Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പടിയിറങ്ങും മുൻപ് പ്രഖ്യാപിച്ചത് ലക്ഷം കോടിയുടെ പദ്ധതികൾ; അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത് ഒരുലക്ഷം കോടിയോളം രൂപ ചെലവു വരുന്ന പദ്ധതികൾ; പ്രഖ്യാപനത്തിൽ മൊബിലിറ്റി സൊല്യൂഷൻസ് മുതൽ വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതി വരെ; കേന്ദ്ര സർവകലാശാലകളിൽ സംവരണ ഓർഡിനൻസും പുറപ്പെടുവിക്കും; .യോഗം അംഗീകരിച്ചവയിൽ പുതിയ പദ്ധതികളും തുടർ പദ്ധതികളും

പടിയിറങ്ങും മുൻപ് പ്രഖ്യാപിച്ചത് ലക്ഷം കോടിയുടെ പദ്ധതികൾ; അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത് ഒരുലക്ഷം കോടിയോളം രൂപ ചെലവു വരുന്ന പദ്ധതികൾ; പ്രഖ്യാപനത്തിൽ മൊബിലിറ്റി സൊല്യൂഷൻസ് മുതൽ വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതി വരെ; കേന്ദ്ര സർവകലാശാലകളിൽ സംവരണ ഓർഡിനൻസും പുറപ്പെടുവിക്കും; .യോഗം അംഗീകരിച്ചവയിൽ പുതിയ പദ്ധതികളും തുടർ പദ്ധതികളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; പ്രധാനമന്ത്രി പദത്തിൽ നിന്ന് പടിയിറങ്ങും മുൻപ് ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് നരേന്ദ്ര മോദി സർക്കാർ. അടിയന്തരമായ പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് മോദി നടത്തിയിരിക്കുന്നത്. പധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത് 1 ലക്ഷം കോടിയോളം രൂപ ചെലവു വരുന്ന പദ്ധതികൾ. പുതിയ പദ്ധതികളും തുടർപദ്ധതികളും ഇതിലുണ്ട്.

പദ്ധതികളെല്ലാം ഇടക്കാല ബജറ്റിന്റെ ഭാഗമല്ലെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. എങ്കിലും പല പദ്ധതികളുടെയും തുടർച്ചയ്ക്കു മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുണ്ട്. പുതിയ സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പൂർണ ബജറ്റിലും ഇവ ഉൾപ്പെടുത്തേണ്ടി വരും.
33,690 കോടി രൂപ അടങ്കലുള്ള മുംബൈ സബർബൻ റെയിൽവേ വികസനം, 25,000 കോടി രൂപ ചെലവിൽ ഡൽഹി മെട്രോ നാലാം ഘട്ടം, ബിഹാറിലെ ബക്‌സറിൽ താപവൈദ്യുതി നിലയം (10,439 കോടി രൂപ), സിക്കിമിൽ തീസ്ത ജലവൈദ്യുതി നിലയം (5,748 കോടി), എയർ സ്ട്രിപ്പുകൾ (4,500 കോടി), എയ്ഡ്‌സ് നിയന്ത്രണം (6,435കോടി) കരിമ്പു കർഷകർക്കും പഞ്ചസാര മില്ലുകൾക്കും സഹായം (2,790 കോടി) തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. 15,000 കോടി രൂപയുടെ കരിമ്പു കൃഷി, പഞ്ചസാര മിൽ പാക്കേജ് അനുവദിച്ചേക്കുമെന്നായിരുന്നു ആദ്യ സൂചനകൾ.

പ്രധാന പദ്ധതികൾ

'മൊബിലിറ്റി സൊല്യൂഷൻസ്':- ശുദ്ധ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനു നിതി ആയോഗിന്റെ 'മൊബിലിറ്റി സൊല്യൂഷൻസ്' കർമരേഖയ്ക്ക് അംഗീകാരം. 5 വർഷത്തിനകം സ്റ്റോറേജ് ബാറ്ററി നിർമ്മാണത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റും. വമ്പൻ ഫാക്ടറികൾ സ്ഥാപിക്കുന്നതിനു പ്രത്യേക പ്രോത്സാഹന പദ്ധതികൾ. വൈദ്യുതി വാഹനങ്ങളുടെയും സ്‌പെയർ പാർട്ടുകളുടെയും നിർമ്മാണ പദ്ധതികളുമായി ഇതു ബന്ധിപ്പിക്കും.

വ്യോമ ബന്ധം: ഉഡാൻ പദ്ധതി പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന 50 വിമാനത്താവളങ്ങളും എയർ സ്ട്രിപ്പുകളും കൂടി പുനരുദ്ധരിക്കും. ആദ്യ രണ്ടു ഘട്ടങ്ങളിൽ 129 വിമാനത്താവളങ്ങളും എയർ സ്ട്രിപ്പുകളും പുനരുദ്ധരിച്ച് 20 എയർലൈനുകൾക്ക് 458 റൂട്ടുകൾ അനുവദിച്ചിരുന്നു.

വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതി: വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതിയിൽ 43,000 പേരെക്കൂടി ഉൾപ്പെടുത്തി. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്തവർ, എമർജൻസി കമ്മിഷൻഡ് ഓഫിസർമാർ, സേവനം പൂർത്തിയാക്കാതെ വിരമിച്ചവർ, ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസർമാർ എന്നിവർക്കും പങ്കാളികൾക്കും പ്രയോജനം.

സംവരണ ഓർഡിനൻസും

കേന്ദ്രസർവകലാശാലകളിൽ പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിനു മുൻപുണ്ടായിരുന്ന സംവിധാനം പുനഃസ്ഥാപിക്കുന്നതിനു കേന്ദ്രം ഓർഡിനൻസ് പുറപ്പെടുവിക്കും. ഇതോടെ, ഒരു സർവകലാശാലയെയും സ്ഥാപനത്തെയും അടിസ്ഥാന യൂണിറ്റായി കണക്കാക്കിയായിരിക്കും സംവരണം നിശ്ചയിക്കുക.

2017 ൽ അലഹാബാദ് ഹൈക്കോടതി വിധിയെത്തുടർന്നാണു മാനദണ്ഡം പരിഷ്‌കരിക്കേണ്ടി വന്നത്. ഓരോ വകുപ്പിനെയും പ്രത്യേക യൂണിറ്റായി കാണണമെന്നായിരുന്നു കോടതി വിധി. വിവിധ വിഭാഗങ്ങൾക്ക് അർഹമായ സംവരണം ലഭിക്കുന്നില്ലെന്നു വ്യക്തമായതോടെയാണു വിധി മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP