Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുക്കിയ ശമ്പളം നൽകാൻ മാനേജ്മെന്റിന് മടി; അസീസിയ മെഡിക്കൽ കോളേജിൽ നേഴ്സുമാർ സമരത്തിൽ; പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിയുമായി മാനേജ്‌മെന്റും; ഭീഷണിക്കുമുന്നിൽ മുട്ടുമടക്കി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് യുഎൻഎയും

പുതുക്കിയ ശമ്പളം നൽകാൻ മാനേജ്മെന്റിന് മടി; അസീസിയ മെഡിക്കൽ കോളേജിൽ നേഴ്സുമാർ സമരത്തിൽ; പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിയുമായി മാനേജ്‌മെന്റും; ഭീഷണിക്കുമുന്നിൽ മുട്ടുമടക്കി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് യുഎൻഎയും

പീയൂഷ് ആർ

കൊല്ലം: സർക്കാർ പുതുക്കി നൽകിയ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് അസീസിയ മെഡിക്കൽ കോളേജിൽ യു.എൻ.എ യുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് തുടങ്ങി. ഇന്ന് രാവിലെ മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഹോസ്പിറ്റലിന് മുന്നിൽ നഴ്സുമാർ പ്ലക്കാർഡുകൾ ഉയർത്തി സമരം തുടങ്ങി. സർക്കാർ ഉത്തരവ് നടപ്പിലാക്കുക, നഴ്സുമാരോട് നീതി കാട്ടുക എന്നീ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധിക്കുന്നത്.

തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ യുഎൻഎയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചതോടെ മുൻനിര ആശുപത്രികളെല്ലാം മുട്ടുമടക്കി സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാമെന്ന ഒത്തുതീർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ ഒപി അടച്ചിട്ട് സമരത്തെ പ്രതിരോധിക്കാനും ആശുപത്രി മുതലാളിമാർ നീക്കം നടത്തി. പക്ഷേ, അതൊന്നും വിജയിച്ചില്ല. ഇതോടെയാണ് ഒത്തൂതീർപ്പിന് തലസ്ഥാനത്ത് സാഹചര്യമൊരുങ്ങിയത്.

ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാൻ തയ്യാറാവാത്ത വൻകിട ആശുപത്രികൾക്ക് എതിരെ സമരം യുഎൻഎ ശക്തമാക്കുന്നത്. അസീസി ആശുപത്രി മുതലാളി അതേസമയം ഭീഷണിയുടെ സ്വരവുമായാണ് എത്തിയിട്ടുള്ളത്. പൊലീസിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് മാനേജ്‌മെന്റ് എന്ന് യുഎൻഎ വ്യക്തമാക്കി. എന്നാൽ ഇതിലൊന്നും വഴങ്ങി സമരം അവസാനിപ്പിക്കില്ലെന്നും സമാധാനപരമായിട്ടാണ് സമരം. ആശുപത്രിയിൽ വരുന്ന രോഗികൾക്കും മറ്റും അസൗകര്യമൊന്നും ഉണ്ടാക്കാതെയാണ് ഇവർ സമരം ചെയ്യുന്നത്. അതിനിടയിലാണ് ഭീഷണിമുഴക്കി മാനേജ്മെന്റുകൾ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് യു.എൻ.എ ഹോസ്പിറ്റൽ അധികൃതർക്ക് പണിമുടക്ക് നോട്ടീസ് നൽകിയത്. ജൂൺ മാസത്തിൽ പുതുക്കിയ ശമ്പളം നൽകിയില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ ജൂൺ മാസത്തിലെ ശമ്പളം പഴയ നിരക്കിൽ തന്നെയാണ് വിതരണം ചെയ്തത്. ഇതാണ് നഴ്സുമാരെ ചൊടിപ്പിച്ചത്. നാലും അഞ്ചും വർഷം എക്സ് പീരിയൻസുള്ളവർക്ക് ഇനിടെ പതിനായിരം രൂപയിൽ താഴെയേ ശമ്പളം ഉള്ളൂ. പി.എഫ്, ഇ.എസ്‌ഐ ആനുകൂല്യങ്ങൾ ഇല്ല.

2013 ലെ സാലറി പോലും ആർക്കും നൽകുന്നില്ല. നിലവിൽ 1500 രൂപ മാത്രം കൂട്ടിക്കൊടുക്കാൻ കഴിയൂ എന്നാണ് മാനേജമെന്റ് പറയുന്നത്. ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ എത്തുന്ന അസീസിയ മെഡിക്കൽ കോളേജിൽ നഴ്സുമാർക്ക് ദുരിതപർവ്വമാണ്. എല്ലുമുറിയെ പണിയെടുത്താലും തുച്ഛമായ ശമ്പളമാണ് നൽകുന്നത്. മാനേജ്‌മെന്റിന്റെ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎൻഎയും.

പുതുക്കിയ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് പി.കെ ദാസ് മെഡിക്കൽ കോളേജിലും വയനാട് വിംസ് മെഡിക്കൽ കോളേജിലും നഴ്സുമാർ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു. ഉപരോധം മുൾപ്പെടെയുള്ള സമര പരിപാടികളുമായാണ് ഇപ്പോൾ യു.എൻ.എ മുന്നോട്ടു പോകുന്നത്. ശമ്പള പരിഷ്‌കരണം നടപ്പിലായില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ആശുപത്രികളെ പൂർണ്ണമായും സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരത്തിലേക്ക് പോകാനാണ് സംഘടനയുടെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP