Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മണ്ഡല പൂജയ്ക്ക് നട തുറക്കുന്ന വൃശ്ചികം ഒന്നിന് താൻ ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി; ഒപ്പമെത്തുന്നത് ഏഴ് യുവതികളും; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് മറുനാടൻ മലയാളി പുറത്തുവിടുന്നു; അയ്യപ്പർ ഭക്തർ നിലത്ത് കിടന്ന് ഗാന്ധിമാർഗ്ഗത്തിൽ പ്രതിഷേധിക്കുമെന്നും ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ നടചവിട്ടുന്നത് സാധിക്കൂവെന്ന് പറഞ്ഞ് തുടക്കത്തിൽ തന്നെ പ്രതിരോധം തീർത്ത് രാഹുൽ ഈശ്വർ

മണ്ഡല പൂജയ്ക്ക് നട തുറക്കുന്ന വൃശ്ചികം ഒന്നിന് താൻ ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി; ഒപ്പമെത്തുന്നത് ഏഴ് യുവതികളും; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് മറുനാടൻ മലയാളി പുറത്തുവിടുന്നു; അയ്യപ്പർ ഭക്തർ നിലത്ത് കിടന്ന് ഗാന്ധിമാർഗ്ഗത്തിൽ പ്രതിഷേധിക്കുമെന്നും ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ നടചവിട്ടുന്നത് സാധിക്കൂവെന്ന് പറഞ്ഞ് തുടക്കത്തിൽ തന്നെ പ്രതിരോധം തീർത്ത് രാഹുൽ ഈശ്വർ

അർജുൻ സി വനജ്

കൊച്ചി:  മണ്ഡല കാലത്ത് നട തുറക്കുന്നതിന് പിന്നാലെ ശബരിമലയിലെത്തുമെന്ന് വ്യക്തമാക്കി തൃപ്തി ദേശായി. ശബരിമല നട തുറക്കുന്ന നവംബർ 17ന് താൻ സന്നിധാനത്ത് എത്തുമെന്നാണ് തൃപ്ത ദേശായി അറിയിച്ചത്. സുരക്ഷ വേണെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തൃപ്തി ദേശായി കത്തെഴുതി. ഏഴ് യുവതികളും തനിക്കൊപ്പമുണ്ടാകുമെന്ന് അവർ അറിയിച്ചു. അതേസമയം അയ്യപ്പഭക്തർ തൃപ്തിയെ തടയുമെന്നാണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്. അയ്യപ്പഭക്തർ നിലത്തു കിടന്ന് ഗാന്ധിമാർഗ്ഗത്തിൽ പ്രതിഷേധിക്കുമെന്നും ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ അവർ ശബരിമല ചവിട്ടുകയൂള്ളൂവെന്നും രാഹുൽ പ്രതികരിച്ചു.

ദർശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തു നൽകുമെന്നും തൃപ്തി ദേശായി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവർ കത്തു നൽകിയതും. കൊച്ചിയിൽ എത്തുമെന്നും അവിടെ മുതൽ സുരക്ഷ വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജീവന് ഭീഷണി ഉള്ളതിനാൽ വൃശ്ചികം ഒന്നിന് വൈകുന്നേരം ഏഴ് മണിയോടെ ദർശന സൗകര്യം വേണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കോടതി തീരുമാന പ്രകാരം യുവതി പ്രവേശന വിധി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ തന്നെ ദർശനം നടത്താൻ അനുവദിക്കണെന്നാണ് തൃപ്തിയുടെ ആവശ്യം.

സുപ്രീംകോടതി വിധി വരുന്നതിനു മുൻപ് തന്നെ വിലക്ക് ലംഘിച്ച് ശബരിമലയിൽ കയറുമെന്ന് പ്രഖ്യാപിച്ച വ്യക്തിയായിരുന്നു തൃപ്തി ദേശായി. സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ ഭരണഘടനയ്ക്കും രാജ്യത്തെ സ്ത്രീകൾക്കും ഇത് വിജയദിവസമാണെന്നായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം. ഒരു കൂട്ടം സ്ത്രീകൾക്കൊപ്പമായിരിക്കും താൻ ശബരിമലയിലെത്തുക എന്നും അവർ നേരത്തെ പ്രതികരിച്ചിരുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്ത്രീകൾക്കെതിരായ അസമത്വം അവസാനിപ്പിക്കാൻ കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും തൃപ്തി ദേശായി അഭിപ്രായപ്പെട്ടിരുന്നു. ശബരിമലയിൽ ഭക്തർക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടു. സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമലയിൽ എത്താൻ മടിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവർ ശബരിമലയിലേക്കും എത്താൻ ശ്രമിക്കുന്നത്.

എന്തായാലും മണ്ഡലകാലത്ത് നട തുറക്കുമ്പോൾ സർക്കാരിനും പൊലീസിനും കാര്യങ്ങൾ കൂടുതൽ തലവേദന സൃഷ്ടിക്കുമെന്നും ഉറപ്പാണ്. റിവ്യൂ പെറ്റീഷൻ പരിഗണിക്കുമ്പോൾ സുപ്രീം കോടതി മനസ്സുമാറ്റുമോ എന്ന ആശങ്ക ഇനിയും യുവതി പ്രവേശനത്തെ അനുകൂലിക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാറിനെ പിന്നോട്ടു വലിക്കുകയും ചെയ്യും. തൃപ്തി എത്തിയാൽ അവിടെ സംഘർഷ സാധ്യത വർദ്ധിക്കുകയും ചെയ്യും. ആർഎസ്എസ് യുവതി പ്രവേശനത്തെ എതിർക്കുമെന്ന് വത്സൻ തില്ലങ്കേരിയും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ മണ്ഡലകാലത്ത് സംഘപരിവാർ പ്രവർത്തകർ തമ്പടിക്കും.

വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് കോടതിയെടുത്ത തീരുമാനമാണ് സുപ്രീംകോടതി തീരുമാനം തിരുത്തിയതെന്നും പുനപ്പരിശോധനാ ഹർജികളിൽ അന്തിമതീരുമാനം വരുന്നത് വരെ അത് വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞിട്ടുണ്ട്. എന്തായാലും ഇപ്പോഴത്തെ തീരുമാനത്തോടെ സർക്കാർ ശബരിമലയിൽ ഇനിയും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടി വരും. തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോൾ ഉള്ള സ്ഥിതി അല്ല മണ്ഡല കാലത്ത് ഉണ്ടാവുക. ഈ രണ്ട് തവണ നട തുറന്നപ്പോഴും ഉള്ളതിനെക്കാൾ പതിന്മടങ്ങ് ആളുകളാണ് സന്നിധാനത്ത് എത്തുക.

അതേസമയം ശബരിമല നട തുറക്കുമ്പോൾ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സർക്കാർ നടപടി സ്വീകരിച്ചു. ശബരിമലയിൽ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്റെ കൈയിൽ നിന്ന് കാര്യങ്ങൾ കൈവിട്ടിരുന്നു. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ നിലപാടെടുത്ത ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി സന്നിധാനത്ത് വച്ച് പൊലീസ് മൈക്ക് ഉപയോഗിക്കുന്നത് വരെ കാര്യങ്ങളെത്തിയിരുന്നു. ഇത്തരത്തിൽ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനുള്ള നടപടികളാണ് പൊലീസ് മണ്ഡലകാലത്ത് കൈക്കൊള്ളുക.

വിശദമായ പദ്ധതിയാണ് പൊലീസ് ശബരിമല മണ്ഡല - മകരവിളക്ക് കാലത്തിനായി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. പമ്പയിലും, സന്നിധാനത്തും സുരക്ഷ ചുമതല രണ്ട് ഐജിമാർക്കാണ്. വിജയ് സാക്കറെക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും, പമ്പയിലും നിലയക്കലും രണ്ട് എസ്‌പിമാർ വീതുവുമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്‌പിമാരെ നിയോഗിക്കുക. വനിതാ പൊലീസുകാരുൾപ്പെടെ നാല് ഘട്ടങ്ങളായ 18,000 പൊലീസുകാരെ വിന്യസിക്കും. ആദ്യ മൂന്ന് ഘട്ടങ്ങളിൽ 4,500 വീതം പൊലീസുകാരെ ശബരിമലയിൽ നിലനിർത്തും. മകരവിളക്കിന് 5,000 പൊലീസുകാരെ എത്തിക്കും. പമ്പ മുതൽ നിലയ്ക്കൽ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉൾപ്പെടുത്തി.

1,500 വനിതാ പൊലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയിൽ വിന്യസിക്കും. 50 വയസ്സിന് മുകളിൽ പ്രായമുള്ള പൊലീസുകാർക്ക് പുറമേ വനിത ബറ്റാലിയനിലുള്ളവരേയും പമ്പയിൽ 15 ന് വൈകുന്നേരമെത്തിക്കും. അവശ്യമെങ്കിൽ മാത്രം ഇവരെ സന്നിധാനത്ത് നിയോഗിക്കാനാണ് തീരുമാനം. ഇതര സംസ്ഥാനത്ത് നിന്നും വനിതാ പൊലീസുകാരുടെയുള്ളവരെ വേണമെന്ന് ഡിജിപി കത്ത് നൽകിയിട്ടുണ്ട്. ഇവർ എത്തിചേരുന്ന മുറയ്ക്ക് അവരെയും ശബരിമലയിൽ വിന്യസിക്കും.

ഇതിന് പുറമേ കേരള പൊലീസിന്റെ കമാണ്ടോകളും കേന്ദ്ര ദ്രുതകർമ്മ സേനയും ദുരന്ത നിവാരണ സേനയും ശബിരമലിയൽ ഉണ്ടാകും. ഹെലികോപ്റ്റർ നിരീക്ഷത്തിന്റെ ചുമതല കൊച്ചി റെയ്ഞ്ച് ഐജിക്കാണ്. കാൽനടയായി എത്തുന്ന തീർത്ഥാകരെ വെളേളിയാഴ്ച രാവിലെ 11 മുതൽ നിലയ്ക്കലിൽ നിന്നും കടത്തിവിടും. 12 മണി മുതൽ ബസ്സ് സർവ്വീസുകൾ ആരംഭിക്കും. കെഎസ്.ആടിസിയുടെ 250 ദീർഘദൂര സ്‌പെഷ്യൽ സർവ്വീസുകൾക്ക് 30 ശതമാനം നിരക്ക് വർദ്ധിപ്പിക്കും.

വ്യാഴാഴ്‌ച്ച രാത്രി എട്ട് മണിക്ക് ശേഷമാകും മാധ്യമപ്രവർത്തകർക്ക് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് പ്രവേശനം. ശബരിമലയിലെ സംഘർഷാവസ്ഥ മുതലെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതുകൊണ്ടാണ് വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തുതെന്നും, ഭക്തർക്ക് ബുദ്ധിമുണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് സർക്കാരിന് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരുന്നതെന്ന് ഹർജിക്കാരനോട് കോടതി പറഞ്ഞു. പാസ് ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി കൂടുതൽ വാദത്തിനായി നാളേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP