Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടു വർഷം മുമ്പ് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോൾ ഒതുക്കി തീർക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് കോളേജിലെത്തി ചർച്ച നടത്തി; മൂന്നാഴ്ച പരമ്പര എഴുതിയ കേരള കൗമുദിയും മംഗളവും ഒറ്റ ദിവസം കൊണ്ട് നിലപാട് തിരുത്തി ലക്ഷങ്ങളുടെ പരസ്യം ഉറപ്പുവരുത്തി; ചോദ്യം ചെയ്യാൻ സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ടോംസ് മുതലാളി കാര്യങ്ങൾ നടത്തിയത് ഇങ്ങനെ

എട്ടു വർഷം മുമ്പ് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോൾ ഒതുക്കി തീർക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് കോളേജിലെത്തി ചർച്ച നടത്തി; മൂന്നാഴ്ച പരമ്പര എഴുതിയ കേരള കൗമുദിയും മംഗളവും ഒറ്റ ദിവസം കൊണ്ട് നിലപാട് തിരുത്തി ലക്ഷങ്ങളുടെ പരസ്യം ഉറപ്പുവരുത്തി; ചോദ്യം ചെയ്യാൻ സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ടോംസ് മുതലാളി കാര്യങ്ങൾ നടത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മറ്റക്കര ടോംസ് കോളേജിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ വിരൽ ചൂണ്ടിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെയാണ്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് ബന്ധമുള്ള കോളേജാണിതെന്ന് പോലും ആരോപണമുയർന്നു. മറുനാടനിലൂടെ കോളേജിലെ രക്ഷിതാക്കളാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. എന്നാൽ ഇത് ഉമ്മൻ ചാണ്ടി നിഷേധിച്ചു. തനിക്ക് ബന്ധമില്ലെന്നും ഉണ്ടെങ്കിൽ അത് തെളിയിക്കാനും വെല്ലുവിളിച്ചു. പാമ്പാടി കോളേജിലെ ജിഷ്ണു പ്രണോയിയെ മരണത്തോടെ ടോംസിലെ പീഡനങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാനെത്തിയ അന്വേഷണ കമ്മീഷന് തെളിവ് നൽകാൻ ചില വിദ്യാർത്ഥിനികളെ കോളേജിൽ പൂട്ടിയിട്ടെന്നും ആരോപണമുണ്ട്. ഇതിനെത്തുടർന്ന് പൊലീസ് കോളേജിൽ പ്രവേശിപ്പിച്ച് ഇവരെ മോചിപ്പിച്ചു. കോളേജിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല രജിസ്ട്രാർ കോളേജിൽ തെളിവെടുപ്പ് നടത്തുകയാണ്. പരാതികൾ ഗൗരവമുള്ളതാണെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു. ആരും സഹായിക്കാനില്ലാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം.

അതിനിടെ വിദ്യാർത്ഥി പീഡനം ആരോപിക്കപ്പെട്ട മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയിൽ അവിടുത്തെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവർക്കും അറിയാം. ചെറിയ പരിപാടികളിൽപോലും താൻ പങ്കെടുക്കാറുണ്ട്. കഴിഞ്ഞദിവസം കോളേജ് സന്ദർശിച്ച മറുനാടൻ ലേഖകനോട് ഹോസ്റ്റലിൽ കോളജ് ചെയർമാന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾ വിദ്യാർത്ഥിനികൾ തുറന്നുപറഞ്ഞിരുന്നു. രാത്രിയായാൽ ചെയർമാൻ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറിവരുന്നത് പതിവാണെന്നതടക്കമുള്ള ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ ഇതിന് അപ്പുറമുള്ള ആരോപണങ്ങൾ വീണ്ടും സജീവമാവുകയാണ്.

മറ്റക്കര ടോംസ് കോളേജിനെതിരെ എട്ട് വർഷം മുമ്പും വിദ്യാർത്ഥി പ്രക്ഷോഭം നടന്നിരുന്നു. അന്ന് ഉമ്മൻ ചാണ്ടി കോളേജിലെത്തി പ്രശ്‌ന പരിഹാര ചർച്ച നടത്തിയിരുന്നു. അതിന് ശേഷം കോളജിനെതിരായ അന്വേഷണം ഉമ്മൻ ചാണ്ടി സർക്കാർ അട്ടിറിച്ചതായി റിപ്പോർട്ടുകളുണ്ടായി. കോളജ് ഡയറക്ടർ ടോംസ് ജോസഫ് വിദ്യാർത്ഥി പീഡനവും സാമ്പത്തിക തട്ടിപ്പും നടത്തിയതായി സിബിസിഐഡി കണ്ടെത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്. വിദ്യാർത്ഥികളെ മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ ടോംസ് ജോസഫിനെതിരെ വനിതാ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു. വനിതാ കമ്മീഷൻ അന്വേഷണത്തിലും സിബിസിഐഡിയുടേതിന് സമാന കണ്ടെത്തലുകളാണുള്ളത്. 2011ൽ അന്വേഷണം പൂർത്തിയായിട്ടും സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് ടോംസിനെതിരായ നടപടികൾ നിലച്ചത്.

ഈ വിഷയം മംഗളവും കേരള കൗമുദിയുമെല്ലാം വാർത്തയാക്കി. പരമ്പര എഴുതാനും തുടങ്ങി. എന്നാൽ എല്ലാം പത്രത്തിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. മറ്റക്കര കോളേജ് ഉടമ ടോംസ് ജോസഫിന്റെ ഇടപെടൽ തന്നെയായിരുന്നു ഇതിന് കാരണം. കോളേജിന്റെ പരസ്യം ഉറപ്പായതോടെ പത്രങ്ങൾ വിദ്യാർത്ഥി പ്രശ്‌നങ്ങൾ മറക്കുകയായിരുന്നു. ഇതാണ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നത്. എന്നാൽ സോഷ്യൽ മീഡിയയുടെ കാലത്ത് നിലവിൽ പ്രശ്‌നങ്ങൾ ആർക്കും മൂടിവയ്ക്കാനാകില്ല-എസ് എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾ പ്രതീക്ഷയോടെ പറയുന്നു.

മറ്റക്കര ടോംസ് കോളേജിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് കോളേജിൽ സംഘർഷവസ്ഥയാണുള്ളത്. ഇന്നലെ കോളേജിലേക്ക് പ്രകടനമായെത്തിയ എബിവിപി പ്രവർത്തകർ കോളേജിന്റെ ചില്ലുകൾ അടിച്ചു തകർത്തു. എസ് എഫ് ഐ പ്രവർത്തകരും കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.കോളേജ് കെട്ടിടത്തിന് ഉള്ളിലേക്ക് കയറിയ വിദ്യാർത്ഥികൾ കോളേജ് അടിച്ചു തകർത്തു. കോളേജ് ചെയർമാൻ ടോം ജോസഫ് രാത്രികാലങ്ങളിൽ വനിതാ ഹോസ്റ്റലിൽ സ്ഥിരമായി എത്താറുണ്ടെന്നും അവിടെ നടക്കുന്നത് കടുത്ത മാനസിക പീഡനമാണെന്നും ആരോപിച്ചാണ് പ്രതിഷേധങ്ങൾ.

രാവിലെ രണ്ടു മണിക്കൂർ രണ്ട് വിദ്യാർത്ഥിനികൾ കോളേജിലെ റിസപ്ഷൻ ജോലി ചെയ്യണം. ചെയർമാന്റെ മുറിയും മേശയും വൃത്തിയാക്കലും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും ഈ കുട്ടികളുടെ ജോലിയാണ്. ഒമ്പത് മണിക്ക് റിസ്പഷൻ ഡ്യൂട്ടിയിലുള്ള സ്റ്റാഫ് എത്തുന്നതുവരെ ചെയർമാന്റെ റൂമിൽ ഇവർ ഉണ്ടായിരിക്കണം. ഉച്ചയ്ക്കും ചെയർമാനുള്ള ഭക്ഷണം എത്തിക്കേണ്ടതും ഈ കുട്ടികളാണ്.ഒരു ദിവസം സാമ്പാറിന് ഉപ്പ് കുറവാണെന്ന് ആരോപിച്ച് സാമ്പാർ വിദ്യാർത്ഥിനിയുടെ ദേഹത്ത് ഒഴിച്ചുവെന്നും സാമ്പാർ മറിഞ്ഞ മേശ വൃത്തിയാക്കിച്ചിട്ടാണ് വിട്ടതെന്നും കുട്ടി വെളിപ്പെടുത്തി. കോളേജിലെ മാനസിക പീഡനം മൂലം ഒരു കുട്ടി ഫിനോൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും ഈ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും കോളേജ് അധികൃതർ തയ്യാറിയില്ലെന്നും ആരോപിക്കുന്നു.

ഇല്ലാത്ത ഫീസിന്റെ പേരിൽ ജനുവരി രണ്ടിന് വയനാട്ടിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥിനികളെ വൈകുന്നേരം ആറു മണിക്ക് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയെന്നും കുട്ടി വെളിപ്പെടുത്തുന്നുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കുട്ടികൾ തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഫീസെല്ലാം നേരത്തെ അടച്ചതാണെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ അവധിക്ക് ശേഷം എത്തിയപ്പോൾ കോളേജിൽ പോയ ശേഷം ഹോസ്റ്റലിൽ കയറിയാൽ മതിയെന്ന് നിർദ്ദേശം കിട്ടി. കോളേജിലെത്തിയപ്പോഴാണ് ഒരു കുട്ടി 10,000 വും മറ്റൊരു കുട്ടി 30,000 വും ഫീസടയ്ക്കാനുണ്ടെന്ന് അറിയിക്കുന്നത്.

അത് അടച്ച ശേഷം ഹോസ്റ്റലിൽ കയറിയാൽ മതിയെന്നാണ് അറിയിച്ചത്. വൈകിട്ട് ആറു മണിയോടെ മൂന്ന് കുട്ടികളേയും ഹോസ്റ്റലിന് പുറത്താക്കി. ഒടുവിൽ ചില ബന്ധുക്കൾ എത്തിയാണ് കുട്ടികളെ രാത്രി കൂട്ടിക്കൊണ്ടു പോയതെന്നും ആരോപണം ഉയരുന്നു. ഈ വിഷയങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങളും നിലവിൽ ചർച്ചയാക്കുന്നു. ഇതിന് കാരണം സോഷ്യൽ മീഡിയ ആണെന്നാണ് വിദ്യാർത്ഥികളും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP