Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഠനകാലത്ത് ശാന്തനായ വിദ്യാർത്ഥി; ഐടി കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഏവർക്കും മാതൃക; ഐസിസിലെത്തിയതോടെ തലയറക്കുന്ന ക്രൂരതയുടെ മുഖവും; പാരീസ് ആക്രമണം ജിഹാദി ജോണിന്റെ കൊലയ്ക്കുള്ള പകരം വീട്ടലോ?

പഠനകാലത്ത് ശാന്തനായ വിദ്യാർത്ഥി; ഐടി കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഏവർക്കും മാതൃക; ഐസിസിലെത്തിയതോടെ തലയറക്കുന്ന ക്രൂരതയുടെ മുഖവും; പാരീസ് ആക്രമണം ജിഹാദി ജോണിന്റെ കൊലയ്ക്കുള്ള പകരം വീട്ടലോ?

വാഷിങ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ജിഹാദി ജോൺ കൊല്ലപ്പെട്ടതായി സൂചന. മുഹമ്മദ് എംവാസി എന്ന യഥാർഥ പേരുള്ള ഇയാളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം സിറിയയിൽ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ, എംവാസി സഞ്ചരിച്ച വാഹനം ബോംബിട്ട് തകർത്തതായി ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു. ഇക്കാര്യം അമേരിക്കയാണ് പുറത്തുവിട്ടത്. എന്നാൽ ഐസിസ് ഇതിനോട് പ്രതികരിച്ചില്ല. ജിഹാദി ജോൺ കൊല്ലപ്പെട്ടെന്ന വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാരീസിൽ ഭീകരാക്രമണം നടത്തിയത്.

സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ റാക്കയിൽ വച്ചായിരുന്നു ജിഹാദി ദോണിനെതിരായ ആക്രമണം. എംവാസിയെ ലക്ഷ്യമിട്ട് വ്യോമയാന ആക്രമണം നടത്തിയതായി പെന്റഗൺ പ്രസ് സെക്രട്ടറി പീറ്റർ കുക്ക് വ്യക്തമാക്കി. എന്നാൽ ദൗത്യത്തിന്റെ അന്തിമഫലം പിശോധിച്ചുവരുന്നതേയുള്ളൂ. വിശദവിവരങ്ങൾ പുറത്തുപറയാറായിട്ടില്ല എന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. എംവാസി കൊലപ്പെടുത്തിയ അമേരിക്കക്കാരുടെ ബന്ധുക്കളോട് ഓപ്പറേഷനെ കുറിച്ചുള്ള സൂചന നൽകിയിരുന്നതായി സി.എൻ.എൻ ചാനൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ബ്രിട്ടീഷ് പൗരനായ മുഹമ്മദ് എംവാസിയെ, ഐഎസിന്റെ തലവെട്ടൽ വീഡിയോകളിലൂടെയാണ് പുറംലോകമറിയുന്നത്. അമേരിക്കൻ മാദ്ധ്യമപ്രവർത്തകരായ സ്റ്റീവൻ സോട്ട്‌ലോഫിനെയും ജയിംസ് ഫോളിയെയും കൊന്നായിരുന്നു ഇയാളുടെ രംഗപ്രവേശം. അമേരിക്കൻ സന്നദ്ധ പ്രവർത്തകനായ അബ്ദുൾ റഹ്മാൻ കാസിങ്, ബ്രിട്ടീഷ് സന്നദ്ധ പ്രവർത്തകരായ ഡേവിഡ് ഹേൻസ്, അലൻ ഹെന്നിങ്, ജാപ്പനീസ് മാദ്ധ്യമപ്രവർത്തകൻ കെൻജി ഗോട്ടോ തുടങ്ങിയവരെയും കൊലചെയ്തത് ഇയാളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐസിസിലെ പ്രധാനികളിൽ ഒരാളായിരുന്നു ജിഹാദി ജോൺ.

സിറിയയിലെ പോരാട്ടത്തിൽ ഐസിസിനെ നയിച്ചത് ജിഹാദി ജോണാണ്. അതുകൊണ്ട് തന്നെ ജിഹാദി ജോണിനെ എത്രയും വേഗം കൊല്ലുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ഐസിസ് നിരയിലെ രണ്ടാമനായാണ് ഇയാളെ റഷ്യ പരിഗണിച്ചിരുന്നത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാനാണ് അമേരിക്ക ജിഹാദി ജോണിനെ ലക്ഷ്യമിട്ടത്. ഏതായാലും ഇതിന്റെ പ്രതികാരമായാണ് അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ഫ്രാൻസിൽ ഐസിസ് തിരിച്ചടി നൽകിയതെന്നാണ് വിലയിരുത്തൽ.

കുവൈത്തിൽ നിന്ന് ബ്രിട്ടനിൽ കുടിയേറിയ ജസീം എന്നയാളുടെ മകനാണ് ജിഹാദി ജോൺ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മുഹമ്മദ് എംവസി. വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ എംവസി പഠനകാലത്ത് ശാന്തനായ വിദ്യാർത്ഥിയായിരുന്നെന്നാണ് സഹപാഠികൾ ഓർത്തെടുക്കുന്നത്. പഠനത്തിന് പുറമെ കാൽപ്പന്തു കളിയിലും ഏറെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന മുഹമ്മദ് എംവസി ഇസ്ലാമിക് സ്‌റ്റേിലേക്ക് ആകർഷിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോഴും. 2013ലാണ് എംവസി ഐ.എസിൽ ചേരുന്നതിന് സിറിയയിലേക്ക് പോയതെന്നാണ് റിപ്പോർട്ട്.

ജിഹാദി ജോൺ എന്ന ഐസിസ് ഭീകര കൊലയാളി 26കാരനായ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് എംവാസിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുടെ കൂടുതൽ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇത് തന്നെയാണ് ഓപ്പറേഷന് അമേരിക്കയെ സഹായിച്ചത്. ഭീകരരുടെ തടങ്കലിലാക്കിയയാളെ തലയറുക്കുന്നതായി പുറത്തിറങ്ങിയ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ എംവാസിയുടെ അമ്മ ഈ കൊലയാളി തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞിരുന്നതായും പറയപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട ഒരു വീഡിയോയിൽ കത്തിയുമായി നിൽക്കുന്നത് തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ 47കാരിയായ ഗാനിയ എംവാസി അലമുറയിട്ടതായും കുവൈത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെ വെളിപ്പെട്ടു. 51കാരനായ പിതാവ് ജാസിമിനെയും പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ജോലി നോക്കിയിരുന്ന കുവൈത്തിലെ ഐടി കമ്പനിയിൽ എല്ലാവർക്കും മാതൃകയായ ഒരാളായിരുന്നു എംവാസിയെന്ന് കമ്പനി പറയുന്നു. ശാന്തനും മാന്യനുമായിരുന്ന ഇയാൾ എക്കാലത്തേയും മികച്ച ജീവനക്കാരനായിരുന്നെന്നും അവർ വിശേഷിപ്പിച്ചു. 21ാം വയസ്സിൽ കുവൈത്തിലെത്തിയ എംവാസി ഐടി വിദഗ്‌നായി ജോലി ചെയ്ത ശേഷം പിന്നീട് 2010ൽ ലണ്ടനിലേക്ക് തിരിച്ചു വന്നതിനു ശേഷം കാണാതാകുകയായിരുന്നു. പിന്നീട് 2013ൽ സിറിയയിലേക്ക് കടന്നെന്നാണ് പറയപ്പെടുന്നത്.

ബ്രിട്ടനിൽ നിന്നും തിരിച്ചു കുവൈത്തിലേക്കു തന്നെ പോയ എംവാസിയുടെ മാതാപിതാക്കൾ ഇപ്പോൾ ജഹ്‌റയിലെ തൈമയിലാണ് കഴിയുന്നത്. ഐസിസ് ഭീകരനായി മാറിയ മകന്റെ മാറ്റങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി കുവൈത്ത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എംവാസിയുടെ മാതാപിതാക്കളെ പലവട്ടം ചോദ്യം ചെയ്തിരുന്നു. 2013ൽ അവസാനമായി തുർക്കിയിൽ നിന്ന് വിളിക്കുമ്പോൾ എംവാസി പറഞ്ഞത് താൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സിറിയയിലേക്ക് പോകുകയാണ് എന്നായിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. അമേരിക്കൻ പത്രപ്രവർത്തകൻ ജെയിംസ് ഫോളിയെ വധിക്കുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ തന്റെ മകനെ തിരിച്ചറിഞ്ഞിരുന്നെന്ന് മാതാവ് പറഞ്ഞതായി കുവൈത്തിലെ അൽ ഖബസ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.

ഈ വീഡിയോയിലെ എംവാസിയുടെ കൊലവിളി കേട്ട് ഭാര്യ അലമുറയിടുകയും അസ്വസ്ഥയാകുകയും ചെയ്തതായി എംവാസിയുടെ അച്ഛൻ ജാസിം പൊലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ജെയിംസ് ഫോളിയെ ഐസിസ് തലയറുക്കുന്നതായുള്ള വീഡിയോ പുറത്തു വന്നത്. എന്നാൽ എംവാസിയുടെ കുടുംബം ഇത് എന്നാണ് കണ്ടത് എന്നു വ്യക്തമല്ല. പിതാവ് ജാസിം എംവാസി നേരത്തെ കുവൈത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. 1990ൽ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈൻ നടത്തിയ കുവൈത്ത് അധിനിവേശത്തെ തുടർന്ന് ജോലി നഷ്ടമാകുകയായിരുന്നു.

ഇറാഖിൽ നിന്നുന്ന സ്വന്തമായി രാജ്യമില്ലാത്ത ബദോവിൻ കുടുംബമായ ഇവർ അധിനിവേശ കാലത്ത് ഇറാഖികളോട് സഹകരിച്ചുവെന്നാരോപിച്ചായിരുന്നു കുവൈത്ത് അധികൃതരുടെ നടപടി. ഇപ്പോൾ കുവൈത്തിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയാണ് ജിഹാദി ജോണിന്റെ അച്ഛൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP