Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായ് തുറക്കാൻ വിഷമമായതുകൊണ്ട് ആഹാരം കഴിക്കുന്നത് സ്പൂണിൽ; ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അണുബാധ വരാതെ സൂക്ഷിക്കണം; ആശുപത്രി ബിൽ അടച്ചത് എംഎൽഎ ഇടപെട്ടതോടെ; ഗൾഫിൽ പോകാൻ പൊലീസ് കേസ് തടസ്സമാകുമോയെന്ന് ആശങ്ക; ആലുവയിൽ പൊലീസ് മർദ്ദനത്തിനിരയായ ഉസ്മാന്റെ അവസ്ഥ അതിദയനീയം

വായ് തുറക്കാൻ വിഷമമായതുകൊണ്ട് ആഹാരം കഴിക്കുന്നത് സ്പൂണിൽ; ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അണുബാധ വരാതെ സൂക്ഷിക്കണം; ആശുപത്രി ബിൽ അടച്ചത് എംഎൽഎ ഇടപെട്ടതോടെ; ഗൾഫിൽ പോകാൻ പൊലീസ് കേസ് തടസ്സമാകുമോയെന്ന് ആശങ്ക; ആലുവയിൽ പൊലീസ് മർദ്ദനത്തിനിരയായ ഉസ്മാന്റെ അവസ്ഥ അതിദയനീയം

പ്രകാശ് ചന്ദ്രശേഖർ

ആലൂവ:ആലുവയിൽ പൊലീസിനെ തടഞ്ഞെന്ന് ആരോപിച്ച് മർദ്ദനമേറ്റ കേസിൽ ചികിൽസയിൽ കഴിയുന്ന ഉസ്മാന്റെ അവസ്ഥ ദയനീയമായി തുടരുന്നു.ജോലിക്കായി ഗൾഫിൽ പോകുന്നതിന് ശ്രമിക്കുകയാണെങ്കിലും പൊലീസ് കേസ് തടസ്സമാകുമോയെന്ന ആശങ്കയും ഉസ്മാനുണ്ട്. വായ്തുറക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. ആഹാരം കഴിക്കുന്നത് സ്പൂണിൽ. കണ്ണിന്റെ താഴെയും ചെവിയോടടുത്ത ഭാഗത്തും അസ്ഥി താഴേയ്ക്കിരുന്നത് ശസ്ത്രക്രീയയിലൂടെ ശരിയാക്കി.ഉള്ളിൽ നിന്നും ശസ്ത്രക്രീയ നടത്തി സ്റ്റീൽപ്ലെയിറ്റ് ഇട്ടിട്ടുള്ളതിനാൽ അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം.സുഹൃത്തുക്കളും ഉറ്റവരും സഹായിക്കുന്നതുകൊണ്ട് കഴിഞ്ഞുപോകുന്നു. ഉസ്മാൻ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മറുനാടനോട് മനസ്സുതുറന്നത് ഇങ്ങനെ.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉസ്മാൻ ആലൂവ രാജഗിരി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയത്.രണ്ടാഴ്ചയിലേറെ ഇവിടെ നടത്തിയ ചികിത്സയ്ക്ക് 140000 രൂപ മുടക്കായി. ബിൽ തുക അടയ്ക്കാൻ മാർഗ്ഗമില്ലന്നറിയിച്ചപ്പോൾ അൻവർ സാദത്ത് എം എൽ എ ഇടപെട്ടു. ഈ മാസം അഞ്ചിനാണ് മരത്തുകുടി ഉസ്മാനെ മൂക്കിൽ നിന്നും രക്തം വാർന്ന് അവശനായ നിലയിൽ രാജഗിരിയിൽ എത്തിച്ചത്.പരിശോധനയിൽ താടിയെല്ലിനും മുഖത്തെ അസ്ഥിക്കും പൊട്ടലുണ്ടെന്ന് വ്യക്തമാവുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയുമായിരുന്നു. ജോലിക്കായി ഗൾഫിൽ പോകുന്നതിനുള്ള നീക്കം നടത്തി വരികയാണെന്നും പൊലീസ് കേസ് ഈ നീക്കത്തിന് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് കഴിയുന്നതെന്നും ഉസ്മാൻ പറഞ്ഞു.

പൊലീസ് മർദനം കുടുംബത്തെ പട്ടിണിയിലാക്കിയിരിക്കുകയാണ്. ഉസ്മാന്റെ ഭാര്യ ഫെബിന. മൂന്ന്മക്കളുണ്ട്. മൂന്ന് പേരും സ്‌കൂളിൽ പോകുന്ന കുട്ടികളാണ്. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചെലവുകൾ മൂലം സാമ്പത്തികമായി തകർന്നിരിക്കുമ്പോഴാണു ചികിൽസയ്ക്കും മറ്റും പണം കണ്ടെത്തേണ്ടി വന്നിരിക്കുന്നത്.

ഇതിനിടെ ജപ്തി ഭീഷണിയുടെ വക്കിലാണ് ഉസ്മാനും കുടുംബവും കഴിയുന്നത്. തറവാടു പൊളിച്ച് പുതുതായി വീട് നിർമ്മിച്ചത് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്താണ്. ഇതിന്റെ തിരിച്ചടവിനായാണ് ഉസ്മാൻ ജോലി തേടി വിദേശത്തേക്കു പോയത്. എന്നാൽ പ്രാരബ്ധം ഏറിയതോടെ തിരിച്ചടവ് മുടങ്ങി. പത്ത് ലക്ഷം രൂപയുടെ ലോൺ 15 ലക്ഷം രൂപയായി പെരുകിയതോടെ ജപ്തിഭീഷണിയിലാണ് ഇപ്പോൾ ഉസ്മാന്റെ കുടുംബം.

കുടുംബത്തിലെ ഇളയ മകനായ ഉസ്മാന് മൂന്നു സെന്റ് സ്ഥലമാണ് വീതം വച്ചപ്പോൾ ലഭിച്ചത്. ബാപ്പയുടെയും ഉമ്മയുടെയും അവകാശമായ മൂന്നു സെന്റ് സ്ഥലവും കൂടി ചേർത്ത് ആറു സെന്റിലാണ് ഉസ്മാൻ വീട് നിർമ്മിച്ചത്. എടത്തല സർവീസ് സഹകരണ ബാങ്കിൽനിന്ന് ഇതിനായി പത്ത് ലക്ഷത്തോളം രൂപ വായ്പയും എടുത്തിരുന്നു. എന്നാൽ, ഇത് കൃത്യമായി അടച്ചു തീർക്കാൻ ഉസ്മാന് കഴിഞ്ഞില്ല. പലിശയും കൂട്ടു പലിശയുമായി പതിനഞ്ച് ലക്ഷത്തിലധികമാണ് ഇപ്പോൾ ഉസ്മാന്റെ ബാധ്യത.

സൗദി അറേബ്യയിൽ പച്ചക്കറി മാർക്കറ്റിലാണ് ഉസ്മാൻ ജോലി ചെയ്തിരുന്നത്. കിട്ടുന്ന വരുമാനം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ വിദ്യാഭ്യാസവും ആശുപത്രി ചെലവും മാത്രമാണ് കഴിഞ്ഞുപോയത്. നോമ്പുകാലമായതിനാൽ താൻ പണിത വീട്ടിൽ ഉമ്മയെയും ബാപ്പയെയും താമസിപ്പിച്ചു. അടുത്ത നോമ്പിന് സ്വന്തം വീട്ടിൽ കിടക്കാൻ ചിലപ്പോൾ കഴിഞ്ഞില്ലെങ്കിലോയെന്ന വിഷമത്തിലാണ് അവർ വീട്ടിൽനിന്ന് മാറാതിരുന്നത്. ഉസ്മാൻ ഭാര്യയോടും മകളോടുമൊപ്പം തൊട്ടടുത്തുതന്നെ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

7000 രൂപ വാടക കൊടുത്താണു താമസിക്കുന്നത്. റിയാദിൽ മാർക്കറ്റിലാണ് ഉസ്മാന് ജോലി. അവിടെ പഴയതുപോലെ പണിയില്ല. സുഖപ്പെട്ടാലും കേസുള്ളതിനാൽ വീണ്ടും റിയാദിലേക്കു പോകാൻ കഴിയുമോ എന്നും സംശയമാണ്. നിരപരാധിയായ ഒരാളോടു പൊലീസുകാർ എന്തിനാണിങ്ങനെ ചെയ്തതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ലെന്നും ഫെബിന പറഞ്ഞു.

സംഭവം നടന്ന ദിവസം ഉസ്മാൻ ഭാര്യയോട് നോമ്പു തുറക്കാനുള്ള സാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞാണ് പുറത്തേക്കു പോയത്. ലീവിന് നാട്ടിലെത്തിയപ്പോൾ സുഹൃത്തിന്റെ ബൈക്ക് ഓടിക്കാൻ മേടിച്ചിരുന്നു. ഇതിലായിരുന്നു യാത്ര. എന്നാൽ പൊലീസ് മർദനവും പിന്നാലെ കേസുമെല്ലാം ആയതോടെ കുടുംബത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസും അടഞ്ഞിരിക്കുകയാണ്.

ഈ മാസം അഞ്ചിന് പൊലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചാണ് ബൈക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പൊലീസ് മർദിച്ചത്. സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഉസ്മാൻ ഓടിച്ചിരുന്ന ബൈക്ക് എടത്തല ഗവ. സ്‌കൂൾ ഗേറ്റിനു മുന്നിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചത്. കാറിൽ കയറ്റിക്കൊണ്ടു പോയ ഉസ്മാനെ കാറിലും സ്റ്റേഷനിലെത്തിച്ചും മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനിടെ ഉസ്മാൻ നേരത്തെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണെന്ന വിവരങ്ങളും പുറത്തുവരികയാണ്. പൊലീസിനെ അക്രമിച്ചതും പൊലീസ് ജീപ്പ് നശിപ്പിച്ചതുമാണ് ഇയാൾക്കെതിരായ കേസ്. കുറ്റപത്രം സമർപ്പിച്ച കേസിൽ പിന്നീട് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉസ്മാന് പൊലീസുകാരിൽ നിന്ന് മർദ്ദനമേറ്റത്. പൊലീസുകാരുടെ പരാതിയിൽ ഉസ്മാനെതിരേയും കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP