Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാൽ പറയുമ്പോലെ വെറും 39 രൂപയ്ക്ക് ഏഷ്യാനെറ്റ് പാക്കേജ് ലഭിക്കുമോ? ഇഷ്ടചാനലുകൾ കാണാൻ മൂന്നൂറിൽ താഴെ മുടക്കിയിരുന്നവർ ഇനി കൊടുക്കേണ്ടത് ആയിരം രൂപയിലേറെ; കേബിൾ-ഡിടിഎച്ച് കമ്പനിക്കാരെ നിയന്ത്രിക്കാൻ എന്ന പേരിൽ ട്രായ് നടപ്പിലാക്കിയത് മധുരത്തിൽ പൊതിഞ്ഞ വഞ്ചന; പണി കിട്ടിയത് കേബിൾ ടിവി വരിക്കാർക്ക്; കുത്തുപാളയെടുക്കുന്നത് കേബിൾ ഓപ്പറേറ്റർമാർ; ട്രായ് നിബന്ധനകൾ വരിക്കാർക്ക് വേണ്ടിയോ അതോ ജിയോയ്ക്ക് വേണ്ടിയോ? 24 നു രാജ്യവ്യാപക സിഗ്‌നൽ ഓഫ് ചെയ്യൽ സമരവും

മോഹൻലാൽ പറയുമ്പോലെ വെറും 39 രൂപയ്ക്ക് ഏഷ്യാനെറ്റ് പാക്കേജ് ലഭിക്കുമോ? ഇഷ്ടചാനലുകൾ കാണാൻ മൂന്നൂറിൽ താഴെ മുടക്കിയിരുന്നവർ ഇനി കൊടുക്കേണ്ടത് ആയിരം രൂപയിലേറെ; കേബിൾ-ഡിടിഎച്ച് കമ്പനിക്കാരെ നിയന്ത്രിക്കാൻ എന്ന പേരിൽ ട്രായ് നടപ്പിലാക്കിയത്  മധുരത്തിൽ പൊതിഞ്ഞ വഞ്ചന; പണി കിട്ടിയത് കേബിൾ ടിവി വരിക്കാർക്ക്; കുത്തുപാളയെടുക്കുന്നത് കേബിൾ ഓപ്പറേറ്റർമാർ; ട്രായ് നിബന്ധനകൾ വരിക്കാർക്ക് വേണ്ടിയോ അതോ ജിയോയ്ക്ക് വേണ്ടിയോ? 24 നു രാജ്യവ്യാപക സിഗ്‌നൽ ഓഫ് ചെയ്യൽ സമരവും

എം മനോജ് കുമാർ

തിരുവനന്തപുരം: ഡിടിഎച്ച്, കേബിൾ ടിവി കമ്പനികളുടെ അമിത നിരക്കിനു കടിഞ്ഞാണിടാനുള്ള നടപടിയായാണ്, അതായത് ഡിറ്റിഎച്ച് കേബിൾ ടിവി കമ്പനികളെ നിയന്ത്രിക്കാനാണ് പുതിയ ചട്ടങ്ങൾ എന്നാണ് പ്രഖ്യാപനവേളയിൽ ടെലികോം നിയന്ത്രണ അഥോറിറ്റി പറഞ്ഞിരുന്നത്. ഉപയോക്താവിന് ആവശ്യമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുത്ത് അതിനു പണം നൽകുന്ന സംവിധാനമാണ് നടപ്പാക്കുക എന്നാണ് ട്രായി പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഈ ടെലികോം നിയന്ത്രണ അഥോറിറ്റിയുടെ വാക്കുകൾ വിശ്വസിച്ച് ആശ്വാസം കൊണ്ടിരുന്ന ഇന്ത്യയിലെ കേബിൾ ടിവി വരിക്കാർ ഇപ്പോൾ പരിപൂർണ്ണമായും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. കേബിൾ കമ്പനികൾക്ക് 300 രൂപയിൽ താഴെ മുടക്കി ഇവർ ഇതുവരെ കണ്ടിരുന്ന നൂറുകണക്കിന് ചാനലുകൾ ഇനി പൂർണമായി ലഭിക്കണമെങ്കിൽ 1000 ലേറെ രൂപ മുടക്കേണ്ടി വരുന്ന അവസ്ഥയാണ്. കേബിൾ ടിവി വരിക്കാരും ഓപ്പറേറ്റർമാരും കബളിപ്പിക്കപ്പെടുമ്പോൾ ലാഭം കൊയ്യുന്നത് ബ്രോഡ്കാസ്റ്റർമാർ മാത്രമാണ്. പുതിയ സോഫ്റ്റ് വെയറിൽ ചാനലുകൾ മുഴുവൻ പാക്കേജ് രൂപത്തിൽ അപ്ഡേറ്റ് ചെയ്യപ്പെടാനും മാസങ്ങൾ നീളുന്ന പ്രക്രിയയും വേണ്ടിവരും എന്നാണ് സൂചനകൾ.

ഇപ്പോൾ ട്രായ് നിയന്ത്രണങ്ങളും നിയമങ്ങളും കേബിൾ ടിവി സംപ്രേഷണ രംഗത്ത് നടപ്പാക്കപ്പെട്ടിരിക്കെ പ്രേക്ഷകരും മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരും കേബിൾ ഓപ്പറേറ്റർമാരും തമ്മിൽ ഒരു യുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ട അവസ്ഥയിലാണ്. ഇതുവരെ തങ്ങൾ മുന്നൂറിൽ താഴെ രൂപ മാത്രം മുടക്കി കണ്ടിരുന്ന ചാനലുകളിൽ പലരും എന്തുകൊണ്ടാണ് തങ്ങൾക്ക് ലഭിക്കാത്തത് എന്നാണ് കേബിൾ ടിവി വരിക്കാർ കേബിൾ ഓപ്പറേറ്റർമാരെ വിളിച്ച് ചോദിക്കുന്നത്. ട്രായ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നതായും ഇനി ചാനലുകൾ സെലക്റ്റ് ചെയ്ത് അതിനു മാത്രമുള്ള പണം ഒടുക്കിയാൽ മാത്രമേ ചാനൽ ലഭിക്കൂ എന്നാണ് കേബിൾ ഓപ്പറേറ്റർമാർ ഇവരോട് പറയുന്നത്. ട്രായ് നിയമങ്ങൾ നടപ്പിലാക്കിയതും ഇന്ത്യയിലെ കേബിൾ രംഗം അടിമുടി മാറിയതൊന്നും പ്രേക്ഷകരിൽ പലരും അറിഞ്ഞിട്ടില്ല. ഇപ്പോൾ തന്നെ ചാനലുകൾ പലതും കാണാൻ വരിക്കാർക്ക് കഴിയാത്ത അവസ്ഥയാണ്. കാരണം സോഫ്റ്റ് വെയർ അപ്ഡേഷൻ പൂർത്തിയായിട്ടില്ല.

ഇഷ്ടചാനലുകൾ കാണാൻ കീശ ചോരും

കേരളത്തിലെ പ്രമുഖ മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരിൽ പ്രമുഖരായ ഏഷ്യാനെറ്റ് ഇതുവരെ അവരുടെ മുഴുവൻ ചാനലുകൾക്കും ഈടാക്കിയിരുന്നത് 400 രൂപയിൽ താഴെ മാത്രമായിരുന്നു. ഇപ്പോൾ അവർ പ്രഖ്യാപിച്ച ഏറ്റവും വലിയ പാക്കേജ് ടാക്‌സ് ഒഴികെയുള്ള 406 രൂപയുടെ പാക്കേജ് ആണ്. മുൻപ് അവർ വരിക്കാർക്ക് നൽകിയിരുന്ന പകുതി ചാനൽ പോലും കേരള-ഹിന്ദി-മലയാളം-തമിഴ് ചാനൽ പാക്കേജിൽ ഇല്ല. അതായത് മുഴുവൻ ചാനലും വരിക്കാർ തിരഞ്ഞെടുക്കണമെങ്കിൽ ഈ 406 പാക്കേജിന് ശേഷം വിവിധ ചാനലുകൾക്ക് അതിനുള്ള തുക ഒടുക്കണം. അതായത് ആയിരത്തിലും ഏറെ തുകയാകും. അഞ്ഞൂറോളം ചാനലുകൾ 250ൽ താഴെ മാത്രം നൽകിയിരുന്ന ഒരാൾക്കും ഈ രൂപയ്ക്ക് ഇത്രയും ചാനലുകൾ ഇനി ലഭ്യമാകില്ല. പേ ചാനലുകൾ അടക്കമുള്ള ചാനലുകൾ ആണ് വരിക്കാർ മുന്നൂറിൽ താഴെ മാത്രം തുക നൽകി ഇതുവരെ ആസ്വദിച്ചിരുന്നത്. ഈ മാസം ഒന്നാം തീയതിയോടെ ഈ രീതിക്ക് അവസാനമായിരിക്കുകയാണ്.

100 ചാനലുകൾക്ക് മാത്രം ഇപ്പോൾ 180 ഓളം രൂപയായിട്ടുണ്ട്. 101 മുതൽ 130 വരെയുള്ളത് അടുത്ത പാക്കേജ് ആണ്. അതിനു അധികം തുക മുടക്കണം. 130 ചാനലുകൾ കാണാൻ 350 രൂപയോളം ഇവർ മുടക്കേണ്ടി വരും. ഇതിൽ ദൂരദർശൻ ചാനലുകൾ നിർബന്ധിത ചാനൽ ആണ് എന്നതും ഓർക്കണം വരിക്കാർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന അവസ്ഥ വന്നപ്പോൾ തന്നെ ചാനലുകൾ അവരുടെ തുക കുത്തനെ ഉയർത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ്, സ്റ്റാർ ചാനൽസ്, കളേഴ്‌സ് തുടങ്ങിയ പല ചാനലുകൾക്കും 15 മുതൽ 20 രൂപ വരെയാണ് ചാർജ് ഫിക്‌സ് ചെയ്തിരിക്കുന്നത്. സൂര്യ പാക്കേജിന് 35-40 രൂപ അടുപ്പിച്ച് വരും. മലയാളം ചാനൽ പാക്കേജിന് മാത്രം 70 മുതൽ 80 രൂപ വരെ മുടക്കേണ്ടി വരും. ആനിമൽ പ്ലാനറ്റ്, ഹിസ്റ്ററി ചാനൽ, മൂവി ചാനൽസ് പാക്കേജ്, സ്പോർട്സ് ചാനൽ പാക്കേജ്, മ്യൂസിക് ചാനൽ പാക്കേജ് തുടങ്ങി ഓരോന്നിനും പണം പാക്കേജ് നിരക്കിൽ വർധിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതെല്ലാം ഒഴിവാക്കി മലയാളം ചാനൽ പാക്കേജ് മാത്രമാണെങ്കിലും തുക ഇരുന്നൂറു കടക്കും. 150 ഫ്രീ ടു എയർ ചാനലുകളും 100 ലധികം പേ ചാനലുകളും 240 രൂപയക്ക് കിട്ടിയിരുന്നത് കേവം 20 പേ ചാനലുകൾ ഉൾപ്പെടെ 170 ചാനലുകൾക്ക് മാത്രംഇനി 300 രൂപയക്ക് മുകളിൽ ഉപഭോക്താവ് നൽകേണ്ടിവരും. പണ്ട് ഇതേ നിരക്കിന് മുന്നോറോളം ചാനലുകൾ കണ്ടിരുന്ന വരിക്കാരുടെ മുന്നിലേക്കാണ് ഇപ്പോൾ ട്രായ് നിബന്ധന എന്ന കേബിൾ സംപ്രേഷണമാരണ ചട്ടം കടന്നുവന്നിരിക്കുന്നത്.

അലാ കാർട്ട വേണോ ബൊക്കെ വേണോ എന്നാണ് ചോദ്യം

കേബിൾ ടിവി വരിക്കാരുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പാക്കേജിൽ വരെ കൃത്രിമമാണ്. അലാ കാർട്ട വേണോ ബൊക്കെ വേണോ എന്നാണ് ചോദ്യം. എംഎസ്ഒ മാരുടെ കയ്യിലുള്ള മുഴുവൻ ചാനലിൽ നിന്ന് ആവശ്യം വേണ്ട ചാനലുകൾ മുഴുവൻ സ്വീകരിക്കുന്നതിന് പറയുന്ന പേരാണ് അലാകർട്ട. ബൊക്കെയാണെങ്കിൽ അടിസ്ഥാന പാക്കേജിന് ഒപ്പം ചില ചാനൽ പാക്കേജുകൾ മാത്രം സ്വീകരിക്കുന്ന രീതിയാണ്. ഇതും വരിക്കാരുടെ ആശയക്കുഴപ്പമാണ് മൂർച്ഛിപ്പിക്കുന്നത്. ബൊക്കെയ്ക്കും അലാ കാർട്ടയ്ക്കും ഒക്കെ രൂപപ്പെടുത്താൻ എംഎസ്ഒമാർക്ക് അർഹതയുണ്ട്. 250 രൂപയുടെ പാക്കേജിൽ അടിസ്ഥാന ചാനലും ഏഷ്യാനെറ്റ് ചാനലുകളും മാത്രമേയുള്ളൂ. ഈ പാക്കേജ് സ്വീകരിച്ചാൽ സൂര്യ ചാനലുകൾക്ക് വേറെ പണം മുടക്കേണ്ടി വരും. മറ്റു ചാനലുകൾക്ക് വേറെയും. ഇങ്ങിനെയാണ് തുക 1000 രൂപയ്ക്ക് മുകളിലേക്കും ഉയരുന്നത്. 250 രൂപയുടെ ചാനൽ സൗഭാഗ്യമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്.

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ട്രായ് നൽകും. ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കുന്നത് ഉപഭോക്താവായിരിക്കും. അടിസ്ഥാന പാക്കേജിൽ 100 ചാനലുകൾ 153.40 രൂപയ്ക്കു ലഭിക്കും. ഇതിൽ 26 ചാനലുകൾ ദൂരദർശന്റെ ചാനലുകളായിരിക്കും. സൗജന്യ ചാനലുകൾ, പേചാനലുകളുടെ പട്ടികയിൽനിന്ന് ബാക്കി 74 എണ്ണം ഉപയോക്താക്കൾ തിരഞ്ഞെടുക്കണം. ഇതിനും പുറമെയുള്ള ഇഷ്ടചാനലുകൾ പേ ചാനലുകളാണെങ്കിൽ പ്രത്യേകം വരിക്കാരാകണം. പേ ചാനലിന്റെ ഏറ്റവും ഉയർന്ന വില 19 രൂപയാണ്. ഒരു രൂപയിൽ താഴെ വിലയുള്ള ഒട്ടേറെ ചാനലുകളുണ്ട്. കമ്പനികൾ നിശ്ചയിക്കുന്ന ബൊക്കെകളിൽ തിരഞ്ഞെടുക്കാം.

ട്രായ് നിബന്ധന വരിക്കാർക്ക് വേണ്ടിയോ അതോ ജിയോയ്ക്ക് വേണ്ടിയോ?

ട്രായ് പറയുന്നത് ജനങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന്. ജിയോ പോലുള്ള റിലയൻസ് ഭീമൻന്മാർക്ക് വേണ്ടിയുള്ള ട്രായുടെ തട്ടിപ്പാണ് നടക്കുന്നത് എന്ന വാദങ്ങൾക്ക് ബലം പകരുന്ന നീക്കം കൂടിയാണിത്. നിലവിലെ ട്രായ് നിയമങ്ങൾ ജിയോക്ക് ബാധകവുമല്ല. ജിയോ ഉപയോഗിക്കുന്നവർക്ക് മൊബൈലിൽ മുൻപ് കേബിളിൽ കണ്ടിരുന്ന മുഴുവൻ ചാനലുകളും ഫ്രീയായി കാണാൻ അവസരമുണ്ട്. കേബിൾ ഓപ്പറേറ്റർമാർ തുടച്ചു നീക്കപ്പെടുമ്പോൾ ജിയോ പോലുള്ള കുത്തക ഭീമന്മാർ കേബിൾ സംപ്രേഷണ രംഗം കയ്യടക്കുകയാണ്. ഇതിനായാണ് ട്രായ് നിയമങ്ങൾ നിബന്ധനയുടെ പേരിൽ കടന്നുവന്നിരിക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.

ഏഷ്യാനെറ്റ് കേബിൾ ടിവിയുടെ ഒരുന്നതനോട് ഈ കാര്യത്തിൽ വിശദീകരണം തേടിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്പോൾ രീതി മാറി എന്നാണ്. ഒരു പാക്കേജ് ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ചാനലുകൾ ഉണ്ട്. കൂടുതൽ ചാനലുകൾ വേണമെങ്കിൽ വരിക്കാർ പറഞ്ഞു കാശ് അടച്ച് ഉറപ്പു വരുത്തണം. ഇപ്പോൾ രീതി മാറി. ഇത് നടപ്പിലാക്കാതിരിക്കാൻ കഴിയില്ല. ട്രായുടെ മാർഗ നിർദ്ദേശം ആർക്കും നടപ്പാക്കാതിരിക്കാനാകില്ല. ഈ ഫീൽഡ് അടിമുടി മാറി മറിയുകയാണ്, ഏഷ്യാനെറ്റ് ഉന്നതൻ പറയുന്നു. ഇവിടെ വഞ്ചിതരായിരിക്കുന്നത് പ്രേക്ഷകരാണ്. 250 രൂപ മുടക്കി അവർ കണ്ടിരുന്ന ചാനലുകളിൽ പലതും കാണാൻ അവർക്ക് കഴിയില്ല. അങ്ങിനെയെങ്കിൽ 1000 ലേറെ രൂപ അവർ മുടക്കേണ്ടി വരും. മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരിൽ പലർക്കും നിലനിൽപ്പ് സാധ്യമെങ്കിലും കേബിൾ ടിവി ഓപ്പറേറ്റർമാർക്കും കഷ്ടകാലമാണ്. ഈ രീതിയിൽ പോയാൽ ഒരു വർഷത്തിനുള്ളിൽ രംഗത്ത് തന്നെ നിഷ്‌ക്രമിക്കേണ്ടി വരും എന്നാണ് കേബിൾ ടിവി ഓപ്പറേറ്റർമാർ പറയുന്നത്. എല്ലാ കാര്യങ്ങളും അടിത്തട്ടിൽ നിന്ന് ചെയ്യുന്ന കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് 60 ശതമാനമാക്കി 40 ശതമാനം ഇവർ എംഎസ്ഒമാർ ആവശ്യപ്പെട്ടും തുടങ്ങിയിട്ടുണ്ട്.

കേബിൾ ഓപ്പറേറ്റർമാർ കുത്തുപാള എടുക്കും

നിലവിൽ ഒരു കണക്ഷൻ നല്ല രീതിയിൽ പരിപാലിച്ച് മുന്നോട്ടു പോകണമെങ്കിൽ ഒരു കണക്ഷന് അവർക്ക് വിഹിതമായി 180 രൂപയെങ്കിലും കിട്ടണം. ഈ തുക നിലവിൽ ലഭിക്കാൻ പോകുന്നില്ല എന്നാണ് കേബിൾ ടിവി ഓപ്പറേറ്റർ പറയുന്നത്. ഓപ്പറേറ്റർമാർക്ക് നൽകുന്ന വിഹിതത്തിലും പ്രശ്‌നങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒരു കണക്ഷന്റെ പേരിൽ മിനിമം 180 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ ഓപ്പറേറ്റർമാർ കുഴപ്പത്തിലാകും. കാരണം ഓഫീസ് വാടക, സ്റ്റാഫിനു നൽകുന്ന ശമ്പളം , ഇലക്ട്രിസിറ്റി തുടങ്ങിയ ഈ വരുമാനത്തിൽ നിന്നും ചെലവിടേണ്ടതുണ്ട്. ഇപ്പോൾ വരിക്കാരിൽ നിന്ന് 130 വാങ്ങിയാൽ 61 രൂപയും ഡെൻ കേബിളിന് ഓപ്പറേറ്റർമാർ നൽകേണ്ടി വരുന്നുണ്ട്. മുൻപ് അങ്ങനെയായിരുന്നില്ല. പിരിക്കുന്ന തുകയുടെ 12 ശതമാനം കമ്പനിക്ക് നൽകിയാൽ മതിയായിരുന്നു. ഇപ്പോൾ അത് 60-40 യായി മാറിയിട്ടുണ്ട്. ഇതുകാരണം ഓപ്പറേറ്റർമാർ നഷ്ടത്തിലേക്ക് മാറുകയാണ്. ഡെൻ കേബിൾ ഓപ്പറേറ്റർമാർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി വേറെ രീതിയിൽ മറ്റു കേബിൾ ഓപ്പറേറ്റർമാരിലേക്കും കടന്നുവരുന്നുണ്ട്. ഈ പ്രശ്‌നത്തിൽ ട്രായ് പറയുന്നത് ഇത്തരം കാര്യങ്ങളിൽ പരസ്പര ധാരണ കമ്പനികളും കേബിൾ ഓപ്പറേറ്റർമാരും തമ്മിൽ രൂപപ്പെടണം എന്നാണ്. പക്ഷെ ഈ കാര്യത്തിൽ കേബിൾ കമ്പനികൾ പൊതുവെ വിമുഖതയാണ് പ്രകടിപ്പിക്കുന്നത്. ഇത് നല്ല രീതിയിൽ കേബിൾ ഓപ്പറേറ്റർമാരെ ബാധിക്കാൻ പോവുകയാണ്.

കേബിൾ ഓപ്പറേറ്റർമാരാണ് വരിക്കാരുടെ ആവശ്യമനുസരിച്ച് പാക്കേജുകൾ വരിക്കാർക്ക് നൽകേണ്ടത്. അത് നിലവിൽ ഹെർക്കൂലിയൻ ടാസ്‌ക് ആയി മാറിയിരിക്കുകയാണ്. സൗജന്യ ചാനലുകൾക്ക് ശേഷമുള്ള ചാനലുകൾ വരിക്കാരുടെ ആവശ്യമനുസരിച്ചാണ്. ഡെൻ കേബിളിനെ സംബന്ധിച്ച് പുതിയ സോഫ്‌റ്റ്‌വെയർ വന്നെങ്കിലും അത് സജ്ജമല്ല. ഒരു വരിക്കാരന് വേണ്ടി തന്നെ ഒരു മണിക്കൂർ ആവശ്യമായി വരുന്ന അവസ്ഥയിലാണ്. വലിയ മാൻ പവർ ആണ് ഇതിനായി അവർക്ക് ചെലവിടേണ്ടി വരുന്നത്. പുതിയ ആളുകളെ നിയമിക്കേണ്ടി വരും. സോഫ്‌റ്റ്‌വെയർ സജ്ജമെങ്കിൽ ഒരു മണിക്കൂർ മിനിമം വേണമെന്നാണ് ഇവർ പറയുന്നത്. 800 കസ്റ്റമർക്ക് എത്ര സമയം വേണ്ടിവരുമെന്നാണ് ഡെൻ കേബിൾ ഓപ്പറേറ്റർമാർ ചോദിക്കുന്നത്. സ്റ്റാഫിനെ ഇതിനായി നിയമിക്കുകയാണെങ്കിൽ വരുമാനം തികയില്ല.

മോഹൻലാൽ പറയുന്ന രീതിയിൽ വെറും 39 രൂപയ്ക്ക് ഏഷ്യാനെറ്റ് പാക്കേജ് ലഭിക്കുമോ?

ചാനലുകാർ ആണെങ്കിൽ വരിക്കാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത്. 39 രൂപയ്ക്കു പാക്കേജ് എന്നാണ് മോഹൻലാൽ പരസ്യം ഏഷ്യാനെറ്റിന്റേത് ആയി വരുന്നത്, 39 രൂപയ്ക്ക് ഏഷ്യാനെറ്റ് ചാനലുകൾ ലഭിക്കും എന്നാണ് വരിക്കാർ കരുതുന്നത്. അടിസ്ഥാന പാക്കേജിനൊപ്പം 39 രൂപ അധികം മുടക്കി പാക്കേജ് വാങ്ങാനാണ് പരസ്യം പറയുന്നത്. 39 രൂപയുടെ ഈ പാക്കേജിന് 250 രൂപ മുടക്കേണ്ടി വരും. ഈ രീതിയിലുള്ള തെറ്റിദ്ധാരണ പരമായ പരസ്യം നൽകരുതെന്ന് ട്രായ് നിർദ്ദേശം നിലവിൽ ഉള്ളപ്പോഴാണ് ആശയക്കുഴപ്പം മൂർച്ഛിക്കുംവിധം പരസ്യം വരുന്നത്. ഇനി ചാനലുകാർ പരസ്യത്തിൽ പറയുന്ന മിക്ക പാക്കേജുകളും മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരിൽ നിലവിലുമില്ല. ഇതും ആശയക്കുഴപ്പം മൂർച്ഛിപ്പിക്കുന്ന അവസ്ഥയാണ്. ഏഷ്യാനെറ്റ് പോലുള്ള, കെസിവി പോലുള്ള ഡെൻ പോലുള്ള മൾട്ടിസിസ്റ്റം ഓപ്പറേറ്റർമാരാണ് വരിക്കാർക്ക് പാക്കേജ് നൽകേണ്ടത്. ഇവർ ഇവർക്ക് ഗുണമുള്ള പാക്കേജ് ആണ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതും.

ട്രായ് നിബന്ധനകൾ വന്നപ്പോൾ വരിക്കാരും ചുവടുമാറ്റുകയാണ്. 250 രൂപയ്ക്ക് ലഭിച്ചിരുന്ന ചാനലുകൾ പലതും അപ്രത്യക്ഷമായത് അവർ അറിഞ്ഞിട്ടുണ്ട്. പലരും ബേസിക് പാക്കേജിന് മുകളിൽ പോകാൻ സന്നദ്ധരാകുന്നില്ല. ചാനലുകൾ ഇതുമതി എന്നാണ് പറയുന്നത്. സിറ്റി കേബിൾ ഓപ്പറേറ്റർമാർ മറുനാടനോട് പ്രതികരിച്ചു. 250 രൂപയ്ക്ക് മുഴുവൻ ചാനലുകളും പേ ചാനൽ അടക്കം നൽകിയിരുന്ന സിറ്റി കേബിളിന് ഇപ്പോൾ ചാനലുകൾ നൽകാൻ കഴിയുന്നില്ല. പക്ഷെ ഇത് തിരിച്ചടിക്കുക ചാനലുകളെ തന്നെയാണ്. അധികം കാശ് വരുമ്പോൾ വരിക്കാർ ചാനലുകൾ ഒഴിവാക്കും. ഇത് വാസ്തവമെന്നു തന്നെയാണ് ഏഷ്യാനെറ്റ് കേബിളിൽ നിന്നും ലഭിക്കുന്ന വാർത്തകളും വിരൽ ചൂണ്ടുന്നത്. ട്രായ് നിബന്ധനകൾ വന്നപ്പോൾ പല സ്ഥിരം വരിക്കാരും ഏഷ്യാനെറ്റ് ഒഴിവാക്കുന്നു എന്ന് തന്നെയാണ് ഏഷ്യാനെറ്റിനെ ധരിപ്പിച്ചിട്ടുള്ളത്. എത്ര വരിക്കാർ കുറയുന്നു എന്ന കാര്യം ഏഷ്യാനെറ്റും ശ്രദ്ധിക്കുന്നുണ്ട്.

ട്രായ് നിബന്ധനകൾക്കെതിരെ ആസന്നമായ യുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ടേക്കാൻ സാധ്യതയുണ്ട് എന്നാണ് കേരളത്തിലെ നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത്. വരിക്കാർ കേബിൾ ടിവി ഓപ്പറേറ്റർമാരുമായി യുദ്ധത്തിലാണ്. കേബിൾ ടിവി ഓപ്പറേറ്റർമാർ കണക്ഷൻ നൽകുന്ന മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർക്കെതിരെ യുദ്ധത്തിലാണ്. ഡെന്നും കേബിൾ ടിവി ഓപ്പറേറ്റർമാരും തമ്മിലുള്ള യുദ്ധത്തിൽ ഇപ്പോൾ കൊച്ചിയിൽ കളക്ടർ കൂടി ഇടപെട്ടിട്ടുണ്ട്. ഈ സമരം ഇപ്പോൾ രാജ്യവ്യാപകമായി വ്യാപിപ്പിക്കുകയാണ്. ഈ മാസം 24 ന് ഇന്ത്യയിലെ കേബിൾ ടിവി ഓപറേറ്റർമാർ സിഗ്നൽ ഓഫ് ചെയ്ത് പ്രതിഷേധം സമരം നടത്തുകയാണ്. പ്രതിഷേധത്തിൽ കേരളത്തിലെ കേബിൾ ടിവി ഓപറേറ്റർമാരും പങ്കെടുക്കുന്നുണ്ട്. എന്തായാലും കേബിൾ ടിവി സംപ്രേഷണ രംഗം കലാപകലുഷിതമാവുകയാണ്. വരും നാളുകളിൽ ഇതിന്റെ രൂക്ഷത കേബിൾ ടിവി സംപ്രേഷണ രംഗത്ത് ദൃശ്യമായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP