Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രഹ്നയെ പുറത്താക്കിയത് ജനാധിപത്യാവകാശങ്ങൾക്കും ലിംഗ നീതിക്കുമായി നിലകൊണ്ടതിന്റെ പേരിൽ; ബി.എസ്.എൻ.എൽ നടപടിക്കെതിരെ സിപിഐ.എം.എൽ റെഡ്സ്റ്റാറിന്റെ തൊഴിലാളി സംഘടനയായ ടി.യു.സിഐ; ബി.എസ്.എൻ.എൽ ഭവന് മുമ്പിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസും

രഹ്നയെ പുറത്താക്കിയത് ജനാധിപത്യാവകാശങ്ങൾക്കും ലിംഗ നീതിക്കുമായി നിലകൊണ്ടതിന്റെ പേരിൽ; ബി.എസ്.എൻ.എൽ നടപടിക്കെതിരെ സിപിഐ.എം.എൽ റെഡ്സ്റ്റാറിന്റെ തൊഴിലാളി സംഘടനയായ ടി.യു.സിഐ; ബി.എസ്.എൻ.എൽ ഭവന് മുമ്പിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസും

ആർ പീയൂഷ്

കൊച്ചി: ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് രഹ്നാ ഫാത്തിമയെ ജോലിയിൽ നിന്നും പുറത്താക്കിയ ബി.എസ്.എൻ.എൽ നടപടിക്കെതിരെ സിപിഐ.എം.എൽ റെഡ്സ്റ്റാറിന്റെ തൊഴിലാളി സംഘടനയായ ടി.യു.സിഐ( ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ) യുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഇന്ന് രാവിലെ എറണാകുളം ബോട്ട് ജെട്ടി ബി.എസ്.എൻ.എൽ ഭവന് മുൻപിലാണ് പ്രതിഷേധം നടത്തിയത്. ടി.യു.സിഐ സംസ്ഥാന അംഗം ടി.സി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ സ്മിത, അനൂപ് ഉമ്മൻ, റോബിൻ എന്നിവരാണ് പ്രതിഷേധം നടത്തിയത്. ലോക്ക് ഡൗൺ കാലത്ത് ജീവനക്കാരെ പിരിച്ചു വിടരുത് എന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ലംഘിച്ച ബി.എസ്.എൻ.എൽ നടപടി റദ്ദാക്കുക എന്ന പ്ലക് കാർഡുകളുമുയർത്തിയായിരുന്നു പ്രതിഷേധം. എന്നാൽ പ്രതിഷേധം തുടങ്ങിയപ്പോൾ തന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

ജനാധിപത്യാധിപത്യാവകാശങ്ങൾക്കും ലിംഗനീതിക്കുമായി നിലകൊണ്ടതിന്റെ പേരിലാണ് രഹ്നയെ ബി.എസ്.എൻ.എൽ പുറത്താക്കിയിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ടി.സി സുബ്രഹ്മണ്യൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. തൊഴിലാളി വിരുദ്ധ നടപടിയായിട്ടും ഒരു സംഘടനകൾ പോലും ഇതിനെതിരെ ശബ്ദമുയർത്താൻ മുന്നോട്ട് വന്നില്ല. ഒരു തൊഴിലാളിയെന്നതിലുപരി ഒരു സ്ത്രീ എന്ന നിലയിലാണ് പ്രതിഷേധം ഉയർത്താൻ തയ്യാറായത് എന്നും സുബ്രഹ്മണ്യൻ പറഞ്ഞു.

അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ പൊലീസ് സ്‌റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. എന്നാൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ച് സമാധാനപരമായി നടത്തിയ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തതിൽ സിപിഐ.എം.എൽ റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ ദാസൻ പ്രതിഷേധിച്ചു. സംഘ പരിവാർ താൽപര്യ പ്രകാരം രഹ്നക്കെതിരെ കള്ളക്കേസ് എടുത്ത സർക്കാർ ഇപ്പോൾ പിരിച്ചുവിടലിനെതിരെ സമരത്തിനെത്തിയ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നതും സംഘപരിവാർ കേന്ദ്രങ്ങളെ തൃപ്തിപ്പെടുത്താനാണ്. രഹ്ന ഫാത്തിമയെ പിരിച്ചു വിട്ട ബി.എസ്.എൻ.എൽ നടപടിക്കും കൊറോണയെ മറയാക്കി ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന്റെ ഫാസിസ്റ്റു നടപടിക്കുമെതിരെ ജനാധിപത്യ ശക്തികൾ രംഗത്തു വരണമെന്നും എം.കെ ദാസൻ പ്രതിഷേധകുറുപ്പിൽ പറയുന്നു. സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടിയ പ്രതിഷേധക്കാരെ രഹ്ന ഫാത്തിമ പാർട്ടി കാര്യാലയത്തിൽ സന്ദർശ്ശനം നടത്തി നന്ദി അറിയിച്ചു.

കഴിഞ്ഞ 13 നാണ് രഹ്ന ഫാത്തിമയെ നിർബന്ധിത വിരമിക്കൽ നൽകി ബിഎസ്എൻഎൽ പിരിച്ചുവിട്ടത്. ബി.എസ്.എൻ.എൽ എറണാകുളം ഡിജിഎം ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലാകുകയും 18 ദിവസം ജയിലിൽ കഴിയുകയും ചെയ്തതിനെത്തുടർന്നാണു രഹ്നയ്‌ക്കെതിരെ ബി.എസ്.എൻ.എൽ ആഭ്യന്തര അന്വേഷണം നടത്തിയത്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണു നടപടിയുണ്ടായത്. രഹ്നയുടെ ശബരിമല കയറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ബിഎസ്എൻഎല്ലിന്റെ സൽപേരും വരുമാനവും കുറഞ്ഞു എന്നും ബിഎസ്എൻഎൽ വരിക്കാരിൽ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെട്ടു എന്നുമാണ് അന്വേഷണ സമിതിയുടെ പ്രധാന കണ്ടെത്തൽ. ബി.എസ്.എൻ.എല്ലിന്റെ നടപടി അനീതിയാണെന്നും ഇതിനെതിരെ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്നും രഹ്ന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP