Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരത്തിനിറങ്ങിയ പത്ത് പേരെ വെടി വച്ചു കൊന്നിട്ടും കുലുങ്ങാതെ രണ്ടാം ദിവസവും അവർ തോക്കുമായിറങ്ങി; പൊലീസിന്റെ മറവിൽ വെടിവെച്ചവരിൽ കമ്പനി ഉടമകളുമെന്ന് സംശയം; ജനരോഷം പടർന്നതോടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി മുഖം രക്ഷിക്കാൻ സർക്കാർ; മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നത് വിലക്കി കോടതി: തമിഴ്‌നാട്ടിലെ ജനകീയ സമരത്തിന് തീ പടരുമ്പോൾ

ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരത്തിനിറങ്ങിയ പത്ത് പേരെ വെടി വച്ചു കൊന്നിട്ടും കുലുങ്ങാതെ രണ്ടാം ദിവസവും അവർ തോക്കുമായിറങ്ങി; പൊലീസിന്റെ മറവിൽ വെടിവെച്ചവരിൽ കമ്പനി ഉടമകളുമെന്ന് സംശയം; ജനരോഷം പടർന്നതോടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി മുഖം രക്ഷിക്കാൻ സർക്കാർ; മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നത് വിലക്കി കോടതി: തമിഴ്‌നാട്ടിലെ ജനകീയ സമരത്തിന് തീ പടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആരോഗ്യത്തോടെ ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിന് വേണ്ടിയാണ് തൂത്തുക്കുടിയിലെ ജനങ്ങൾ സമരവുമായി ഇറങ്ങിയത്. തൂത്തുക്കുടിയിലെ ഈ സാമൂഹിക പ്രശ്‌നത്തിന് ജനപിന്തുണയും രാഷ്ട്രീയ പിന്തുണയും ഉണ്ടായിരുന്നു. എന്നിട്ടും തോക്കുകളുമായാണ് പ്രതിഷേധിക്കാനെത്തിയ സമരക്കാരെ പൊലീസ് നേരിട്ടത്. ചൊവ്വാഴ്ച സമരം നടത്തിയ പതിനൊന്ന് പേരെയാണ് പൊലീസ് വെടിവെച്ചു കൊന്നത്.

നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നിട്ടും രക്തദാഹം തീരാത്ത പൊലീസ് ബുധനാഴ്ചയും തോക്ക് എടുക്കുകയും ഒരാളെ കൂടി വെടിവെച്ചിടുകയും ചെയ്തു. പൊലീസിന്റെ മറവിൽ വെടിവെച്ചവരിൽ സ്‌റ്റൈർലൈറ്റ് കോപ്പർ കമ്പനി ഉടമകളുമുണ്ടെന്നാണ് സംശയം. ഇതോടെ ജനങ്ങളെ ക്രൂരമായി നേരിട്ട പൊലീസിനെ ഒതുക്കാൻ കർശന തീരുമാനങ്ങളെടുത്ത തമിഴ്‌നാട് സർക്കാർ തൂത്തുക്കുടി കലക്ടർ അകട്ടമുള്ള വരെ സ്ഥലം മാറ്റുകയും ചെയ്തു.

അതേസമയം, പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ സൂക്ഷിച്ചു വയ്ക്കണമെന്നു മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ സംഘം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും അതു വിഡിയോയിൽ പകർത്തണമെന്നും ആവശ്യപ്പെട്ടു അഭിഭാഷകർ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹം സൂക്ഷിക്കാനുള്ള നിർദ്ദേശം.

ഹർജിയിന്മേൽ മെയ്‌ 30നകം എതിർ സത്യവാങ്മൂലം നൽകാനും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. നാലു മജിസ്‌ട്രേറ്റുമാർ റീപോസ്റ്റ്‌മോർട്ടത്തിനു സാക്ഷ്യം വഹിക്കുമെന്ന് അഡീ.അഡ്വ. ജനറൽ നർമദ സമ്പത്ത് കോടതിയെ അറിയിച്ചു. വെടിവയ്പ് അന്വേഷിക്കാൻ ഏകാംഗ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും സ്വീകാര്യനായ ഒരു ഡോക്ടറുടെ സാന്നിധ്യത്തിൽ വേണം പോസ്റ്റ്‌മോർട്ടമെന്നാണു ഹർജിക്കാരുടെ ആവശ്യം.

തൂത്തുക്കുടി കളക്ടർ എൻ.വെങ്കടേഷിനെ മഗ്ര ശിക്ഷ അഭിയാന്റെ(എസ്എസ്എ) അഡീ.സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സ്ഥാനത്തേക്ക് സ്ഥലംമാറ്റി. തിരുനൽവേലി കലക്ടറായിരുന്ന സന്ദീപ് നന്ദൂരിയായിരിക്കും തൂത്തുക്കുടിയിലെ പുതിയ കലക്ടർ.തൂത്തുക്കുടി എസ്‌പി പി.മഹേന്ദ്രനെയും സ്ഥലംമാറ്റി. ഇദ്ദേഹത്തിനു പകരം മുരളി രംഭയായിരിക്കും എസ്‌പിയെന്ന് അഡീ.ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ചെന്നൈയിൽ ഡപ്യൂട്ടി കമ്മിഷണറായാണു (ട്രാഫിക്‌നോർത്ത്) മഹേന്ദ്രനു സ്ഥലംമാറ്റം. തൂത്തുക്കുടി കലക്ടർക്കും എസ്‌പിക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിക്കു മുൻപാകെ മൂന്ന് അഭിഭാഷകർ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു നടപടി.

ഇന്നലെ ഒരാൾ മരിക്കാനിടയായ അണ്ണാനഗറിലെ വെടിവെയ്‌പ്പിൽ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ പത്തു പേർ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിൽ എസ്‌പി മഹേന്ദ്രനു ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ തൂത്തുക്കുടിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമേ തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റിനും വിലക്കുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണിത്.

പൊലീസല്ലാത്ത ചിലർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. വെടിവയ്പു വിദഗ്ധരായ അവരാണ് അക്രമത്തിനു പിന്നിൽ. ഇതിനെപ്പറ്റി ജുഡീഷ്യൽ തലത്തിൽ അന്വേഷണം വേണം. സംഭവവുമായി ബന്ധപ്പെട്ട് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നവരെ പുറത്തുവിടണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കു മതിയായ ധനസഹായം നൽകണമെന്നും ഹർജി ആവശ്യപ്പെട്ടു. സമരക്കാർക്കു നേരെ മനഃപൂർവമായ കൊലപാതകശ്രമമാണു നടന്നതെന്നും ഹർജിയിൽ ആരോപിച്ചു. സമരക്കാരെ ാെരു വാഹനത്തിലെത്തിയ സംഘം വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ വിവിധ ചാനലുകൾ പുറത്ത് വിട്ടിരുന്നു. പുറത്ത് നിന്നും തോക്കുമായി എത്തിയ സംഘം സമരക്കാരെ ഉന്നം വെക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP