Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിക്ഷാ ഇളവിനുള്ള ലിസ്റ്റിൽ നിന്നും ടിപി കേസ് പ്രതികളെ ഒഴിവാക്കിയത് ഒറ്റയ്ക്ക് പുറത്തുവിടാൻ; ഒൻപത് മാസത്തിനിടെ എട്ടു മാസം പരോൾ ലഭിച്ച കുഞ്ഞനന്തനെ അനാരോഗ്യം പരിഗണിച്ച് വിട്ടയയ്ക്കാൻ ശ്രമം തുടങ്ങി; പൊലീസിൽ നിന്നും നല്ല റിപ്പോർട്ട് തേടി സർക്കാർ; എതിരാളികളെ കൊല്ലാൻ കില്ലർ സ്‌ക്വാഡുകളെ അയക്കുകയും പകരക്കാരായി വാടകകൊലയാളികളെ പ്രതിയാക്കുകയും ചെയ്യുന്ന ഏര്യാ കമ്മറ്റി മെമ്പറെ പുറത്തു നിർത്തി 'കൊലപാതക രാഷ്ട്രീയം' തുടരാൻ ശ്രമിച്ച് സിപിഎം

ശിക്ഷാ ഇളവിനുള്ള ലിസ്റ്റിൽ നിന്നും ടിപി കേസ് പ്രതികളെ ഒഴിവാക്കിയത് ഒറ്റയ്ക്ക് പുറത്തുവിടാൻ; ഒൻപത് മാസത്തിനിടെ എട്ടു മാസം പരോൾ ലഭിച്ച കുഞ്ഞനന്തനെ അനാരോഗ്യം പരിഗണിച്ച് വിട്ടയയ്ക്കാൻ ശ്രമം തുടങ്ങി; പൊലീസിൽ നിന്നും നല്ല റിപ്പോർട്ട് തേടി സർക്കാർ; എതിരാളികളെ കൊല്ലാൻ കില്ലർ സ്‌ക്വാഡുകളെ അയക്കുകയും പകരക്കാരായി വാടകകൊലയാളികളെ പ്രതിയാക്കുകയും ചെയ്യുന്ന ഏര്യാ കമ്മറ്റി മെമ്പറെ പുറത്തു നിർത്തി 'കൊലപാതക രാഷ്ട്രീയം' തുടരാൻ ശ്രമിച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ചന്ദ്രശേഖർ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി പി.കെ കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാൻ കള്ളക്കളികൾ സജീവം. കുഞ്ഞനന്തനെ സമ്മേളനകാലത്ത് പാനൂർ ഏര്യകമ്മറ്റിയിൽ സിപിഎം നിലനിർത്തിയിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഖാവിനെ മോചിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം സജീവമാകുന്നത്. പ്രായാധിക്യമെന്ന പരിഗണന നൽകി കുഞ്ഞനന്തനെ മോചിപ്പിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി പൊലീസിൽ നിന്നുള്ള അനുകൂല റിപ്പോർട്ട് ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിൽ നിന്നും നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കൂഞ്ഞനന്തൻ താമസിക്കുന്ന കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിർദ്ദേശമെത്തിയെന്നാണ് സൂചന. കുഞ്ഞനന്തനെ മോചിപ്പിച്ചാൽ എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോയെന്നും ക്രമസമാധനപ്രശ്നം ഉണ്ടാകുമോയെന്നും ആരാഞ്ഞുള്ള സന്ദേശമാണ് ഇവിടെ ലഭിച്ചത്. എത്രയും പെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. അനുകൂല റിപ്പോർട്ട് വന്നാലുടൻ കുഞ്ഞനന്തനെ ജയിൽ മോചിതനാക്കണമെന്നാണ് ഭരണനേതൃത്വത്തിന്റെ കണക്കുക്കൂട്ടൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ ആരോഗ്യ പ്രശ്‌നങ്ങളുയർത്തി ജയിൽ മോചിതനാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രായാധിക്യവും ആരോഗ്യ പ്രശ്‌നവും ഉയർത്തി കുഞ്ഞനന്തനെ വിട്ടാലും ആരും ചോദ്യം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ.

കുഞ്ഞനന്തനു ശിക്ഷായിളവു നൽകാൻ ജയിൽ ഉപദേശക സമിതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കുഞ്ഞനന്തനും കെ സി രാമചന്ദ്രനുമടക്കം ടി പി ചന്ദ്രശേഖരൻഡ വധക്കേസിലെ പ്രതികൾ ഉൾപ്പെടെ 1800 പേർക്ക് ശിക്ഷായിളവു നൽകാനായി ജയിൽ വകുപ്പു തയ്യാറാക്കിയ പട്ടിക മുൻപ് വിവാദമായിരുന്നു. മറുനാടൻ മലയാളിയാണ് വിവരാവകാശത്തിലൂടെ ഈ നീക്കം പുറത്തുകൊണ്ടു വന്നത്. ഇത് വിവാദമായതോടെ നീക്കം പാളി. സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നു കാണിച്ച് ഈ പട്ടിക ഗവർണർ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീട് സർക്കാർ ഗവർണർക്കു സമർപ്പിച്ച 739 പേരുടെ പട്ടികയിൽ ടി പി കേസിലെ പ്രതികളുടെ പേരുണ്ടായിരുന്നില്ല. തന്ത്രപൂർവ്വമായിരുന്നു ഇതിൽ സർക്കാരിന്റെ തുടർനീക്കം. ഈ നീക്കം കോൺഗ്രസ് പത്രമായ വീക്ഷണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ വസ്തുതയുണ്ടെന്ന് മറുനാടന്റെ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.

ഒന്നിച്ചുള്ള പട്ടികയിൽ ടി.പി വധക്കേസിലെ പ്രതികളെ ഉൾപ്പെടുത്തിയാൽ അത് ശ്രദ്ധിക്കപ്പെടുമെന്നതു കൊണ്ട് ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്കൊറ്റ് ഓരോരുത്തർക്കായി ശിക്ഷയിളവു നൽകാനാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായാണ് കുഞ്ഞന്തന്റെ മാത്രം പേര് ശിക്ഷയിളവിനായി നിർദ്ദേശിച്ചിട്ടുള്ളത്. ഗവർണ്ണറുടെ അനുമതിയും ആവശ്യമില്ല. ടി.പി ചന്ദ്രശേഖരൻ കേസിലെ 13-ാം പ്രതിയായിരുന്നു പി.കെ കുഞ്ഞനന്തൻ ഇടതു സർക്കാർ അധികാരം ഏറ്റതിൽ പിന്നെ ഭൂരിപക്ഷം ദിവസങ്ങളിലും കുഞ്ഞനന്തൻ ജയിലിൽ ആയിരുന്നില്ല. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇയാൾക്ക് പരോൾ നൽകിക്കൊണ്ടിരുന്നത്. ഏറ്റവും ഒടുവിൽ പരോളിനിറങ്ങി സിപിഎം സമ്മേളനത്തിനും കുഞ്ഞനന്തൻ പങ്കെടുത്തു.

പാനൂർ ഏരിയാ കമ്മറ്റിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞനന്തൻ ഒമ്പതിൽ ഏഴു മാസം പരോളിൽ ആയിരുന്നുവെന്ന് വിവരാവകാശ രേഖയിലും വ്യക്തമായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒമ്പത് മാസത്തിനിടെ 211 ദിവസം കുഞ്ഞനന്തനു പരോൾ അനുവദിച്ചുവെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. പാനൂർ കുന്നോത്ത് പറമ്പ് സി പി എം ലോക്കൽ സമ്മേളനത്തിന്റെ പൊതു വേദിയിലും പ്രകടനത്തിലുമൊക്കെ പരോളിലിറങ്ങിയ കുഞ്ഞനന്തൻ പങ്കെടുത്തിരുന്നു. പരോളിന്റെ വ്യവസ്ഥകൾ ലംഘിച്ചാണ് ഇത്തരത്തിൽ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തത്. സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിള്ളങ്ങൽ സെൻട്രൽ ബ്രാഞ്ച് നിർമ്മിച്ച സംഘാടക സമിതി ഉദ്ഘാടനം പി. കുഞ്ഞനന്തനാണ് നിർവ്വഹിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തടക്കം കുഞ്ഞനന്തന് മൊത്തം പരോൾ ലഭിച്ചത് 301 ദിവസമാണ്. കുഞ്ഞനന്തന് 16 പ്രാവശ്യം പരോൾ നൽകിയതിൽ ആറു പ്രാവശ്യം അടിയന്തര അവധിയാണ് അനുവദിച്ചത്. പിന്നീട് ആഭ്യന്തര വകുപ്പ് ഇടപെട്ട് 25 ദിവസം നീട്ടി നൽകുകയായിരുന്നു. രാജ്യത്തെ നീതി നിർവ്വഹണ സംവിധാനത്തെയും ജുഡീഷ്യറിയെയും നിയമങ്ങളെയും പുച്ഛിക്കയും വെല്ലുവിളിക്കയും ചെയ്യ്ത്ു കൊണ്ടാണ് ചട്ടങ്ങൾ മറി കടന്ന് കുഞ്ഞനന്തൻ അടക്കമുള്ളവർക്ക് പരോൾ അനുവദിച്ചത്. ഇത്തരത്തിൽ വഴിവിട്ട ആനുകൂല്യങ്ങൾ കൈപറ്റുകയും ജയിലിൽ ഭരണ സ്വാധീനത്തിൽ പാർട്ടി സെൽ ഭരണത്തിനു നേതൃത്വം നൽകുകയും ചെയ്ത കുഞ്ഞനന്തനെ ജീവപര്യന്തം ശിക്ഷ ഇളവു ചെയ്ത് ജയിൽ മോചിതനാക്കാനാണ് ശ്രമിക്കുന്നത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കില്ലർ സ്‌ക്വാഡുകളെ അയയ്ക്കുന്നതും പിന്നീട് പൊലീസിലെത്ത ്ിക്കുന്നതുമൊക്കെ കുഞ്ഞന്തനായിരുന്നു. പല കൊലപാതകങ്ങളിലും ഇയാൾ സൂത്രധാരനായിരുന്നെങ്കിലും ഒന്നിലും പ്രതിയായിരുന്നില്ല. ടി പി കേസിൽ നടന്ന പഴുതുകളടച്ച അന്വേക്ഷണത്തിലാണ് കുഞ്ഞനന്തൻ ആദ്യമായി അകത്താകുന്നത്. ആർഎംപിയും ടിപിയുടെ ഭാര്യ കെകെ രമയും എടുത്ത ഉറച്ച നിലപാടായിരുന്നു ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP