Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടൂരിലെ ഭർതൃവീട്ടിൽവെച്ച് കടിച്ചതുകൊടുംവിഷമുള്ള അണലി; മരണം മുഖാമുഖം കണ്ട് ജീവിതം തിരികെ പിടിച്ച സന്തോഷത്തിൽ എത്തിയത് അഞ്ചലിലെ സ്വന്തം വീട്ടിൽ; ഇന്നലെ രാവിലെ ചായയുമായി അമ്മയെത്തിയപ്പോൾ ഉത്രയെ കണ്ടത് ബോധംനശിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞത് മരണം പാമ്പ് കടിയെ തുടർന്നെന്നും; വീട്ടിലെത്തി പരിശോധിച്ചപ്പോൾ കണ്ടത് മുറിയിലെ തുണികൾക്കിടയിൽ പതിയിരിക്കുന്ന കരിമൂർഖനെ; ഉത്രയുടെ അവിശ്വസനീയ മരണത്തിൽ നടുങ്ങി അഞ്ചലിലെ നാട്ടുകാർ

അടൂരിലെ ഭർതൃവീട്ടിൽവെച്ച് കടിച്ചതുകൊടുംവിഷമുള്ള അണലി; മരണം മുഖാമുഖം കണ്ട് ജീവിതം തിരികെ പിടിച്ച സന്തോഷത്തിൽ എത്തിയത് അഞ്ചലിലെ സ്വന്തം വീട്ടിൽ; ഇന്നലെ രാവിലെ ചായയുമായി അമ്മയെത്തിയപ്പോൾ ഉത്രയെ കണ്ടത് ബോധംനശിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞത് മരണം പാമ്പ് കടിയെ തുടർന്നെന്നും; വീട്ടിലെത്തി പരിശോധിച്ചപ്പോൾ കണ്ടത് മുറിയിലെ തുണികൾക്കിടയിൽ പതിയിരിക്കുന്ന കരിമൂർഖനെ; ഉത്രയുടെ അവിശ്വസനീയ മരണത്തിൽ നടുങ്ങി അഞ്ചലിലെ നാട്ടുകാർ

എം മനോജ് കുമാർ

അഞ്ചൽ: അവിശ്വസനീയമാം വിധമുള്ള ഉത്ര(25) യുടെ മരണം അഞ്ചൽ-അടൂർ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു മാസത്തിന്നിടെയുള്ള രണ്ടാമത് പാമ്പ് കടിയേറ്റതിനെ തുടർന്നാണ് ഉത്രയുടെ മരണം. പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പദംശനമേറ്റത്. പുഷ്പഗിരി ആശുപത്രിയിലെ തുടർ ചികിത്സയ്ക്കായി ഇന്നലെ ഉത്ര പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. രാത്രിയിൽ വീട്ടിൽ വെച്ച് കരിമൂർഖന്റെ കടിയേൽക്കുകയായിരുന്നു. ഉറക്കത്തിന്നിടയിൽ തന്നെ യുവതി മരിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ അമ്മ ചായയുമായി എത്തി ഉത്രയെ കുലുക്കിവിളിക്കുമ്പോൾ അബോധാവസ്ഥയിലായ നിലയിലായിരുന്നു. തുടർന്നു അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഉത്ര മരിച്ചതായി വീട്ടുകാർ അറിഞ്ഞത്. മരണം പാമ്പ് കടിയേറ്റ് എന്നാണു ആശുപത്രി അധികൃതർ മാതാപിതാക്കളോട് പറഞ്ഞത്. പക്ഷെ പാമ്പ് കടിച്ചത് മൂന്നു മാസം മുൻപാണ് എന്നും അതിനുള്ള ചികിത്സയിൽ തുടരുന്നതിന്നിടെയാണ് മരണം എന്നാണ് വീട്ടുകാർ പറഞ്ഞത്. ഇതോടെ വീണ്ടും വിശദമായി പരിശോധിച്ച ആശുപത്രി അധികൃതർ മരണം പാമ്പ് കടിയേറ്റെതിനെ തുടർന്നു തന്നെയെന്നു ഉറപ്പിക്കുകയായിരുന്നു. ഉത്രയുടെ കയ്യിൽ പാമ്പ് കടിയേറ്റ പാടുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു എത്തിച്ചപ്പോൾ മരണം പാമ്പ് കടിയേറ്റെന്നാണ് മെഡിക്കൽ കോളേജ് അധികൃതരും അറിയിച്ചത്. തുടർന്നു വീട്ടിൽ വന്നു പരിശോധിച്ചപ്പോൾ ഉത്ര കിടന്നിരുന്ന മുറിയിൽ കരിമൂർഖനെ തന്നെ കാണുകയായിരുന്നു. ഇതോടെയാണ് ഉത്രയുടെ മരണം പാമ്പ് കടിയേറ്റെത് കാരണമാണെന്ന് വീട്ടുകാരും വിശ്വസിക്കുന്നത്.

അടൂരിൽവെച്ച് മൂന്നു മാസം മുൻപാണ് ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത്. ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് മാർച്ച് രണ്ടിനാണ് ഉത്രയെ അണലി കടിക്കുന്നത്. കാലിനാണ് കടിയേറ്റത്. രാത്രി ഭർതൃവീട്ടിൽ ഉത്ര ബോധം കെട്ടു വീഴുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസിലായില്ല. കാൽ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസിലാക്കുന്നത്. അണലിയാണ് കടിച്ചത് എന്ന് പിന്നീടാണ് മനസിലായത്. ആദ്യം അടൂർ ആശുപത്രിയിലും പിന്നീട് പുഷപഗിരി മെഡിക്കൽ കോളെജിലേക്കും മാറ്റി. ഗുരുതര നിലയിലായിരുന്നു ഉത്രയുടെ അവസ്ഥ. അണലി കടിച്ചാൽ ഉടനെ മരണം എന്നത് പോലും എഴുതി തള്ളിയാണ് അവിശ്വസനീയതയോടെ ഉത്ര ജീവിതത്തിലേക്ക് തിരികെ കയറി വന്നത്. പക്ഷെ മൃത്യു പാമ്പിന്റെ തന്നെ രൂപം പ്രാപിച്ച് വീണ്ടുമെത്തി ഉത്രയുടെ ജീവൻ കവരുകയായിരുന്നു. അണലിയുടെ കടിയേറ്റതിനെ മരണം തന്നെ മുഖാമുഖം കണ്ടാണ് വീണ്ടും ജീവിതത്തിലേക്ക് ഉത്ര പിച്ചവെച്ചു തുടങ്ങിയ്ത്.

ലക്ഷക്കണക്കിന് രൂപ തന്നെ ചികിത്സയ്ക്കായി വീട്ടുകാർ ചെലവിട്ടിരുന്നു. തിരുവല്ല പുഷപഗിരി മെഡിക്കൽ കോളേജിൽ ദീർഘമായ ചികിത്സയും ഉത്രയ്ക്ക് വേണ്ടി നടത്തിയിരുന്നു. കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തിയിരുന്നു. തുടർന്നു ഒരു വയസുള്ള മകൻ ധൃവിനെ ഭർതൃവീട്ടിലാക്കിയാണ് ഉത്ര സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനു എത്തിയത്. ബുധനാഴ്ച ദിവസം ഭർത്താവായ സൂരജ് വീട്ടിലുണ്ടായിരുന്നു. ഇന്നലെ ഉത്രയെ തുടർ ചികിത്സയ്ക്കായി തിരുവല്ല പുഷപഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയതായിരുന്നു സൂരജ്.

വീട്ടിലെ രണ്ടു കട്ടിലിൽ ആണ് ഇവർ കിടന്നിരുന്നത്. രാത്രി പന്ത്രണ്ടു മണിയോടെ ഉത്ര എഴുന്നേൽക്കുകയും ചെയ്തതായി ഭർത്താവും പറയുന്നുണ്ട്. ഉത്രയ്ക്ക് സർപ്പദംശനമേറ്റ കാര്യം സൂരജും അറിഞ്ഞിരുന്നില്ല. ഉത്ര മയങ്ങിക്കിടക്കുകയാണ് എന്നാണ് സൂരജും ധരിച്ചത്. പക്ഷെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് വീണ്ടും പാമ്പ് കടിയേറ്റ കാര്യം വീട്ടുകാർ അറിയുന്നത്. രാത്രിയിൽ ഇവർ ജനൽ തുറന്നിട്ടതായി സൂചനയുണ്ട്. തുറന്നിട്ട ജനൽ വഴിയാകണം പാമ്പ് അകത്ത് കടന്നതെന്നാണ് കരുതുന്നത്.

ടൈലുകൾ പാകിയ എസിയുള്ള മുറിയിലാണ് ഉത്രയും ഭർത്താവും ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ പാമ്പ് കയറി എന്ന് വീട്ടുകാർക്ക് വിശദീകരിക്കാൻ കഴിയുന്നില്ല. പാമ്പ് കയറാൻ ഒരു സാധ്യതയും ഇല്ലാത്ത മുറിയിൽ എങ്ങനെ പാമ്പ് കയറി എന്ന് വീട്ടുകാർക്ക് മനസിലാകുന്നുമില്ല. മിനുസമായ പ്രതലം ആയതിനാൽ പാമ്പിനു ഇഴയാനും പ്രയാസമുള്ള മുറി കൂടിയാണിത്. പക്ഷെ പാമ്പ് അകത്തെത്തുകയും ഉത്രയുടെ ജീവൻ കവരുകയും ചെയ്തു. പാമ്പ് കടിയേറ്റ് തന്നെയാണ് മരണമെന്നു മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞപ്പോഴാണ് വീട്ടുകാർ മുറി പരിശോധിച്ചത്. മുറിയിൽ തുണികൾക്കിടയിൽ മൂർഖനുണ്ടായിരുന്നു.

രണ്ടു പേർ രണ്ടു കട്ടിലിൽ സുഖസുഷുപ്തിയിൽ ഉറങ്ങുമ്പോൾ വിധിയുടെ എന്തോ ഒരു തീർപ്പ് പോലെ സർപ്പം ഉത്രയെ തന്നെ വന്നു കൊത്തുകയായിരുന്നു. ഉത്രയുടെ സംസ്‌കാരം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും എങ്ങനെ വീട്ടിൽ പാമ്പ് കയറി എന്നും അടൂരും അഞ്ചലുമുള്ള രണ്ടു വീടുകളിൽ എങ്ങനെ ഉത്രയ്ക്ക് മാത്രം എങ്ങിനെ സർപ്പദംശനമേൽക്കുന്നു എന്നും വീട്ടുകാർക്ക് വിശദമാക്കാൻ കഴിയുന്നില്ല. രണ്ടു വർഷം മുൻപാണ് എച്ച്ഡിബി ഫിനാൻസിങ് കമ്പനി ജീവനക്കാരനായ സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നത്. ഒരു വയസുള്ള ധ്രുവ് ആണ് മകൻ. റബർ ബിസിനസ് നടത്തുന്ന വിജയസേനനാണ് പിതാവ്. ആയൂർ സ്‌കൂളിലെ പ്രധാനാധ്യാപകയായ മണിമേഖലയാണ് അമ്മ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP