Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

38 വർഷം പണിയെടുത്തതിന് തലസ്ഥാനത്തെ സമ്പന്നരുടെ ക്ലബിൽ നിന്നു കിട്ടിയത് ആട്ടും തുപ്പും; മുഖത്തു മദ്യമൊഴിച്ചു ജോലിയിൽ നിന്നു പറഞ്ഞുവിട്ടു; 'ഇറങ്ങെടാ പട്ടി പുലയന്റെ മോനെ' എന്നും ആക്രോശം; ആത്മഹത്യയുടെ വക്കിലെന്ന് ട്രിവാൻഡ്രം ക്ലബിലെ മുൻ ജീവനക്കാരൻ; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ക്ലബ് സെക്രട്ടറി വിജി തമ്പി

38 വർഷം പണിയെടുത്തതിന് തലസ്ഥാനത്തെ സമ്പന്നരുടെ ക്ലബിൽ നിന്നു കിട്ടിയത് ആട്ടും തുപ്പും; മുഖത്തു മദ്യമൊഴിച്ചു ജോലിയിൽ നിന്നു പറഞ്ഞുവിട്ടു; 'ഇറങ്ങെടാ പട്ടി പുലയന്റെ മോനെ' എന്നും ആക്രോശം; ആത്മഹത്യയുടെ വക്കിലെന്ന് ട്രിവാൻഡ്രം ക്ലബിലെ മുൻ ജീവനക്കാരൻ; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ക്ലബ് സെക്രട്ടറി വിജി തമ്പി

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്തെ ഉദ്യോഗസ്ഥപ്രമാണിമാരുടെയും സമ്പന്നരുടെയും താവളമാണ് ട്രിവാൻഡ്രം ക്ലബ്. നാലു പതിറ്റാണ്ടോളം ഇവർക്കു വിളമ്പിയും സൗകര്യങ്ങളൊരുക്കിയും ജോലി ചെയ്ത തിരുമല സ്വദേശി മധുവിനുണ്ടായത് അതീവ ദുഃഖകരമായ അനുഭവം. തൊഴിലാളികളുടെ യൂണിയൻ ഉണ്ടാക്കിയെന്ന് ആരോപിച്ച് മധുവിനെ ട്രിൻവാൻഡ്രം ക്ലബിൽനിന്നു പുറത്താക്കി. സെക്രട്ടറി വിജി തമ്പി അടക്കമുള്ളവർ മദ്യം മുഖത്തൊഴിച്ചും ജാതിവിളിച്ചും അധിക്ഷേപിച്ചെന്നാണ് മധു പറയുന്നത്. എന്നാൽ, മറ്റു തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കാതിരുന്നതിനാണ് മധുവിനെ പുറത്താക്കിയതെന്നാണു ക്ലബ് ഭരണനേതൃത്വത്തിന്റെ വിശദീകരണം.

മൂന്ന് മാസമായി ജോലിയും ശമ്പളവുമില്ലാത്ത അവസ്ഥയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മധു പറയുന്നു. 1979ൽ പതിമൂന്നാം വയസിലാണു മധു ക്ലബിൽ ജോലിക്കെത്തിയത്. പിതാവിനും ഇവിടെയായിരുന്നു ജോലി. അതിന്റെ പരിഗണനയും ലഭിച്ചിരുന്നുവെന്നും വളരെ സ്നേഹത്തോടെ തന്നെയാണു മുൻകാല സെക്രട്ടറിമാരും ഭാരവാഹികളും പെരുമാറിയിട്ടുള്ളതെന്നും എന്നാൽ ഇപ്പോഴത്തെ ഭാരവാഹികളുടെ ഭാഗത്തുനിന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങളും മറ്റും വെട്ടിക്കുറച്ചപ്പോൾ അത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും മധു പറയുന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കണമെന്നും അപേക്ഷിച്ചിട്ടും പരിഹാരമാകാതെ വന്നപ്പോൾ ലേബർ കമ്മീഷനിൽ പരാതി നൽകിയെന്നും മധു ചൂണ്ടിക്കാട്ടി.

ട്രിവാൻഡ്രം ക്ലബിൽ ജീവനക്കാരോടുള്ള ഭാരവാഹികളുടെ പെരുമാറ്റം പീഡനത്തിലേക്കും ചൂഷണത്തിലേക്കും കടന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. മാസത്തിൽ മൂന്ന് അവധിയിൽ കൂടുതലെടുത്താൽ ശമ്പളം കട്ട് ചെയ്യുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്യും. തുടർന്നാണ് ലേബർ കമ്മീഷനിൽ പരാതി നൽകിയത്. തുടർന്ന് ലേബർ കമ്മിഷനും മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടത്തുകയും ക്ലബിലെ മൂന്നംഗ കമ്മിറ്റി രൂപീകരിച്ച് തൊഴിലളി പ്രശ്നങ്ങൾ പഠിക്കാൻ തീരുമാനിക്കുകയുമായിരുന്നു. പിന്നീട് തൊഴിലാളികളിൽനിന്നു വീണ്ടും അഭിപ്രായങ്ങൾ രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു.

തൊഴിലാളികളുടെ പ്രശ്നങ്ങൾ പരഹരിക്കുന്നതിനും തൊഴിൽ ചൂഷണം ഒഴിവാക്കുന്നതിനുമായി ശിവസേനയുടെ നേതൃത്വത്തിൽ യൂണിയനും പ്രവർത്തിച്ചിരുന്നു. ഭാരവാഹികളുടെ മർദ്ദനത്തിനിരയായ മധു ശിവസേനയിലെ യൂണിയൻ അംഗമായിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബർ അഞ്ചിന് വൈകുന്നേരം തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചെങ്കിലും മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുക്കാൻ തയ്യാറായില്ല. തുടർന്ന് വൈകുന്നേരത്തെ ഷിഫ്റ്റ് തുടങ്ങുന്നതിന് മുൻപായി ജീവനക്കാരുടെയും ശിവസേന യൂണിയൻ ഭാരവാഹികളുടേയും ഒരു ഗേറ്റ് മീറ്റിങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.

മുഖത്തു മദ്യം ഒഴിച്ചത് വിജി തമ്പിയും കൂട്ടരും

മീറ്റിങ്ങ് കഴിഞ്ഞതിനു ശേഷം താനുൾപ്പടെയുള്ളവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് ഉദയകുമാർ, കിരൺ എന്നീ രണ്ട് ക്ലബ് അംഗങ്ങൾ എത്തുകയും ഇനി നിൽക്കേണ്ട നിങ്ങൾ സമരമൊക്കെ ചെയ്തതല്ലേയെന്നും പറയുകയും വീട്ടിൽ പൊയ്ക്കോളു എന്ന് നിർദ്ദേശിക്കുകയുമായിരുന്നു. തങ്ങൾ ഡ്യൂട്ടി സമയത്ത് അല്ല പുറത്ത് പോയതെന്നും പിന്നെ എന്തിനാണ് പിരിച്ചുവിടുന്നതെന്നും ചോദിച്ചപ്പോൾ പുറത്തു പോകണം എന്ന് വീണ്ടും ആവർത്തിക്കുകയായിരുന്നു. പിന്നീട് മ്യൂസിയം പൊലീസ് എത്തി സമരവും അടിയും നടന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. എന്നാൽ സമരം നടന്നിട്ടില്ലെന്നും യോഗം കൂടുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞപ്പോൾ പൊലീസ് മടങ്ങി പോവുകയായിരുന്നുവെന്നും മധു പറയുന്നു.

പിന്നീട് രാത്രി ഒൻപത് മണിയോടെ വിജി തമ്പി ഉൾപ്പടെയുള്ള ക്ലബ് അംഗങ്ങൾ മദ്യം നിറച്ച ഗ്ലാസുകളുമായി ഇറങ്ങി വരുകയും അസഭ്യം പറഞ്ഞ് ഇറങ്ങെടാ എല്ലാവനും എന്നു പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. നീയാണ് ഇവിടുത്തെ പ്രധാന പ്രശ്നക്കാരനെന്ന് പറഞ്ഞ് മദ്യമെടുത്ത് ഒഴിക്കുകയും പിടിച്ച് തള്ളിയിട്ട് അജിത് എന്ന മറ്റൊരു അംഗം മുതുകത്ത് അടിക്കുകയും ഇറങ്ങെടാ പട്ടി പുലയന്റെ മോനെ എന്ന് വിളിച്ച് ബഹളമുണ്ടാക്കുകയുമായിരുന്നു. കോൺഗ്രസ് പ്രാദേശിക നേതാവായ ശാസ്തമംഗലം മോഹനൻ എന്നയാളുടെ രാഷ്ട്രീയ സ്വാധീനമുൾപ്പടെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും മധു പറയുന്നു.

ജോലിയിൽ തിരിച്ചെടുക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഒരു തീരുമാനവും അറിയിച്ചില്ല. 38 വർഷത്തെ സർവ്വീസ് വെട്ടിക്കുറച്ച് 25 വർഷമെന്ന് രേഖപ്പെടുത്തി ആനുകൂല്യങ്ങൾ കുറച്ചുവെന്നും ഇപ്പോൾ ജോലി തിരികെ ലഭിക്കുന്നതിന്റെ ഭാഗമായി ഓരോ ആവശ്യങ്ങൾ വരുന്നതിനാൽ മറ്റ് ജോലിക്കും പോകാനാകുന്നില്ല. ഭാര്യയും മകളും ജോലിക്ക് പോകുന്ന വരുമാനം മാത്രമാണ് മകൻ കൂടി ഉൾപ്പെട്ട കുടുംബത്തിന്റെ ആശ്രയമെന്നും മധു പറയുന്നു.

ആരോപണങ്ങൾ തെറ്റെന്ന് വിജി തമ്പി

എന്നാൽ മധുവിന്റെയും ശിവസേനയുടേയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മറ്റ് തൊഴിലാളികൾക്ക് ജോലി ചെയ്യാൻ പോലും അനുവദിക്കാതിരുന്നതിനാണ് മധുവുൾപ്പടെയുള്ളവരെ പുറത്താക്കിയതെന്നും ട്രിവാൻഡ്രം ക്ലബ് സെക്രട്ടറി വിജി തമ്പി മറുനാടൻ മലയാളിയോട് പറഞ്ഞു. യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കാത്ത തൊഴിലാളികളെ ജോലി തടസ്സം ശ്രിഷ്ടിക്കുകയും കമ്പ്യൂട്ടർ ഉൾപ്പടെ കേടാക്കിയെന്നും പരാതികളുണ്ട്. യാളുൾപ്പടെയുള്ളവർക്കെതിരെ ജീവനക്കാർ തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങൾ പറഞ്ഞ് പ്രചരിപ്പിച്ചതിന് മാനനഷ്ടത്തിന് കേസ് നൽകുമെന്നും വിജി തമ്പി മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP