Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സങ്കേതം പൂട്ടിച്ച വിനു വി ജോണിനു കുറ്റവിചാരണയ്ക്കു ഹാജരാകാൻ ഇണ്ടാസു നൽകി തിരുവനന്തപുരം പ്രസ് ക്ലബ്; അനധികൃത മദ്യ ബിസിനസിനെതിരെ പ്രതികരിച്ചതിനു കിട്ടിയ അപകീർത്തി നോട്ടീസ് ട്വിറ്ററിൽ പോസ്റ്റുചെയ്ത് ഏഷ്യാനെറ്റ് അവതാരകൻ; ക്ലബ്ബിലെ ബാർ പൂട്ടിച്ചതിനു വിനുവിനു പിന്തുണയുമായി സോഷ്യൽ മീഡിയ

സങ്കേതം പൂട്ടിച്ച വിനു വി ജോണിനു കുറ്റവിചാരണയ്ക്കു ഹാജരാകാൻ ഇണ്ടാസു നൽകി തിരുവനന്തപുരം പ്രസ് ക്ലബ്; അനധികൃത മദ്യ ബിസിനസിനെതിരെ പ്രതികരിച്ചതിനു കിട്ടിയ അപകീർത്തി നോട്ടീസ് ട്വിറ്ററിൽ പോസ്റ്റുചെയ്ത് ഏഷ്യാനെറ്റ് അവതാരകൻ; ക്ലബ്ബിലെ ബാർ പൂട്ടിച്ചതിനു വിനുവിനു പിന്തുണയുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രസ്‌ ക്ലബ്ബിലെ അനധികൃത ബാറിനും മദ്യപാനത്തിനുമെതിരെ പരസ്യമായി പ്രതികരിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകനും ഔട്ട്പുട്ട് എഡിറ്ററുമായ വിനു വി ജോൺ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് പ്രസ്‌ക്‌ളബ് മാനേജിങ് കമ്മിറ്റിയുടെ ഇണ്ടാസ്. അച്ചടക്കസമിതിക്കു മുന്നിൽ സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് നൽകിയിട്ടുള്ളത്.

പ്രസ്‌കളബിന്റെ സെല്ലാറിൽ സങ്കേതമെന്ന പേരിൽ നടന്നിരുന്ന അനധികൃത ബാറിനെതിരെ നടപടിയെടുക്കാത്തതിന്റെ പേരിൽ എക്‌സൈസ് കമ്മീഷണറെ ഉദ്ദേശിച്ച് 'ഷെയിം ഓൺ യു സിങ്കം' എന്ന് വിനു വി ജോൺ ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനുപിന്നാലെ പ്രസ്‌കഌബിലെ അനധികൃത ബാർ പൂട്ടേണ്ടിവന്നതോടെ വിനു വി ജോണിനെതിരെ പ്രസ്‌ക്ലബ് അംഗങ്ങൾ തിരിയുകയായിരുന്നു.

പ്രസ്‌ക്‌ളബ് അംഗമായിരിക്കെ ക്ലബിനെ അപകീർത്തിപ്പെടുത്തുംവിധം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന്റെ പേരിൽ വിനുവിനെതിരെ അന്വേഷണം നടത്താൻ അച്ചടക്ക സമിതിയെ നിയോഗിക്കുകയും ചെയ്തു. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട പ്രസ്‌ക്‌ളബ് നൽകിയ നോട്ടീസും ട്വിറ്ററിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് വിനു ഇതിനോട് പ്രതികരിച്ചത്. ഈ പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രസ്‌ക്‌ളബ് ഭരണസമിതി പുതിയ ഇണ്ടാസ് വിനുവിന് നൽകിയിരിക്കുന്നത്.

'ക്ലബിലെ ഒരു അംഗമെന്ന നിലയിൽ താങ്കൾക്കുള്ള എല്ലാ അവകാശങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കേണ്ടതിനു പകരം അതിന് വിരുദ്ധമായ പ്രവൃത്തികളാണ് താങ്കൾ നടത്തിയത്. ആയതിനാൽ അച്ചടക്ക സമിതിക്കു മുമ്പാകെ ഹാതരാജി താങ്കൾ വിശദീകരണം നൽകണമെന്ന് മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. 2016 സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസ്‌ക്ലബിൽ ചേരുന്ന അച്ചടക്ക സമിതിക്കു മുന്നിൽ നേരിട്ടു ഹാജരാകണമെന്ന് അറിയിക്കുന്നു.' പ്രസ്‌ക്‌ളബ് മാനേജിങ് കമ്മിറ്റി നൽകിയ പുതിയ നോട്ടീസിൽ പറയുന്നു.

അതേസമയം, മുമ്പ് നൽകിയ നോട്ടീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത് പ്രതികരിച്ചതിനെ ചോദ്യംചെയ്തുള്ള പുതിയ നോട്ടീസും ട്വിറ്ററിൽ ഷെയർ ചെയ്താണ് വിനു വി ജോൺ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇതോടെ പ്രമുഖ മാദ്ധ്യമപ്രവർത്തകനും തിരുവനന്തപുരം പ്രസ്‌കഌും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ മാനത്തിലേക്ക് നീങ്ങുകയാണ്.

'അനധികൃത മദ്യ ബിസിനസ് പ്രശ്‌നം ഉയർത്തിയതിന് അപകീർത്തി നോട്ടീസ്. സ്വതന്ത്രാഭിപ്രായ പ്രകടനത്തിനായുള്ള യുദ്ധം' എന്നു പറഞ്ഞുകൊണ്ടാണ് വിനു പ്രസ്‌കഌബിന്റെ പുതിയ നോട്ടീസും പോസ്റ്റുചെയ്ത് ട്വിറ്ററിൽ പ്രതികരിക്കുന്നത്. ഇതോടെ സെപ്റ്റംബർ ഏഴിന് നടക്കുന്ന പ്രസ്‌ക്‌ളബ് അച്ചടക്ക സമിതിയുടെ കുറ്റവിചാരണ പുതിയ മാനങ്ങളിലെത്തുമെന്ന് ഉറപ്പായി. അതേസമയം പ്രസ്‌കഌബിലെ അനധികൃത ബാറിനെതിരെ പ്രതികരിച്ചതിനും ഈ വിഷയത്തിൽ നടത്തുന്ന പോരാട്ടങ്ങളെ അഭിന്ദിച്ചും നിരവധിപേർ വിനു വി ജോണിന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.

കത്തിൽ വിനുവിനെതിരെ പ്രസ്‌ക്‌ളബ് ഉന്നയിക്കുന്ന ആരോപണങ്ങൾ ഇവയാണ്: സമൂഹ മാദ്ധ്യമങ്ങളിൽ ക്‌ളബ് അംഗങ്ങളെ തെരുവുനായ്ക്കൾ എന്നർത്ഥം വരുന്ന രീതിയിൽ അധിക്ഷേപിച്ച് പോസ്റ്റിട്ടു കഌബിനെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തി. ഏഷ്യാനെറ്റ് ന്യൂസിൽ താങ്കൾ നടത്തുന്ന പ്രത്യേക പരിപാടികളിൽ പ്രസ് കഌബിനെ അപകീർത്തിപ്പെടുത്തുംവിധം പരാമർശമുണ്ടായതായി പരാതി ഉയർന്നു. നമ്മുടെ വനിതാ അംഗങ്ങളടക്കം എത്തുന്ന റിക്രിയേഷൻ സെന്ററിനെതിരെ താങ്കൾ നടത്തിയ പരാമർശങ്ങൾ അംഗങ്ങളെയാകെ അധിക്ഷേപിക്കുന്ന വിധത്തിലായി.

സെക്രട്ടറി നൽകിയ വിശദീകരണ കത്തുപോലും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്ത് വിവാദമുണ്ടാക്കാൻ ശ്രമിച്ചു. താങ്കൾക്കുമാത്രം നൽകി താങ്കൾ നേരിട്ട് കൈപ്പറ്റിയ കത്ത് എങ്ങനെ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. - കത്തിൽ പറയുന്നു. മുൻപ് നൽകിയ ഷോ കോസ് നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നും പുതിയ കത്തിൽ വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കുറ്റവിചാരണയ്ക്ക് സമയം നിശ്ചയിച്ച് വിനു വി ജോണിന് നോട്ടീസ് നൽകിയിരിക്കുന്നത്. 

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രസ്‌ക്ലബിനെ അപകീർത്തിപ്പെടുത്തും വിധം പെരുമാറിയെന്ന് ആരോപിക്കുക മാത്രം ചെയ്തുകൊണ്ട് സങ്കേതം പൂട്ടിക്കാൻ ശ്രമിച്ചെന്നും അനധികൃത മദ്യവിൽപനയെപ്പറ്റി പുറത്തുപറഞ്ഞെന്നുമുള്ള ആരോപണങ്ങൾ വ്യക്തമാക്കാതെയായിരുന്നു മുൻപ് നോട്ടീസ് നൽകിയത്. അതിനാൽ നോട്ടീസ് വ്യക്തമല്ലെന്നും എങ്ങിനെ അപകീർത്തിപ്പെടുത്തിയെന്ന് വ്യക്തമാക്കണമെന്നമെന്നും എങ്കിൽ വിശദമായ മറുപടി നൽകാമെന്നും വിനു വി ജോൺ പ്രസ് ക്ലബ് സെക്രട്ടറിക്ക് തിരിച്ച് കത്തുനൽകുകയും ചെയ്തു.

അക്കാര്യം തുറന്നെഴുതി വിനുവിന് നോട്ടീസ് നൽകിയാൽ ബാർ നടത്തിയെന്ന് തുറന്നു സമ്മതിക്കേണ്ടിവരുമെന്നും ഇക്കാര്യവും വിനു പ്രചരിപ്പിച്ചേക്കുമെന്നും വ്യക്തമായതോടെയാണ് ഇപ്പോൾ പ്രസ്‌ക്‌ളബ് മാനേജിങ് കമ്മിറ്റി വിനുവിനെ നേരിട്ട് വിചാരണ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തം. ജൂലൈ 26ന് പ്രസ് ക്ലബ്ബിന്റെ അച്ചടക്ക സമിതി ചേർന്നെന്നും താങ്കളുടെ വിഷയത്തിൽ അച്ചടക്ക നടപടിക്ക് പര്യാപ്തമായ കുറ്റം കണ്ടെത്തിയെന്നും കാണിച്ചാണ് വിനുവിന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രസ് ക്ലബ്ബിനെ അപകീർത്തിപ്പെടുത്തുന്നു എന്ന ആരോപണത്തിൽ വ്യക്തത വരുത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും അച്ചടക്ക നടപടി എടുക്കാൻ പര്യാപ്തമാം വിധം ഞാൻ ചെയ്ത കുറ്റം എന്താണെന്ന് കത്തിൽ വ്യക്തമല്ലെന്നും ആയിരുന്നു വിനു നൽകിയ മറുപടി.

കത്തിൽ സൂചിപ്പിച്ച തരത്തിൽ 2016 ജൂലൈയിൽ ചേർന്ന ജനറൽ ബോഡിയിൽ എനിക്കെതിരെ ഉയർന്ന ആരോപണം എന്താണ്? ആ ചർച്ചയുടെ വിശദാംശങ്ങൾ മിനിറ്റ്‌സിൽ കാണുമല്ലോ. എന്നെ അറിയിക്കാനാവാത്ത വിധം രഹസ്യ സ്വഭാവം അതിനുണ്ടോ? എന്താണ് 2016 ജൂലൈ 26ന് ചേർന്ന അച്ചടക്ക സമിതി ച!ച്ച ചെയ്തത്? എങ്ങനെയാണ് ഞാൻ പ്രസ്‌ ക്ലബിന് അപകീർത്തിയുണ്ടാക്കിയത്? ഇക്കാര്യങ്ങൾ അറിയാതെ വിശദീകരണം തരാൻ കഴിയില്ലെന്ന് അങ്ങേക്കറിയാമല്ലോ. മേൽ സൂചിപ്പിച്ച കാര്യങ്ങൾ അറിയിക്കുമ്പോൾ വിശദമായ മറുപടി നൽകാം. സാമാന്യ നീതി അനുസരിച്ച് പ്രസ് ക്ലബ് ഭരണ സമിതി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസ് ക്ലബിന്റെ ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഞാൻ എപ്പോഴും സന്നദ്ധനാണ്. - ഇങ്ങനെയാണ് വിനു ആദ്യത്തെ നോട്ടീസിന് മറുപടി നൽകിയത്.

ഇതോടെ തന്ത്രം ഒന്നു മാറ്റിപ്പിടിച്ച പ്രസ്‌ക്‌ളബ് അധികൃതർ നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയാണിപ്പോൾ. മിനിട്‌സ് നേരിട്ടെത്തിയാൽ പരിശോധിക്കാമെന്നും പുതിയ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. മിനുട്‌സിൽ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് രഹസ്യസ്വഭാവമുണ്ടെന്ന് അറിയാമല്ലോ എ്ന്നുമാണ് ഇപ്പോൾ പ്രസ്‌ക്‌ളബ് മാനേജിങ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്ന നയം. നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന പ്രസ്‌ക്‌ളബ് ബാറിനെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ പ്രതികാര നടപടിയുടെ ഭാഗമായി നടപടിയെടുത്താൽ അത് തിരിച്ചടിക്കുമെന്ന് വ്യക്തമായതോടെയാണ് വിനുവിനെ പ്രസ്‌ക്ലബ്ബിൽ  നിന്ന് പുറത്താക്കാൻ ഇപ്പോൾ പുതിയ തന്ത്രവുമായി മാനേജിങ് കമ്മിറ്റിയുടെ നീക്കമെന്ന സൂചനകളാണ് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP