Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഗ്യ ലക്ഷ്മി പുറത്തുവിട്ട വടക്കാഞ്ചേരി പീഡന പരാതി വ്യാജമെന്ന് പൊലീസ്; സിപിഎം കൗൺസിലർ ജയന്തനും സുഹൃത്തുക്കളും പ്രതികളായ കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നു; നുണപരിശോധന അടക്കം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നും ആഭ്യന്തര വകുപ്പിന്റെ വിശദീകരണം; പരാതിക്ക് പിന്നിൽ കടം നൽകിയ തുക തിരികെ ലഭിക്കാത്തതും ഭർത്താവിനെ മർദ്ദിച്ചതിന്റെ വിരോധവുമെന്നും പൊലീസ്

ഭാഗ്യ ലക്ഷ്മി പുറത്തുവിട്ട വടക്കാഞ്ചേരി പീഡന പരാതി വ്യാജമെന്ന് പൊലീസ്; സിപിഎം കൗൺസിലർ ജയന്തനും സുഹൃത്തുക്കളും പ്രതികളായ കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നു; നുണപരിശോധന അടക്കം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നും ആഭ്യന്തര വകുപ്പിന്റെ വിശദീകരണം; പരാതിക്ക് പിന്നിൽ കടം നൽകിയ തുക തിരികെ ലഭിക്കാത്തതും ഭർത്താവിനെ മർദ്ദിച്ചതിന്റെ വിരോധവുമെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഏറെ കോളിളക്കം സൃഷ്ടിച്ച വടക്കഞ്ചേരി ലൈംഗിക പീഡന പരാതിയിൽ ആന്വേഷണം അവസാനിപ്പിക്കുന്നതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ. കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2016 നവംബർ 16 ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് അനിൽ അക്കര എംഎൽഎക്ക് കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ് മറുപടി നൽകിയത്. സിപിഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായിരുന്ന പി.എൻ ജയന്തനെതിരെയായിരുന്നു ലൈംഗിക പീഡന ആരോപണം ഉയർന്നത്.

സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും സുഹൃത്തുക്കളും ചേർന്ന് വീട്ടമ്മയെ കൂട്ട ബലാൽസംഗം ചെയ്തെന്നായിരുന്നു പരാതി. രണ്ടു വർഷം മുൻപാണ് സംഭവം നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും 2016 നവംബർ ഒന്നിന് യുവതി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത് വൻ വിവാദമായിരുന്നു. ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പീഡനവിവരം പുറത്ത് വന്നതും.

ജയന്തന്റെ സഹോദരനായ ജിതേഷ്, ബിനേഷ്, ഷിബു എന്നിവരും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി ആരോപിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയപ്പോൾ വളരെ മോശമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചതെന്നും മൊഴിമാറ്റിപ്പറയാൻ പൊലീസ് നിർബന്ധിച്ചെന്നും യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിന്നും വ്യത്യസ്തമായി മജിസ്‌ട്രേറ്റിന് താൻ മൊഴി നൽകിയത് പീഡിപ്പിച്ച നാലുപേരും ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ്. പൊലീസും ഇതിനായി സമ്മർദ്ദം ചെലുത്തി. മജിസ്‌ട്രേറ്റിന് മുന്നിൽ തിരുത്തിപ്പറയേണ്ട മൊഴികൾ പൊലീസ് സ്റ്റേഷനിൽ വച്ചാണ് തന്നെ പഠിപ്പിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

വീട്ടിൽ ഭർത്താവില്ലാതിരുന്ന ഒരു ദിവസം ഭർത്താവിന്റെ നാല് സുഹൃത്തുക്കൾ വന്ന് ഭർത്താവിന് ചെറിയൊരു പ്രശ്‌നമുണ്ടെന്നും ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്നും പറയുകയായിരുന്നെന്നും പരിചയക്കാരായിരുന്നതിനാൽ അവരോടൊപ്പം ചെന്ന തന്നെ കയ്യേറ്റം ചെയ്തതിനൊപ്പം നഗരത്തിൽ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം.

സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ആയിരുന്ന ജയന്തൻ അടക്കം നാല് പേർക്കെതിരെ ആയിരുന്നു അന്വേഷണം. പീഡനം നടന്ന സ്ഥലമോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു പൊലീസ് നിലപാട്. പ്രതിചേർക്കപ്പെട്ടവരുടെ നുണപരിശോധന അടക്കം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ അന്വേഷണം അവസാനിപ്പിക്കുന്നത്.

മതിയായ രേഖകളില്ലാതെ കടം നൽകിയ മൂന്നര ലക്ഷം രൂപ തിരിച്ച് കിട്ടാത്തതിന്റെ വിരോധവും ഭർത്താവിനെ മർദ്ദിച്ചതിന്റെ വിരോധവും കാരണമാണ് യുവതി വ്യാജ പരാതി നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പൊലീസ് നിലപാടെടുത്തതോടെ ഇനി കോടതി ഇക്കാര്യത്തിൽ എന്ത് പറയുമെന്നാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP