Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന്റെ ബുള്ളറ്റ് പ്രൂഫ് ലിമോസിൻ 'ദി ബീസ്റ്റ്' പ്രത്യേക വിമാനത്തിൽ ആഗ്രയിൽ പറന്നെത്തി; അകമ്പടിക്ക് റെഡിയായി യുഎസ് സീക്രട്ട് സർവീസിന്റേതടക്കം 69 വാഹനങ്ങൾ; മോടിപിടിപ്പിച്ച 15 കിലോമീറ്റർ റോഡിലൂടെ താജ്മഹലിൽ എത്തുമ്പോൾ ട്രംപിന് തോന്നുക ഉത്സവനഗരി പോലെ; മൊട്ടേര സ്‌റ്റേഡിയത്തിലേക്കുള്ള റോഡ് പൂക്കൾ കൊണ്ട് അലങ്കരിക്കാൻ മാത്രം ചെലവിടുന്നത് 3.7 കോടി; യമുനയിൽ നിന്നുള്ള ദുർഗന്ധം ട്രംപിന്റെ മൂക്കിലെത്തിരിക്കാൻ പ്രത്യേക സൂത്രം: ആഗ്രയും അഹമ്മദാബാദും ഇതിലും എങ്ങനെ സ്‌റ്റൈലാകും?

ട്രംപിന്റെ ബുള്ളറ്റ് പ്രൂഫ് ലിമോസിൻ 'ദി ബീസ്റ്റ്' പ്രത്യേക വിമാനത്തിൽ ആഗ്രയിൽ പറന്നെത്തി; അകമ്പടിക്ക് റെഡിയായി യുഎസ് സീക്രട്ട് സർവീസിന്റേതടക്കം 69 വാഹനങ്ങൾ; മോടിപിടിപ്പിച്ച 15 കിലോമീറ്റർ റോഡിലൂടെ താജ്മഹലിൽ എത്തുമ്പോൾ ട്രംപിന് തോന്നുക ഉത്സവനഗരി പോലെ; മൊട്ടേര സ്‌റ്റേഡിയത്തിലേക്കുള്ള റോഡ് പൂക്കൾ കൊണ്ട് അലങ്കരിക്കാൻ മാത്രം ചെലവിടുന്നത് 3.7 കോടി; യമുനയിൽ നിന്നുള്ള ദുർഗന്ധം ട്രംപിന്റെ മൂക്കിലെത്തിരിക്കാൻ പ്രത്യേക സൂത്രം: ആഗ്രയും അഹമ്മദാബാദും ഇതിലും എങ്ങനെ സ്‌റ്റൈലാകും?

മറുനാടൻ ഡെസ്‌ക്‌

 അഹമ്മദാബാദ്: വരുന്നത് ചില്ലറക്കാരനല്ല. സാക്ഷാൽ ഡൊണൾഡ് ട്രംപാണ്. അമേരിക്കൻ പ്രസിഡന്റ്. ട്രംപ് വരുന്നതിന്റെ പേരിൽ എന്തൊക്കെ ബഹളങ്ങളാണ് നടക്കുന്നതെന്ന് അന്തം വിട്ടിരിക്കുകയാണ് നാട്ടുകാർ. ട്രംപ് കടന്നുപോകുന്ന വഴിയിലെ ചേരികൾ മറയ്ക്കാൻ ഉയരത്തിൽ മതിൽ കെട്ടിയതൊക്കെ പഴയ വാർത്ത. ചെലവൊന്നും ആരും നോക്കുന്നില്ല. ട്രംപിന് സംസ്ഥാന സർക്കാർ റെഡ് കാർപ്പറ്റ് വിരിക്കുമ്പോൾ എന്തിന് ഇതിനെ കുറിച്ചൊക്കെ ആശങ്കപ്പെടണം? ഫെബ്രുവരി 24 ന് വെറും മൂന്നുമണിക്കൂർ മാത്രമാണ് ട്രംപ് അഹമ്മദാബാദിലുണ്ടാവുക. 100 കോടിയോളം രൂപയാണ് ചെലവെന്ന് ഇപ്പോൾ കേൾക്കുന്നു. അതുകൂടിയേക്കാം.

ബജറ്റ് പരിമിതികൾ ഒന്നും നോക്കാതെ പണം ചെലവിടാനാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ നിർദ്ദേശം. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനും അഹമ്മദാബാദ് അൽബൻ വികസന അഥോറിറ്റിയുമാണ് റോഡുകൾ നവീകരിക്കുകയും നഗരം സൗന്ദര്യവത്കരിക്കുകയും ചെയ്യുന്നത്. ഇരുകൂട്ടരും ചേർന്നാണ് 100 കോടി ചെലവിടുന്നത്.

മൊട്ടേര സറ്റേഡിയത്തിൽ അലങ്കാരത്തിനായി ചെടികൾ വച്ചുപിടിപ്പിക്കുന്നു. ഷാഹിബോഗിലെ എയർപോർട്ട് റോഡിന് അടുത്തുള്ള ഡിവൈഡറിൽ അലങ്കാരപ്പനകൾ, ഇതെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. മൊട്ടേര സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷം വിമാനത്താവളത്തിലേക്ക് ട്രംപ് മടങ്ങുന്ന 1.5 കിലോമീറ്റർ റോഡ് മോടിയാക്കാനും, മറ്റു റോഡുകൾ നന്നാക്കാനും 60 കോടിയെങ്കിലും വേണം. ട്രംപ് സഞ്ചരിക്കുന്ന വഴിയും വേദിയും സൗന്ദര്യവത്കരിക്കാൻ മാത്രം ആറ് കോടി മാറ്റി വച്ചു.

ചെലവിന്റെ ഒരുപങ്ക് കേന്ദ്രസർക്കാർ വഹിക്കുമെങ്കിലും ഭൂരിഭാഗവും സംസ്ഥാന സർക്കാരിന്റേത് തന്നെ. ഒന്നിനും ഒരുകുറവും വരുത്താതിരിക്കാൻ നെട്ടോട്ടമാണ് അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ. റോഡ് സൗന്ദര്യവത്കരണം അല്ലെങ്കിൽ മോടി പിടിപ്പിക്കലാണ് കോർപറേഷന്റെ പുതിയ ഹരം. ചിമൻഭായ് പട്ടേൽ പാലം-സുൻഡാൻ സർക്കിൾ, ചിമൻഭായ് പട്ടേൽ പാലം-മൊട്ടേര റോഡുകൾ കണ്ടാൽ ഇനി വൃന്ദാവനം പോലെയിരിക്കും. റോഡ് പൂക്കൾ കൊണ്ട് അലങ്കരിക്കാൻ 3.7 കോടി രൂപയാണ് കോർപറേഷൻ ചെലവിടുന്നത്. ചിമൻഭായി പട്ടേൽ പാലം മുതൽ മൊട്ടേര വരെ പൂക്കളാൽ അലങ്കരിക്കാൻ ചെലവിടുന്നത് 1.73 കോടി. ചിമൻഭായ് പട്ടേൽ പാലം-സുൻഡാൽ സർക്കിളിന് വേണ്ടി 1.97 കോടിയും. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനത്തിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകി. വേദിയിൽ ആവശ്യത്തിന് വേണ്ട വൈദ്യുതി, വെള്ളം, മൂത്രപ്പുര എല്ലാം റെഡി. ട്രംപ് സഞ്ചരിക്കുന്ന വഴിയിൽ ഉടനീളം ടീം ബേസ്ഡ് െൈലറ്റിങ്ങാണ് ഒരുക്കുന്നത്.

യമുനയും ക്ലീൻ: അത്ഭുതങ്ങൾ ഇനിയും

യമുനയിൽ നിന്നുള്ള ദുർഗന്ധം മാറ്റാനും അടിയന്തര നടപടികളാണ് സ്വീകരിക്കുന്നത്. 500 ക്യുസെക് വെള്ളം ഗംഗനഹറിൽ നിന്ന് തുറന്നുവിട്ടു. ഈ വെള്ളം ഫെബ്രുവരി 20 ഓടെ മഥുരയിലെ യമുനയിലും ഫെബ്രുവരി 21 ഉച്ചയോടെ ആഗ്രയിലും എത്തും. ഫെബ്രുവരി 24 വരെ യമുനയിൽ ഒരു നിശ്ചിത അളവിൽ വെള്ളം നിലനിർത്തും. ഇതോടെ യമുനയിൽ നിന്നുള്ള ദുർഗന്ധം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ആഗ്ര സന്ദർശനം

ആഗ്രയാണ് ട്രംപിന്റെ മറ്റൊരു സന്ദർശന സ്ഥലം. ലോകത്തിലെ ഏറ്റവും വൃത്തികെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന് എന്ന ദുഷ്‌പ്പേരുണ്ട് ആഗ്രയ്ക്ക്. എന്നാൽ, കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ കാര്യങ്ങൾ വിലയിരുത്താൻ എത്തിയപ്പോൾ നില മെച്ചപ്പെട്ടിരിക്കുന്നു. വിമാനത്താവളത്തിൽ നിന്ന് താജ്മഹലിലേക്ക് പോകുന്ന റോഡിലെ പൊടിപടലങ്ങൾ കണ്ട് യോഗി ചൂടായി. ഉടനടി റോഡുകൾ ക്ലീൻ ചെയ്യാൻ ഉത്തരവ് വന്നു. റോഡിന്റെ വശങ്ങളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇത്തരം പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്നും മടുപ്പിക്കുന്ന കാഴ്ചകൾ വിനോദസഞ്ചാരികളെ അകറ്റുമെന്നും യോഗി പറഞ്ഞു. ട്രംപ് ആഗ്രയിൽ എത്തുമ്പോൾ താൻ ഒരുഉത്സവത്തിൽ എത്തിയത് പോലെ തോന്നണമെന്നാണ് യോഗിയുടെ താൽപര്യം. താജ്മഹലിന് ചുറ്റുമുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ഉടൻ മാറ്റും. വിമാനത്താവളത്തിൽ നിന്ന് താജ്മഹലിലേക്കുള്ള 15 കിലോമീറ്റർ ദൂരം അഞ്ച് സോണുകളായും 20 സെക്ടറുകളായും തിരിച്ചിരിക്കുന്നു.

ഈ റോഡിലൂടെ താജ്മഹലിൽ എത്താൻ ട്രംപിന് 12-15 മിനിറ്റെടുക്കും. ട്രംപിന്റെ പ്രാഥമിക സെക്യൂരിറ്റി സർക്കിൾ യുഎസ് സീക്രട്ട് സർവീസായിരിക്കും. രണ്ടാമത്തെ സർക്കിൾ നാഷണൽ സെക്യൂരിറ്റി ഗാർഡുകളും മൂന്നാമത്തേത് ലോക്കൽ പൊലീസും. ട്രംപിന്റെ ബുള്ളറ്റ് പ്രൂഫ് ലിമോസിൻ ദി ബീസ്റ്റ് ഇതിനകം പ്രത്യേക വിമാനത്തിൽ ആഗ്രയിൽ എത്തിക്കഴിഞ്ഞു. 69 മറ്റുവാഹനങ്ങളായിരിക്കും ലിമോസിനെ അകമ്പടി സേവിക്കുക. ഇഈ വാഹന നിരയിൽ 14 എണ്ണം യുഎസ് സീക്രട്ട് സർവീസിന്റെയും മറ്റു ഏജൻസികളുടെയും വാഹനങ്ങളായിരിക്കും.

ട്രംപിന്റെ സന്ദർശനസമയത്ത് താജ്മഹലിൽ മറ്റുവിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാത്തതിനാൽ ഈ ദിവസങ്ങളിൽ ടൂറിസം വ്യവസായത്തിന് ചെറിയ അസൗകര്യങ്ങൾ ഒക്കെയുണ്ടാകും. എന്നിരുന്നാലും, റോഡുനന്നാകുന്നതും, ത്ാജ്മഹലിന്റെ ചുറ്റുപാടുകൾ വൃത്തിയാകുന്നതും ആശ്വാസത്തോടെയാണ് ആഗ്രവാസികൾ കാണുന്നത്. നാട് നന്നാകണമെങ്കിൽ ട്രംപ് ഇടയ്ക്കിടെ വരുന്നതാണ് നല്ലതെന്നാണ് ചായക്കട സംസാരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP