Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ടക്ടറായും ടയർ റീട്രേഡിങ് മനേജറായും ജോലി ചെയ്ത തച്ചങ്കരി നാളെ സ്‌റ്റേഷൻ മാസ്റ്ററാകും; തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ പ്രധാന ചുമതലക്കാരനായി മോർണിങ് ഷിഫ്റ്റിൽ സിഎംഡി എത്തും; നാളെ തലസ്ഥാനത്ത് പ്രധാന ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും പരാതിയും നിർദേശങ്ങളും മാനേജിങ് ഡയറക്ടറെ നേരിട്ടറിയിക്കാം

കണ്ടക്ടറായും ടയർ റീട്രേഡിങ് മനേജറായും ജോലി ചെയ്ത തച്ചങ്കരി നാളെ സ്‌റ്റേഷൻ മാസ്റ്ററാകും; തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ പ്രധാന ചുമതലക്കാരനായി മോർണിങ് ഷിഫ്റ്റിൽ സിഎംഡി എത്തും; നാളെ തലസ്ഥാനത്ത് പ്രധാന ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും പരാതിയും നിർദേശങ്ങളും മാനേജിങ് ഡയറക്ടറെ നേരിട്ടറിയിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ നവീകരിക്കാനും ലാഭത്തിലാക്കാനും വേണ്ടിയുള്ള പരിശ്രമത്തിലാണ് സിഎംഡി ടോമിൻ തച്ചങ്കരി. അതിന് വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങൾക്ക് തുരങ്കം വെക്കാൻ വേണ്ടി ഒരു വിഭാഗം ജീവനക്കാർ രംഗത്തുണ്ടെങ്കിലും അതൊന്നും വകവെക്കാൻ തൽക്കാലം അദ്ദേഹം തയ്യാറല്ല. തന്റെ പരിഷ്‌ക്കരണങ്ങൾ ജീവനക്കാർക്കിടയിൽ കൂടി സ്വീകാര്യത ലഭിക്കുന്നതിൽ അസൂയ പൂണ്ട ഒരു ചെറിയ വിഭാഗമാണ് എതിർപ്പുയർത്തി രംഗത്തുള്ളത്. എന്തായാലും കണ്ടക്ടറായും ടയർ റീട്രേഡിങ് മാനേജറായും ജോലി ചെയ്ത ടോമിൻ തച്ചങ്കരി നാളെ സ്‌റ്റേഷൻ മാസ്റ്ററുടെ ജോലിയിൽ തിളങ്ങും.

ജീവനക്കാരുടെ പരാതിയും സ്വീകരിക്കുന്ന ജനസമ്പർക്ക പരിപാടി എന്ന നിലയിലാണ് തച്ചങ്കരി നാളെ സ്റ്റേഷൻ മാസ്റ്ററുടെ ചുമതല ഏറ്റെടുക്കുന്നത്. നാളെ രാവിലെ തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പ്രധാന ചുമതലക്കാരന്റെ റോളിലാകും അദ്ദേഹം എത്തുക. മോണിങ് ഷിഫ്റ്റിൽ തന്നെ സിഎംഡി എത്തും. തലസ്ഥാനത്ത് പ്രധാന ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും പരാതിയും നിർദേശങ്ങളും മാനേജിങ് ഡയറക്ടറെ നേരിട്ട് അറിയിക്കാനുള്ള അവസരം കൂടിയാണ് ഇത്.

രാവിലെ എട്ട് മണിയോടെ തച്ചങ്കരി യാത്രക്കാരെ ബസുകൾ എങ്ങോട്ട് പോകുന്നു എന്നത് അടക്കമുള്ള വിവരങ്ങൾ അറിയിക്കും. വൈകുന്നേരം നാല് മണി വരെ അദ്ദേഹം സ്ഥലത്തുണ്ടാകും. ഒരു ബസ് സ്റ്റാൻഡിൽ നിന്നും വിവിധ ഇടങ്ങളിലേക്ക് ബസുകൾ യാത്ര തിരിക്കുന്നതും ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണം അടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസി സിഎംഡി ഇടപെടും. കെഎസ്ആർടിസി ജീവനക്കാരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ എന്തെല്ലാമാണെന്ന് അറിയാൻ കൂടിയാണ് തച്ചങ്കരിയുടെ ശ്രമം.

കോർപ്പറേഷനെ എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തിൽ സാധാരണക്കാരായ ജനങ്ങളിൽ നിന്നും കൂടുതൽ നിർദേശങ്ങൾ സ്വീകരിക്കാനുമുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നാണ് തച്ചങ്കരി വ്യക്തമാക്കിയത്. ഇതിന് മുമ്പ് കണ്ടക്ടറുടെ റോളും ഭംഗിയായി നിർവഹിച്ചും ടോമിൻ തച്ചങ്കരി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്ന് സൂപ്പർ ഫാസ്റ്റ് ബസിലെ കണ്ടക്ടറായാണ് അദ്ദേഹം എത്തിയത്. കണ്ടക്ടർ ലൈസൻസ് എടുത്ത ശേഷം തന്നെയായിരുന്നു ആ ജോലി ഏറ്റെടുത്തത്. നീലയൂണിഫോം എടുത്തണിഞ്ഞായിരുന്നു അദ്ദേഹം കണ്ടക്ടർ വേഷത്തിലെത്തിയത്. ആ യൂണിഫോം സ്‌റ്റേഷൻ മാസ്റ്ററുടെ ജോലിക്കായി ഒരിക്കൽ കൂടി അദ്ദേഹം അണിയും.

അന്ന് മൂന്ന് മണിക്കൂറായിരുന്നു തച്ചങ്കരി കണ്ടക്ടർ വേഷം കെട്ടിയത്. തിരുവല്ല മുതൽ തിരുവനന്തപുരം വരെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നീല യൂണിഫോം അണിഞ്ഞു ടിക്കറ്റ് റാക്കും പണം സൂക്ഷിക്കുന്ന സഞ്ചിയും കക്ഷത്തിൽ വച്ച് യാത്രക്കാർക്കിടയിലൂടെ തിക്കി തിരക്കിയുള്ള ഡിജിപിയുടെ യാത്ര ഏറെ കൗതുകം ഉയർത്തി. ബസിന്റെ വേഗത്തിനു അനുസരിച്ചു വീഴാതിരിക്കാൻ തച്ചങ്കരി ഇടയ്ക്കിടെ കമ്പിയിൽ പിടിക്കുകയും യാത്രക്കാരുടെ ദേഹത്ത് തൊടുകയും ഒക്കെ ചെയ്തത് ചിരിപടർത്തി. വല്യ നോട്ടു നൽകിയവർക്ക് പോലും ചില്ലറ നൽകിയും ചിരിച്ചും കുശലം പറഞ്ഞും കെഎസ്ആർടിസി നന്നാക്കാനുള്ള അഭിപ്രയങ്ങൾ തേടിയും ചിരിച്ചും കളിച്ചുമായിരുന്നു തച്ചങ്കരിയുടെ യാത്ര. തച്ചങ്കരി തന്നെ കണ്ടക്ടറായ വിവരം സോഷ്യൽ മീഡിയയിലൂടെ പടർന്നു പിടിച്ചപ്പോൾ നിരവധിയാത്രക്കാരാണ് ടിക്കറ്റ് എടുത്തു യാത്ര ചെയ്യാൻ ഗുരുവായൂർ എക്സ്പ്രെസ്സിൽ കയറിയയത്.

അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെമെന്നാണ് കരുതുന്നത്. അതിനായാി ഹൈവി വെഹിക്കിൾ ഡ്രൈവർ ലൈസൻസിനായി അദ്ദേഹം അപേക്ഷ നൽകിക്കഴിഞ്ഞു. കെഎസ്ആർടിസിയുടെ രക്ഷകനാകാൻ തയ്യാറെടുത്ത ടോമിൻ തച്ചങ്കരി കൃത്യമായി ശമ്പളം നൽകി ജീവനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേരളത്തിലങ്ങോളം ഇങ്ങോളം ഉള്ള കെഎസ് ആർടിസി സ്റ്റേഷനുകളിൽ നേരിട്ട് എത്തി പ്രശ്നങ്ങൾ വിലയിരുത്തുന്നതാണ് തച്ചങ്കരിയുടെ ശൈലി. കെഎസ്ആർടിസി കടം കേറി മുടിഞ്ഞതിനാല് കുറച്ച് കാലമായി കൃത്യസമയത്ത് ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ശമ്പളം കിട്ടാൻ കുറഞ്ഞത് ഒരാഴ്ച എങ്കിലും വൈകാറുണ്ട്. ഈ പതിവു രീതിയാണ് ഇന്നലെ തച്ചങ്കരി മാറ്റി എഴുതിയത്. ഇന്നലെ ഉച്ചയോടെ അക്കൗണ്ടിൽ ശമ്പളം വന്നതിന്റെ മൊബൈൽ സന്ദേശം ലഭിച്ചതോടെ ജീവനക്കാരും സന്തോഷത്തിലായി. ശമ്പളം അക്കൗണ്ടിൽ എത്തിയതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് എംപാനലുകാരായിരുന്നു

തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ശമ്പളം വൈകുന്നതിലാണു ഏറെ പരാതികളുണ്ടായത്. തുടർന്നു തച്ചങ്കരി ധനകാര്യ മന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ടു ശമ്പളത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുകയായിരുന്നു. കൃത്യസമയത്തു ശമ്പളം നൽകുമെന്നും ഇല്ലെങ്കിൽ എംഡി സ്ഥാനം രാജിവയ്ക്കുമെന്നുമായിരുന്നു തച്ചങ്കരി ജീവനക്കാർക്കു നൽകിയ ഉറപ്പ്. അതിനു പകരമായി ജീവനക്കാരുടെ പൂർണപിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. അദ്ദേഹം തന്നെ വാക്കു പാലിച്ചതോടെ ജീവനക്കാരിൽ വലിയൊരു വിഭാഗം തച്ചങ്കരിയെ അനുകൂലിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP