Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാരായണഗുരു പ്രതിഷ്ഠ നടത്തിയ വക്കത്തെ പുത്തൻനട ക്ഷേത്രം മതസാഹോദര്യത്തിന് പ്രസിദ്ധം; അമ്പലക്കമ്മറ്റിയിൽ ഷമീറും; ആനവരിണ്ടോടിയപ്പോൾ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്നു; പട്ടാപ്പകൽ നാട്ടുകാരുടെ മുമ്പിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ വർഗ്ഗീയ മുതലെടുപ്പ് നടക്കാതെ പോയത് എന്തുകൊണ്ട്?

നാരായണഗുരു പ്രതിഷ്ഠ നടത്തിയ വക്കത്തെ പുത്തൻനട ക്ഷേത്രം മതസാഹോദര്യത്തിന് പ്രസിദ്ധം; അമ്പലക്കമ്മറ്റിയിൽ ഷമീറും; ആനവരിണ്ടോടിയപ്പോൾ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്നു; പട്ടാപ്പകൽ നാട്ടുകാരുടെ മുമ്പിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ വർഗ്ഗീയ മുതലെടുപ്പ് നടക്കാതെ പോയത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബൈക്കിലെത്തിയ യുവാക്കളിൽ ഒരാളെ നാലംഗ സംഘം റോഡിൽ തടഞ്ഞുനിറുത്തി കാറ്റാടിക്കഴയും കുറുവടികളുമുപയോഗിച്ച് പട്ടാപ്പകൽ അടിച്ചുകൊന്നതിനെ തുടർന്ന് വക്കത്തുണ്ടായ സംഘർഷം അയയുന്നു. വർഗ്ഗീയതയ ഉയർത്തി മുതലെടുപ്പിനുള്ള ശ്രമം നാട്ടുകാർ തന്നെ ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ഉൽസവവുമായുണ്ടായ തർക്കങ്ങളുയർത്തിയുള്ള പ്രചരണങ്ങൾ ഫലം കണ്ടില്ല. വക്കത്തെ പുത്തൻ നട ശിവക്ഷേത്രത്തിന് മതേതര പ്രതിച്ഛായയാണുള്ളത്. ഇത് മറച്ചുവച്ചാണ് ഷബീറിന്റെ കൊലപാതകത്തിൽ മുതലെടുപ്പിന് ശ്രമമുണ്ടായത്.

ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇത്. ഇവിടുത്ത ഉൽസവ കമ്മറ്റികളിൽ പോലും മുസ്ലിം മതവിഭാഗത്തിൽ ഉള്ളവർ സജീവം. ഈ ക്ഷേത്രത്തിന്റെ ഉൽസവത്തിനിടെ നിർഭാഗ്യകരമായ സംഭവം ഉണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നിൽ വർഗ്ഗീയതയൊന്നും ഇല്ലായിരുന്നു.  ഉത്സവത്തിന്റെ പറയെടുക്കലിനിടെ ആനയുടെ വാലിൽ  കയറിപിടിച്ചു ഇതോടെ ആന വിരണ്ടു. മദമിളകിയ ആന ഇടവഴികളിലൂടെ ഓടി. അന്ന് വലിയ ദുരന്തത്തിന് സാധ്യതയുണ്ടായിരുന്നു. എന്നാൽ ദൈവാനുഗ്രഹം എല്ലാം ഒഴിവാക്കിയെന്ന് വക്കത്തുകാരനായ ദൃക്‌സാക്ഷി മറുനാടൻ മലയാളിയോട് പറഞ്ഞു.

ചിലർ  ആനയുടെ വാലിൽ പിടിച്ചു. റെയിൽവേ ട്രാക്കിനോളം പോന്ന ഇടവഴിയിലൂടെയാണ് ആന മദം പൊട്ടി ഓടിയത്. ആ റോഡിലൂടെ ആരെങ്കിലും വന്നാൽ പോലും ആന കുത്തി മലർത്തിയേനെ. അങ്ങനെ കിലോ മീറ്ററുകൾ ആന ഓടി. ആനയുടെ മുകളിൽ രണ്ട് പേരുമുണ്ടായിരുന്നു. ഇവരും ആനയെ മുറുകി പിടിച്ചിരുന്നു. ഓടി ഓടി ആന കായലിൽ ചാടി. ഇതിനിടെയിൽ മുകളിലിരുന്നവരും രക്ഷപ്പെട്ടു. കായലിൽ ചാടിയ ആന ചെളിയിലാണ് വീണത്. വളരെ പാടുപെട്ടാണ് ആനയെ രക്ഷിച്ചത്. ഇതിനെല്ലാം മത വ്യത്യാസം മാറ്റിവച്ച് വക്കത്തുകാർ ഒരുമിച്ചു. അത്തരമൊരു സംഭവത്തെ ഷബീറിന്റെ മരണവുമായി കൂട്ടി യോജിപ്പിച്ചത് ശരിയായില്ല. ഈ സംഭവത്തിന് ശേഷവും ക്ഷേത്രത്തിലെ പ്രവർത്തികളുമായി മുസ്ലിം മതവിഭാഗക്കാർ സഹകരിക്കുന്നുമുണ്ട്.

വക്കം പുത്തൻനട ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗം കൂടിയാണ് ഷബീർ എന്നും സൂചനയുണ്ട്. ഉമ്മ നബീസയെ ഉപേക്ഷിച്ച് ബാപ്പ പോകുമ്പോൾ ഷബീറിന്റെ പ്രായം പത്തു വയസ്. പറക്കമുറ്റാത്ത സഹോദരങ്ങളെയും കൊണ്ട് അനാഥാലയത്തിന്റെ പടി കയറി. മക്കളെ പഠിപ്പിക്കാനായി നബീസ കൊത്തന്റെ കൈയാളായി പോയി. പത്താംക്‌ളാസിലെത്തിയപ്പോൾ ഷബീറും ഉമ്മയ്‌ക്കൊപ്പം ജോലിക്കിറങ്ങി. ആറ്റിങ്ങലിലെ ഒരു സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് ഷബീർ. അന്യമതസ്ഥനാണെങ്കിലും ക്ഷേത്രത്തിലെ എന്താവശ്യത്തിനും മുന്നിലുണ്ടാകുന്ന ഷബീർ ഭരണസമിതിയിൽ എത്തി. ഉത്സവപ്പിരിവിന്റെ രസീതും കണക്കും സൂക്ഷിക്കുന്നതെല്ലാം ഷബീറായിരുന്നു.

 

ക്ഷേത്ര ഉത്സവത്തിന്റെ അവസാന ദിവസം ഘോഷയാത്രയ്ക്കിടയിൽ ആനയുടെ വാലിൽ പിടിച്ചുവലിച്ച് സൂചി കൊണ്ട് കുത്തി ഒരു സംഘം അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ പ്രശ്‌നം തുടങ്ങി. അന്നത്തെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തയാളാണ് കടയ്ക്കാവൂർ ഉടക്കുവിളാകത്തു വീട്ടിൽ സന്തോഷ്. ഇയാൾക്കെതിരെ ഷബീർ മൊഴി നൽകിയിരുന്നു. ആ വൈരാഗ്യമാണ് കഴിഞ്ഞദിവസത്തെ കൊലയിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ. ഷബീറിനോടുള്ള ആദരസൂചകമായി പുത്തൻനട ക്ഷേത്രത്തിലെ ഉത്സവം ആർഭാടരഹിതമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഷമീറിനോടുള്ള ആദര സൂചകമായി രണ്ട് ദിവസം ക്ഷേത്രത്തിൽ നിത്യ പൂജകളും വേണ്ടെന്ന് വച്ചു.

ഷബീറിന്റെ മരണത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമത്തിൽ പ്രചരിച്ചതോടെ അയാളുടെ ബന്ധുക്കൾ സംഘടിച്ചു. ചിലർ മുതലെടുപ്പിനും ശ്രമിച്ചു. ഇത് സംഘർഷാവസ്ഥയുണ്ടാക്കി. കൊല നടത്തിയവരുടെ വീട്ടിലേക്ക് ആക്രമണവും നടത്തി. അതിനപ്പുറത്ത് വർഗ്ഗീയമായി ആരും വക്കത്ത് സംഘടിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. ഷബീറിന്റെ സംസ്‌കാര ചടങ്ങിലും എല്ലാവരും പങ്കെടുത്തു. സമാധാനപരമായി എല്ലാം അവസാനിച്ചു. ഇതോടെ വക്കത്തെ പൊലീസ് വിന്യാസവും കുറയ്ക്കുകയാണ്. അത്യാവശ്യ പൊലീസുകാർ മാത്രമേ അവിടെ ഇപ്പോഴുള്ളൂ. മരിച്ച ഷബീർ സിപിഐ(എം) അനുഭാവിയാണ്. കൊലപ്പെടുത്തിയത് കോൺഗ്രസുകാരും. ഷബീറിനൊ്പ്പം അക്രമത്തിന് ഇരയായത് ഉണ്ണികൃഷ്ണനെന്ന വ്യക്തിയാണ്. ഇതിൽ നിന്ന് തന്നെ വർഗ്ഗീയതയില്ലെന്ന് ഉറപ്പിക്കാമെന്നും നാട്ടുകാർ വിശദീകരിക്കുന്നു.

വിനായകിന്റെ നേതൃത്വത്തിലെ സംഘമാണ് ഷബീറിനെ കൊന്നത്. ഈ രണ്ട് സംഘങ്ങൾ തമ്മിൽ നിരന്തരം ആക്രമണങ്ങൾ നടക്കാറുണ്ട്. ഈ സംഘങ്ങളിൽ ആരാണ് വക്കത്തെ വലിയവരെന്നതായിരുന്നു പ്രശ്‌നം. കൂലിത്തല്ലുകാരൊന്നുമായിരുന്നില്ല. എന്നാൽ പെണ്ണുങ്ങളെ കമന്റു പറഞ്ഞു മറ്റും കവലകളിൽ നിറഞ്ഞവരാണ്  ഇവർ. രണ്ട് പക്ഷക്കാരും തമ്മിൽ തല്ല് പതിവായിരുന്നു. അടിപിടികൂടി മിടുക്കു കാട്ടുക പതിവായിരുന്നു. ഈ സംഘർഷമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആരും നിയന്ത്രിക്കാനില്ലായിരുന്നു. പഠിക്കേണ്ട സമയത്ത് മറ്റ് കാര്യങ്ങളായിരുന്നു ഇവരെല്ലാം ചെയ്തുപോന്നതെന്നും പ്രദേശവാസി മറുനാടനോട് പറഞ്ഞു. ഈ മിടുക്ക് കാട്ടലായിരുന്നു ആനയുടെ വാലിൽ പിടിച്ച സംഭവം ഉണ്ടാക്കിയതും.

സംഭവം ഉണ്ടായതോടെ ചിലർ മുതലെടുപ്പിന് എത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടായിരുന്നു ഇത്. ഇത് തിരിച്ചറിഞ്ഞാണ് വമ്പൻ പൊലീസ് സംഘത്തെ വക്കത്ത് നിയോഗിച്ചത്. ചിലർ സംഘടിക്കുന്നതിന്റെ സൂചനകളും കിട്ടി. ഇവരെ അപ്പോൾ തന്നെ പൊലീസ് വിരട്ടിയോടിച്ചു. ഇതോടെ സംഘർഷത്തിന് അയവുണ്ടാവുകയും ചെയ്തു. അതിനിടെ ആറംഗ സംഘത്തിലെ നാലുപേരാണ് അക്രമത്തിനു നേതൃത്വം നൽകിയത്. മറ്റു രണ്ടുപേർ യുവാക്കൾ ബൈക്കിൽ വരുന്നതു നിരീക്ഷിച്ചു മൊബൈൽ ഫോൺ വഴി വിവരങ്ങൾ അപ്പപ്പോൾ കൈമാറിയാണു കൃത്യം നടത്തിയതെന്നും അറിവായിട്ടുണ്ട്. പ്രധാന പ്രതികളായ നാലുപേരെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. വക്കം ദൈവപ്പുരയ്ക്കു സമീപം വിനായക് (23), കിരൺ (23) സന്തോഷ് (24), സതീഷ്(27) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഇവരെ വക്കത്തുകൊണ്ടുവെന്ന് തെളിവെടുപ്പും നടത്തി. അപ്പോഴും സംഘർഷമോ മറ്റ് വിഷയമോ വക്കത്തുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

ഷബീറിന്റെ സുഹൃത്ത് വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം പുഷ്പമന്ദിരത്തിൽ ഉണ്ണിക്കൃഷ്ണൻ (ബാലു-26) ഗുരുതര പരുക്കോടെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ മൊഴിയും നിർണ്ണായകമാകും. സംഭവം നടന്ന സ്ഥലം പരിശോധിച്ച ഫോറൻസിക് വിഭാഗം പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച കാറ്റാടിക്കഴകളും പ്രതികളുടേതെന്നു കരുതുന്ന ചെരുപ്പുകളും റോഡിൽ പരന്നുകിടന്ന രക്തത്തിന്റെ സാംപിളും ശേഖരിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്‌പി: പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.

യുവാവിനെ പട്ടാപ്പകൽ റോഡിലിട്ടു തല്ലിക്കൊല്ലുന്ന നടുക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാദ്ധ്യമങ്ങളിലും ചാനലുകളിലും പ്രചരിച്ചിരുന്നു. ഇതുവഴി അക്രമിസംഘത്തെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കൊലപാതകം ആസൂത്രിതമായിരുന്നു എന്നു വ്യക്തമായിട്ടുണ്ട്. ഞായർ വൈകിട്ടു സുഹൃത്തുമൊത്തു ഷെബീർ സമ്മാനം വാങ്ങാൻ ബൈക്കിൽ നിലയ്ക്കാമുക്ക് ജംക്ഷനിൽ പോയിരുന്നു. അപ്പോൾ മുതൽ നിരീക്ഷിച്ചിരുന്ന സംഘം ഇവർ മടങ്ങുമ്പോൾ കാത്തിരുന്നു ചാടിവീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെബീറിനെ കാറ്റാടിക്കഴ ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്‌ത്തിയാണു ഭീകരമായി മർദിച്ചത്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണമായത്.

നിലയ്ക്കാമുക്കിൽ നിന്ന് വക്കത്തേക്ക് ബൈക്കിൽ വരികയായിരുന്ന ഷബീറിനെയും ഉണ്ണിക്കൃഷ്ണനെയും അക്രമിസംഘം തോപ്പിക്കവിളാകം റെയിൽവേ ഗേറ്റിനടുത്ത് തടഞ്ഞുനിറുത്തി. ഉണ്ണിക്കൃഷ്ണനെ അടിച്ചുവീഴ്‌ത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷബീറിനെ പിടികൂടി തൊട്ടടുത്ത പെട്ടിക്കടയുടെ തട്ട് താങ്ങിനിറുത്തിയിരുന്ന കാറ്റാടിക്കഴയെടുത്ത് അക്രമികളിലൊരാൾ തലയ്ക്ക് അടിച്ചു. റോഡിൽ വീണ ഷബീറിന്റെ ഇരുകാലുകളും ഒരാൾ പിടിച്ചുവച്ചു. മറ്റൊരാൾ തുരുതുരെ അടിച്ചൊടിച്ചു. ബോധരഹിതനായ ഷബീറിനെ അടിച്ചും ചവിട്ടിയും ഇടിച്ചും മിനിട്ടുകളോളം മൃഗീയമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഉണ്ണിക്കൃഷ്ണനെയും ക്രൂരമായി മർദ്ദിച്ചു.

ഈ സമയത്ത് ലെവൽക്രോസിൽ നിറുത്തിയിട്ട ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരിൽ ചിലർ അക്രമം കണ്ട് ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. മൃതപ്രായരായ ഇരുവരെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഷബീർ മരിച്ചു. ആലംകോട്ടെ മത്സ്യമൊത്തക്കച്ചവട കേന്ദ്രത്തിൽ കമ്മിഷൻ ഏജന്റായിരുന്നു മരിച്ച ഷബീർ.

വക്കത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിലൊരാളെ തടഞ്ഞുനിർത്തി മൃഗീയമായി തല്ലിക്കൊന്ന ആറംഗ സംഘത്തിലെ രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്നും റൂറൽ എസ്‌പി ഷെഫീൻ അഹമ്മദ് അറിയിച്ചു. ഇവരെ എത്രയും പെട്ടെന്നു നിയമത്തിനു മുൻപിൽ കൊണ്ടുവരാനാണ് നീക്കം. കൊല്ലപ്പെട്ട ഷെബീറിനെയും പരുക്കേറ്റ ഉണ്ണികൃഷ്ണനെയും ആക്രമിച്ച നാൽവർ സംഘത്തെക്കൂടാതെ ഷെബീറിന്റെ നീക്കങ്ങൾ നിരീക്ഷിച്ച രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികൾക്കെതിരെ ഐപിസി 143, 147, 148, 149, 341, 294ബി, 323, 324, 302, 307 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP