Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക കേരളസഭ ഭൂലോക തട്ടിപ്പ്; സിപിഎമ്മിന് പണം നൽകുന്നവരെ വിളിച്ച് വിരുന്ന് നൽന്ന പരിപാടി; പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ലോക കേരളസഭ വഴി ഉണ്ടായിട്ടില്ല; അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളുമായി ബന്ധപ്പെട്ട് 52 കേസുകൾ സംസ്ഥാന സർക്കാരിന് കൈമാറി; ഇതിൽ നടപടി കൈക്കൊണ്ടത് കേവലം ഒൻപത് കേസുകളിൽ മാത്രം; ഭരണഘടനയെ വെല്ലുവിളിക്കുന്നവരുമായി സഹകരിക്കുന്നത് നല്ല സമീപനമല്ല: സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ലോക കേരളസഭ ഭൂലോക തട്ടിപ്പ്; സിപിഎമ്മിന് പണം നൽകുന്നവരെ വിളിച്ച് വിരുന്ന് നൽന്ന പരിപാടി; പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ലോക കേരളസഭ വഴി ഉണ്ടായിട്ടില്ല; അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളുമായി ബന്ധപ്പെട്ട് 52 കേസുകൾ സംസ്ഥാന സർക്കാരിന് കൈമാറി; ഇതിൽ നടപടി കൈക്കൊണ്ടത് കേവലം ഒൻപത് കേസുകളിൽ മാത്രം; ഭരണഘടനയെ വെല്ലുവിളിക്കുന്നവരുമായി സഹകരിക്കുന്നത് നല്ല സമീപനമല്ല: സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക കേരളസഭക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികളെ സംഘടിപ്പിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ ഈ പരിപാടി ഭൂലോക തട്ടിപ്പാണെന്ന് മുരളീധരൻ വിമർശിച്ചു. തട്ടിപ്പിന് കൂട്ടുനിൽക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക കേരളസഭ ബഹിഷ്‌കരിക്കുന്നതെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. പാർലമെന്റ് പാസാക്കിയ നിയമത്തെ വെല്ലുവിളിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേർത്ത് പ്രമേയം പാസാക്കി. പാർലമെന്റിലെ സ്വകാര്യ ബില്ലിന്റെ വില പോലും ഇല്ലാത്ത പ്രമേയമാണ് പാസാക്കിയത്. ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ നടപടി സ്വീകരിക്കുന്നവരുമായി സഹകരിക്കുന്നത് നല്ല സമീപനമല്ല എന്ന് കണ്ടുമാണ് ഈ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

പണം ധൂർത്തടിച്ച് ഇത്തരത്തിലുള്ള മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതിന് പകരം നിലവിലെ നിയമങ്ങൾ അനുസരിച്ച് പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുകയാണ് വേണ്ടത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ലോക കേരളസഭ വഴി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ പ്രവാസികൾക്ക് വേണ്ടി എന്തുനടപടിയാണ് ലോക കേരള സഭ വഴി സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലുള്ള പാർട്ടി നേതാക്കൾക്ക് ഇവിടെ താമസിക്കാനുള്ള സംവിധാനമാണ് ലോക കേരളസഭ വഴി ഒരുക്കുന്നത്. ഇതൊരു സിപിഎം പരിപാടിയാണ്. പാർട്ടി പണം നൽകുന്നവരെ വിളിച്ച് വിരുന്ന് നൽകുകയാണ് ലോക കേരളസഭ വഴി ചെയ്യുന്നതെന്നും മുരളീധരൻ ആരോപിച്ചു. തട്ടിപ്പിന് ഇരയാകുന്നവരാണ് പ്രവാസികൾ. അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളുമായി ബന്ധപ്പെട്ട് 52 കേസുകൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. കേവലം ഒൻപത് കേസുകളിൽ മാത്രമാണ് നടപടിയെടുത്തത്. നിലവിലെ നിയമമനുസരിച്ച് അനധികൃത റിക്രൂട്ട്മെന്റ് തടയാനുള്ള നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ കേന്ദ്രസർക്കാരിന് പരിമിതികളുണ്ട്. അങ്ങനെയിരിക്കേ ലോക കേരളസഭയ്ക്ക് നിയമപരിരക്ഷ നൽകുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. അനധികൃത തട്ടിപ്പിന് ഇരയായവരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ വേണം. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ ലോക കേരള സഭ നടത്തുന്നത് തട്ടിപ്പാണെന്നും മുരളീധരൻ ആരോപിച്ചു. പ്രവാസികളെ സംരക്ഷിക്കാൻ നിയമനിർമ്മാണവുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസർക്കാരെന്നും മുരളീധരൻ പറഞ്ഞു. ശങ്കരനാരായണൻ ലോഞ്ച് പുതുക്കി പണിതാണ് ലോക കേരളസഭ നടത്തുന്നത്. ഇതിനായി 16 കോടിയാണ് ചെലവാക്കിയത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലാണ് എന്ന് പറയുമ്പോഴാണ് ഈ ധൂർത്ത്. കേന്ദ്രസർക്കാർ സഹായിക്കുന്നില്ല എന്ന് ഒരു വശത്ത് പറയുമ്പോൾ തന്നെ മറുവശത്ത് ഇത്തരം പ്രവർത്തനങ്ങൾ നടക്കുകയാണ്. ലോക കേരളസഭ നടത്തുന്നതിന്റെ മാനദണ്ഡങ്ങൾ എന്താണെന്നും മുരളീധരൻ ചോദിച്ചു.

ഇന്നത്തെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു വി.മുരളീധരൻ. അദ്ദേഹം പ്രതിഷേധിച്ചു കൊണ്ട് സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. ലോക കേരള സഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ യുഡിഎഫ് പ്രതിനിധികൾ ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരിൽ കൺവൻഷൻ സെന്ററിന് അനുമതി നിഷേധച്ചതിൽ മനംനൊന്തു പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നു ലോക കേരള സഭയിൽ നിന്നു പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരും നേരത്തേ രാജിവച്ചിരുന്നു.

ഇത്തവണയും യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് സർക്കാരിന് അറിയാമായിരുന്നു. ധൂർത്ത് ചർച്ചയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് രംഗത്ത് വരികയും ചെയ്തു. ഇതോടെ ലോകകേരള സഭയിൽ വിവാദങ്ങളായി. നിരന്തരം യുഡിഎഫ് ചർച്ചകളുയർത്തി. ഇതിനെ മറികടക്കാൻ വേണ്ടിയാണ് കരുതലോടെ ഉദ്ഘാടന ദിനം തന്നെ രാഹുലിന്റെ കത്ത് പിണറായി പുറത്തു വിട്ടത്. 12ന് കിട്ടിയ കത്തിൽ 20 ദിവസം കഴിഞ്ഞ നന്ദി പറയുന്ന മുഖ്യമന്ത്രിയുടെ ബുദ്ധി അപാരമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് വഴിക്കാണെന്ന് വരുത്താനുള്ള നീക്കം. ഇതിന് വേണ്ടിയാണ് രാഹുലിന്റെ കത്ത് പുറത്തുവിട്ടതിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിട്ടത്.

47 രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഇതാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. ലോകകേരള സഭക്ക് ആശംസയേകി രാഹുൽ ഗാന്ധിയുടെ സന്ദേശം കിട്ടിയെന്നും സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന് തിരിച്ചടിയെന്നും ദേശാഭിമാനിയിൽ വാർത്തയും എത്തി. ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപി. രാഹുൽഗാന്ധിലയുടെ സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP