Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയ്ക്ക് ഓണക്കോടി വാങ്ങാൻ പോക്കറ്റിൽ സൂക്ഷിച്ച 4000 രൂപ അടിച്ചു മാറ്റിയ പൊലീസുകാരോട് തിരിച്ചു ചോദിച്ചപ്പോൾ ഇരുമ്പ് കമ്പി പഴുപ്പിച്ച് ഉരുട്ടിക്കൊന്നു; എഫ് ഐ ആർ തിരുത്തി മോഷണക്കേസ് പ്രതിയാക്കി തലയൂരാൻ ശ്രമിച്ചു; കൊല ചെയ്യപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിഞ്ഞിട്ടും കൂട്ടുകാരൻ പോലും കൂറുമാറി; ഈ ശിക്ഷ ഒരമ്മയുടെ ഒറ്റയാൻ പോരാട്ടത്തിന് ഈശ്വരൻ നൽകിയ പ്രതിഫലം; ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ സംഭവിച്ചതിങ്ങനെ

അമ്മയ്ക്ക് ഓണക്കോടി വാങ്ങാൻ പോക്കറ്റിൽ സൂക്ഷിച്ച 4000 രൂപ അടിച്ചു മാറ്റിയ പൊലീസുകാരോട് തിരിച്ചു ചോദിച്ചപ്പോൾ ഇരുമ്പ് കമ്പി പഴുപ്പിച്ച് ഉരുട്ടിക്കൊന്നു; എഫ് ഐ ആർ തിരുത്തി മോഷണക്കേസ് പ്രതിയാക്കി തലയൂരാൻ ശ്രമിച്ചു; കൊല ചെയ്യപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിഞ്ഞിട്ടും കൂട്ടുകാരൻ പോലും കൂറുമാറി; ഈ ശിക്ഷ ഒരമ്മയുടെ ഒറ്റയാൻ പോരാട്ടത്തിന് ഈശ്വരൻ നൽകിയ പ്രതിഫലം; ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ സംഭവിച്ചതിങ്ങനെ

ആവണി ഗോപാൽ

തിരുവനന്തപുരം: പ്രഭാവതിയുടെ ഒരേയൊരു മകനായിരുന്നു ഉദയകുമാർ. മകന് ഒരു വയസ്സു കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയി. പിന്നെ വീട്ടു ജോലി ചെയ്തതും കഷ്ടപ്പെട്ടതുമെല്ലാം ഈ മകന് വേണ്ടിയായിരുന്നു. മകനും അമ്മയോടായിരുന്നു ജീവൻ. അതുകൊണ്ട് മാത്രമാണ് ഈ അമ്മ കോടതികളിൽ നിന്ന് കോടതിയിലേക്ക് യാത്ര ചെയ്തത്. മകനെ കൊന്നവരെ ശിക്ഷിക്കാൻ സിബിഐയെ എത്തിച്ചതും. ഇതൊന്നും വെറുതെയായില്ല. ഈ അമ്മയുടെ കണ്ണീരിന് ദൈവം നൽകിയ ആശ്വാസമാണ് ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ വിധി. മകനെ ദാരുണമായി കൊലപ്പെടുത്തിയ നിയമപാലകർക്കെതിരെ തോരാത്ത കണ്ണുനീരുമായി ആ അമ്മ നടത്തി നിയമപോരാട്ടത്തിന് ഈശ്വരൻ നൽകിയ പ്രതിഫലം.

''നേരം വെളുക്കുമ്പം എഴുന്നേറ്റ് കാറ്റും മഴയും ഇടിയും മിന്നലുമൊന്നും വകവെക്കാതെ ലോകം മുഴുക്കെ കറങ്ങി നടന്ന് ആക്രി സാധനങ്ങൾ പെറുക്കി കടയിൽ കൊണ്ടുപോയി കൊടുക്കുമായിരുന്നു എന്റെ മോൻ. ഓരോരുത്തര് കൊല ചെയ്യുന്നു, കൊള്ളയടിക്കുന്നു, മോഷ്ടിക്കുന്നു, പിടിച്ച് പറിക്കുന്നു. അവരെല്ലാം ഇന്ന് ഞെളിഞ്ഞു നടക്കുന്നു. ഒരു കുറ്റവും ഒരപരാധവും ചെയ്തിട്ടില്ല എന്റെ മകൻ. ഒന്നും ചെയ്യാത്ത എന്റെ മകനെയാ അവര് കൊന്നുകളഞ്ഞത്. എനിക്കു നീതി കിട്ടും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു''-മാധ്യമങ്ങളോട് എന്നും പ്രഭാവതിക്ക് പറയാനുണ്ടായിരുന്നത് ഇത് മാത്രമായിരുന്നു. നേരറിയാൻ സിബിഐ എത്തിയപ്പോൾ പ്രതീക്ഷകൾക്ക് ജീവൻ വച്ചു. പ്രധാന സാക്ഷി കൂറുമാറിയിട്ടും ശാസ്ത്രീയമായി കുറ്റം സിബിഐ തെളിയിച്ചു. ആദ്യ രണ്ട് പ്രതികൾക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയും ഉറപ്പാക്കി. നിയമപാലരുടെ ക്രൂരതയും നിയമത്തിന് മുമ്പിൽ എത്തുമെന്ന് അങ്ങനെ വ്യക്തമാക്കുകയാണ് കോടതി വിധി.

മോഷണക്കുറ്റമാരോപിച്ച് തിരുവനന്തപുരം ഫോർട്ട് പൊലീസ് പിടികൂടിയ ഉദയകുമാറിനെ കസ്റ്റഡിയിൽ ഉരുട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ 12 വർഷത്തിനുശേഷമാണു വിധി പ്രസ്താവിച്ചത്്. സിബിഐ. അന്വേഷിച്ച കേസിൽ ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാർ, ശ്രീകുമാർ, എസ്‌ഐയായിരുന്ന അജിത്കുമാർ, സിഐയായിരുന്ന സാബു, അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ഹരിദാസ് എന്നിവരാണു പ്രതികൾ. മൂന്നാംപ്രതി സോമൻ വിചാരണയ്ക്കിടെ മരിച്ചു. 2005 സെപ്റ്റംബർ 27-ന് ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കു ശ്രീകണ്ഠേശ്വരം പാർക്കിൽനിന്നാണ് ഒന്നും രണ്ടും പ്രതികളായ ശ്രീകുമാറും ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഫോർട്ട് സ്റ്റേഷനിലെത്തിച്ച ഉദയകുമാറിനെ പ്രതികൾ സിഐ. ഓഫീസിലേക്കു കൊണ്ടുപോയെന്ന് പൊലീസുകാരായ ഷീജാകുമാരി, സജിത, തങ്കമണി, രാജൻ എന്നിവർ കോടതിയിൽ മൊഴി നൽകിയിരുന്നു. ഒന്നരമണിക്കൂറിനുശേഷം തിരിച്ചെത്തിച്ചപ്പോൾ ഉദയകുമാർ അവശനായിരുന്നു. ലോക്കപ്പിൽ രാത്രി പത്തോടെ ബോധരഹിതനായ ഉദയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു.

അതിനുശേഷം എസ്‌ഐ: അജിത്കുമാർ, സിഐ: സാബു, അസി. കമ്മിഷണർ ഹരിദാസ് എന്നിവർ ചേർന്ന് ഉദയകുമാറിൽനിന്നു മോഷണമുതലായ 4220 രൂപ പിടിച്ചെടുത്തെന്നു കാട്ടി കേസെടുത്തു. പൊലീസുകാരനായ ഹീരലാലാണു പുലർച്ചെ എഫ്.ഐ.ആർ. എഴുതിയത്. എഎസ്ഐ. രവീന്ദ്രൻനായർ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ട ഹീരാലാൽ, രവീന്ദ്രൻനായർ, തങ്കമണി, ജോർജ് എന്നിവരെ പിന്നീടു മാപ്പുസാക്ഷികളാക്കി. മൂന്നാംമുറ മൂലമുള്ള പരുക്കുകളാണു മരണകാരണമെന്നു ഫോറൻസിക് ഡോക്ടർ ശ്രീകുമാരിയും മൊഴി നൽകിയിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്. ഇതോടെ പ്രഭാവതി പറഞ്ഞത് സമൂഹം മുഖവിലയ്‌ക്കെടുത്തു. അമ്മയ്ക്ക് സാരി വാങ്ങാനുള്ള കാശുമായാണ് ഉദയകുമാർ സുഹൃത്തിനൊപ്പം ശ്രീകണ്‌ഠേശ്വരം പാർക്കിൽ ഇരുന്നത്. സുരേഷ് കുമാർ മോഷണക്കേസിലെ പ്രതിയായിരുന്നു. സംശയം തോന്നി ഇരുവരെ കസ്റ്റഡിയിൽ എടുത്തു. ഉദയകുമാറിന്റെ പോക്കറ്റിലെ കാശ് പൊലീസുകാർ സ്വന്തമാക്കി. ഇത് കിട്ടിയേ തീരൂവെന്ന് പറഞ്ഞതിനായിരുന്നു മർദ്ദനം. കഷ്ടപ്പെട്ടുണ്ടാക്കിയ കാശിന് വേണ്ടി വാദമുയർത്തിയപ്പോൾ അവർ ഉദയകുമാറിനെ ഉരുട്ടിക്കൊന്നു.

അവരെന്റെ മോനെ കൊല്ലുമ്പോ അവന് 26 വയസ്സായിരുന്നു. 26 വയസ്സുവരെ ഒരു ദിവസം പോലും ഞാൻ എന്റെ മോനെ കാണാതിരുന്നിട്ടില്ല. ആദ്യം പൊലീസുകാർ പറഞ്ഞു, നെടുങ്കാടു റോഡിൽ അടികൂടിക്കൊണ്ട് നിന്നപ്പോ പിടിച്ചതാണെന്ന്. എന്റെ മോന് നെടുങ്കാട് റോഡ് ഏതാന്ന് പോലും അറിയില്ല. പിന്നെ പറഞ്ഞു വണ്ടി ഇടിച്ചിട്ട് എടുത്തു കൊണ്ട് വന്നതാണെന്ന്. എല്ലാരും ആദ്യം ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. എന്നെ നേരെ മോർച്ചറിക്കകത്താണ് ഇവർ കൊണ്ടുപോയത്. അടിച്ചു പണിയാക്കിയിട്ട് അവർ ഒരു ചായ വാങ്ങിക്കൊണ്ട് വെച്ചിട്ടു പറഞ്ഞു, നീ ഇത് കുടിച്ചിട്ട് ഇവിടെ കിടന്നു ചാകെന്ന്. അവിടെ കിടന്നു തന്നെയാ എന്റെ മോൻ പോയത്. ഡ്രസ്സ് വാങ്ങാൻ മോൻ നല്ലോണം പൈസ ചിലവഴിക്കും. അവസാന ദിവസം മുണ്ട് വാങ്ങീട്ട് ഷർട്ട് വാങ്ങാനുള്ള പൈസയും കൊണ്ട് പോയതാ. ശ്രീകണ്‌ഠേശ്വരം പാർക്കിൽ അവനും സുരേഷും കൂടെ നില്ക്കുമ്പോഴാണ് പൊലീസ് പിടിച്ചോണ്ട് പോയത്. 4020 രൂപ അവന്റെ കയ്യിൽ ഉണ്ടായിരുന്നു-പ്രഭാവതിയെന്ന അമ്മയുടെ വേദനയ്ക്ക് ഇന്നും അവസാനമാകുന്നില്ല. എങ്കിലും മകനെ കൊന്നവരെ പിടിക്കാനായെന്ന ആത്മവിശ്വാസവും സന്തോഷവും ഈ അമ്മയുടെ മുഖത്ത് ഇന്ന് കാണാം.

മോഷ്ടിച്ചതാണ് എന്നു പറഞ്ഞുകൊണ്ടാണ് പൊലീസ് ഈ ക്രൂരകൃത്യം ചെയ്തത്. മോഷ്ടിച്ചില്ലെന്ന് നിലവിളിച്ചിട്ടു പോലും ആ പരമദ്രോഹികൾ കേട്ടില്ല. അതിനുവേണ്ടിയാണ് അവർ എന്റെ മോനെ കൊന്നത്. എന്റെ കുട്ടി ലോകം മുഴുവൻ നടന്ന് മഴയും വെയിലും കൊണ്ട് ആക്രി പെറുക്കി ഉണ്ടാക്കിയ പൈസയാ അത്. പലപ്പോഴും ഉച്ചയ്ക് ഭക്ഷണം കഴിക്കില്ല. ഉള്ള വെസ്റ്റിലും മറ്റും കയ്യിടുന്നതല്ലേ. പാല് വാങ്ങിച്ചു കൊണ്ട് വരും, ഞാൻ ചായ ഇട്ടു കൊടുക്കും. കയ്യിൽ കാശുവെച്ചു എന്നതാണോ എന്റെ മകൻ ചെയ്ത തെറ്റ്. റോഡിലൂടെ നടന്നുപോകുമ്പോ നമ്മുടെ കയ്യിലുള്ള പൈസ എവിടുന്നു കിട്ടിയെന്ന് പൊലീസുകാരെ ബോധിപ്പിക്കണോ? ആദ്യം അന്വേഷിച്ചവർ കേസ് അട്ടിമറിക്കുകയാണ് ചെയ്തത്. അതുകൊണ്ട് അവർ രക്ഷപ്പെട്ടു. അപ്പോഴാണ് സിബിഐ ഏറ്റെടുക്കുന്നത്. അതു തന്നെയാണ് ഉരുട്ടിക്കൊലക്കേസിൽ നിർണ്ണായകമായതും. സിബിഐയെ ഇതിലേക്ക് കൊണ്ടുവന്നത് ഈ അമ്മയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. രണ്ട് ലക്ഷം രൂപ നൽകിയ ഉമ്മൻ ചാണ്ടി സർക്കാരും വീട് വച്ചു നൽകിയ വി എസ് അച്യുതാനന്ദൻ സർക്കാരുമൊന്നും പൊലീസുകാരെ തുറങ്കലിൽ അടയ്ക്കാൺ ഈ അമ്മയ്ക്ക് പിന്തുണ നൽകിയില്ലെന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ പൊലീസ് ഒരുമിച്ച് നിന്നിട്ടും അമ്മയ്ക്ക് സിബിഐയിലൂടെ നീതി കിട്ടുകയായിരുന്നു.

ഉദയകുമാറിനെ കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്‌ഐ, സിഐ, ഫോർട്ട് അസിസ്റ്റ് കമ്മീഷണർ എന്നിവർ ചേർന്ന് ഗൂഢാലചന നടത്തുകയും വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. അജിത് കുമാർ, ഇകെ സാബു, ഹരിദാസ് എന്നി ഉന്നത ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികൾ. വിചാരണക്കിടെ മൂന്നാം പ്രതി സോമൻ മരിച്ചു. കേസിലെ നാലാം പ്രതിയാക്കിയ ഫോർട്ട് സ്റ്റേഷനിലെ എഎസ്‌ഐ ശശിധരനെ സിബിഐ മാപ്പു സാക്ഷിയാക്കി. എഎസ്‌ഐ ഉൾപ്പെടെ ഫോർട്ട് സ്റ്റേഷനിലുണ്ടായിരുന്ന ആറു പൊലീസുകാർ മാപ്പു സാക്ഷികളായി മൊഴി നൽകി.

47 സാക്ഷികളിൽ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത് പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച് മൂന്നു പൊലീസുകാർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. കൊലപാതകം, വ്യാജ രേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി സിബിഐ ഏഴു പേർക്കെതിരെ കുറ്റപത്രം സമപ്പിച്ചു. നാല് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസിൽ പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

2005 സെപ്റ്റംമ്പർ ഇരുപത്തിയേഴിനാണ് തിരുവനന്തപുരം ഫോർട്ട് പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് ഉദയകുമാർ കൊല്ലപ്പെട്ടത്. ഉദയകുമാറിനെ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ ഗൂഢാലോചന നടത്തി ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത സമയം മാറ്റുന്നതിന് വേണ്ടി വ്യാജ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തെളിവ് അട്ടിമറിക്കാൻ ശ്രമിച്ചു. പിന്നീട് സംഭവം വിവാദമായതോടെ കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയുകയും വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നാൽ വിചാരണയ്ക്കിടെ പ്രധാന സാക്ഷികൾ കൂറുമാറിയതോടെ ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു.തുടരന്വേഷണത്തിന് ഒടുവിൽ സിബിഐ രണ്ടു കുറ്റപത്രം സമർപ്പിച്ചു.

ഇവയിൽ കൊലപാതകുറ്റത്തിന് രജിസ്റ്റർ ചെയ്ത കേസിൽ ഡി.വൈ.എസ്‌പി ഇ.കെ.സാബു, സർക്കിൾ ഇൻസ്പെക്റ്റർ ടി.അജിത്ത്കുമാർ, ഹെഡ്കോണ്സസ്റ്റബിൾ വി.പി.മോഹനൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് പ്രതികൾ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡി.വൈ.എസ്‌പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, സർക്കിൾ ഇൻസ്പെകടർ ടി.അജിത്ത്കുമാർ, കോൺസ്റ്റ ബിൾമാരായ ജിതകുമാർ, ശ്രീകുമാർ എന്നിവരുമാണ് പ്രതികൾ. ഈ കേസിൽ അമ്മ പ്രഭാവതിയമ്മയ്ക്ക് സർക്കാർ 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണ പൂർത്തിയായി പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവരുടെ സർവീസ് ആനുകൂല്യങ്ങളിൽ നിന്ന് സർക്കാരിന് ഈ തുക ഈടാക്കാമെന്നും നിർദ്ദേശിച്ചിരുന്നു.

കൊലപാതകക്കേസുകളിലെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ അതിന് ഇരകളാകുന്നവരുടെ കുടുംബത്തിന് ഇടക്കാല നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സമാനമായ കേസാണ് ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് എന്ന് കണ്ടെത്തിയാണ് അമ്മ പ്രഭാവതിയമ്മയ്ക്ക് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. ഉരുട്ടിക്കൊല കേസിൽ ലോക്കപ്പ് മർദ്ദനം നടന്നിരുന്നെന്ന് മുൻ ഫോറൻസിക് ഡയറക്ടറുടെ മൊഴിയാണ് നിർണ്ണായകമായത്. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമർദനമാണെന്ന് ഡോക്ടർ ശ്രീകുമാരിയാണ് തിരുവനന്തപുരം സിബിഐയുടെ പ്രത്യേക കോടതിയെ അറിയിച്ചത്.

ഉദയനെ മർദ്ദിക്കാൻ ഉപയോഗിച്ചിരുന്ന ജി.ഐ പൈപ്പ് മറ്റൊരു സാക്ഷിയും തിരിച്ചറിഞ്ഞു. 2007ൽ തിരുവനന്തപുരം അതിവേഗ കോടതിയിൽ വിചാരണ ആരംഭിച്ചെങ്കിലും മുഖ്യസാക്ഷി സുരേഷ്‌കുമാർ നാടകീയമായി കൂറുമാറി. വിചാരണ അട്ടിമറിക്കപ്പെട്ടു. സാക്ഷികളായ ഭൂരിഭാഗം പൊലീസുകാരും കൂറുമാറി. ഇതോടെ ഉദയകുമാറിന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തെങ്കിലും കേസിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തുടർന്ന് സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം ഏൽക്കേണ്ടി വന്നിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രം പരസ്പര വിരുദ്ധമാണെന്നും പാളിച്ചകളെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാനും അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടു.

തുടർന്ന് പൊലീസ് നൽകിയ കുറ്റപത്രത്തിനെതിരെ കേസിലെ പ്രതികളായ സാബു, അജിത് കുമാർ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കേസിന്റെ വിചാരണ നടപടികൾ പ്രതികൾ നീട്ടികൊണ്ടുപോകുകയാണെന്നും സംഭവം നടന്ന് 11 വർഷം പിന്നിട്ടിട്ടും വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഉദയകുമാറിന്റെ അമ്മക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP