Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപവാദ പ്രചാരണങ്ങൾക്ക് ഇനി ചെവികൊടുക്കില്ല..കേട്ടാലും കൂസുകയില്ല; സ്വന്തമായി പണിയെടുത്ത് അന്തസായി ജീവിക്കാൻ തീരുമാനിച്ചാൽ ആരെ പേടിക്കണം? മേക്കപ്പ്-ഫാഷൻ മേഖലയെ കീഴടക്കാൻ കൂടുതൽ ട്രാൻസ് ജെൻഡറുകൾ; മേക്കപ്പ് ആർട്ടിസ്റ്റുകളുടെ നിരയിലേക്ക് മൂന്നുപേർകൂടി; രഞ്ജുരഞ്ജിമാറിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ട്രാൻസ്ജെൻഡർ ബ്യൂട്ടി അക്കാഡമി വന്നതോടെ തൊഴിൽ പരിശീലനവും തകൃതി

അപവാദ പ്രചാരണങ്ങൾക്ക് ഇനി ചെവികൊടുക്കില്ല..കേട്ടാലും കൂസുകയില്ല; സ്വന്തമായി പണിയെടുത്ത് അന്തസായി ജീവിക്കാൻ തീരുമാനിച്ചാൽ ആരെ പേടിക്കണം? മേക്കപ്പ്-ഫാഷൻ മേഖലയെ കീഴടക്കാൻ കൂടുതൽ ട്രാൻസ് ജെൻഡറുകൾ; മേക്കപ്പ് ആർട്ടിസ്റ്റുകളുടെ നിരയിലേക്ക് മൂന്നുപേർകൂടി; രഞ്ജുരഞ്ജിമാറിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ട്രാൻസ്ജെൻഡർ ബ്യൂട്ടി അക്കാഡമി വന്നതോടെ തൊഴിൽ പരിശീലനവും തകൃതി

ജംഷാദ് മലപ്പുറം

കൊച്ചി: ഫാഷന്റെ ലോകത്ത് സജീവമാവുകയാണ് കേരളത്തിലെ ട്രാൻസ്ജെൻഡറുകൾ. സമൂഹത്തിൽ തങ്ങൾക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കു മറുപടി നൽകാൻ എല്ലാവരും ഫാഷൻ മേഖലയിലെ വിവിധ തൊഴിൽ മേഖലയിൽ സജീവമാകുന്ന കാഴ്‌ച്ചയാണ്. കേരളത്തിലെ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ പട്ടികയിലേക്ക് മൂന്ന് ട്രാൻസ്ജെൻഡറുകൾ കൂടി രംഗപ്രവേശം ചെയ്തുകഴിഞ്ഞു.നതാഷാ തോമസ്, മോനിഷ ശേഖർ, ലക്ഷ്യ പി. ലാൽ എന്നിവരാണ് സ്വന്തമായി തൊഴിലെടുത്തു ജീവിക്കുക എന്ന ലക്ഷ്യത്തോടു കൂടി മുന്നോട്ടു വന്ന മൂന്നു പേർ.

മൂന്നുപേരും ഇന്ന് തിരക്കുള്ള ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുകളാണ്. പമുഖ മേക്കപ്പ് ആർട്ടിസ്റ്റ് നഞ്ജു രഞ്ജിമാറിന്റെ ശിക്ഷണത്തിൽ കഴിവു തെളിയിച്ചവരാണിവർ. ധ്വയ ബ്യൂട്ടി അക്കാഡമിയിലെ വിദ്യാർത്ഥികളായിരുന്നു നതാഷയും, ലക്ഷ്യയും, ലക്ഷ്യ എറണാകുളം പനമ്പള്ളി നഗറിലെ സ്റ്റുഡിയോ റിവിവ് എന്ന സലൂണിലെ മനേജർ കൂടിയാണ്, നതാഷയും, മോനിഷയും ജോലിയില്ലാത്തപ്പോൾ രഞ്ജുരഞ്ജിമാറിന്റെ സഹായികളായി പോകുന്നു, ഇവരെ കൂടാതെ ധ്വയ ബ്യൂട്ടി അക്കാഡമിയിൽ നിന്നും, സായ, റോറ ബ്യൂട്ടി വേൾഡിലും ജോലി ചെയ്യുന്നു, രഞ്ചുമോൾ, രാധിക എന്നിവർ ഫ്രീലാൻഡ്സ് ബ്യൂട്ടിഷന്മാരുമാണ്. സ്വന്തമായി ജോലി ചെയ്ത് നല്ല മേക്കപ്പ് അട്ടിസ്റ്റുകളാവുക എന്നതാണ് ഇവരുടെ ലക്ഷ്യം, അതിന് വഴിയൊരിക്കിയ രഞ്ജുരഞ്ജിമാറിനോട് ഇവർ നന്ദി പറയുന്നു.

കേരളത്തിന്റെ സൗന്ദര്യലോകം ഇനി ട്രാൻസ്ജെൻഡറുകളുടെ കൈകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ ബ്യൂട്ടി അക്കാഡമി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചത്.ആദ്യഘട്ടത്തിൽ നൂറ് ട്രാൻസ്ജെൻഡറുകൾക്ക് പരിശീലനം നൽകി മുഴുവൻ പേർക്കും സംസ്ഥാനത്തിന്റെ ഭാഗങ്ങളിൽ ജോലി നൽകുകയായിരുന്നു ലക്ഷ്യം. സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന്റെ സഹായത്തോടെ പ്രശസ്ത ചമയകലാകാരിയും ട്രാൻസ്വുമണുമായ രഞ്ജുരഞ്ജിമാറാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇവിടുത്തെ ആദ്യബാച്ച് പുറത്തിറങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സലൂണുകളെ ക്ഷണിച്ചുകൊണ്ടാണ് ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ട്. അതോടൊപ്പം സ്വന്തമായി പാർലറുകൾ നടത്താൻ സ്ഥലം കണ്ടെത്തുന്നവർക്ക് സർക്കാറിന്റെ സഹായത്തോടെ സാമ്പത്തിക സഹായം നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടന്നുവരുന്നു. ഓരോ പുതിയ ബാച്ച് പുറത്തിറങ്ങുമ്പോഴും ഇതെ രീതിയിൽ ജോലി നൽകും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന മുഴുവൻപേർക്കും ജോലി ഉറപ്പു നൽകുന്ന രീതിയിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

മേക്കപ്പ്, ഫാഷൻ മോഡലുമായി ബന്ധപ്പെട്ടു നിൽക്കുന്ന ട്രാൻസ്ജെൻഡറുകൾക്ക് ഇവർക്ക് താൽപര്യമുള്ള മേഖലയിൽതന്നെ ജോലി തരപ്പെടുത്തികൊടുക്കുക എന്ന ആശയമാണ് ഇതിന് പിന്നിൽ. ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ചാരിറ്റിബിൾ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി കൂടിയായ രഞ്ജു രഞ്ജിമാറിന്റേതായിരുന്നു ആശയം. തുടർന്നാണ് ഇതുസംബന്ധിച്ച പ്രപ്പോസൽ ധ്വയക്ക് കീഴിൽ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് സമർപ്പിച്ചത്. ശേഷം സാമൂഹ്യനീതിവകുപ്പിന് കീഴിൽ ധ്വയ ഭാരവാഹികളുമായി പ്രത്യേക യോഗംചേരുകയും പ്രവർത്തന രീതികളെ കുറിച്ചു വ്യക്തത വരുത്തുകയും ചെയ്തു. ഏകദേശം 21ലക്ഷംരൂപ ചെലവ് വരുന്ന പദ്ധതിക്ക് ആദ്യഘഡുവായി 8.30ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.ട്രാൻസ്ജെൻഡർ ബ്യൂട്ടി അക്കാഡമിയിൽ ആദ്യം രണ്ടുബാച്ചുകളിലായി 47പേരാണ് പഠനം നടത്തിയത്. തിങ്കൾ മുതൽ ബുധവരെ ഒരുബാച്ചും, വ്യാഴം മുതൽ ശനിവരെ മറ്റൊരു ബാച്ചുമാണ് പ്രവർത്തിച്ചിരുന്നത്.

ഇതിന് പുറമെ ധ്വയയുടെ കീഴിൽ കൊച്ചിയിൽ ഒരു ട്രാൻസ്ജെൻഡർ പാർലർ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2019ഓട് കൂടി ഫാഷന്റെ ലോകം ട്രാൻസ്ജെൻഡറുകളുടെ കൈകളിലെത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച ചമയകലാകാരിയായ രഞ്ജു രഞ്ജിമാർ പറഞ്ഞു. ട്രാൻസ്ജെന്ററുകൾക്ക് മാത്രമാണ് ഈ ബ്യൂട്ടിപാർലർ പ്രവർത്തിക്കുകയെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP