Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

90 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിൽ എത്തിക്കുന്നത് വിമാന മാർഗം; എയർ ആംബുലൻസും വിമാനത്താവളത്തിലേക്ക് ആംബുലൻസ് അതിവേഗം എത്തിക്കാൻ സജ്ജീകരണങ്ങളും ചെയ്ത് അധികൃതർ; പൊള്ളലേറ്റ യുവതി സഹായം അഭ്യർത്ഥിച്ച് ഓടിയത് ഒരു കിലോമീറ്ററോളം എന്ന് ദൃക്‌സാക്ഷി; സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

90 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിൽ എത്തിക്കുന്നത് വിമാന മാർഗം; എയർ ആംബുലൻസും വിമാനത്താവളത്തിലേക്ക് ആംബുലൻസ് അതിവേഗം എത്തിക്കാൻ സജ്ജീകരണങ്ങളും ചെയ്ത് അധികൃതർ; പൊള്ളലേറ്റ യുവതി സഹായം അഭ്യർത്ഥിച്ച് ഓടിയത് ഒരു കിലോമീറ്ററോളം എന്ന് ദൃക്‌സാക്ഷി; സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഗുരുതരമായി പൊള്ളലേറ്റ ഉന്നാവിലെ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാർഗം ഡൽഹിയിലെത്തിക്കും. ഇതിനായി എയർ ആംബുലൻസ് അടക്കമുള്ളവ യു.പി സർക്കാർ ഏർപ്പെടുത്തും. 90 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിൽ കഴിയുന്ന സിവിൽ ഹോസ്പിറ്റലിൽ നിന്ന് വിമാനത്താവളത്തിലേക്ക് ആംബുലൻസ് അതിവേഗം എത്തിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പരാതി നൽകതിയതിനെ തുടർന്നാണ് പ്രതികൾ 23കാരിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗവും പിന്നീട് ഇരയായ യുവതിയുടെയും കുടുംബത്തിനും നേരെ വധശ്രമവും നടന്ന ഉന്നാവിൽത്തന്നെയാണ് പുതിയ സംഭവവും.

ഉന്നാവിലെ ഹിന്ദുനഗർ ഗ്രാമത്തിൽവച്ചാണ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അടക്കമുള്ളവർ ചേർന്ന് ബലാത്സംഗത്തിന് ഇരയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആദ്യം സമീപത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് ലഖ്‌നൗവിലും എത്തിച്ച യുവതിയെയാണ് വിദഗ്ധ ചികിത്സയ്ക്കായി വിമാനമാർഗം അടിയന്തരമായി ഡൽഹിയിൽ എത്തിക്കുന്നത്.

ഈ വർഷം മാർച്ച് മാസത്തിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. ഇതേത്തുടർന്ന് ഉന്നാവ് പൊലീസിൽ പെൺകുട്ടി പ്രതികൾക്കെതിരെ പരാതി നൽകുകയും ചെയ്തു. ഈ കേസിൽ കൃത്യമായ നടപടി പൊലീസ് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പ്രതികൾ ഒളിവിലാണെന്ന വാദം പറഞ്ഞ് കേസന്വേഷണം നീട്ടിക്കൊണ്ടുപോയി. ഇതിനിടെ തനിക്ക് ഭീഷണിയുണ്ടെന്നും, അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞ് പെൺകുട്ടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ഇതിൽ പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ല. ഇന്ന് കേസിന്റെ വിചാരണ പ്രാദേശിക കോടതിയിൽ നടക്കാനിരിക്കുകയായിരുന്നു. കേസ് വിചാരണയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടിയെയാണ് പ്രതികൾ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള റോഡിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. അഞ്ചംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതിൽ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

അതിനിടെ, പ്രതികൾ പെട്രോൾ ഒഴിച്ച് കത്തിച്ചതിനെത്തുടർന്ന് യുവതി സഹായം അഭ്യർത്ഥിച്ച് ഒരു കിലോമീറ്ററോളം ഓടിയെന്ന് ദൃക്സാക്ഷി രവീന്ദ്ര പ്രകാശ് ടെലിവിഷൻ ചാനലിനോട് പറഞ്ഞു. 'അടുത്തെത്തിയ എന്റെ കൈയിൽനിന്ന് മൊബൈൽ ഫോൺ വാങ്ങി യുവതി തന്നെയാണ് പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ചത്. അവർ സഹായത്തിനുവേണ്ടി നിലവിളിച്ചുകൊണ്ടിരുന്നു. നിങ്ങൾ ആരാണെന്ന് ചോദിച്ചപ്പോൾ അവർ പേരു പറഞ്ഞു. ദേഹമാസകലം ഗുരുതരമായ പൊള്ളലേറ്റിരുന്നതിനാൽ ഞാൻ ഭയപ്പെട്ടു. അവർ ദുർമന്ത്രവാദിനിയാണോ എന്ന് ഭയന്ന് ഞാൻ ഒരു വടി എടുക്കുകപോലും ചെയ്തു. എന്നാൽ അപ്പോഴേക്കും പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി' - ദൃക്സാക്ഷി പറഞ്ഞു.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബലാത്സംഗക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ യുവതിയുടെ സുരക്ഷാ ഉറപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അവർ അധികൃതരോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ്ങിനോട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ നിർദ്ദേശിച്ചു.

പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഉന്നത തല അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സംഭവത്തിൽ ശക്തമായി നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നാവോ കേസിലെ അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച വൈകിട്ടോടെ സമർപ്പിക്കണം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കിയ യോഗി എല്ലാവിധ പിന്തുണയും പെൺകുട്ടിക്ക് നല്കുമെന്നും ഉറപ്പ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP