Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാലിദിനെയും എടുത്ത് സഹീദ വീട്ടിൽ നിന്നും ഇറങ്ങിയത് രാവിലെ; 11.30തോടെ ട്രെയിൻ തട്ടി മരിച്ചു; ആ രണ്ട് മണിക്കൂർ സമയത്ത് സംഭവിച്ചതെന്ത്? ട്രാക്കിലിരുന്ന് കരയുന്ന കുട്ടിയെ അടുത്ത തീവണ്ടി തട്ടാതെ രക്ഷിച്ചത് ക്ലീനിങ് തൊഴിലാളികൾ രക്ഷിച്ചു; കാലുകൾ തുന്നിച്ചേർക്കാമെന്ന തിരിച്ചറിവിൽ മിന്നൽവേഗ ഇടപെടൽ

സാലിദിനെയും എടുത്ത് സഹീദ വീട്ടിൽ നിന്നും ഇറങ്ങിയത് രാവിലെ; 11.30തോടെ ട്രെയിൻ തട്ടി മരിച്ചു; ആ രണ്ട് മണിക്കൂർ സമയത്ത് സംഭവിച്ചതെന്ത്? ട്രാക്കിലിരുന്ന് കരയുന്ന കുട്ടിയെ അടുത്ത തീവണ്ടി തട്ടാതെ രക്ഷിച്ചത് ക്ലീനിങ് തൊഴിലാളികൾ രക്ഷിച്ചു; കാലുകൾ തുന്നിച്ചേർക്കാമെന്ന തിരിച്ചറിവിൽ മിന്നൽവേഗ ഇടപെടൽ

രഞ്ജിത് ബാബു

കണ്ണൂർ: അടുത്ത ട്രെയിൻ കൂടി കടന്നുപോയിരുന്നെങ്കിൽ മുഹമ്മദ് സാലിദ് എന്ന രണ്ടു വയസ്സുകാരന്റെ നില എന്താകുമായിരുന്നുവെന്ന് ആലോചിക്കാൻ പോലുമാകില്ല. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച പിലാത്തറ ദാറുസ്സലാമിലെ സഹീദയുടെ മകനാണ് സാലിദ്. രാവിലെ സാലിദുമൊത്ത് വീട്ടിൽ നിന്നും ഇറങ്ങിയ സഹീദ ഗരീബിരദ് എക്സ്‌പ്രസ്സ് പോയ ഉടനെ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കാണപ്പെട്ടത്. 11. 30തോടെയാണ് സഹീദ ട്രെയിൻ തട്ടി മരിച്ചത്. ഇതിനിടയിലുള്ള രണ്ട് മണിക്കൂർ വേളയിൽ എന്തുനടന്നു എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

 

ചിന്നിച്ചിതറിയ മൃതദേഹത്തിനരികിൽ ഇരു കാലുകളും അറ്റ നിലയിൽ ഒരു കുട്ടിയെ റെയിൽവേ സ്റ്റേഷനിലെ ക്ലീനിങ് തൊഴിലാളികളാണ് ആദ്യം കണ്ടത്. ഒറ്റനോട്ടത്തിൽ കുട്ടിക്ക് അപകടം സംഭവിച്ചുവെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ അടുത്ത ട്രെയിൻ വരാനുള്ള സമയം അടുക്കുകയാണ്. തൊഴിലാളികൾ കുട്ടിയെ ട്രാക്കിൽ നിന്നും വേഗത്തിൽ എടുത്തുമാറ്റാൻ ശ്രമിക്കവേയാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്. കാലുകൾ അറ്റ നിലയിൽ സാലിദും തൊട്ടടുത്ത് ചോരയിൽ കുളിച്ച് ചിതറിയ നിലയിൽ യുവതിയുടെ ശരീര ഭാഗങ്ങളും.

റയിൽവേ സ്റ്റേഷന്മാസ്റ്റർ പയ്യന്നൂർ സ്വദേശി കൂടിയായ രമേശൻ വിവരമറിഞ്ഞതോടെ കുട്ടിയെ രക്ഷിക്കാനുള്ള നടപടികൾ മിന്നൽ വേഗതയിലാക്കി. പൊലീസിനേയും ചൈൽഡ് ലൈൻ പ്രവർത്തകരേയും വിവരം ധരിപ്പിച്ചു. ഒപ്പം സന്നദ്ധ സംഘടനകൾക്കും വിവരങ്ങൾ കൈമാറി. ഓട്ടോ ടാക്സി തൊഴിലാളികളും രംഗത്തെത്തി. അടുത്തുള്ള ആശുപത്രികളിൽ ഡോക്ടർമാർ എല്ലാറ്റിനും സജ്ജരായി. സ്ട്രെച്ചറിൽ കുട്ടിയേയും അറ്റുപോയ കാലുകളും ആശുപത്രിയിലെത്തിച്ചു. തെർമോകോൾ ബോക്സിൽ ആധുനിക സംവിധാനങ്ങളോടെ കാലുകൾ സൂക്ഷിച്ചു. മംഗളൂരൂവിലെ ആശുപ്ത്രികളിൽ എത്തിച്ചാൽ കാലുകൾ തുന്നിച്ചേർക്കാൻ കഴിയുമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിരുന്നു.

ബന്ധുക്കളേയും സ്വന്തക്കാരേയും കാത്തു നിൽക്കാതെ ആംബുലൻസുകൾ ഒരുക്കി. മംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ടതും അടുത്ത ബന്ധുക്കൾ പോലും അറിഞ്ഞിരുന്നില്ല. ആംബുലൻസിൽ പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ബന്ധുക്കളായി കുട്ടിയെ അനുഗമിച്ചു. ഒരു മണിക്കൂറിനകം മംഗളൂരുവിലെ എ.ജെ. ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. മംഗളൂരുവിലെ റെയിൽവേ ജീവനക്കാർ ആശുപത്രിക്കു മുന്നിൽ എത്തിയിരുന്നു.

ഉടൻ തന്നെ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡോ. ബിനേഷ് കഥക്കിന്റെ നേതൃത്വത്തിലുള്ള സംഘം സാലിദിന്റെ കാലുകൾ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. അപ്പോഴൊന്നും കുട്ടിയുടെ പേരോ മരിച്ച സ്ത്രീയോ ആരാണെന്ന് തിരിച്ചറിഞ്ഞില്ല. പൊലീസ് കുട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ നൽകിയ ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ബന്ധുക്കൾ തന്നെ കാര്യങ്ങൾ അറിഞ്ഞത്. ഒരു നാട് ഒറ്റ മനസ്സോടെ ഒന്നിച്ചു നിന്നപ്പോൾ ഒരു കുഞ്ഞിന് പുനർജ്ജന്മമാവുകയായിരുന്നു.

യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിലും രണ്ടരവയസ്സുള്ള മകനെ കാലുകളറ്റ നിലയിൽ ഗുരുതരാവസ്ഥയിലും പയ്യന്നൂരിൽ റെയിൽവേ ട്രാക്കിനുസമീപം കണ്ടെത്തിയതിൽ ഇനിയും ദുരൂഹതമാറിയിട്ടില്ല. പിഞ്ചു കുട്ടിയുമൊത്ത് യുവതി ട്രയിനിന് മുമ്പിൽ ചാടിയതാണോ എന്ന സംശയവും ഉണ്ട്. അപകടമാണെന്ന വാദവും സജീവമാണ്. പിലാത്തറ പീരക്കാംതടം ദേശീയപാതയ്ക്കരികിലെ ദാറുസ്സലാമിൽ സഹീദ (29)യാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP