Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീണ്ട 40 ദിവസം ഐസിയുവും വെന്റിലേറ്ററുമായി ജീവനു വേണ്ടി പൊരുതിയ 34കാരനായ എബിൻ ഒടുവിൽ ചിരിക്കുന്ന മുഖവുമായി വീട്ടിലെത്തി; ജീവനും മരണത്തിനും ഇടയിൽ കിടന്ന എബിനെ മരണത്തിനു വിട്ടു കൊടുക്കാതെ കാവലിരുന്നത് മലയാളി നഴ്സുമാർ; ജോലി ഷിഫ്റ്റും ക്രമീകരിച്ചു മലയാളികൾ കൈകോർത്തു നൽകിയ സ്‌നേഹ കരുതൽ എബിന്റെ ഹൃദയതാളമായി മാറുമ്പോൾ; ബ്രിട്ടണിൽ നിന്നൊരു കരുതലിന്റെ അതിജീവന കഥ

നീണ്ട 40 ദിവസം ഐസിയുവും വെന്റിലേറ്ററുമായി ജീവനു വേണ്ടി പൊരുതിയ 34കാരനായ എബിൻ ഒടുവിൽ ചിരിക്കുന്ന മുഖവുമായി വീട്ടിലെത്തി; ജീവനും മരണത്തിനും ഇടയിൽ കിടന്ന എബിനെ മരണത്തിനു വിട്ടു കൊടുക്കാതെ കാവലിരുന്നത് മലയാളി നഴ്സുമാർ; ജോലി ഷിഫ്റ്റും ക്രമീകരിച്ചു മലയാളികൾ കൈകോർത്തു നൽകിയ സ്‌നേഹ കരുതൽ എബിന്റെ ഹൃദയതാളമായി മാറുമ്പോൾ; ബ്രിട്ടണിൽ നിന്നൊരു കരുതലിന്റെ അതിജീവന കഥ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ജീവനും മരണത്തിനും ഇടയിലൂടെ കയറിയിറങ്ങിയ നീണ്ട 40 നാളുകൾ. യുകെയിൽ കോവിഡുമായി ഏറ്റവും നീണ്ടകാലത്തെ പോരാട്ടം നടത്തിയ മലയാളി എന്ന നിലയിലാണ് എബിൻ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാധാരണ വെന്റിലേറ്റർ വഴിയും ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഒരു ഘട്ടത്തിൽ ആശങ്ക ഉയർന്നപ്പോൾ എക്മോ വെന്റിലേറ്റർ വേണ്ടി വരുമായിരുന്ന സാഹചര്യത്തിൽ കണ്ണിമ ചിമ്മാതെ രാവും പകലും കാവലിരുന്ന മലയാളിയുടെ സഹോദര്യമാണ് ഇപ്പോൾ എബിന്റെ ജീവൻ നിലനിർത്താൻ പ്രധാന കാരണമായി പറയാവുന്നത്.

കാരണം അത്രയും കഠിനമായ അവസ്ഥയിലൂടെ കടന്നു പോയ ഈ 34കാരനായ യുവാവ് കോവിഡ് രോഗിയാണെന്ന ആശങ്ക ഒന്നും ഇല്ലാതെ സഹപ്രവർത്തകർ കൂടെ നിന്ന് കരുതലോടെ സംരക്ഷിക്കാൻ ഡ്യൂട്ടിയിലുള്ളവരെ പരസ്പരം മാറ്റിയും മറ്റും സദാ സമയം ഒരു മലയാളി എങ്കിലും കൂടെ ഉണ്ടാകണമെന്ന ചിന്തയും എബിന് മരണത്തെയും കോവിഡിനെയും തോൽപ്പിക്കാൻ തുണയായി. എബിൻ നഴ്‌സ് ആയി ജോലി ചെയ്യുന്ന ഹാരോ ഹോസ്പിറ്റലിൽ നിന്നും ഹെയർഫീൽഡ് ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വന്നപ്പോഴും ഈ കരുതലിനു തെല്ലും കുറവുണ്ടായിരുന്നില്ല എന്നത് മാത്രമല്ല കൂടുതൽ സ്‌നേഹത്തോടെ താങ്ങായി നിന്നത് ആ ആശുപത്രിയിലെ മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ആണെന്നും എബിന്റെ സുഹൃത്തുക്കൾ പറയുന്നു.

കോവിഡ് സംഹാര താണ്ഡവം ആടിത്തുടങ്ങിയ ഏപ്രിൽ തുടക്കത്തിലാണ് ബെഡ് മാനേജ്മെന്റ് നഴ്‌സായ എബിനു വൈറസ് ആക്രമണം ഉണ്ടായത്. ആ സമയത്ത് ഓരോ രോഗിയോടും ഒപ്പം ബെഡ് തയ്യാറാക്കുന്ന ജോലിയിൽ എബിന് സമയം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. കോവിഡ് സെല്ലിൽ എത്തുന്ന രോഗിയെ വാർഡിലോ ഐസിയു ബെഡിലോ എത്തിക്കുന്ന സമയം വരെ കൂടെ നിന്നതിലൂടെ ശരീരത്തിൽ എത്തിയ വൈറസ് ലോഡ് ആയിരിക്കാം എബിന്റെ സ്ഥിതി അങ്ങേയറ്റം വഷളാക്കിയതെന്നാണ് ഇപ്പോൾ കരുത്താവുന്നത്. കാരണം എബിനൊപ്പം ഇതേ ആശുപത്രിയിൽ ജോലി ചെയ്ത മിക്ക മലയാളി നഴ്സുമാർക്കും കോവിഡ് രോഗം പടർന്നെങ്കിലും അവരിൽ ഭൂരിഭാഗവും രണ്ടാഴ്ചകൊണ്ട് സാധാരണ നിലയിലേക്ക് മടങ്ങുക ആയിരുന്നു.

എന്നാൽ എബിന് ഇത് സാധിക്കാതെ പോയതിനു വൈറൽ ലോഡ് എന്ന കാരണമാണ് ഇപ്പോൾ കൂടെ ജോലി ചെയ്തിരുന്നവരും മറ്റും കാരണമായി പറയുന്നത്. കാരണം പൂർണ ആരോഗ്യമുള്ള വെറും 34കാരനായ യുവാവിനെ കോവിഡ് ഇത്തരത്തിൽ ആക്രമിക്കാൻ മറ്റു കാരണം കണ്ടെത്താൻ കഴിയുന്നില്ല. ഏപ്രിൽ മാസം രണ്ടിന് കോവിഡ് തിരിച്ചറിഞ്ഞ ഉടൻ രണ്ടു മണിക്കൂറിനുള്ളിൽ കുടുംബത്തെ രോഗ ബാധയിൽ നിന്നും രക്ഷിക്കാൻ ഹീത്രൂവിലെ ഹോളിഡേയ് ഇൻ ഹോട്ടലിലേക്ക് മാറിയ എബിൻ നാലു നാൾ കഴിഞ്ഞപ്പോൾ അവശനായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. കൂടെ ജോലി ചെയ്തിരുന്ന മറ്റുള്ളവരെ പോലെ എളുപ്പത്തിൽ രോഗത്തിൽ നിന്നും പുറത്തുകടക്കാൻ കഴിയുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് എബിൻ തുടർന്ന് കോവിഡിന്റെ ശക്തമായ ആക്രമണത്തിൽ തളരുന്നതും വെന്റിലേറ്ററിലേക്ക് മാറുന്നതും.

ഇതിനു മുൻപ് ക്രോയ്‌ഡോണിലേ ജ്യോതി കേശവൻ, കാന്റർബെറിയിലെ ജോജോ, സൗത്താംപ്ടണിലെ ജോഷി എന്നിവരൊക്കെ ഐതിഹാസികമായ വിധത്തിൽ കോവിഡിനെ തോൽപ്പിച്ചു മടങ്ങി വന്നവർ ആണെങ്കിലും അവരെയൊക്കെ മറികടക്കും വിധം നീണ്ട നാൽപതു ദിനങ്ങളാണ് എബിന് മരണമോ ജീവിതമോ എന്ന് നിശ്ചയം ഇല്ലാതെ ഐസിയുവിൽ അടക്കം കഴിയേണ്ടി വന്നത്. ഉറ്റ സുഹൃത്തുക്കൾ ഒക്കെ തണൽ പോലെ നിന്നിട്ടും ഒരു ഘട്ടത്തിൽ അവരുടെ പ്രതീക്ഷകളും ഭയാനകമായ ഒരു വാർത്ത കേൾക്കേണ്ടി വരുമോ എന്ന ആശങ്കക്ക് വഴി മാറിയിരുന്നു. ആ ഘട്ടത്തിൽ പരസ്പരം എബിനെ കുറിച്ച് സംസാരിക്കാതിരിക്കാൻ ശ്രമിച്ച അവർ ഓരോരുത്തരും അവനു ലഭിക്കുന്ന പരിചരണത്തിൽ ഒരു കുറവും ഉണ്ടാകാതെ നോക്കുന്നതിൽ വിജയിക്കുക ആയിരുന്നു.

ആ ശ്രദ്ധയും കരുതലുമാണിപ്പോൾ എബിനെ പ്രിയപ്പെട്ടവരുടെ അടുക്കൽ മടക്കി എത്തിച്ചിരിക്കുന്നതും. ആകെ 40 ദിവസത്തെ ആശുപത്രി വാസത്തിൽ രണ്ടു നാൾ ഹില്ലിങ്ടൻ ആശുപത്രിയിലും ഒരാഴ്ച സ്വന്തം ജോലി സ്ഥലമായ നോർത്ത് വിക് പാർക്കിലുമായിരുന്നു എബിൻ. രോഗം കലശലായതോടെ നീണ്ട 30 നാൾ ഹയർഫീൽഡ് ആശുപത്രിയിൽ കഴിഞ്ഞാണ് ഇദ്ദേഹം ഒരു യോദ്ധാവിനെ പോലെ ജീവിതത്തിലേക്ക് പുഞ്ചിരിയോടെ മടങ്ങിയിരിക്കുന്നത്. തങ്ങളുടെ സ്‌നേഹവും കരുതലും ഇനിയും കൂടെയുണ്ട് എന്ന് വ്യക്തമാക്കിയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ''വെൽക്കം ഹോം എബിൻ ''എന്നെഴുതിയ പ്ലക്കാർഡുകളുമായി ആശുപത്രിയിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ കാത്തു നിന്നത്. പൂർണ ആരോഗ്യത്തോടെ ആരുടേയും കൈപോലും പിടിക്കാതെ എബിൻ ആംബുലൻസിൽ നിന്നും ഇറങ്ങി വന്നപ്പോൾ സന്തോഷത്തോടെ ഇരുകയ്യും കൊട്ടി വരവേൽക്കാൻ ഒരു നാട് ഒന്നാകെ എബിന്റെ വീടിനു മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ കോവിഡ് അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി എൻഎച്ച്എസ് ഉയർത്തുന്നതും എബിനെ പോലെയുള്ളവരുടെ ജീവിതത്തിലേക്കുള്ള മടങ്ങി വരവാണ്.

ഒരു ഘട്ടത്തിൽ എബിൻ ജീവനു വേണ്ടി പൊരുതുമ്പോൾ വീട്ടിൽ ഭാര്യയും കോവിഡ് രോഗിയായി മാറുക ആയിരുന്നു. മൂന്നു വയസുള്ള കുഞ്ഞ് ഏയ്ഡനുമായി കടുത്ത സംഘർഷം നേരിട്ടാണ് ആ ദിവസങ്ങളിൽ എബിന്റെ ഭാര്യ പ്രീതി ജോസ് കഴിഞ്ഞത്. മൂന്നാഴ്ച വീട്ടിൽ കുഞ്ഞുമായി കഴിഞ്ഞു പ്രീതി രോഗവിമുക്തി നേടുകയും ചെയ്തു. ആറു വർഷം മുൻപ് കണ്ണൂർ സ്വദേശിയായ എബിൻ ഹാറോവിലെ നോർത്ത് വിക് പാർക്ക് ഹോസ്പിറ്റലിൽ നഴ്‌സ് ആയതുമുതൽ സ്‌നേഹവും ചിരിയുമായി മാത്രം കണ്ടിട്ടുള്ള തങ്ങളുടെ പ്രിയ കൂട്ടുകാരൻ കോവിഡുമായി പൊരുതി തോൽക്കും എന്നത് സങ്കൽപ്പിക്കാൻ പോലും ഈ പ്രദേശത്തെ ഒരു മലയാളിക്കും സാധിക്കുമായിരുന്നില്ല. അതിനാൽ തന്നെ അവർ എബിന് വേണ്ടി പ്രാർത്ഥിക്കുക മാത്രമല്ല തങ്ങളാൽ കഴിയുന്ന മുഴുവൻ വിധത്തിലും ആവശ്യമായ പരിചരണം ലഭിക്കുന്നു എന്നുറപ്പാക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ ഒരു കോവിഡ് രോഗിക്കായി യുകെയിൽ മലയാളികൾ ഒന്നിച്ചു കൈകോർത്തിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ഹാരോ ട്രസ്റ്റിലെ ശക്തമായ മലയാളി സാന്നിധ്യം ഇവിടെ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല സമീപ പ്രദേശത്തെ മുഴുവൻ മലയാളികൾക്കും സ്‌നേഹസാന്ത്വനം ആയി മാറുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ആയിരത്തോളം മലയാളികൾ എങ്കിലും ഇവിടെ മാത്രമായി എത്തിയത് ആപത് ഘട്ടത്തിൽ കരുത്തും കരുതലും ആയി മാറാൻ ആണെന്നും തിരിച്ചറിയുകയാണ് ഹാറോവിലെ യുവ മലയാളി സമൂഹം. ചെറുപ്പക്കാർക്ക് പഴയ തലമുറയെ പോലെ സാമൂഹിക ബന്ധം ഇല്ലെന്ന പരാതിയൊക്കെ ഹാറോവിലെ ചെറുപ്പക്കാരായ മലയാളികൾ തിരുത്തിക്കുറിക്കുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP