Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മനോരമ ലേഖകൻ ജയൻ മേനോനെ പ്രതിക്കൂട്ടിലാക്കിയ അഴിമതി റിപ്പോർട്ട് മലയാളം വാരികയിൽ; തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ തിരിമറിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം; ക്ലബ്ബ് ജനറൽ ബോഡി മാറ്റിയത് ആരെ രക്ഷിക്കാൻ ?

മനോരമ ലേഖകൻ ജയൻ മേനോനെ പ്രതിക്കൂട്ടിലാക്കിയ അഴിമതി റിപ്പോർട്ട് മലയാളം വാരികയിൽ; തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ തിരിമറിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം; ക്ലബ്ബ് ജനറൽ ബോഡി മാറ്റിയത് ആരെ രക്ഷിക്കാൻ ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അധികാര ദുർവിനിയോഗവും നടന്നുവെന്നും അതുവഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ആധരിക പരിശോധനാ സമിതി റിപ്പോർട്ട്. സമകാലിക മലയാളം വാരികയിലൂടെ പി.എസ് റംഷാദാണ് പരിശോധനാ സമിതി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഇത് പുതിയ ചർച്ചകൾക്ക് വഴി വച്ചു. അന്വേഷണം നടക്കുമ്പോൾ തന്നെ ഇതിലെ ക്രമക്കേടുകൾ വ്യക്തമായി മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ടും. ഇത് വിശദമായി ചർച്ച ചെയ്യാൻ ഇന്ന് പ്രസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേരാനിരുന്നതാണ്. മലയാളത്തിലെ വാർത്ത പുതിയ ചർച്ചകൾക്ക് വഴിവച്ച സാഹചര്യത്തിലാണ് ഇത്.

മലയാള മനോരമ ലേഖകൻ ജയൻ മേനോനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് അന്വേഷണ സമിതി റിപ്പോർട്ട്. പ്രസ് ക്ലബ്ബിൽ ജയൻ മേനോൻ സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് നടന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ഫണ്ടുകൾ പ്രസ് ക്ലബ്ബിലേക്ക് ലഭിച്ചിരുന്നു. മിഡിയാ സെന്റിന്റെ ഭാഗമായിട്ടായിരുന്നു അത്. ഈ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് പോലും പ്രസ് ക്ലബ്ബിന്റെ കഴിഞ്ഞ തവണത്തെ യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം മാറ്റി വച്ചത്. ജയന്മേനോൻ അടക്കമുള്ളവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്നത്തെ ജനറൽ ബോഡി യോഗം മാറ്റിവച്ചതെന്നാണ് സൂചന. എന്നാൽ പ്രസ് ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റ് ആർ അജിത് കുമാർ കടുത്ത നിലപാടിലാണ്.

ബി.വി പവനൻ, ജീമോൻ ജേക്കബ്, പി. ശ്രീകുമാർ, സി.രാജ, എസ്. ചന്ദ്രമോഹൻ എന്നിവരുൾപ്പെട്ട പരിശോധനാ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. കൺവീനറായിരുന്നു പവനൻ നാലു യോഗങ്ങൾക്കുശേഷം പിന്മാറി. തുടർന്ന് കൺവീനർ ഇല്ലാതെയാണ് സമിതി അന്വേഷണം പൂർത്തിയാക്കിയത്. 2010 മുതലുള്ള പ്രസ് ക്ലബ്ബിന്റെ വരവു ചെലവ് കണക്കുകൾ പരിശോധിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയത്. ഡിസംബർ 31ന് തിരുവനന്തപുരം പ്രസ് ക്ലബ് അംഗങ്ങളുടെ വാർഷിക പൊതുയോഗത്തിലാണ് പരിശോധനാ സമിതി റിപ്പോർട്ട് അവതരിപ്പിച്ചത്. തുടർന്ന് വിശദമായ ചർച്ചയുമുണ്ടായി. അതിന് ശേഷം ഓഫീസ് സെക്രട്ടറിയെ സസ്‌പെന്റെ ചെയ്യുകയും ചെയ്തു. ഗുരുതരമായ സാമ്പത്തിക അഴിമതിയാണ് റിപ്പോർട്ടിലുള്ളത്. ദേശീയ ഗെയിംസ് ഫണ്ടിന്റെ ദുരുപയോഗം വ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൂചന.

അതിനിടെ മലയാളം വാരികയിലെ വാർത്ത ശരിവച്ച് പ്രസ് ക്ലബ്ബ് അംഗമായ വി എസ് ശ്യാംലാൽ ഇട്ട പോസ്റ്റും ചർച്ചകൾക്ക് പുതിയ മാനം നൽകുകയാണ്. സമകാലിക മലയാളം വാരികയിൽ പി.എസ്.റംഷാദിന്റേതായി ഒരു വാർത്ത വന്നിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ 'പ്രസിദ്ധീകരണ യോഗ്യമല്ല, ഈ അഴിമതി'. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. വാർത്തയ്ക്കു കാരണമായ അന്വേഷണ റിപ്പോർട്ടിലേക്കു നയിച്ച ആരോപണങ്ങൾ ആദ്യം ഉയർത്തിയവരിൽ ഒരാൾ എന്ന നിലയിൽ ഇതെഴുതാൻ എനിക്ക് യോഗ്യതയുണ്ടെന്നു വിശ്വസിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭരണസമിതിയിൽപ്പെട്ട ചിലർ നടത്തിയ ക്രമക്കേടുകളെക്കുറിച്ചാണ് റിപ്പോർട്ട്. പക്ഷേ, ഈ റിപ്പോർട്ട് അന്തിമമായി ക്ലബ്ബിന്റെ പൊതുയോഗം അംഗീകരിച്ചിട്ടില്ല. റിപ്പോർട്ട് ചർച്ച ചെയ്യാൻ വേണ്ടി യോഗം ചേരാനിരിക്കുന്നതേയുള്ളൂ. അവിടെ ആരോപണവിധേയർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവകാശമുണ്ട്. പൊതുയോഗം അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. അച്ചടക്ക നടപടി ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അതൊക്കെ നടക്കാനിരിക്കുന്ന കാര്യം. ആ നിലയ്ക്ക് പൂർണ്ണമായ ഒരു റിപ്പോർട്ടല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് ശ്യാംലാൽ വിശദീകരിക്കുന്നത്.

അന്വേഷണ സമിതി റിപ്പോർട്ട് പ്രസ് ക്ലബ്ബിന്റെ പൊതുയോഗത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടതാണ്. ഒരു അംഗമെന്ന നിലയിൽ പി.എസ്.റംഷാദിനും അതിന്റെ പകർപ്പ് ലഭിച്ചു. അതു പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം റംഷാദിനുണ്ട്. പക്ഷേ, ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ച രീതിയോട് എനിക്ക് അശേഷം യോജിപ്പില്ല. ഭാരവാഹികളുടെ കൂട്ടത്തിലുണ്ടായിരുന്ന ആറ് അംഗങ്ങളും രണ്ടു ജീവനക്കാരുമടക്കം എട്ടു വ്യക്തികൾക്കും ഒരു സ്ഥാപനത്തിനുമെതിരെ നടപടിയെടുക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, മലയാളത്തിൽ റംഷാദിന്റെ വാർത്ത വായിച്ചാൽ തോന്നുക അന്വേഷണ സമിതിയിലെ നാലംഗങ്ങൾ ഒഴികെ ബാക്കി പ്രസ് ക്ലബ്ബിലെ 430 അംഗങ്ങളും തീവെട്ടിക്കൊള്ളക്കാരാണെന്നും പ്രസ് ക്ലബ്ബ് എന്ന സ്ഥാപനം അഴിമതിയുടെ കൂത്തരങ്ങാണെന്നുമാണ്. അന്വേഷണ സമിതി റിപ്പോർട്ട് വാർത്തയാക്കുമ്പോൾ ആരോപണവിധേയരുടെ പേരുകൂടി പ്രസിദ്ധീകരിക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും ശ്യാംലാൽ വിശദീകരിക്കുന്നു. അഴിമതിക്കാർക്കെതിരെ പ്രസ് ക്ലബ്ബ് നടപടിയെടുത്തില്ലെങ്കിൽ ഇതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് പൊതുയോഗത്തിൽ പ്രസംഗിച്ചതായി റംഷാദിന്റെ വാർത്തയിൽ പറഞ്ഞിരിക്കുന്ന വ്യക്തി ഞാൻ തന്നെയാണെന്നും ശ്യാംലാൽ പറയുന്നു.

ഇത്തരം ചർച്ചകൾ പൊതു സമൂഹത്തിൽ ചർച്ചയായതോടെയാണ് ഇന്നത്തെ ജനറൽ ബോഡി യോഗം മാറ്റി വച്ചതെന്നാണ് സൂചന. കഴിഞ്ഞ ജൂലൈ 19ന് ചേർന്ന പൊതുയോഗം കണക്കുകൾ പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിയുടേതാണ് കണ്ടെത്തൽ. പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട 95% വൗചചറുകളും ക്രമപ്രകാരമാക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് സമിതി കണ്ടെത്തിയത്. ഓഫീസ് സെക്രട്ടറി തന്നെ ഒട്ടേറെ വൗച്ചറുകൾ തയ്യാറാക്കി പണം കൈപ്പറ്റിയിട്ടുണ്ട്. ഭാരവാഹികളുടെ ഒപ്പില്ലാത്ത നൂറു കണക്കിന് വൗച്ചറുകളുണ്ടെന്നും പരിശോധനാ സമിതി റിപ്പോർട്ടിൽ പറയുന്നു. ജനറൽ ബോഡി, ക്ലബ് ഡേ തുടങ്ങിയ ദിവസങ്ങളിലെ ചെലവ് മിക്കതും അഴിമതിക്ക് വഴിതുറക്കുന്നതാണ്. പൊതുമദ്യപനത്തിനു പുറമേ കുടുംബമേള, കായികമേള, ജേണലിസ്റ്റ് പ്രീമിയർ ലീഗ് എന്നിവയുമായി ബന്ധപ്പെട്ട് ഭാരവാഹികളും അല്ലാത്ത അംഗങ്ങളുടം നടത്തിയ മദ്യപാനത്തിന്റെ ചിലവും ക്ലബ് വഹിച്ചു.

'2012 ഫെബ്രുവരി രണ്ടിന് മദ്യം വാങ്ങിയത് 10,165 രൂപയ്ക്കാണെങ്കിൽ 2014 മെയ് 31ന് അത് 64,620 രൂപയ്ക്കായി. പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല. 2013 ഓഗസ്റ്റ് 24നു ചേർന്ന ജനറൽ ബോഡിക്കുവേണ്ടി 41.5 ലിറ്റർ മദ്യവും 63 ലിറ്റർ ബിയറും വാങ്ങി. 2014 മെയ് 31ന്റെ ജനറൽ ബോഡിയിൽ പങ്കെടുത്തവർ പുകച്ചത് 1,600 സിഗരറ്റ്' '2013ലെ ജെ.പി.എല്ലിൽ 36,710 രൂപയും പിറ്റേവർഷം 47,717 രൂപയുമാണ് മദ്യപാനത്തിനു ചിലവഴിച്ചത്. മദ്യത്തിനു മാത്രമായി ആദ്യ ജെ.പി.എല്ലിൽ 94,030 രൂപയും രണ്ടാം ജെ.പി.എല്ലിൽ 1,26,155 രൂപയുമാണ് ചെലവിട്ടത്.' റിപ്പോർട്ടിൽ പറയുന്നു. ബില്ലോ രേഖയോ ഇല്ലാതെ 201011 കാലത്ത് ആയിരക്കണക്കിനു രൂപ എഴുതിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. അംഗങ്ങളുടെ മാതാപിതാക്കൾ മരിക്കുമ്പോൾ വീടുകളിൽ പോകുന്നതിന് യാത്ര, റീത്ത് തുടങ്ങിയ ചെലവ്ക്കു പുറമേ 'എന്റർടെയ്ന്മെന്റ്' ഇനത്തിൽ ആയിരക്കണക്കിന് രൂപ എഴുതിയെടുത്തുവെന്നത് പരിശോധനാ സമിതിക്ക് ഞെട്ടലുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ജെ.പി.എൽ ധൂർത്തിനും അഴിമതിക്കുമുള്ള അവസരമായി മാറി. ആദ്യവർഷം ക്രിക്കറ്റ് പിച്ച് തയ്യാറാക്കിയതിനു 68,970 രൂപ ചെലവായെന്നു പറയുന്നു. രണ്ടാം വർഷം ഇതേ കാര്യത്തിന് 22,000 രൂപ. ആദ്യവർഷം ഫോട്ടോ എടുത്തത് ആൽബമാക്കാൻ 38,000 രൂപയും രണ്ടാവർഷം ഇതിന് 10,000 രൂപയും ആയി. ജെ.പി.എല്ലിന്റെ പന്തൽ ഇടപാടിൽ മാത്രം നഷ്ടം ഒന്നരലക്ഷമെന്നാണ് കണക്ക്. റൂഫ് ടോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേട് എന്നാണ് സമിതിയുടെ കണ്ടെത്തൽ. വൻ ചെലവ് വരുന്നവയ്ക്കുപോലും ക്വട്ടേഷനുകൾ ഇല്ലാതെയാണു കരാറുകൾ നൽകിയത്. ഇത് ലക്ഷക്കണക്കിനു രൂപയുടെ അഴിമതിക്കു കളമൊരുക്കിയെന്നും സമിതി പറയുന്നു.

 

വാർത്ത എഴുതുന്നവരെക്കുറിച്ചുള്ള വാർത്ത------------------------------------------------------സമകാലിക മലയാളം വാരികയ...

Posted by VS Syamlal on Saturday, January 9, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP