ഹെൽമറ്റില്ലാതെ വരുന്നവരെ ഓടിച്ചിട്ട് പിടിക്കരുത്; വാഹന പരിശോധനക്കായി പൊലീസുകാർ റോഡിന് നടുക്ക് കയറി നിന്ന് വാഹനം തടയുന്ന സമ്പ്രദായവും ഒഴിവാക്കണം; ഗതാഗത നിയമ ലംഘകരെ കണ്ടെത്തി പിഴ ഈടാക്കാൻ സാങ്കേതിക വിദ്യയുടെ സഹായം തേടണം; ഹൈക്കോടതിയുടെ നിർദ്ദേശം ക്യാമറകളുടെ സഹായം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കാൻ; കോടതിയുടെ ഇടപെടൽ വാഹനപരിശോധനക്കിടെ ഉണ്ടായ അപകടം സംബന്ധിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ
November 20, 2019 | 05:49 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഹെൽമറ്റ് വേട്ടയ്ക്ക് നൂതന മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും പിഴ ഈടാക്കാനും സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കണം എന്ന 2002ലെ ഡിജിപി സർക്കുലർ പാലിക്കണമെന്നും ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി. മലപ്പുറം രണ്ടാത്താണി സ്വദേശിയുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദ്ദേശം.
രണ്ടാത്തണി സ്വദേശി ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ യാത്രചെയ്തപ്പോൾ പൊലീസ് കൈകാണിച്ചിരുന്നു. ആ സമയത്ത് വണ്ടി നിർത്താതെ പോയപ്പോൾ മറ്റൊരു വാഹനത്തിനിടിച്ച് വലിയ അപകടം സംഭവിച്ചിരുന്നു. ഇതേതുടർന്ന് രണ്ടത്താണി സ്വദേശി മുൻകൂർ ജാമ്യാപേക്ഷയുമായി എത്തിയപ്പോഴാണ് സുപ്രധാനമായ നിർദ്ദേശം ഉണ്ടായത്.
ഹെൽമറ്റില്ലാത്തതിന്റെ പേരിൽ ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടികൂടരുത്. റോഡിലേക്ക് കയറിനിന്ന് ഗതാഗതം തടയുന്ന സമ്പ്രാദായം ഒഴിവാക്കണം. ഇത് തടയാനായി നൂതനമാർഗങ്ങൾ ഉണ്ട്. ക്യാമറകൾ ഉപയോഗിച്ച് ഇവരെ കണ്ടെത്താനും ഇവരിൽ നിന്ന് പിഴ ഈടാക്കാനും കഴിയും.2002ലെ ഡിജിപിയുടെ സർക്കുലർ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായത്.
ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഹെൽമറ്റ് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു കഴിഞ്ഞദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഭേദഗതിക്കു മുൻപുള്ള നിയമത്തിൽ സംസ്ഥാനങ്ങൾക്ക് ഈ അധികാരം ഉണ്ടായിരുന്നു. കുട്ടികൾക്കുൾപ്പെടെ ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുള്ളതിനാൽ പരിശോധന കർശനമാക്കുന്നത് ജനരോഷമുണ്ടാക്കുമെന്ന ഭയവും സർക്കാരിനുണ്ട്. എങ്കിലും ഹെൽമെറ്റ് പരിശോധന കർശനമാക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകും. പൊലീസ് മേധാവിയും ഇതേ രീതിയിൽ സർക്കുലർ ഇറക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന വേളയിലാണ് കോടതിയുടെ പുതിയ നിർദ്ദേശം.
അപകടമുണ്ടായാൽ തലയ്ക്കു പരുക്ക് ഏൽക്കാത്തവിധം സംരക്ഷണം നൽകുന്ന ഹെൽമറ്റ് ധരിക്കണമെന്നാണു നിയമം. ഇനി അത് പിൻസീറ്റിലുള്ളവർക്കും നിർബന്ധമാണ്. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് എത്രയും വേഗം നിർബന്ധമാക്കണമെന്ന ഹൈക്കോടതി വിധിയിൽ ഉടൻ ഇടപെടൽ നടത്താനാണ് പൊലീസിന്റെ തീരുമാനം. ഉടൻ റോഡ് പരിശോധന തുടങ്ങും. ഇല്ലെങ്കിൽ ഹൈക്കോടതിയുടെ വിമർശനം നേരിടാൻ സാധ്യതയുണ്ടെന്ന് സർക്കാർ തിരിച്ചറിയുന്നു. ബോധവൽക്കരണത്തിലൂടെ പിൻസീറ്റിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന നടപടിയിലേക്ക് കടക്കും.
4 വയസ്സിനു മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ ഭേദഗതി എത്രയും വേഗം നടപ്പാക്കി സർക്കുലർ ഇറക്കാനാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. സർക്കുലർ പുറപ്പെടുവിക്കാൻ തയ്യാറെടുക്കുകയാണെന്നു കോടതിയെ സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ ഇനി പിന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി ഓഗസ്റ്റ് 9ന് നിലവിൽ വന്ന സാഹചര്യത്തിൽ ഇനി ഇളവോ സമയമോ അനുവദിക്കാനാവില്ല. നടപടികൾ വിശദമാക്കി മാധ്യമങ്ങളിലും സിനിമാ തിയറ്ററുകളിലും മറ്റും പരസ്യം നൽകുന്ന കാര്യം പരിഗണിക്കണം.
കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ സെക്ഷൻ 129 പ്രകാരം ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും പിൻസീറ്റിൽ ഇരിക്കുന്നവർക്കും നാലുവയസ്സിനു മേലുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. സെപ്റ്റംബർ ഒന്നുമുതൽ നടപ്പാക്കേണ്ട നിബന്ധനകളുടെ പട്ടികയിൽ ഇതുൾപ്പെട്ടിരുന്നില്ല. ഭേദഗതിയായതിനാൽ 129 ഉൾപ്പെടുന്ന സെക്ഷൻ നടപ്പാക്കാൻ പ്രത്യേകിച്ച് നിർദ്ദേശത്തിന്റെ ആവശ്യമില്ലെന്നും നിയമോപദേശം ലഭിച്ചിരുന്നു.
എന്നാൽ, ഹെൽെമറ്റ് ഉപയോഗം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ സർക്കാരും ഇതിൽ ഇടപെടാൻ താത്പര്യം കാണിച്ചില്ല. റോഡപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയുള്ള സുപ്രീംകോടതി ഉന്നതതല സമിതിയുടെ ഹെൽെമറ്റ് നിർബന്ധമാക്കാത്തതിന് സംസ്ഥാനസർക്കാരിനെ വിമർശിച്ചിരുന്നു. ഇരുചക്ര വാഹനാപകടങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കാണ് മരണസാധ്യത കൂടുതലുള്ളത്. പിന്നിലിരിക്കുന്നവരാകും ദൂരേക്കു തെറിച്ചുവീഴുക. തലയ്ക്കു പരിക്കേൽക്കാനാണു സാധ്യത കൂടുതൽ. ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളെത്തുടർന്നാണ് ഹെൽമെറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.
