Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ ഒളിംപിക്ക് മണ്ഡലമായി ജയ്പൂർ റൂറൽ; ഒളിംപിക് വെള്ളി മെഡൽ ജേതാവ് കേണൽ രാജ്യവർധൻ സിങ് റാത്തോഡുമായി ഏറ്റുമുട്ടുന്നത് ഒളിംപിക്‌സ് ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ; റാത്തോഡ് പാർലമെന്റിലെത്തിയത് കോൺഗ്രസ് കരുത്തൻ സിപി ജോഷിയെ മൂന്ന് ലക്ഷത്തിലധികം വോട്ടിന് വീഴ്‌ത്തി; പൂനിയ നിയമസഭയിലെത്തിയത് കോൺഗ്രസ് കൈവിട്ട മണ്ഡലം 18000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ച്; മെഡൽ അടിക്കാൻ കാത്ത് ബിജെപിയും കോൺഗ്രസും

രാജ്യത്തെ ഒളിംപിക്ക് മണ്ഡലമായി ജയ്പൂർ റൂറൽ; ഒളിംപിക് വെള്ളി മെഡൽ ജേതാവ് കേണൽ രാജ്യവർധൻ സിങ് റാത്തോഡുമായി ഏറ്റുമുട്ടുന്നത് ഒളിംപിക്‌സ് ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ; റാത്തോഡ് പാർലമെന്റിലെത്തിയത് കോൺഗ്രസ് കരുത്തൻ സിപി ജോഷിയെ മൂന്ന് ലക്ഷത്തിലധികം വോട്ടിന് വീഴ്‌ത്തി; പൂനിയ നിയമസഭയിലെത്തിയത് കോൺഗ്രസ് കൈവിട്ട മണ്ഡലം 18000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ച്; മെഡൽ അടിക്കാൻ കാത്ത് ബിജെപിയും കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ; രാജ്യത്തെ ഒളിംപിക്ക് മണ്ഡലമായി ജയ്പൂർ റൂറൽ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ഏറ്റുമുട്ടുന്നത് രാജ്യത്തിന് അഭിമാനഭാജനങ്ങളായ രണ്ട് ഒളിംപ്യന്മാർ. നിരവധി മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇരുവരും ഇവിടെ തമ്മിൽ ഏറ്റുമുട്ടുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളെ സേവിക്കാൻ.

കേന്ദ്രമന്ത്രിയും ഷൂട്ടിങ്ങിൽ ഒളിംപിക് വെള്ളി മെഡൽ ജേതാവുമായ ബിജെപിയുടെ കേണൽ രാജ്യവർധൻ സിങ് റാത്തോഡിനെ നേരിടുന്നത്, ഒളിംപിക്‌സ് ഡിസ്‌കസ് ത്രോ താരവും രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയുമായ കൃഷ്ണ പൂനിയ.മണ്ഡലത്തിൽ കരുത്തൻ ബിജെപിയുടെ രാജ്യവർധൻ സിങ് ആണെങ്കിലും ജാട്ടുകൾക്കു മേൽക്കൈയുള്ള മണ്ഡലത്തിൽ ജാതി സമവാക്യങ്ങൾ പുതിയ അട്ടിമറികൾ സൃഷ്ടിച്ചുകൂടെന്നില്ല. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള പൂനിയ രാജസ്ഥാനിലെ ചുരു ജില്ലയിലേക്കു വിവാഹം കഴിച്ചെത്തിയ മരുമകളാണ്. ജാട്ട് വിഭാഗത്തിലെ പൂനിയ,രജപുത്രനായ റാത്തോഡിനെ വീഴിക്കാനുള്ള ഏറ്റവും കരുത്തയായ സ്ഥാനാർത്ഥിയായി മാറുന്നു.

2014 ൽ കന്നി പോരാട്ടത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സി.പി. ജോഷിയെ 3.32 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വീഴ്‌ത്തിയാണു റാത്തോഡ് പാർലമെന്റിൽ എത്തിയത്. വാർത്താവിതരണ വകുപ്പിൽ സഹമന്ത്രിയായി തുടങ്ങി. പിന്നീട് സ്പോർട്സ് യുവജനകാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. കഴിഞ്ഞ വർഷം സ്മൃതി ഇറാനിക്കു പകരക്കാരനായി തിരികെ വാർത്താ വിതരണ വകുപ്പിലേക്ക്.

നിശ്ചയദാർഢ്യത്തിലൂടെയും പോരാട്ട മികവിലൂടെയും ഏതു ലക്ഷ്യവും നേടാമെന്ന ആത്മവിശ്വാസത്തിന്റെ മറുപേരാണ് കൃഷ്ണ പൂനിയ. മൂന്നു തവണ ഒളിംപിക്‌സിൽ ഇന്ത്യയ്ക്കു വേണ്ടി ഡിസ്‌കസ് എറിഞ്ഞ പൂനിയ, 2010 കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടി. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിപ്പോയ ചുരു ജില്ലയിലെ സാധുൽപൂരിൽ നിന്ന് ഇത്തവണ 18,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മിന്നും ജയമാണ് പൂനിയ നേടിയത്. ആ വിജയത്തിന്റെ ലഹരി അടങ്ങും മുമ്പാണ് മറ്റൊരു പോരാട്ടത്തിനു പാർട്ടി നിയോഗിച്ചിരിക്കുന്നത്.

2009 ൽ കോൺഗ്രസ് 60,000 ത്തോളം വോട്ടിനു ജയിച്ച മണ്ഡലമാണ് റാത്തോഡ് 2014 ൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ കൈപ്പിടിയിലാക്കിയത്. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള മികച്ച പ്രകടനത്തിന്റെ അനുകൂല ഘടകവും ഇപ്പോഴും ശക്തമായ മോദി പ്രഭാവവും ജയ്പുർ റൂറലിൽ റാത്തോഡിനെ മുൻപത്തേക്കാൾ കരുത്തനാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP