Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് ചാണ്ടിയുടെ റിസോർട്ടിന് അനുമതി നൽകിയ രേഖകൾ പോലും നഗരസഭയിൽ ഇല്ല; വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കളക്ടറുടെ കത്ത്; പിണറായിയുടെ മന്ത്രിസഭയിലെ കോടീശ്വരനെ പിടിക്കാൻ ഭക്ഷ്യ മാഫിയയെ വിറപ്പിച്ച അനുപമയുടെ അന്വേഷണം പുരോഗമിക്കുന്നു

തോമസ് ചാണ്ടിയുടെ റിസോർട്ടിന് അനുമതി നൽകിയ രേഖകൾ പോലും നഗരസഭയിൽ ഇല്ല; വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കളക്ടറുടെ കത്ത്; പിണറായിയുടെ മന്ത്രിസഭയിലെ കോടീശ്വരനെ പിടിക്കാൻ ഭക്ഷ്യ മാഫിയയെ വിറപ്പിച്ച അനുപമയുടെ അന്വേഷണം പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കടുത്ത പ്രതിസന്ധിയിലാണ് പിണറായി മന്ത്രിസഭയിലെ കോടീശ്വരനായ മന്ത്രി തോമസ് ചാണ്ടി. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ സാധുത കളക്ടർ ടിവി അനുപമ പരിശോധിക്കുന്നതാണ് ഇതിന് കാരണം. കളക്ടറുടെ റിപ്പോർട്ട് എതിരായാൽ റിസോർട്ട് മാത്രമല്ല, മന്ത്രിസ്ഥാനവും തോമസ് ചാണ്ടിക്ക് നഷ്ടമാകും. ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരിക്കുമ്പോൾ കറി പൗഡർ മാഫിയയെ മുട്ടു കുത്തിച്ച അനുപമയെ സമ്മർദ്ദത്തിലൂടെ സ്വാധീനിക്കാനാകില്ലെന്ന് തോമസ് ചാണ്ടിക്ക് അറിയാം. ഇതാണ് ആശങ്ക കൂട്ടുന്നത്. അതിനിടെ ലേക് പാലസിൽ കള്ളക്കളികളുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം കളക്ടർ ത്വരിത ഗതിയിൽ തുടരുകയാണ്.

മന്ത്രിക്കെതിരെ കൈയേറ്റ ആരോപണങ്ങൾ സജീവമാകുമ്പോഴാണ് ആലപ്പുഴയിലെ റവന്യൂ വകുപ്പിന്റെ തലപ്പത്ത് അനുപമ എത്തിയത്. കൈയേറ്റ ഭൂമിയെന്ന് ആരോപണമുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൽ ജില്ലാ കലക്ടർ ടി.വി. അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. ഇതോടെ തോമസ് ചാണ്ടിയെയാണ് കളക്ടർ നോട്ടമിടുന്നതെന്ന വിലയിരുത്തലുമെത്തി. ആർക്കും വഴങ്ങാത്ത ഉദ്യോഗസ്ഥ മന്ത്രിയുടെ കൈയേറ്റത്തിൽ ഉടൻ അന്തിമ റിപ്പോർട്ട് നൽകുമെന്നാണ് സൂചന. ലേക്ക് പാലസ് റിസോർട്ടിനു സമീപത്തെ വിവാദമായ റോഡു നിർമ്മാണം, കായൽ കയ്യേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയാണു കളക്ടർ പരിശോധിക്കുന്നത്.

ഈ റിപ്പോർട്ട് എതിരായാൽ മന്ത്രിക്ക് രാജിവയ്ക്കേണ്ടിയും വരും. തന്നെ കുടുക്കാനാണ് സി.പി.എം അനുപമയെ തന്നെ ആലപ്പുഴയിൽ എത്തിച്ചതെന്ന ആക്ഷേപവും മന്ത്രിക്കുണ്ട്. എന്നാൽ അനുപമ അനുകൂല റിപ്പോർട്ട് കൊടുത്താൽ എല്ലാ പ്രശ്നവും തീരും. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മന്ത്രി. ചുമതല എടുത്ത ജില്ലാ കലക്ടർ തൊട്ടടുത്ത ദിവസം തന്നെ മന്ത്രിയുടെ ഭൂമി ഇടപാടുകൾ പരിശോധിച്ചതു റവന്യൂ വകുപ്പിന്റെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു. അതുകൊണ്ട് തന്നെയാണ് അനുപമയുടെ നീക്കങ്ങളിൽ തോമസ് ചാണ്ടിക്ക് ആശങ്ക കൂടുന്നത്. എൻസിപിയിലെ ഒരു വിഭാഗവും മന്ത്രിക്കെതിരെ ഉണ്ട്.

അതിനിടെ ലേക് പാലസിന്റെ കെട്ടിട നിർമ്മാണ രേഖകൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്ടർ ടി.വി. അനുപമ ആലപ്പുഴ നഗരസഭയ്ക്കു കത്തു നൽകി. ലേക്ക് പാലസ് ഭൂമി ഇടപാടുകൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനു വേണ്ടിയാണിത്. ലേക്ക് പാലസ് നിർമ്മാണ അനുമതി സംബന്ധിച്ച ഫയലുകൾ ആലപ്പുഴ നഗരസഭയിൽ നിന്നു നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ശേഷം ഫയലുകൾ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ കെട്ടിട നിർമ്മാണ അനുമതി സംബന്ധിച്ച ഫയലുകൾ ഉൾപ്പെടുത്താതെ അന്തിമ റിപ്പോർട്ട് തയാറാക്കാൻ സാധിക്കില്ലെന്ന നിലപാടിലാണു ജില്ലാ ഭരണകൂടം.

നേരത്തെ അമ്പലപ്പുഴ താലൂക്ക് ലാൻഡ് റവന്യു അഡീഷനൽ തഹസിൽദാർ കെ. അജിതകുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലും കെട്ടിട നിർമ്മാണം സംബന്ധിച്ച രേഖകൾ ഉൾപ്പെടുത്തിയിട്ടില്ല. ഈ റിപ്പോർട്ടും പുതുക്കി നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ ടി.വി. അനുപമയും ഉദ്യോഗസ്ഥ സംഘവും ലേക്ക് പാലസിൽ പരിശോധന നടത്തിയിരുന്നു. ലേക്ക് പാലസ് റിസോർട്ടിന്റെ ഭൂമിയിൽ നികത്തലുകൾ നടന്നിട്ടുണ്ടെന്നു ലാൻഡ് റവന്യു തഹസിൽദാർ കണ്ടെത്തി. ഇതിൽ പലതും നിയന്ത്രണം ഏർപ്പെടുത്തിയ 2008നു മുമ്പുള്ളതാണ്. അതേ സമയം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മൂന്നിടത്തു ഭൂമി നികത്തിയിട്ടുണ്ട്. റോഡ് നിർമ്മാണം പൂർത്തിയായാൽ 30 ദിവസത്തിനകം ഭൂമി പൂർവ സ്ഥിതിയിലാക്കണമെന്ന ഉപാധികളോടെയാണ് അന്ന് റവന്യു വകുപ്പ് അനുമതി നൽകിയത്. ലേക്ക് പാലസ് ഭൂമി സംബന്ധിച്ച സ്‌കെച്ച്, കൈമാറ്റ രേഖകൾ, മറ്റ് അളവുകൾ എന്നിവ അടക്കമാണു തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചത്. ഭൂമി ഇടപാടു സംബന്ധിച്ചു കലക്ടറുടെ പൂർണ റിപ്പോർട്ടിനു ശേഷം നടപടി എടുക്കാമെന്നാണു റവന്യു വകുപ്പിന്റെ നിലപാട്.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള മാർത്താണ്ഡം കായലിലെ നിലം നികത്തൽ, ഹാർബർ എൻജിനീയറിങ് വകുപ്പു ലേക്ക് പാലസ് റിസോർട്ടിനു സഹായകമാകുന്ന തരത്തിൽ റോഡ് നിർമ്മിച്ചത്, ഖനനം ചെയ്ത മണ്ണു പാടശേഖരത്തിൽ നിക്ഷേപിച്ചത് എന്നിവ വിവാദമായിരുന്നു. ഇതു സംബന്ധിച്ചു മുൻ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൈയേറ്റത്തിൽ കർശനക്കാരനാണ് റവന്യൂ മന്ത്രി. ഭൂമി ഇടപാടുകൾ സംബന്ധിച്ചു വിശദവും ശക്തവുമായ റിപ്പോർട്ട് വേണമെന്നാണു നിർദ്ദേശം.

മാർത്താണ്ഡം കായൽ നികത്തിലിനു പുറമെ മിച്ചഭൂമി ചട്ടങ്ങളുടെ ലംഘനം, സർക്കാർ പുറമ്പോക്കു കയ്യേറ്റം, ഉദ്യോഗസ്ഥരുടെ ഒത്താശ എന്നിവയാണു പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച പരാതികളിൽ ഭാഗികമായി കഴമ്പുണ്ടെന്നാണു പ്രാഥമിക റിപ്പോർട്ട്. ഇതും തോമസ് ചാണ്ടിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. മാലിന്യം കലർന്ന കറിപൗഡറുകൾ വിറ്റ നിറപറയുടേയും വിഷം തെളിച്ച പച്ചക്കറി കച്ചവടക്കാരുടേയും നീക്കങ്ങളാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്ത് നിന്ന് ടി വി അനുപമയെ തെറിപ്പിച്ചത്. കേരളത്തിലെ തിന്മേശകളിൽ വിഷം വിളമ്പുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥായായിരുന്നു ടിവി അനുപമ. ഈ നിലപാട് തുടർന്നാൽ തോമസ് ചാണ്ടി വെള്ളംകുടിക്കുമെന്നാണ് വിലയിരുത്തൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP