Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യൂണിവേഴ്‌സിറ്റി കോളേജ് ശുദ്ധീകരണത്തിനു സർക്കാർ അനുമതി നൽകിയത് ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ താത്കാലിക ചുമതലക്കാരിക്ക്; സ്റ്റാഫ് മീറ്റിംഗിലെ ദീർഘപ്രസംഗത്തിൽ മുക്കാൽ പങ്കും ആത്മപ്രശംസയും വീരവാദവുമെന്ന് ആക്ഷേപം; വിവാദമായപ്പോൾ പ്രതികരണം നടത്തിയവരുടെ നേർക്ക് പ്രതികാരമായി സ്ഥലംമാറ്റം; യൂണിവേഴ്‌സിറ്റി കോളേജിൽ കെ.കെ.സുമ നടത്തിയ ട്രാൻസ്ഫറുകൾ വിവാദത്തിന്റെ നിഴലിൽ; സർക്കാർ കണ്ണടയ്ക്കുമ്പോൾ പ്രതിഷേധവുമായി ഇടത് അദ്ധ്യാപക സംഘടന എകെജിസിടിഎയും അദ്ധ്യാപകരും

യൂണിവേഴ്‌സിറ്റി കോളേജ് ശുദ്ധീകരണത്തിനു സർക്കാർ അനുമതി നൽകിയത് ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ താത്കാലിക ചുമതലക്കാരിക്ക്; സ്റ്റാഫ് മീറ്റിംഗിലെ ദീർഘപ്രസംഗത്തിൽ മുക്കാൽ പങ്കും ആത്മപ്രശംസയും വീരവാദവുമെന്ന് ആക്ഷേപം; വിവാദമായപ്പോൾ പ്രതികരണം നടത്തിയവരുടെ നേർക്ക് പ്രതികാരമായി സ്ഥലംമാറ്റം; യൂണിവേഴ്‌സിറ്റി കോളേജിൽ കെ.കെ.സുമ നടത്തിയ ട്രാൻസ്ഫറുകൾ വിവാദത്തിന്റെ നിഴലിൽ; സർക്കാർ കണ്ണടയ്ക്കുമ്പോൾ പ്രതിഷേധവുമായി ഇടത് അദ്ധ്യാപക സംഘടന എകെജിസിടിഎയും അദ്ധ്യാപകരും

എം മനോജ് കുമാർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള ഡോ.കെ.കെ.സുമ യൂണിവേഴ്‌സിറ്റി കോളെജ് ശുദ്ധീകരണത്തിന്റെ പേരിൽ തലങ്ങും വിലങ്ങും നടത്തിയ ട്രാൻസ്ഫറിന് എതിരെ പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ തിരക്കിട്ട് പ്രസിദ്ധികരിക്കുകയും തിങ്കളാഴ്ച തന്നെ നടപ്പിലാക്കുകയും ചെയ്ത പതിനൊന്നു അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിന്റെ പേരിലാണ് സുമയ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നത്. ഇടത് അദ്ധ്യാപക സംഘടനയായ എകെജിസിടിഎയും അദ്ധ്യാപകരുമാണ് ഇപ്പോൾ ഇവർക്കെതിരെ നിലയുറപ്പിച്ചത്. യൂണിവേഴ്‌സിറ്റി കോളെജ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു സ്റ്റാഫ് മീറ്റിങ് വിളിച്ചു ചേർത്തപ്പോൾ നടത്തിയ പ്രസംഗത്തിന്നെതിരെ പ്രതിഷേധ സ്വരത്തിൽ സംസാരിച്ച അദ്ധ്യാപകർക്ക് സുമ പണി നൽകിയെന്നാണ് ആരോപണം ഉയരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് അടക്കമുള്ള പ്രശ്‌നങ്ങളിൽ സർക്കാരിനെ സുഖിപ്പിച്ച് പ്രസ്താവന നടത്തിയപ്പോൾ കോളെജ് ശുദ്ധീകരണത്തിനു സർക്കാർ നൽകിയ അനുമതിയിൽ സ്വന്തം പ്രതികാരം കൂടി ചേർത്തു എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

സ്റ്റാഫ് മീറ്റിംഗിലെ ദീർഘ പ്രസംഗത്തിൽ മുക്കാൽ പങ്കും നേരവും ആത്മപ്രശംസയ്ക്കും വീരവാദത്തിനുമായാണ് സുമ ചിലവഴിച്ചത് എന്നാണ് പ്രസംഗം കഴിഞ്ഞ ശേഷം അദ്ധ്യാപകർ അടക്കം പറഞ്ഞത്. ഇത് സുമയ്ക്ക് രുചിച്ചില്ല. വ്യക്തിപരമായ അനുഭവങ്ങൾ പറയുമ്പോൾ സുമ നടത്തിയ ചില മോശം പരാമർശങ്ങൾ കാരണമാണ് പ്രസംഗം വിമർശനങ്ങൾക്ക് വഴിവെച്ചത്. . അദ്ധ്യാപകരുടെ കമന്റുകൾ അതേപടി അറിഞ്ഞ സുമ ട്രാൻസ്ഫർ സമയത്ത് കണക്ക് തീർത്ത് എന്നാണ് ഇതിനോടൊപ്പം തന്നെ പ്രചരിച്ച ശ്രുതികൾ. ഇതോടെയാണ് എകെജിസിടിഎ എതിർപ്പുമായി രംഗത്ത് ഇറങ്ങിയത്.

ശുദ്ധീകരണത്തിന്റെ പേരിൽ അദ്ധ്യാപകർക്ക് കൂട്ട സ്ഥലം മാറ്റം നൽകിയതിൽ അദ്ധ്യാപകർക്കിടയിലും എകെജിസിടിഎയിലും ഇപ്പോൾ പ്രതിഷേധം ശക്തമാകുകയാണ്. യൂണിവേഴ്‌സിറ്റി കോളെജ് പ്രശ്‌നത്തിൽ മുഖം മിനുക്കാൻ സർക്കാർ നടത്തിയ നീക്കത്തിൽ തങ്ങൾ ബലിയാടായി മാറി എന്നാണ് അദ്ധ്യാപകരുടെ ആരോപണം. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ, ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസ് ഷീറ്റുകൾ കണ്ടെടുത്തത്, ശിവരഞ്ജിത്ത് അടക്കമുള്ളവർ പ്രതിയായ കത്തിക്കുത്ത് തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജിന്റെ മുഖം മിനുക്കൽ നടപടികൾ ട്രാൻസ്ഫറിന്റെ രൂപത്തിൽ നടത്തിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന നടത്തിയപ്പോൾ ഇടിമുറിയിൽ ഉത്തരക്കടലാസോ മദ്യക്കുപ്പിയോ ഒന്നും കണ്ടില്ലാ എന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള ഡോക്ടർ കെ.കെ.സുമ മാധ്യമങ്ങളോടു പ്രതികരിച്ചത്.

എസ്എഫ്‌ഐ നടത്തിയ കത്തിക്കുത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കെ സർക്കാരിനു ആശ്വാസമായ പ്രസ്താവന വന്നത് ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള ഡോക്ടർ കെ.കെ.സുമയിൽ നിന്നായിരുന്നു. യൂണിവേഴ്‌സിറ്റി കോളെജ് ഇടിമുറിയിൽ ഉത്തരക്കടലാസോ മദ്യക്കുപ്പിയോ ഒന്നും കണ്ടില്ലാ എന്നാണ് വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായി കോളെജ് നിൽക്കെ സ്ഥിതിഗതികൾ പരിശോധിക്കാൻ നേരിട്ട് പോയ സുമ മാധ്യമങ്ങളോടു പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റി കോളെജ് പ്രശ്‌നത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ നിന്നപ്പോൾ സുമയിൽ നിന്നും വന്ന പ്രതികരണം സർക്കാരിനെ സുഖിപ്പിച്ചിരുന്നു. സുമ ഇത് പറഞ്ഞപ്പോൾ തന്നെ മദ്യക്കുപ്പികളുടെയും മറ്റും ദൃശ്യങ്ങൾ ചാനലുകൾ ലൈവായി സംപ്രേഷണം ചെയ്തിരുന്നു എന്നത് വേറെ കാര്യം. ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ യൂണിവേഴ്‌സിറ്റി ശുദ്ധീകരണത്തിനു സർക്കാർ ഇവർക്ക് അധികാരം നൽകിയത്. . ഇടത് കോളെജ് അദ്ധ്യാപകസംഘടനയായ എകെജിസിടിഎയെപോലും കണക്കിലെടുക്കാതെയാണ് സുമയെ വിശ്വാസത്തിൽ എടുത്ത് ശുദ്ധീകരണത്തിനു സർക്കാർ അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ടു ഇവർ വിളിച്ചു കൂട്ടിയ സ്റ്റാഫ് മീറ്റിംഗിലെ പ്രസംഗമാണ് പിന്നീട് വിവാദമായി മാറിയത്.

അദ്ധ്യാപകരുടെ കാര്യത്തിൽ ഇടത് ഭരണത്തിൽ എല്ലാ ഇടപെടലുകളും നടത്തുന്ന എകെജിസിടിഎയെ നോക്കുകുത്തിയാക്കിയാക്കി ട്രാൻസ്ഫർ നടത്തി എന്നതിലാണ് അദ്ധ്യാപക സംഘടനയിൽ പ്രതിഷേധം രൂക്ഷമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാഭ്യാസ ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള ഡോക്ടർ കെ.കെ.സുമ യൂണിവേഴ്‌സിറ്റി കോളേജിലെ 11 അദ്ധ്യാപകരെ സ്ഥലം മാറ്റിയുള്ള അടിയന്തിര ഉത്തരവ് ഇറക്കിയത്. കോളെജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ തിരക്കിട്ട് ശനിയാഴ്ച തന്നെ ഉത്തരവ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സാധാരണ ട്രാൻസ്ഫർ നടക്കുമ്പോഴുള്ള നടപടിക്രമങ്ങൾ അല്ല യൂണിവേഴ്‌സിറ്റി കോളെജ് ട്രാൻസ്ഫറിൽ പിന്തുടർന്നത് എന്നതിനാൽ തന്നെ എകെജിസിടിയിഎയിൽ ഭിന്നാഭിപ്രായങ്ങൾ ശക്തമാണ്. ഇതോടെയാണ് സംഘടന ട്രാൻസ്ഫറിനു എതിരെ വാർത്താക്കുറിപ്പിറക്കിയത്.

നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തിയാണ് ട്രാൻസ്ഫർ ഓർഡർ ഇറക്കിയത്. ട്രാൻസ്ഫർ വന്നപ്പോൾ കോളേജിലെ പ്രശ്‌നങ്ങൾക്ക് കാരണം അദ്ധ്യാപകരാണ് എന്ന തെറ്റിദ്ധാരണകൾ സമൂഹത്തിൽ സൃഷ്ടിക്കും. ഉന്നത അധികാരികൾ അറിയാതെയാണ് ട്രാൻസ്ഫർ ഇറക്കിയത്. ഇപ്പോൾ സ്ഥലം മാറ്റത്തിനു ഉത്തരവിട്ട അഡിഷണൽ ഡയറക്ടർ സ്വന്തം താത്പര്യപ്രകാരമാണ് ട്രാൻസ്ഫർ നടത്തിയത്. സംഘടനയുടെ പ്രതികരണം ഇങ്ങിനെ വന്നെങ്കിലും അദ്ധ്യാപക സംഘടന രാഷ്ട്രീയം നിയന്ത്രിക്കുന്ന സംഘടനയെ വെട്ടി നിരത്തിയതിലാണ് പ്രതിഷേധം രൂക്ഷമാകുന്നത്.

സ്ഥലം മാറ്റവും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു സുമ യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തിയ സ്റ്റാഫ് മീറ്റിംഗിൽ നടത്തിയ പ്രസംഗത്തിലെ വാചകങ്ങളിൽ പിടിച്ച് അദ്ധ്യാപകർ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ അതേ രീതിയിൽ അറിഞ്ഞ സുമ ഇതിന്റെ അടിസ്ഥാനത്തിലാണ് ചില അദ്ധ്യാപകർക്ക് പണി കൊടുത്തത് എന്നാണ് അദ്ധ്യാപകർക്കിടയിൽ പ്രചരിക്കുന്ന ശ്രുതികൾ. ഇതു കൊണ്ട് തന്നെയാണ് അദ്ധ്യാപക സംഘടനയ്ക്കിടയിലും അദ്ധ്യാപകർക്കിടയിലും വിദ്യാഭ്യാസ ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള ഡോക്ടർ കെ.കെ.സുമയ്‌ക്കെതിരെ രോഷം പുകയുന്നത്.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. 12ആം പ്രതി അക്ഷയ് ആണ് പിടിയിലായത്. പ്രാവച്ചമ്പലം സ്വദേശിയായ അക്ഷയ് കോളേജിൽ നിന്ന് സസ്‌പെൻഷനിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെയാണ് കോളേജ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്. കേസിൽ ആകെ 19 പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 12നാണ് യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതും അഖിൽ എന്ന വിദ്യാർത്ഥിക്ക് കുത്തേറ്റതും. കേസിൽ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തടക്കം ആറുപേരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP