Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത് പ്രസ്‌ക്ലബിലെത്തി; സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കൂക്കിവിളിച്ച് പ്രതിഷേധക്കാർ; വിജയം കാണുന്നത് ആത്മാഭിമാനത്തോടെ തൊഴിലെടുക്കാൻ പൊരുതുന്ന പെൺകൂട്ടായ്മയുടെ പോരാട്ട വീര്യം

വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത് പ്രസ്‌ക്ലബിലെത്തി; സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കൂക്കിവിളിച്ച് പ്രതിഷേധക്കാർ; വിജയം കാണുന്നത് ആത്മാഭിമാനത്തോടെ തൊഴിലെടുക്കാൻ പൊരുതുന്ന പെൺകൂട്ടായ്മയുടെ പോരാട്ട വീര്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. സദാചാര പൊലീസ് ചമഞ്ഞ് വനിതാ മാധ്യമപ്രവർത്തകയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പ്രസ് ക്ല്ബിലെത്തിയാണ് പേട്ട പൊലീസ് ഇയാളുടെ അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പൊലീസ് പ്രസ്‌ക്ലബിലെത്തിയത്.

രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ മാധ്യമ പ്രവർത്തകർ രാവിലെ മുതൽ തന്നെ പ്രസ്‌ക്ലബിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതോടെ വനിതാ മാധ്യമപ്രവർത്തകർ ഇയാളെ കൂക്കിവിളിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന് മുമ്പിൽ പ്രതിഷേധവുമായി എത്തിയ വനിതാ മാധ്യമപ്രവർത്തകർ ക്ലബ് ഓഫീസ് ഉപരോധിക്കുകയും ചെയ്തു. രാധാകൃഷ്ണനെ അറസ്റ്റു ചെയ്യണമെന്നും പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവതിയുടെ സഹപ്രവർത്തകൻ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത് രാധാകൃഷ്ണനും സംഘവും ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുമായി കഴിയുന്ന മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തത്. മാധ്യമ പ്രവർത്തകൻ കൂടിയായ യുവതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പ്രസ് ക്ലബ് സെക്രട്ടറിയും സംഘവുമെത്തിയത്. ശനിയാഴ്ച രാത്രി പത്തു മണിയോടെ യുവതിയുടെ വീട്ടിൽ വന്ന് മടങ്ങിയ സുഹൃത്തിനെ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ചോദ്യം ചെയ്യുകയും വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. വീട്ടിലേക്ക് ഇവർ അതിക്രമിച്ച് കയറിയെന്നും പരാതിയിൽ പറയുന്നു.

സഹപ്രവർത്തകനായ സുഹൃത്ത് എന്തിനാണ് രാത്രി വീട്ടിലെത്തിയെന്ന് ചോദിച്ച രാധാകൃഷ്ണൻ മോശം ഭാഷയിലാണ് തന്നോട് സംസാരിച്ചതെന്നും യുവതി ആരോപിക്കുന്നു. ഇതിനിടെ സഹപ്രവർത്തകനെ രാധാകൃഷ്ണനും സംഘവും മർദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. തുടർന്ന് തന്നെയും മക്കളേയും മറ്റൊരു മുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി. ഭർത്താവിനെ വിളിക്കാമെന്ന് പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്നും നിങ്ങൾ സമ്മതിച്ചാൽ ആരും അറിയാതെ പ്രശ്‌നം ഒതുക്കിത്തീർക്കാമെന്ന് പറഞ്ഞെന്നും യുവതി ആരോപിക്കുന്നു.

'വീടിന്റെ വാതിലിൽ മുട്ടുകേട്ട് വാതിൽ തുറന്നു നോക്കി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കുറച്ചു പേർ മുറ്റത്ത് നിൽക്കുന്നു. അൽപം മുൻപ് വീട്ടിൽ നിന്നും മടങ്ങിയ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ, ഇയാൾ എപ്പോഴും ഇവിടെ വരാറുണ്ടെന്ന് നാട്ടുകാർ വിളിച്ചറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇവിടെ എത്തിയിരുന്നതെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. ഇതും പറഞ്ഞ് രാധാകൃഷ്ണനും സംഘവും അതിക്രമിച്ച് കയറി. സുഹൃത്തിനെ തല്ലുകയും എന്നേയും മക്കളേയും റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ചെയ്തു.' - പരാതിക്കാരി പറയുന്നു.

രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ വനിതാ മാധ്യമ പ്രവർത്തകർ പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചിരുന്നു. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകൾ രാധാകൃഷ്ണന് ഒരു കുപ്പി ചാണകവെള്ളവും സമ്മാനിച്ചു. തുടർന്ന് മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അവർ പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കേരളാ കൗമുദിയിൽ ജോലി ചെയ്യുന്ന രാധാക്യഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാര ഗുണ്ടായിസം കാട്ടിയത്. ഇതിനെതിരെ മാധ്യമ പ്രവർത്തകയും ഭർത്താവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

നേരത്തെ സൈബർ ലോകത്തും സദാചാര ഗുണ്ടാ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വനിതാ മാധ്യമ പ്രവർത്തകരുടെ ഫേസ്‌ബുക്ക് ക്യാംപയിനാണ് ഈ വിഷയതത്തിൽ നടക്കുന്നത്. കേരളത്തിലെ മാധ്യമ പ്രവർത്തക, സ്വന്തം കുട്ടികളുടെ മുന്നിൽ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം നേരിട്ട വിവരത്തിൽ കൃത്യവും നീതി പൂർവവുമായ അന്വേഷണത്തിലൂടെ ഇരയായ മാധ്യമപ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് ഫേസ്‌ബുക്കിലൂടെ കുറിപ്പ് പങ്കു വെക്കുകയാണ് മാധ്യമപ്രവർത്തകർ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്റെ ക്രിമിനൽ സ്വഭാവം മാധ്യമ പ്രവർത്തകരിൽ അരക്ഷിത ബോധം ഉണ്ടാക്കുന്നുവെന്നും രാധാകൃഷ്ണന്റെ അപവാദ പ്രചരണങ്ങൾ തങ്ങളുടെ സുഹൃത്തിനെ മാനസികമായി തളർത്തുന്ന തരത്തിലുള്ളതാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ മാധ്യമപ്രവർത്തകർ പറയുന്നു. ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴിൽ എടുക്കുന്നവരാണ് തങ്ങളെന്നും ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂർവവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യർത്ഥിക്കുന്നതായും പോസ്റ്റിൽ പറയുന്നു. മാധ്യമ പ്രവർത്തകരായ സ്മൃതി പരുത്തിക്കാട്, ഷാനി പ്രഭാകരൻ, ഷാഹിന നഫീസ, അപർണ തുടങ്ങി ധാരാളം പേരാണ് ക്യാംപയിനുമായി മുന്നിട്ടിറങ്ങിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി,

ഞങ്ങൾ വനിതാ മാധ്യമ പ്രവർത്തകർ, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. ഒരു മാധ്യമ പ്രവർത്തക, സ്വന്തം കുഞ്ഞുങ്ങളുടെ ( ഏഴും എട്ടും വയസു മാത്രം പ്രായമുള്ള) മുന്നിൽ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം അങ്ങും അറിഞ്ഞിരിക്കുമല്ലോ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ ഈ സംഭവത്തിലൂടെ വെളിവാക്കിയ ക്രിമിനൽ സ്വഭാവം ഞങ്ങൾ ഓരോരുത്തരിലും അരക്ഷിത ബോധം ഉളവാക്കുന്നു. എന്നാൽ അതിനേക്കാൾ നടുക്കം ഉണ്ടാക്കുന്നതാണ് ഞങ്ങളുടെ സുഹൃത്തിനെ മാനസികമായി പൂർണമായും തകർക്കുന്ന തരത്തിലെ അയാളുടെ അപവാദ പ്രചാരണങ്ങൾ. എഫ്.ഐ.ആർ എടുത്ത ജാമ്യമില്ലാ കേസ് നില നിൽക്കുമ്പോൾ തന്നെ രാധാകൃഷ്ണൻ ഞങ്ങളുടെ സുഹൃത്തിനെയും അവരെ പിന്തുണയ്ക്കുന്നവരെയും അങ്ങേയറ്റം അപഹസിച്ച് നിന്ദ്യമായ കഥകൾ ഇറക്കിയിട്ടുണ്ട് (അയാൾ അയച്ച മെയിൽ പരിശോധിച്ചാൽ ഇതു മനസ്സിലാകും )

രാധാകൃഷ്ണന്റെയും സത്യം അറിയാൻ ശ്രമിക്കാതെ അയാളെ പിന്തുണയ്ക്കുന്നവരുടെയും വാദങ്ങൾ കാണുമ്പോൾ പ്രതികരിക്കുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു ഞങ്ങൾ വീണ്ടും ഉത്കണ്ഠപ്പെടുകയാണ്. ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴിൽ എടുക്കുന്നവരാണ് ഞങ്ങൾ. ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂർവവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP