Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശക്കാവലാളാകുന്ന 'അന്തകൻ' തുർക്കിയുടെ മണ്ണിൽ; റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് എത്തിച്ചത് നാലു വിമാനങ്ങളിലായി; തുർക്കിക്ക് നൽകാമെന്ന് പറഞ്ഞ എഫ് 35 പോർ വിമാനങ്ങളെ വരെ തകർക്കാൻ ശേഷിയുണ്ടെന്നത് യുഎസിന് 'തലവേദന'; ലോകശക്തികൾക്ക് പോലുമില്ലാത്ത അത്യാധുനിക പ്രതിരോധ സംവിധാനം തുർക്കിയിലെത്തുമ്പോൾ പാളുന്നത് മിസൈൽ വാങ്ങുന്നത് വിലക്കാനുള്ള അമേരിക്കൻ തന്ത്രങ്ങൾ

ആകാശക്കാവലാളാകുന്ന 'അന്തകൻ' തുർക്കിയുടെ മണ്ണിൽ; റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് എത്തിച്ചത് നാലു വിമാനങ്ങളിലായി; തുർക്കിക്ക് നൽകാമെന്ന് പറഞ്ഞ എഫ് 35 പോർ വിമാനങ്ങളെ വരെ തകർക്കാൻ ശേഷിയുണ്ടെന്നത് യുഎസിന് 'തലവേദന'; ലോകശക്തികൾക്ക് പോലുമില്ലാത്ത അത്യാധുനിക പ്രതിരോധ സംവിധാനം തുർക്കിയിലെത്തുമ്പോൾ പാളുന്നത് മിസൈൽ വാങ്ങുന്നത് വിലക്കാനുള്ള അമേരിക്കൻ തന്ത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

അന്തകൻ എന്ന വാക്കിന് പര്യായമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകം വാഴ്‌ത്തിപ്പാടിയ പേര് എസ് 400 ട്രയംഫ് തുർക്കിയുടെ മണ്ണിലെത്തുമ്പോൾ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളുടെ നെഞ്ചിടിപ്പ് വർധിക്കുകയാണ്. നാലു വിമാനങ്ങളിലാണ് ഇത് തുർക്കിയിൽ എത്തിച്ചതെന്നാണ് സൂചന. ആയുധശക്തിയുടെ കാര്യത്തിൽ ലോകത്തിൽ ഒന്നാമത് നിൽക്കുന്ന റഷ്യയുടെ പക്കൽ നിന്നും ചൈന വാങ്ങിയ ആയുധം തുർക്കിയിലേക്കെത്തുമ്പോൾ ഒന്നു കൂടി ഓർക്കണം. ലോക ശക്തികൾക്ക് പോലും ഇത് സ്വന്തമാക്കാൻ സാധിക്കാത്ത ഒന്നാണ്. റഷ്യയുടെ തുറുപ്പു ചീട്ടായിരുന്ന ഈ ആയുധം അമേരിക്കയ്ക്ക് എന്നും തലവേദനയായിരുന്നു.

റഷ്യയുടെ എസ് 400 പ്രതിരോധ സംവിധാനത്തിന് പിന്നാലെ പോയിരുന്ന രാജ്യങ്ങളുടെ നീക്കം തടയാൻ അമേരിക്ക പല ശ്രമങ്ങൾ നടത്തിയിട്ടും പാളിപ്പോകുന്നത് ഇപ്പോൾ യുഎസ് നേതൃത്വത്തിന്റെ ആശങ്ക വർധിപ്പിക്കുകയാണ്. എസ് 400 വാങ്ങുന്നതിൽ നിന്നും തുർക്കിയെ പിന്തിരിപ്പക്കാനടക്കം ശ്രമം നടത്തുകയും കരാർ നടപ്പാകാതിരിക്കാൻ കരുക്കൾ നീക്കുകയും ചെയ്ത അമേരിക്കയ്ക്ക് ഇപ്പോൾ ആശങ്ക ഇരട്ടിയായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഓർഡർ ചെയ്ത എസ് 400 യൂണിറ്റുകൾ വരുന്ന ആഴ്‌ച്ച തന്നെ തുർക്കിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. അഞ്ചാം തലമുറയിൽ പെട്ട പോർ വിമാനങ്ങൾ നൽകാമെന്ന് അമേരിക്ക തുർക്കിക്ക് വാഗ്ദാനം ചെയ്തിട്ടും ഒന്നും കാര്യങ്ങൾ അവരുടെ കൈകളിലേക്ക് എത്തിയതുമില്ല.

തുർക്കിയുടെ കൈവശമുള്ള അത്യാധുനിക പോർവിമാനം എഫ്35 ന്റെ ടെക്‌നോളജി റഷ്യൻ വിദഗ്ദ്ധർ പഠിച്ചെടുക്കുമെന്നതാണ് അമേരിക്കയുടെ ഏറ്റവും വലിയ പേടി. എസ്400 ഉപയോഗിച്ച് എഫ്35 വെടിവച്ചു വീഴ്‌ത്താൻ ഇതുവഴി എളുപ്പത്തിൽ സാധിക്കും. അതേസമയം എസ്400ന്റെ തന്നെ അടുത്ത തലമുറ (എസ്500) നിർമ്മിക്കുന്നതിന് തുർക്കി റഷ്യയ്‌ക്കൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം റഷ്യയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളും (എസ്യു57) തുർക്കിക്ക് നൽകിയേക്കും. ഈ പോർവിമാനം റഷ്യക്ക് പുറത്തുനിന്നു വാങ്ങുന്ന ആദ്യ രാജ്യവും തുർക്കിയാകും. അമേരിക്കയുടെ പ്രതിരോധ ടെക്‌നോളജി ചോരുമെന്ന് ഭീതിയുണ്ട്.

റഷ്യയിൽ നിന്നു എസ്400 വാങ്ങിയാൽ തുടർന്നു അത്യാധുനിക പോർവിമാനമായ എഫ്35 നൽകില്ലെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. തുർക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭീഷണിയുണ്ട്. റഷ്യൻ ആയുധങ്ങൾ വാങ്ങുന്നവരുമായി സഹകരിക്കേണ്ടെന്നതാണ് അമേരിക്കൻ നിലപാട്. എന്നാൽ എസ്400 വാങ്ങുന്ന ഇന്ത്യക്കെതിരെയും ഭീഷണിയുമായി അമേരിക്ക രംഗത്തുവന്നെങ്കിലും കീഴടങ്ങാൻ സർക്കാർ തയാറായില്ല.അമേരിക്ക തുർക്കിക്ക് നൽകുമെന്ന് പറയുന്ന എഫ്35 പോർവിമാനങ്ങൾ വരെ എസ്400 ഉപയോഗിച്ച് തകർക്കാനാകും. ഇതു തന്നെയാണ് അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയും.

2017ലാണ് 2.5 ബില്ല്യൻ ഡോളറിന് എസ്400 പ്രതിരോധ സിസ്റ്റം വാങ്ങാൻ തുർക്കി തീരുമാനിക്കുന്നത്. ഇതോടൊപ്പം തന്നെ എഫ്35 പോർവിമാനങ്ങൾ നൽകാമെന്ന് അമേരിക്കയും വാഗ്ദാനം നൽകിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയും തുർക്കിയും വാങ്ങുന്ന വ്യോമ പ്രതിരോധ സംവിധാനം എസ്400 ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ ടെക്‌നോളജികളിൽ ഒന്നാണെന്ന കാര്യത്തിൽ തർക്കമില്ല. അമേരിക്ക ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളുടെ കൈവശമുള്ള പ്രതിരോധ സിസ്റ്റങ്ങളേക്കാളും മികച്ചതാണ് എസ്400. സിറിയിയിൽ റഷ്യ വിന്യസിച്ചിരിക്കുന്ന എസ്-400ന്റെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിച്ചാൽ മതി ഈ സംവിധാനം എത്രമാത്രം പ്രാധാന്യമുള്ളവയാണെന്നു മനസ്സിലാക്കിത്തരാൻ.

മണിക്കൂറിൽ 17,000 കിലോമീറ്റർ വേഗത: അടുത്തറിയാം ട്രയംഫ് എസ് 400നെ

എസ്-400 ട്രയംഫ് (മിസൈൽ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്നോളജിയാണ് എസ്-400 ട്രയംഫിൽ. അമേരിക്കയുടെ പാട്രിയട്ട് അഡ്വാൻസ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാൾ എത്രയോ മുകളിലാണ് റഷ്യയുടെ എസ്400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്400 ട്രയംഫ്. പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്400 ൽ നിന്ന് ലംബമായാണ് മിസൈലുകൾ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്400 ന്റെ കരുത്ത്.

എസ്400 ട്രയംഫിനു മണിക്കൂറിൽ 17,000 കിലോമീറ്റർ വേഗതയിൽ ടാർഗറ്റിനു മേൽ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയർക്രാഫ്റ്റിനെക്കാളും ഉയർന്ന വേഗതയാണ് ഇത്. 'അയൺ ഡോമുകളുടെ ഡാഡി ' എന്നാണ് ഇതിനുള്ള വിശേഷണം. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റർ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാർട്ടിൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും തകർക്കാനാവും. എന്നാൽ വേഗതയുടെ കാര്യത്തിൽ എസ്-400നെ വെല്ലുവിളിക്കാൻ എഫ്-35നാവില്ല. എസ്-300 സിസ്റ്റത്തിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യൻ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുൻതലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്.

നിരവധി പതിറ്റാണ്ടുകളുടെ പരിശ്രമഫലമായാണ് എസ്400 ട്രയംഫ് കുടുംബം സിസ്റ്റം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. എസ്-300, എസ്400 ട്രയംഫ് കുടുംബം, 1978ൽ നിർമ്മിച്ച അവരുടെ എസ്-300പിയുടെ പിന്തുടർച്ചയാണ് ഇതെല്ലാം. ദീർഘദൂര മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ളതാണ് ഈ സിസ്റ്റങ്ങൾ. ഒരു പ്രദേശത്തെ വ്യോമാക്രമണങ്ങളെയും മുഴുവനായും ചെറുക്കാൻ ഇവയ്ക്കു കഴിയും. എതിരാളികൾ തൊടുക്കുന്ന ക്രൂസ് മിസൈലുകളെയും ബാലിസ്റ്റിക് മിസൈലുകളെയും തകർക്കാനാകും. ഇവയ്ക്ക് 250 മൈൽ പരിധിയിൽ ശത്രു ആക്രമണങ്ങളെ തറപറ്റിക്കാനാകും. ഇവയുടെ വേഗമാണ് ഏറ്റവും ഗംഭീരം- സ്വര വീചികളെക്കാൾ ആറിട്ടി വേഗം ഇവയ്ക്കുണ്ടത്രെ.

എസ്-400ന്റെ ബാറ്ററി പിടിപ്പിക്കാൻ അഞ്ചു മിനുറ്റുമതി. സജ്ജമായിക്കഴിഞ്ഞാൽ 36 ലക്ഷ്യങ്ങളിലേക്ക് ഒരേ സമയത്തു കുതിക്കാനാകും. എന്നാൽ, താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും മറ്റും ലക്ഷ്യം വയ്ക്കാൻ ഇതിലൂടെ കഴിയില്ലെന്നതാണ് റഷ്യൻ സംവിധാനത്തിന്റെ ഏക പോരായ്മ. എസ്-400നെ തൊടുത്തു വിടാനുപയോഗിക്കുന്ന ലോഞ്ചറുകളും മറ്റും റോഡുകളിലൂടെ മാറ്റി സ്ഥാപിക്കുകയും ചെയ്യാം. ഇതിലൂടെ, ഇവയെ തകർക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുത്താം. കൂടാതെ, ഇവയെ രാജ്യത്തിന്റെ റഡാറുകളുമായും ബന്ധിപ്പിക്കാം.

നാറ്റോ വൈമാനികർക്കിടിയിൽ എസ്-300, എസ്-400 സിസ്റ്റങ്ങൾക്ക് ധാരാളം ബഹുമാനം ലഭിക്കുന്നുണ്ട്. പല നാറ്റോ അംഗങ്ങളുടെയും കൈയിലുള്ളത് എസ്-300 സിസ്റ്റമാണ്. എസ്-400 അതിനെക്കാൾ മികച്ചതാണെന്നാണ് കരുതുന്നത്. എസ്-400നെതിരെ അമേരിക്കയുടെ ഏക പ്രതിരോധം ഇഎ-18ജി ഗ്രോൽസർ ആണ്. ഇവയ്ക്ക് എസ്-400ന്റെ റഡാറിനെ പൂർണ്ണമായും നിർവീര്യമാക്കാനാകില്ലെങ്കിലും അവയുടെ തീക്ഷ്ണത കുറയ്ക്കാനാകുമെന്നും ചില നിരീക്ഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP