Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനിച്ച മണ്ണിൽ മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ട്; ഒരു വർഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് ഗൗരവത്തിലെടുക്കണം; ഇപ്പോഴത്തെ നിലയിൽ മുന്നോട്ടു പോയാൽ, അത് ആലപ്പാടിനെ മാത്രമല്ല, കടലും കായലും ഒന്നായി, അപ്പർ കുട്ടനാട് വരെയുള്ള കാർഷിക ജനവാസ മേഖല പോലും ഇല്ലാതായേക്കും: ആലപ്പാട്ടെ ഖനനം നിർത്തിവെക്കണ എന്നാവശ്യപ്പെട്ട് വി എസ്; സർക്കാർ നിലപാടിന് വിമർശനം

ജനിച്ച മണ്ണിൽ മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ട്; ഒരു വർഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് ഗൗരവത്തിലെടുക്കണം; ഇപ്പോഴത്തെ നിലയിൽ മുന്നോട്ടു പോയാൽ, അത് ആലപ്പാടിനെ മാത്രമല്ല, കടലും കായലും ഒന്നായി, അപ്പർ കുട്ടനാട് വരെയുള്ള കാർഷിക ജനവാസ മേഖല പോലും ഇല്ലാതായേക്കും: ആലപ്പാട്ടെ ഖനനം നിർത്തിവെക്കണ എന്നാവശ്യപ്പെട്ട് വി എസ്; സർക്കാർ നിലപാടിന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനിച്ച മണ്ണിൽ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ടെന്ന് ഭരണ പരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ആലപ്പാട്ടെ കരിമണിൽ ഖനനം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർപഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും ആലപ്പാട്ടെ കരിമണൽ ഖനനം നിർത്തി വയ്ക്കണം. ഖനനത്തിലൂടെ ആലപ്പാടിന് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാൻ പുറത്തു വന്ന ഉപഗ്രഹചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനറിപ്പോർട്ടും മാത്രം പരിശോധിച്ചാൽ മതിയെന്ന് വി എസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാറിന്റെ നിലപാടിനെ വിമർശിച്ചു കൊണ്ടാണ് വി എസ് രംഗത്തുവന്നത്.

ധാതു സമ്പത്ത് വെറുതെ കളയരുതെന്ന ലാഭചിന്തയിലൂടെയല്ല അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കി കാണേണ്ടതെന്ന് വ്യവസായ മന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥിതിയിൽ ഖനനം മുന്നോട്ട് പോയാൽ കടലും കായലും ചേർന്ന് അപ്പർ കുട്ടനാട് വരെയുള്ള കാർഷിക ജനവാസമേഖല പോലും ഇല്ലാതാവുന്ന അവസ്ഥയുണ്ടാവും എന്ന ആശങ്കയും പ്രസ്തവാനയിൽ വി എസ് പങ്കുവയ്ക്കുന്നു.

വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ:

തുടർ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണൽ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതം. ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാൻ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്.

ഇന്നത്തെ നിലയിൽ ഇനിയും മുന്നോട്ടുപോയാൽ, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പർ കുട്ടനാട് വരെയുള്ള കാർഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് തീർച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്. ജനിച്ച മണ്ണിൽ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ട്.

അതേസമയം വി എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത്തരം വിവാദങ്ങളിൽ ആ നല്ല മനുഷ്യനെ വലിച്ചിഴയ്ക്കരുതെന്നും വ്യവസായമന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു. വെറുതെ വേണ്ടാത്ത സ്ഥലത്ത് വി.എസിനെ ദുരുപയോഗം ചെയ്യരുത്. ആ നല്ല മനുഷ്യൻ ജീവിച്ചോട്ടെ, ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വി.എസിന്റെ പ്രസ്താവന മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറയില്ലെന്നും അങ്ങനെ വാർത്തയുണ്ടാക്കണമെങ്കിൽ ആയിക്കോളാനുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ആലപ്പാട്ടെ സമരക്കാർക്ക് ചർച്ചയുടെ നോട്ടീസ് നൽകിയിട്ടുണ്ട്. സമരക്കാരുടെ ആശങ്കകൾ പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിമണൽ ഖനന വിഷയവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതിയുമായി സർക്കാർ ഇന്ന് ചർച്ച നടത്തുന്നതിന് തൊട്ടുമാമ്പായിരുന്നു വി എസ് പ്രസ്താവനയുമായി രംഗത്തുവന്നത്. സീ വാഷിങ് നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഖനനം പൂർണ്ണമായും നിറുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. നേരത്തെ ഖനന ആഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. തീരം ഇടിയാനുള്ള പ്രധാന കാരണം സീ വാഷിങ് ആണെന്ന് സമരക്കാർ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടറും ജനപ്രതിനിധികളും ഉൾപ്പെടുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.

അതേസമയം, ആലപ്പാട് കരിമണൽ ഖനനത്തിൽ ജില്ലാ കലക്ടറോട് ദേശീയ ഹരിത ട്രിബ്യൂണൽ റിപ്പോർട്ട് തേടി. മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടൽ. ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദ വിവരങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഉൾപ്പെടുത്തിയാകണം റിപ്പോർട്ട് നൽകേണ്ടതെന്ന് ജില്ലാ കലക്ടറോട് ദേശീയ ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP