Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐപിഎല്ലിൽ തരൂർ വീണപ്പോൾ അപകടം മണത്തു; അഴിമതി കഥകൾ ലക്ഷം കോടി കവിഞ്ഞപ്പോൾ ലണ്ടനിലേക്ക് വണ്ടികയറി; കാമറോൺ ഇടഞ്ഞതോടെ ഇടത്താവളം പോർച്ചുഗലിലേക്ക് മാറ്റാൻ തട്ടിപ്പുവീരൻ: ലളിത് മോദിയുടെ കഥയിങ്ങനെ

ഐപിഎല്ലിൽ തരൂർ വീണപ്പോൾ അപകടം മണത്തു; അഴിമതി കഥകൾ ലക്ഷം കോടി കവിഞ്ഞപ്പോൾ ലണ്ടനിലേക്ക് വണ്ടികയറി; കാമറോൺ ഇടഞ്ഞതോടെ ഇടത്താവളം പോർച്ചുഗലിലേക്ക് മാറ്റാൻ തട്ടിപ്പുവീരൻ: ലളിത് മോദിയുടെ കഥയിങ്ങനെ

ലണ്ടൻ: ഒരു കെട്ടു കഥയേക്കാൾ വൈചിത്ര്യം നിറഞ്ഞതാണ് മുൻ ഐ.പി.എൽ ലീഗ് തലവൻ ലളിത് മോദിയുടെ ജിവിതം, എന്നും, എല്ലായ്‌പ്പോഴും. ഐപിഎൽ അഴിമതി കഥകൾ 1. 86 ലക്ഷം കോടിയുടെ അവിശ്വസനീയതയിലേക്ക് വളരുകയും കഴിഞ്ഞ സർക്കാരിൽ മന്ത്രി ആയിരുന്ന ശശി തരൂർ ഉൾപ്പെടെ ആരോപണം നേരിടുകയും ചെയ്തപ്പോൾ കുശാഗ്ര ബുദ്ധിയായ ലളിത് മോദി അപകടം മണത്തു അറിയുക ആയിരുന്നു. അതിന്റെ ഫലമായാണ് അഞ്ച് വർഷം മുൻപ് അദ്ദേഹം ബ്രിട്ടണിൽ എത്തിയത്.

വിവാദത്തിലെ കേന്ദ്ര ബിന്ദു ആയിരുന്നിട്ടും മോദിയുടെ ലണ്ടൻ യാത്ര സുഗമം ആയത് എന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ മറ്റൊരു തമാശ. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പിടിച്ചു കയറാൻ ലണ്ടൻ നാളുകളിൽ ലളിത് നടത്തിയ ശ്രമങ്ങൾ ഓരോന്നും പൊളിയുക ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നരേന്ദ്ര മോദി ഡൽഹിയിൽ ഭരണം പിടിച്ചതോടെ പ്രതീക്ഷ വീണ്ടെടുത്ത ലളിത് കേന്ദ്ര മന്ത്രിയും ബിജെപി രാഷ്ട്രീയത്തിലെ അതികായയും ആയ സുഷമ സ്വരാജിന്റെ ഭർത്താവ് സ്വരാജ് കൗഷലും ആയി തുടരുന്ന അവിശുദ്ധ കൂട്ട് കെട്ടാണ് ഇപ്പോൾ പുതിയ കഥകൾക്ക് കൂടുതൽ നിറം പകരുന്നത്.

ലളിതിന്റെ പാസ്‌പോർട്ട് മന്മോഹൻ സർക്കാർ റദ്ദാക്കിയതിനാൽ ഇന്ത്യ ആവശ്യപ്പെട്ടാൽ ഏത് നിമിഷവും ലണ്ടൻ വാസം അവസാനിപ്പിക്കേണ്ടി വരും എന്ന സാഹചര്യം മൂലം ലളിത് പുതിയ താവളം അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാകും പുതിയ പോർച്ചുഗീസ് കഥയെന്നും ഇപ്പോൾ സംശയം ബലപ്പെടുകയാണ്. ഇതിനായി തന്റെ ബന്ധങ്ങൾ കൗശലപൂർവ്വം വിനിയോഗിച്ച ലളിത് മോദിക്ക് പുതിയ കാമറോൺ സർക്കാരിന്റെ വരവാണ് ഇപ്പോൾ തലവേദന ആയി മാറിയിരിക്കുന്നത്.

ബ്രിട്ടീഷ് എംപി കീത്ത് വാസ് തന്റെ പദവി ദുരുപയോഗം ചെയ്തു ലളിത് മോദിക്ക് വേണ്ടി എഴുതിയ കത്താണ് ഇപ്പോൾ കുടത്തിലെ ഭൂതം ആയി മാറിയിരിക്കുന്നത്. കഴിഞ്ഞ കാമറോൺ സർക്കാരിന്റെ സമയത്ത് കീത്ത് വാസ് ലളിത് മോദിക്കായി കത്ത് എഴുതിയിരുന്നു എന്ന് യുകെ വിസ ആൻഡ് ഇമ്മിഗ്രേഷൻ മേധാവി സാറ രാപ്‌സാൻ വെളിപ്പെടുത്തൽ നടത്തിയതോടെ പ്രതിരോധത്തിലായ വാസ് സുഷമയുടെ കത്ത് ലഭിച്ചതുകൊണ്ടാണ് താൻ ഇടപെട്ടതെന്നു പറഞ്ഞത് ഇന്നലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുക ആയിരുന്നു.

പ്രശനത്തിന്റെ ഗുരുതര സ്വഭാവം പൊടുന്നനെ ബോധ്യമായ ബിജെപി പ്രസിഡന്റ് അമിത് ഷാ തന്നെ പ്രത്യക്ഷപ്പെട്ടു സുഷമയെ സഹായിക്കാൻ പ്രസ്താവനയുമായി രംഗത്ത് വന്നതും കൗതുകമായി. എന്നാൽ സുഷമയുടെ ഭർത്താവ് സ്വരാജും ലളിത് മോദിയുമായി വർഷങ്ങൾ ആയി തുടരുന്ന ബന്ധത്തിലെ നിർണ്ണായക തെളിവായി സുഷമയുടെ ബന്ധുവിന് യുകെയിൽ പഠിക്കാൻ ലളിത് മോദി അവസരം ഒരുക്കിയതിന്റെ തെളിവുകൾ കൂടി പുറത്തു വന്നതോടെ അൽപ്പം നിസ്സഹായതയിലാണ് സുഷമ ഇന്നലെ മാദ്ധ്യമങ്ങളെ നേരിട്ടത്. ആരോപണ വിധേയമായ ബന്ധുവിന്റെ യുകെ പഠനം താൻ മന്ത്രി ആകുന്നതിന് ഒരു വർഷം മുൻപ് സംഭവിച്ച കാര്യം ആണെന്ന ഒഴുക്കാൻ മറുപടി തൃപ്തികരം അല്ലെന്നു അവർക്ക് തന്നെ ബോധ്യമാണെങ്കിലും മറ്റൊരു വിശദീകരണം സുഷമയുടെ പക്കൽ ഇല്ലെന്നതാണ് കൗതുകകരം.

അതിനിടെ ലണ്ടനിൽ പ്രത്യേകിച്ച് പ്രയാസങ്ങൾ ഇല്ലെങ്കിലും പൊടുന്നനെ ലളിത് മോദി പോർച്ചുഗീസിലേക്ക് താവളം മാറ്റാൻ നടത്തിയ നീക്കം ശ്രദ്ധേയമായി. ഭാര്യയുടെ ചികിത്സയ്ക്ക് എന്ന കാരണം ആണ് പറയുന്നതെങ്കിലും ബ്രിട്ടണിൽ ലഭ്യമല്ലാത്ത എന്ത് ചികിത്സയാണ് പോർച്ചുഗലിൽ ലഭിക്കുക എന്നതിന് കൃത്യമായ വിശദീകരണം ഇല്ല. ഇന്ത്യയും ബ്രിട്ടണും തമ്മിൽ കുറ്റവാളികളെ കൈമാറാൻ ശക്തമായ നിയമം നിലനിൽക്കുന്നിടത്തോളം തന്റെ ലണ്ടൻ ജീവിതത്തിന് പൂർണ്ണ സുരക്ഷിതത്വം ഇല്ലെന്ന തിരിച്ചറിവ് ലളിത് മോദിയെ പുതിയ താവളം കണ്ടെത്താൻ പ്രേരിപ്പിച്ച നിർണ്ണായക ഘടകം. മാത്രമല്ല, പിടിച്ചു കയറാൻ ലളിത് മോദി ബ്രിട്ടണിൽ നടത്തിയ സർവ്വ നീക്കങ്ങളും പരാജയപ്പെടുകയും ചെയ്തത് മറ്റൊരു കാരണമായിട്ടുണ്ടാകാം. ഈ സാഹചര്യത്തിൽ ഭാര്യയുടെ ചികിത്സ ചൂണ്ടികാട്ടി ബ്രിട്ടന് വെളിയിൽ ചാടി പുതിയ താവളം സൃഷ്ടിക്കാൻ പോർച്ചുഗൽ ആയിരിക്കും ഏറ്റവും അനുയോജ്യം എന്ന മോദിയുടെ കുശാഗ്ര ബുദ്ധിയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ കേന്ദ്ര ബിന്ദു.

ഇന്ത്യയും പോർച്ചുഗലും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിൽ ഉള്ള കരാറുകളിലെ ലൂപ് ഹോൾ കണ്ടെത്തി തനിക്ക് പിടിച്ചുനിൽക്കാം എന്നും മോദി കണക്കു കൂട്ടിയിരുന്നിരിക്കണം. ബ്രിട്ടണിൽ ഫുട്‌ബോൾ ക്ലബ് ഏറ്റെടുത്തു ഐപിഎൽ മാതൃകയിൽ അണിയറയിൽ നിന്ന് ഇന്ത്യയിൽ ഫുട്‌ബോൾ മേള സംഘടിപ്പിക്കാനും മോദി ഇടക്കാലത്ത് ശ്രമം നടത്തിയിരുന്നു. ഗ്ലാസ്‌ഗോ റേഞ്ചേഴ്‌സ് ഫുട്‌ബോൾ ക്ലബിൽ നിക്ഷേപം നടത്താൻ മോദി തയ്യാറായതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്. ഇത്തരം നീക്കങ്ങൾക്ക് ഫുട്‌ബോളിന് കുറച്ചു കൂടി സാധ്യതയും നിയമ വലയം കുറച്ചു കൂടി മയപ്പെട്ടതും ആയ പോർച്ചുഗീസ് തന്നെയാണ് തനിക്ക് കൂടുതൽ സുരക്ഷിതം എന്ന കണ്ടെത്തൽ ആകാം ഭാര്യയുടെ ചികിത്സ എന്ന പേരിൽ നടത്തിയ നാട് കടക്കൽ ശ്രമം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP