Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവരഞ്ജിത്ത് കൈചൂണ്ടിക്കാണിച്ചു; ചവറ്റുകൂനയിൽ നിന്നും കുത്തിയ കത്തി പ്രതിയെ കൊണ്ട് എടുപ്പിച്ച് പൊലീസും'; സഹസഖാവിനെ കുത്തി വീഴ്‌ത്തിയ ശിവരഞ്ജിത്തും നസീമും വീണ്ടും ക്യാമ്പസിലെത്തിയത് കൈവിലങ്ങിണിഞ്ഞ് കൂസലില്ലാതെ; പൊലീസിന് നടുവിലും നടന്നു നീങ്ങിയത് നേതാവിനെ പോലെ തല ഉയർത്തി; കത്തി കണ്ടെത്തിയത് വെറും പത്ത് മിനിറ്റിനുള്ളിൽ; ഇടിമുറിയിലെ തെളിവെടുപ്പിലും കുറ്റബോധമില്ല; 'ഭാവിയിലെ പൊലീസ്' കൈവിലങ്ങുമായി യൂണിവേഴ്സിറ്റി കോളേജിൽ എത്തിയപ്പോൾ

ശിവരഞ്ജിത്ത് കൈചൂണ്ടിക്കാണിച്ചു; ചവറ്റുകൂനയിൽ നിന്നും കുത്തിയ കത്തി പ്രതിയെ കൊണ്ട് എടുപ്പിച്ച് പൊലീസും'; സഹസഖാവിനെ കുത്തി വീഴ്‌ത്തിയ ശിവരഞ്ജിത്തും നസീമും വീണ്ടും ക്യാമ്പസിലെത്തിയത് കൈവിലങ്ങിണിഞ്ഞ് കൂസലില്ലാതെ; പൊലീസിന് നടുവിലും നടന്നു നീങ്ങിയത് നേതാവിനെ പോലെ തല ഉയർത്തി; കത്തി കണ്ടെത്തിയത് വെറും പത്ത് മിനിറ്റിനുള്ളിൽ; ഇടിമുറിയിലെ തെളിവെടുപ്പിലും കുറ്റബോധമില്ല; 'ഭാവിയിലെ പൊലീസ്' കൈവിലങ്ങുമായി യൂണിവേഴ്സിറ്റി കോളേജിൽ എത്തിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ മുഖ്യപ്രതികളെ പൊലീസ് യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുത്തത് കനത്ത സുരക്ഷയൊരുക്കി. കോളേജിലേക്ക് ആരേയും പൊലീസ് കയറ്റിവിട്ടില്ല. കൂസലില്ലാതെയാണ് പൊലീസ് വാഹനത്തിൽ പ്രതികളുമായി പൊലീസ് എത്തിയത്. എതിർപ്പൊന്നും കൂടാതെ പൊലീസുമായി പ്രതികളായ ശിവരഞ്ജിത്തും നസീമും സഹകരിച്ചു. കോളേജിലൂടെ എസ് എഫ് ഐ നേതാവിന്റെ തലയെടുപ്പോടെയാണ് ഇരുവരും നടന്നത്.

രാവിലെ ഒൻപത് മണിയോടെയാണ് പൊലീസ് വ്യൂഹം പ്രതികളുമായി കോളേജിൽ എത്തിയത്. മാധ്യമങ്ങളെ അകത്ത് കടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച പൊലീസ് അര മണിക്കൂറിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങി. കൈവിലങ്ങളിഞ്ഞാണ് ഇരു പ്രതികളെയും കോളേജിൽ എത്തിച്ചത്. ഇരുവർക്കും ഭാവഭേദങ്ങളൊന്നുമില്ലാതെയാണ് എത്തിയത്. അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്തുകൊടുത്തു. ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേർന്ന് ചവറിനകത്താണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്.

സഹസഖാവിനെ കുത്തി വീഴ്‌ത്തിയ ശിവരഞ്ജിത്തും നസീമും കോളേജിലെത്തുമ്പോൾ അവിടെ വിദ്യാർത്ഥി കൂട്ടവും ഉണ്ടായിരുന്നില്ല. കോളേജ് ഇന്ന് തുറക്കുന്നുണ്ട്. എന്നാൽ വിദ്യാർത്ഥികൾ എത്തുന്നതിന് മുമ്പേ ഇരുവരേയും കൊണ്ടു വരികയായിരുന്നു പൊലീസ്. മുദ്രാവാക്യം വിളിക്കാനും മറ്റും എസ് എഫ് ഐക്കാരും എത്തിയില്ല. വിവാദങ്ങൾ കൈവിട്ട സാഹചര്യത്തിൽ ആരും യൂണിവേഴ്സിറ്റി കോളേജിൽ പോകരുതെന്ന് എസ് എഫ് ഐ നേതാക്കൾക്ക് സിപിഎം നിർദ്ദേശം നൽകിയിരുന്നു.

പ്രതികൾ ക്യാമ്പസിലെത്തിയത് കൈവിലങ്ങിണിഞ്ഞ് കൂസലില്ലാതെ ആത്മവിശ്വാസത്തോടെയാണ് പൊലീസിന് നടുവിലും നടന്നു നീങ്ങിയത് നേതാവിനെ പോലെ തല ഉയർത്തി തന്നെയായിരുന്നു. ആരെങ്കിലും ഉണ്ടോയെന്ന് ചുറ്റിലും നോക്കുന്നുമുണ്ടായിരുന്നു. അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത് വെറും പത്ത് മിനിറ്റിനുള്ളിലാണ്. ഇടിമുറിയിലെത്തും തെളിവെടുപ്പ് നടത്തി. ഈ തെളിവെടുപ്പിലും മുഖത്ത് കുറ്റബോധമില്ല; കേസും അറസ്റ്റും കുത്തിയവനേയും കത്തിയൂരി നൽകിയവനേയും ബാധിക്കുന്നില്ലെന്നാണ് മുഖഭാവം വ്യക്തമാക്കുന്നത്. 'ഭാവിയിലെ പൊലീസ്' കൈവിലങ്ങുമായി യൂണിവേഴ്സിറ്റി കോളേജിൽ എത്തിയത് സോഷ്യൽ മീഡിയയിലും ചർച്ചയാണ്.

ചവറ്റുകൂനയിലെ കത്തി കാട്ടിയത് ശിവരഞ്ജിത്

കോളേജ് പരിസരത്തെ ചവറ്റു കൂനയിൽ നിന്നും അഖിലിനെ കുത്തിയ കത്തി പൊലീസ് കണ്ടെടുത്തു. ശിവരഞ്ജിത്താണ് കത്തി കാണിച്ച് കൊടുത്തത്. ശിവരഞ്ജിത്തിനെ കൊണ്ട് തന്നെ പൊലീസ് കത്തി എടുപ്പിച്ചു. കത്തിയുമായി അഖിലിന് ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടറുടെ മൊഴിയെടുക്കും. ഈ കത്തിയുപയോഗിച്ചാണോ കുത്തിയതെന്ന് മുറിവിന്റെ സ്വഭാവം പരിശോധിച്ചാണ് ഉറപ്പിക്കേണ്ടത്. പരിശീലനം നേടിയവർ ഏറെ വൈദഗ്ദ്ധ്യത്തോടെ കുത്തുന്നതു പോലെയാണ് അഖിലിനേറ്റ മുറിവുകൾ. ഇടനെഞ്ചിലെ മുറിവ് ഏറെ ആഴത്തിലുള്ളതാണ്. ഹൃദയത്തിന്റെ അടിഭാഗത്തിന് തൊട്ടടുത്തു വരെ ഈ കുത്തിന് ആഴമുണ്ട്. അൽപ്പം താഴെയാണ് രണ്ടാമത്തെ കുത്ത്. പിന്നിൽ മുതുകിലാണ് ചെറിയ മൂന്നാമത്തെ കുത്ത്. നസീമും ശിവരഞ്ജിത്തും കത്തിയുമായി കോളേജിലെത്തിയത് അഖിലിനെ കൊല്ലാൻ തന്നെയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടനെഞ്ചിലെ മുറിവ് മാരകമായിരുന്നു. ഒന്നര ലിറ്ററോളം രക്തം നഷ്ടമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചത്.

അഖിലിനെ നെഞ്ചിൽ കുത്തിവീഴ്‌ത്തിയ കത്തി കോളേജിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിനോട് സമ്മതിച്ചിരുന്നു. അഖിൽ മൊഴി നൽകിയ കാര്യങ്ങളെല്ലാം രണ്ട് പ്രതികളും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊടി കെട്ടാനുപയോഗിക്കുന്ന ഇരുമ്പുപൈപ്പും പട്ടിക കഷണവും കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം, നസീം തന്നെ പിന്നിൽ നിന്ന് പിടിച്ചുവയ്ക്കുകയും ശിവരഞ്ജിത്ത് കുത്തുകയും ചെയ്തെന്നാണ് അഖിലിന്റെ മൊഴി. വിമതപ്രവർത്തനം നടത്തിയതിന്റെ ദേഷ്യത്തിലാണ് കുത്തിയതെന്നും ഇരുവരും മൊഴിനൽകി. പിടികിട്ടാനുള്ള 10 പ്രതികളുടെ വീടുകൾ കണ്ടെത്തിയതായും അവർ ഒളിവിലുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞതായും കന്റോൺമെന്റ് പൊലീസ് പറഞ്ഞു. ഇവരെ ഞായറാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യും.

കേസിൽ നിർണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയൻ മുറിയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തിയെടുത്തുകൊടുത്തതെന്നും പൊലീസ് പറയുന്നു. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം. യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്.

ബാക്കി പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. എസ്എഫ്‌ഐ അംഗങ്ങളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികൾ അഖിലിനെ തടഞ്ഞ് നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. എതിർ ശബ്ദങ്ങളെ അടിച്ചൊതുക്കാൻ തീരുമാനിച്ചിരുന്നതായി വധശ്രമക്കേസിലെ പ്രതികളായ ശിവരജ്ഞിത്തും നസീമും പൊലീസിന് മൊഴി നൽകിയിരുന്നു. കേസിൽ ഇനിയും അറസ്റ്റിലാകാനുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

കോളജിലെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിലും എസ്എഫ്‌ഐയെ നിയന്ത്രിക്കുന്നതിലും സിപിഎം ജില്ലാ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. നേരത്തെ കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ തന്നെ ഇടപെട്ട് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഇന്നലെ ഇക്കാര്യം ജില്ലാ കമ്മിറ്റിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. താഴെ തട്ടിലെ ഇടപെടലിലൂടെ നേരത്തെ തന്നെ പരിഹരിക്കാമായിരുന്ന പ്രശ്‌നം സർവകലാശാലയുടെയും പി എസ് സിയുടെയും വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യുന്നതലത്തിലേക്ക് വളർന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും ചില നേതാക്കൾക്കുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP