Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉദയമംഗലത്തപ്പനും തൃക്കണ്ണാട്ടപ്പനും കാത്തു; പൊന്നുണ്ണിക്കൊന്നും വരുത്തരുതേയെന്ന കണ്ണീരും പ്രാർത്ഥനയുമായി ഉറക്കമില്ലാരാപ്പകലുകൾക്ക് ശേഷം ശുഭവാർത്തയെത്തിയതോടെ ആനന്ദപൂത്തിരികൾ; കടൽകൊള്ളക്കാർ കപ്പൽ വിട്ടയച്ചതോടെ മകൻ ശ്രീഉണ്ണിയുടെ വരവും കാത്ത് വഴിക്കണ്ണുമായി ഉദുമസ്വദേശികളായ ദമ്പതികൾ

ഉദയമംഗലത്തപ്പനും തൃക്കണ്ണാട്ടപ്പനും കാത്തു; പൊന്നുണ്ണിക്കൊന്നും വരുത്തരുതേയെന്ന കണ്ണീരും പ്രാർത്ഥനയുമായി ഉറക്കമില്ലാരാപ്പകലുകൾക്ക് ശേഷം ശുഭവാർത്തയെത്തിയതോടെ ആനന്ദപൂത്തിരികൾ; കടൽകൊള്ളക്കാർ കപ്പൽ വിട്ടയച്ചതോടെ മകൻ ശ്രീഉണ്ണിയുടെ വരവും കാത്ത് വഴിക്കണ്ണുമായി ഉദുമസ്വദേശികളായ ദമ്പതികൾ

രഞ്ജിത് ബാബു

കാസർഗോഡ്: ഉദുമ പെരിലാവളപ്പിൽ അശോകനും ഭാര്യ ഗീതയും ഇപ്പോൾ ആനന്ദ കണ്ണീരിലാണ്. കഴിഞ്ഞ ജനുവരി 31 നാണ് അശോകന്റെ മകൻ ശ്രീഉണ്ണിയും 21 ജീവനക്കാരും ജോലി ചെയ്യുന്ന എണ്ണക്കപ്പൽ നൈജീരിയൻ കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്. യൂറോപ്യൻ മേഖലയായ ജിബ്രാൾട്ടറിലേക്ക് കപ്പൽ പോയിക്കൊണ്ടിരിക്കവേയാണ് കൊള്ളക്കാർ കപ്പൽ റാഞ്ചിയത്. കഴിഞ്ഞ മാസം 31 നായിരുന്നു സംഭവം.

ശ്രീഉണ്ണി ഇക്കാര്യം വീട്ടുകാരെ ഫോണിൽ അറിയിച്ചതോടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആശങ്കയുടെ മുൾമുനയിലായി. കൊള്ളക്കാരുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ഭയത്തോടെയാണ് വീട്ടുകാരും നാട്ടുകാരും കഴിഞ്ഞത്. കണ്ണീരും പ്രാർത്ഥനയുമായി വീട്ടുകാർ ഉദയമംഗലത്തപ്പനും തൃക്കണ്ണാട്ടപ്പനും പാലക്കുന്നിലംബികയ്ക്കും നേർച്ച നേർന്ന് മകന്റെ മോചനത്തിനായി കാത്തിരിക്കയായിരുന്നു.

ഇന്ന് രാവിലെ ശുഭ വാർത്തയോടെയാണ് ശ്രീഉണ്ണിയുടെ വീട്ടുകാർ ഉണർന്നത്. കൊള്ളക്കാരിൽ നിന്നും കപ്പലും ജീവനക്കാരും മോചിക്കപ്പെട്ട വിവരം ഉണ്ണി നേരിട്ട് വീട്ടിൽ വിളിച്ച് അറിയിക്കുകയായിരുന്നു.എന്നാൽ കപ്പൽ ജിബ്രാൾട്ടറിലേക്ക് എത്തിക്കൊണ്ടിരിക്കയാണെന്നും അവിടെയെത്തിയതിനു ശേഷം നിലവിലുള്ള ജീവനക്കാർ മാറുമെന്നും ഉണ്ണി മാതാപിതാക്കളോട് പറഞ്ഞു. അതോടെ പത്ത് ദിവസം കൊണ്ട് നാട്ടിലെത്താമെന്നും ഉണ്ണി അറിയിച്ചിരിക്കയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിങ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.

മറൈൻ എക്സ്പ്രസ്സ് എന്ന പേരിലുള്ള കപ്പൽ എണ്ണയുമായി പോവുകയായിരുന്നു. നൈജീരിയൻ കൊള്ളക്കാർ എണ്ണക്കപ്പൽ റാഞ്ചുന്നത് ഈ മേഖലയിൽ വിരളമല്ല. കപ്പലിലെ എണ്ണ കൊള്ളയടിക്കാൻ പറ്റാത്തതും നൈജീരിയൻ പൊലീസിന്റെ പിടിയിൽ പെടാതിരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കൊള്ളക്കാർ കപ്പലും ജീവനക്കാരേയും വിട്ടയക്കുകയായിരുന്നുവെന്ന് ശ്രീഉണ്ണി ഉദുമ ഇസ്ലാമിയ എ.എൽ.പി. സ്‌ക്കൂൾ അദ്ധ്യാപിക കൂടിയായ അമ്മ ഗീതയോട് ടെലിഫോണിൽ അറിയിച്ചിരുന്നു. 25 കാരനായ ശ്രീഉണ്ണി അവിവാഹിതനാണ്. നൈജീരിയൻ തീരത്ത് സുരക്ഷിതമായ സ്ഥലത്ത് കപ്പൽ എത്തിയെന്നാണ് ഇപ്പോൾ ലഭിച്ച വിവരം.

കപ്പൽ മോചിപ്പിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹകരണത്തിന് നൈജീരിയ, ബെനിൻ സർക്കാരുകൾക്ക് നന്ദി അറിയിക്കുന്നതായും അവർ ട്വിറ്ററിൽ വ്യക്തമാക്കി. കപ്പൽ കണ്ടെത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സുഷമ സ്വരാജ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കപ്പൽ കണ്ടെത്തുന്നതിനായി ഇന്ത്യ നൈജീരിയ അടക്കമുള്ള രാജ്യങ്ങളുടെ സഹായംതേടിയിരുന്നു.

22 ജീവനക്കാരും 52 കോടി രൂപ (8.1 മില്ല്യൺ ഡോളർ) മൂല്യമുള്ള ഇന്ധനവുമായി പോയ ചരക്കു കപ്പലാണ് ബെനിനിൽ നിന്നും കാണാതായത്. 13,500 ടൺ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്. കാസർകോട് ഉദുമ പെരിലവളപ്പിലെ ശ്രീഉണ്ണിയും കോഴിക്കോട് സ്വദേശിയായ ജീവനക്കാരനുമടക്കം രണ്ട് മലയാളികളും കപ്പലിൽ ഉണ്ടായിരുന്നു.

ജനുവരി 31-നാണ് എം ടി. മറൈൻ എക്സ്പ്രസിൽ നിന്നുള്ള സിഗ്‌നൽ അവസാനമായി ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പൽ ഉണ്ടായിരുന്നത്. അടുത്ത ദിവസം പുലർച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളിൽനിന്നും കപ്പൽ അപ്രത്യക്ഷമായി. രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേൺ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP