Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതാവിനെ കൊലക്കേസിൽപ്പെടുത്താനുള്ള സിപിഎമ്മിന്റെ നീക്കം പാളിയത് കോടതി ഇടപെട്ടതോടെ; നേതാക്കന്മാരുടെ ഇങ്കിതമനുസരിച്ച് സംഭവത്തിന്റെ തിരക്കഥ മെനഞ്ഞത് മുൻ ഇടുക്കി എസ്‌പി; മന്ത്രി എംഎം മണിയുടെ ഉടുമ്പൻചോല മണ്ഡലത്തിൽ പ്രതിഫലിക്കുന്നത് സിപിഎമ്മിന്റ പ്രതികാരബുദ്ധി

കോൺഗ്രസ് നേതാവിനെ കൊലക്കേസിൽപ്പെടുത്താനുള്ള സിപിഎമ്മിന്റെ നീക്കം പാളിയത് കോടതി ഇടപെട്ടതോടെ; നേതാക്കന്മാരുടെ ഇങ്കിതമനുസരിച്ച് സംഭവത്തിന്റെ തിരക്കഥ മെനഞ്ഞത് മുൻ ഇടുക്കി എസ്‌പി; മന്ത്രി എംഎം മണിയുടെ ഉടുമ്പൻചോല മണ്ഡലത്തിൽ പ്രതിഫലിക്കുന്നത് സിപിഎമ്മിന്റ പ്രതികാരബുദ്ധി

മറുനാടൻ ഡെസ്‌ക്‌

ഉടുമ്പൻചോല; കോൺഗ്രസ് നേതാവിനെ കൊലക്കേസിൽപ്പെടുത്തി അകത്താക്കാനുള്ള സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നീക്കം പൊളിഞ്ഞത് കോടതി ഇടപ്പെട്ടതോടെ.തൊടുപുഴ സെഷൻസ് കോടതിയുടെ ഇടപെടലോടെ രക്ഷപ്പെട്ടത് കോൺഗ്രസ് ഉടുമ്പൻചോല ജനറൽ സെക്രട്ടറി സിബി ക്ലാമറ്റമാണ്. സംഭവത്തിന് കൂട്ടു നിന്നതും തിരക്കഥ തയ്യാറാക്കിയതും മുൻ ഇടുക്കി എസ് പി കെ ബി വേണുഗോപാലാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

പൊലീസിന്റെ ഒത്താശയോടെ നടന്ന സംഭവം മന്ത്രി എം.എം. മണി പ്രതിനിധീകരിക്കുന്ന ഉടുമ്പൻചോല നിയോജക മണ്ഡലത്തിലാണ് നടന്നത്. തന്നെ പ്രതിക്കൂട്ടിലാക്കിയ നടപടിക്കെതിരെ സിബി തൊടുപുഴ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസിൽ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയതോടെ കോടതി അറസ്റ്റ് താൽക്കാലികമായി തടയുകയും അറസ്റ്റ് ചെയ്യണമെങ്കിൽ 7 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണമെന്നും ഉത്തരവിടുകയും ചെയ്തു. പിന്നാലെ കേസിൽ സിബിക്ക് ജാമ്യവും അനുവദിച്ചു.

ഉടുമ്പൻ ചോലയിലെ വിശ്വനാഥൻ കോളനിയിൽ താമസിക്കുന്ന സെൽവരാജിന്റെ കൊലപാതകത്തിലൂടെയാണ് സംഭവത്തിന്റെ തുടക്കം. മെയ് 23ന് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സെൽവരാജും പൂക്കലാർ സ്വദേശിയായ അരുൾ ഗാന്ധിയും കടം വാങ്ങിയ 200 രൂപയുടെ പേരിൽ ഏറ്റുമുട്ടി. രണ്ടു പേർക്കും പരിക്കേറ്റതിനെ തുടർന്ന് സെൽവരാജിനെ മധുര രാജാജി മെഡിക്കൽ കോളജിലെത്തിച്ചു. ചികിത്സയിലിരിക്കെ ജൂൺ 1ന് സെൽവരാജ് മരിച്ചതോടെ അരുൾ ഗാന്ധിയെ പ്രതിയാക്കി കേസ് എടുത്തു.

എന്നാൽ പിന്നീട് സിബിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം നേതാക്കൾ പൊലീസിലെ ഉന്നതരെ സമീപിച്ചെന്നാണ് സൂചന. നേതാക്കന്മാരോട് അടുപ്പം ഉണ്ടായിരുന്ന ഇടുക്കി മുൻ എസ്‌പി കെ ബി വേണുഗോപാൽ ഉടുമ്പൻചോല സിഐയോട് ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും അവർ അതിനു തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ഉടുമ്പൻ ചോലയിലെ സിപിഎം ഏരിയ സെക്രട്ടറയുമായി ചർച്ച നടത്തിയതിനു ശേഷം ജൂൺ 2 ന് വൈകിട്ട് 5 ന് വേണുഗോപാൽ പൊലീസ് സ്റ്റേഷനിലെത്തിയതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും വ്യക്തമായിട്ടുണ്ട്.

സിബിയുടെ നിർദേശ പ്രകാരമാണു സെൽവരാജിനെ അരുൾ ഗാന്ധി കൊലപ്പെടുത്തിയതെന്നു മൊഴിയുണ്ടാക്കി സിബിയെ മൂന്നാം പ്രതിയാക്കുകയും സംഘം ചേർന്ന് ആക്രമിച്ചെന്നു വരുത്തി തീർക്കാൻ അരുൾ ഗാന്ധിയുടെ മകൻ ചിമ്പുവിനെയും രണ്ടാം പ്രതിയാക്കി. ഇതിനിടെ, വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിൽ സിബിക്കെതിരെ വധശ്രമത്തിനും കേസെടുത്തു.

അതേസമയം യഥാർഥ പ്രതികളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സിബിക്ക് കൊലപാതകത്തിൽ പങ്കുണ്ടെങ്കിൽ പ്രതിയാക്കണമെന്നും സിപിഎം ഉടുമ്പൻചോല ഏരിയാ സെക്രട്ടറി എൻ.പി. സുനിൽകുമാർ പറഞ്ഞു. കേസിനെ പറ്റി എസ്‌പിയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പുഫലം വന്ന ദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ തന്റെ വീടിനു നേരെ കല്ലെറിയുകയും കാർ ആക്രമിക്കുകയും ചെയ്തെന്ന് സിബി പറഞ്ഞു. ഭാര്യയെയും കുട്ടികളെയും ആക്രമിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ സിപിഎം നേതാക്കൾക്കു പകയുണ്ടായെന്നും അതായിരിക്കാം തന്നെ കൊലപാതകക്കേസിൽ കുടുക്കാൻ അവരെ പ്രേരിപ്പിച്ചതെന്നും സിബി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP