Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മാർത്ഥയോടെ പണിയെടുത്തിട്ടും ഒരു പരിഗണനയും ഇല്ലാതെ ഞങ്ങളെ ചവിട്ടിപ്പുറത്താക്കി; എല്ലാവരും ഓണമാഘോഷിക്കുമ്പോൾ ഞങ്ങളുടെ കുടുംബം പട്ടിണിയിൽ; യുഎൻഎ സംഘടിപ്പിച്ച് ഓണപ്പരിപാടികളിൽ പാട്ട് പാടിയും നൃത്തം ചെയ്തും ഓണക്കളികൾ കളിച്ചും സമരക്കാർ; ഓണസദ്യ വയറും മനസ്സും നിറച്ചെന്ന് മാലാഖമാർ; ഓണക്കിറ്റ് കൈനീട്ടി വാങ്ങുമ്പോൾ പൊട്ടിക്കരഞ്ഞ് പിവി എസ് ആശുപത്രി ജീവനക്കാർ; സഹപ്രവർത്തകരോട് യുഎൻഎ കാണിച്ചത് വലിയ നന്മയെന്ന് നഴ്‌സിങ് സമൂഹം

ആത്മാർത്ഥയോടെ പണിയെടുത്തിട്ടും ഒരു പരിഗണനയും ഇല്ലാതെ ഞങ്ങളെ ചവിട്ടിപ്പുറത്താക്കി; എല്ലാവരും ഓണമാഘോഷിക്കുമ്പോൾ ഞങ്ങളുടെ കുടുംബം പട്ടിണിയിൽ; യുഎൻഎ സംഘടിപ്പിച്ച് ഓണപ്പരിപാടികളിൽ പാട്ട് പാടിയും നൃത്തം ചെയ്തും ഓണക്കളികൾ കളിച്ചും സമരക്കാർ; ഓണസദ്യ വയറും മനസ്സും നിറച്ചെന്ന് മാലാഖമാർ; ഓണക്കിറ്റ് കൈനീട്ടി വാങ്ങുമ്പോൾ പൊട്ടിക്കരഞ്ഞ് പിവി എസ് ആശുപത്രി ജീവനക്കാർ; സഹപ്രവർത്തകരോട് യുഎൻഎ കാണിച്ചത് വലിയ നന്മയെന്ന് നഴ്‌സിങ് സമൂഹം

സുവർണ്ണ പി.എസ്‌

കൊച്ചി: നഴ്‌സുമാരോട് എറണാകുളം പിവി എസ് ആശുപത്രി മാനേജ്‌മെന്റ് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. കേരളം മുഴുവൻ ഓണമാഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ പിവി എസ് ആശുപത്രിയിലെ നഴ്‌സുമാർക്ക് വറുതിയുടെ കാലമാണ്. നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ ഇടപെട്ട് വിപുലമായ ഓണാഘോഷപരിപാടികളാണ് ആശുപത്രിക്ക് മുന്നിൽ സമരമിരിക്കുന്ന നഴ്‌സുമാർക്കായി സംഘടിപ്പിച്ചത്.നഴ്‌സുമാർക്ക് ഓണസദ്യ വിതരണവും വീട്ടിലേക്ക് ഓണം ആഘോഷിക്കാനുള്ള ഓണക്കിറ്റ് ഉൾപ്പടെയുള്ള സാധനങ്ങളും നൽകിയാണ് വീട്ടിലേക്ക് അയച്ചത്. ജോലി ചെയ്ത സ്ഥാപനം പോലും നൽകാത്ത പരിഗണന തങ്ങൾക്ക് യുഎൻഎയിൽ നിന്ന് ലഭിച്ചതിന്റെ ആഹ്ലാദം ജീവനക്കാരും മറച്ച് വെക്കുന്നില്ല.

മാസങ്ങളായി സമരമിരിക്കുന്ന ആശുപത്രി ജീവനക്കാർക്ക് വേണ്ടി വിപുലമായ ഓണാഘോഷ പരിപാടികളാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംഘടിപ്പിച്ചത്. സമരപന്തലിന് മുന്നിൽ അത്തപ്പൂക്കളമിട്ടും, വിവിധ ഓണക്കളികൾ സംഘടിപ്പിച്ചും സമരക്കാർക്ക് ആഘോഷം തന്നെ സമ്മാനിക്കുകയായിരുന്നു. വർഷങ്ങൾ ജോലി ചെയ്തിട്ടും ഒരിക്കൽ പോലും ഒരു ഓണക്കാലത്തും ലഭിക്കാത്ത സന്തോഷമാണ് ഇപ്പോൾ നഴ്‌സുമാരുടെ സംഘടന ഇടപെട്ട് നടത്തിയ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ചത് എന്ന് പറയുമ്പോൾ പല നഴ്‌സുമാരുംടേയും കണ്ണ് നിറയുന്നുണ്ടായിരുന്നു. ഇത്രയും കാലം ജോലി ചെയ്ത ശമ്പളം പോലും തരുന്നില്ല. ഇനി ഞങ്ങൾക്ക് വേറെ എവിടെ ജോലി കിട്ടാനാണ്. പറയുമ്പോൾ പല നഴ്‌സുമാരുടേയും കണ്ണ് നിറയുന്നുണ്ടായിരുന്നു

വനിത നഴ്‌സുമാർ രാവിലെ മുതൽ പൂക്കളമിട്ടും പാട്ടുകൾ പാടിയും ഓണത്തെ വരവേറ്റപ്പോൾ മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു. വളരെ സന്തോഷം നിറഞ്ഞ അനുഭവം എന്നാണ് നഴ്‌സുമാർ വിശേഷിപ്പിച്ചത്. വർഷങ്ങളായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നു. മാസ ശമ്പളം പോലും കൃത്യമായി നൽകാത്ത അവർ ഓണം എന്ന മലയാളിയുടെ ഉത്സവത്തിന് പോലും ഒരു കരുണ കാണിച്ചിട്ടില്ല എന്നും നഴ്‌സുമാർ പറയുന്നു. നിരവധി സുഹൃത്തുക്കളും മറ്റും അവരുടെ ഓഫീസുകളിലെ ഓണാഘോഷ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ ഒക്കെ പോസ്റ്റ് ചെയ്യുമ്പോൾ വളരെ ആഗ്രഹം തോന്നിയിട്ടുണ്ട് എന്നും നഴ്‌സുമാർ പറയുന്നു.

ഓണ പരിപാടികൾക്ക് ശേഷം ഓണ സദ്യ വിളമ്പി 200ൽ അധികം വരുന്ന നഷ്‌സുമാർക്കും ആശുപത്രി ജീവനക്കാർക്കും അവരുടെ കുടുബത്തിനൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഓണക്കിറ്റ് വിതരണവും നടത്തി. ഒരു മാസത്തേക്കുള്ള വീട്ട് സാധനങ്ങൾ ഉൾപ്പടെയാണ് ജീവനക്കാർക്ക് നൽകിയത്. സദ്യ ഉണ്ട് ഓണക്കിറ്റ് വാങ്ങിയ ശേഷം ജീവനക്കാർ പറഞ്ഞത് വയറും മനസ്സും നിറഞ്ഞു എന്നാണ്. ഇത്തരത്തിൽ ഒരു പ്രവർത്തിചെയ്യേണ്ടത് സഹപ്‌രവർത്തകരോടുള്ള ഉത്തരവാദിത്വമാണ് എന്നാണ് പരിപാടി ഉദ്ഘാടനം ചെയ്ത യുഎൻഎ നേതാവ് ഹാരിസ് മണലംപാറ മറുനാടനോട് പറഞ്ഞത്. കേരളത്തിലെ സർ്ക്കാർ ഈ വിഷയത്തിൽ ഇടപെടണം എന്നും ഈ മുതലാളിമാർക്ക് എതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടത് എന്നും ഹാരിസ് പറഞ്ഞു.

ഒരുകാലത്തും ജീവനക്കാർ അർഹിക്കുന്ന പരിഗണന കാണിക്കാതിരുന്ന മാതൃഭൂമി മുതലാളി പിവി ചന്ദ്രന്റെ ആശുപത്രിയിൽ നടക്കുന്നത് ശുദ്ധമായ തൊഴിലാളി വിരുദ്ധ നയങ്ങളാണ്.ഓണക്കാലത്ത് പോലും ജീവനക്കാരോടോ നഴ്‌സുമാരോടോ ഒരു വിധത്തിലുള്ള മമതയും മുതലാളിക്ക് ഇല്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പിവി എസ് ആശുപത്രിയിൽ ജീവനക്കാർ സമരത്തിലാണ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളോ ഒന്നും തന്നെ ഇല്ല. മാതൃഭൂമി മുതലാളിയുടെ ആശുപത്രിയിൽ നടക്കുന്ന ക്രൂരതകൾ റിപ്പോർട്ട് ചെയ്യാൻ ഒരു മുഖ്യധാര മാധ്യമവും മുന്നോട്ട് വന്നിട്ടില്ല.

2018 ആഗസ്റ്റു മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഇകഴിഞ്ഞ മെയ് മാസത്തിൽ മുഴുവൻ ജീവനക്കാരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിനു മുന്നിൽ കുത്തിയിരുപ്പു സമരം നടത്തിവരികയായിരുന്നു.എറണാകുളം റീജ്യണൽ ജോയന്റ് ലേബർ കമ്മീഷണർ കെ.ശ്രീലാൽ ജീവനക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പ് അന്ന് നടന്നത്. 2019 ഏപ്രിൽ 30നും അതിനു മുമ്പും സ്ഥാപനത്തിൽ നിന്നു പോയ എല്ലാ ജീവനക്കാർക്കും സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു എന്നാൽ പിന്നീട് ഇതെല്ലാം തന്നെ അവർ ലംഘിച്ചു. ഇതിനെ തുടർന്നാണ് ജീവനക്കാർ ഇപ്പോൾ തുടർച്ചയായി 132ാം ദിവസവും സമരം തുടരുന്നത്

2018 ഓഗസ്റ്റ് മുതൽ നേഴ്‌സിങ് ഇതര ജീവനക്കാർക്കും 2019 ജനുവരി മുതൽ നേഴ്‌സിങ് ജീവനക്കാർക്കും ശമ്പളക്കുടിശ്ശികയുള്ളതിൽ ഏപ്രിൽ 30ന് സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കും നിലവിൽ തുടരുന്നവർക്കും തൊഴിൽ നിയമ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങൾ നൽകാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു.നിലവിലുള്ള വേതന കുടിശ്ശികയുടെ ആദ്യ ഗഡുവായി ഒരു മാസത്തെ വേതന കുടിശ്ശികയായ ഒരു കോടി രൂപ മെയ് 24നും രണ്ടാം ഗഡു ജൂൺ 10നും നൽകും. 2019 ഏപ്രിലിൽ സ്ഥാപനത്തിൽ നിന്നും പോയിട്ടുള്ള ജീവനക്കാരുടെ എല്ലാ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളും 2019 ഓഗസ്റ്റ് 20നുള്ളിൽ നൽകും. നിലവിൽ സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാർക്ക് ലഭിക്കുവാനുള്ള വേതനക്കുടിശ്ശികയും ഓഗസ്റ്റ് 20നുള്ളിൽ നൽകും എന്നും വാക്ക് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ആശുപത്രികളിൽ ഒന്നാണ് എങ്കിലും പക്ഷേ ശമ്പളം നൽകുന്ന കാര്യത്തിൽ ഈ പരിഗണന ഇല്ല.

ഒന്നര വർഷമായി ശമ്പളം നൽകാത്തതിനെതുടർന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടർമാർക്ക് ഒരു വർഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാർക്ക് 8 മാസങ്ങളായും ശമ്പളം നൽകിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്ഐ വിഹിതം നൽകാത്തതിനെ തുടർന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നൽകിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാർ സാക്ഷ്യപ്പടുത്തുന്നു. നേരത്തെ വിഷയത്തിൽ കളക്ടർ ഇടപെട്ടപ്പോൾ ഫെബ്രുവരി 28 നകം കുടിശ്ശിക നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. യുഎൻഎ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂർണ്ണപിൻതുണയിലാണ് സമരം.

കൊച്ചിയുടെ കണ്ണായ കലൂരിൽ ആറേക്കറിൽ 14 നിലകളിൽ വ്യാപിച്ചു നിൽക്കുന്ന ആശുപത്രി മറിച്ച് വിൽക്കാനാണ് ആശുപത്രി മാനേജ്മെന്റ് ശ്രമിച്ചിരുന്നത്. 600 കോടിയോളം വിലമതിക്കുന്ന ഈ ആശുപത്രി സമുച്ചയം ഏറ്റെടുപ്പിക്കാൻ വിവിധ ആശുപത്രി ഗ്രൂപ്പുകളുമായി മാനേജ്‌മെന്റ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾ ഇതുവരെ ഫലവത്തായിട്ടില്ല. ആശുപത്രി വിൽക്കാൻ ശ്രമങ്ങൾ നടത്തുന്നത് കാരണം ആശുപത്രി ലാഭത്തിൽ നിന്നും നഷ്ടത്തിലാക്കാനും മാനേജ്മെന്റ് ശ്രമിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി ആശുപത്രിയിൽ ശമ്പള പ്രശ്നം വരാനും കഴിഞ്ഞ ആറുമാസമായി പൂർണ്ണ രീതിയിൽ ശമ്പളം മുടങ്ങാനും കാരണം മാനേജ്മെന്റ് നടത്തുന്ന ഈ രീതിയിലുള്ള ശ്രമങ്ങളാണ്.

ജീവനക്കാരെ മുഴുവൻ പുകച്ചു പുറത്താക്കുക. ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കുക. രാജി വയ്ക്കാൻ പ്രേരിപ്പിക്കുക. പിരിഞ്ഞു പോകുന്നവർക്ക് ഒരാനുകൂല്യവും നൽകാതിരിക്കുക. ആശുപത്രി പുതിയ മാനേജ്മെന്റിന് കൈമാറും മുൻപ് നിലവിലെ എല്ലാ ജീവനക്കാരെയും പറഞ്ഞുവിടുക. ക്ളീൻ ആയ ആശുപത്രി കോടികൾക്ക് പുതിയ ഗ്രൂപ്പിന് കൈമാറുക. ഈ തന്ത്രത്തിൽ കുരുക്കിയാണ് മാനേജ്മെന്റ് ജീവനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്നത്. രണ്ടു വർഷമായി ആശുപത്രി മറിച്ച് വിൽക്കാൻ ആശുപത്രി മാനേജ്‌മെന്റ് ശ്രമം തുടങ്ങിയിട്ട്. ഈ ശ്രമം തുടങ്ങിയതോടെ ലാഭത്തിലായി പോകുന്ന ആശുപത്രി നഷ്ടത്തിലാക്കാനും ഒപ്പം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ മനഃപൂർവം രാജിവയ്ക്കാൻ പ്രേരിപ്പിക്കുക, മികച്ച ഡോക്ടർമാരെ ഒഴിവാക്കാൻ ശ്രമിക്കുക, ശമ്പളം നാമമാത്രമായി നൽകുക തുടങ്ങിയ നടപടികൾ ആശുപത്രി മാനേജ്മെന്റ് കൈക്കൊണ്ടത്.

മൂന്നു മാസം മുൻപ് കോഴിക്കോട്ടുള്ള പ്രമുഖ ആശുപത്രിക്ക് ഇവർ പിവി എസ് ആശുപത്രി കൈമാറാൻ തീരുമാനിച്ചിരുന്നു. മുന്നൂറ് കോടിക്ക് ആണ് ഈ കൈമാറ്റമെന്നാണ് ആശുപത്രി ജീവനക്കാർ അറിഞ്ഞത്. കോഴിക്കോടെ ഈ ആശുപത്രിക്ക് പിവി എസ് കൈമാറുകയാണ് എന്ന് മാനേജമെന്റ് പ്രതിനിധികൾ ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. മൂന്നു മാസം മുൻപായിരുന്നു ഈ തീരുമാനം. എന്നാൽ ഈ ശ്രമം ചീറ്റിപ്പോയി. 300 കോടി എന്നത് അബദ്ധതീരുമാനമാണ് എന്ന് മനസിലാക്കിയാണ് പിവി എസ് ആശുപത്രി മാനേജ്മെന്റ് പിൻവാങ്ങിയത്. ഇതോടെ പെട്ടുപോയത് ജീവനക്കാരാണ്. അതേസമയം മാതൃഭൂമി ഉന്നതനായ പി വി ചന്ദ്രന്റെ കൂടി സാന്നിധ്യമുള്ള ആശുപത്രിയിലെ തൊഴിൽ പ്രശ്‌നം എല്ലാവരാലും തഴയപ്പെടുന്ന അവസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP