ ദിനം തന്നെ തെരഞ്ഞെടുത്ത തച്ചങ്കരിയുടെ ഓവർ സ്മാർട്ട് തീരുമാനം എത്തിയത്.

സ്വന്തം ലെറ്റർപാഡിൽ ജന്മദിനം അറിച്ച് തച്ചങ്കരി അയച്ച് കത്ത് പാരയായി. ഇതിനിടെയിൽ കാറിലെ ബീക്കൺ ലൈറ്റും കൊടിയും അഴിപ്പിച്ചതിന്റെ പ്രതികാര ദാഹവുമായി കാത്തിരുന്ന ഐഎഎസ് ലോബിയും സജീവമായി. അവരുടെ ഇതിലെ സാധ്യതകൾ തിരിച്ചറിഞ്ഞു. അങ്ങനെ അവിടേയും തച്ചങ്കരിക്ക് തുടരാനായില്ല. പിന്നീട് പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി. സെൻകുമാർ ഡിജിപിയായി കോടതി വിധിയുമായെത്തിയപ്പോൾ ഇടത് സർക്കാരിന് വേണ്ടി തച്ചങ്കരി കാര്യങ്ങൾ നീക്കി. പിന്നീട് കെ എസ് ആർ ടി സിയിലെ പരിഷ്‌കാരങ്ങൾ. ഇതോടെ കൂടുതൽ ജനകീയനായി തച്ചങ്കരി മാറി. ഈ ജനകീയത കൈവിടാതിരിക്കാനാണ് മരടിലെ ഇടപെടലുകൾ. സർക്കാരും പ്രതിച്ഛായ ഉയർത്താൻ മരടിൽ സാധ്യത കാണുകയാണ്. അതുകൊണ്ട് തന്നെ മരടിൽ ക്രൈംബ്രാഞ്ച് വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ട് പോകുമെന്നാണ് സൂചന.

സർവ്വീസിന്റെ തുടക്കത്തിൽ തച്ചങ്കരി വിവാദ പുരുഷനായിരുന്നു. 1991 ൽ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു. ഇതേ തുടർന്ന് ഈ കേസിൽ പ്രാകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായെന്നായിരുന്നു ആക്ഷേപം. 2007 ജൂലൈയിൽ ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതും വലിയ വിവാദമായി.

2009 ഡിസംബറിൽ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാൻ സർക്കാർ അറിയാതെയാണ് ഐജി ടോമിൻ തച്ചങ്കരിയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാമർശവും വിവാദത്തിനിടയാക്കി. 2010 ഏപ്രിൽ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. ഇതും വിവാദമായി. കേസുകളിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് തച്ചങ്കരിക്ക് സസ്പെൻഷനും കിട്ടിയ ചരിത്രമുണ്ട്. കൺസ്യൂമർ ഫെഡിലും ട്രാൻസ് പോർട്ട് കമ്മിഷണറേറ്റിലേയും ജോലിക്കിടെ തച്ചങ്കരി മാച്ച് കളഞ്ഞത് ഈ വിവാദങ്ങളായിരുന്നു. അതിന് വേണ്ടി കൂടിയാണ് അഴിമതിക്കെതിരെ തച്ചങ്കരി അഴിമതിക്കെതിരെ കർശന നിലപാടുകൾ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP