Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പലപ്പോഴും അവൾ പറയുമായിരുന്നു ഞാൻ മഹാരാജാസിൽ വന്നത് എസ്ഡി കോളേജിൽ കിട്ടാത്തതോണ്ടാ; അതുകൊണ്ട് രണ്ടുപേർ രക്ഷപ്പെട്ടു; നീ എന്നെക്കെട്ടി. ആന്റണി നേതാവുമായി; കോളേജ് കാലത്തെ പ്രണയ രഹസ്യങ്ങൾ പങ്കുവച്ച് വയലാർ രവി; മേഴ്‌സിയെന്ന പെൺകുട്ടി മേഴ്‌സി രവിയായത് എങ്ങനെ?

പലപ്പോഴും അവൾ പറയുമായിരുന്നു ഞാൻ മഹാരാജാസിൽ വന്നത് എസ്ഡി കോളേജിൽ കിട്ടാത്തതോണ്ടാ; അതുകൊണ്ട് രണ്ടുപേർ രക്ഷപ്പെട്ടു; നീ എന്നെക്കെട്ടി. ആന്റണി നേതാവുമായി; കോളേജ് കാലത്തെ പ്രണയ രഹസ്യങ്ങൾ പങ്കുവച്ച് വയലാർ രവി; മേഴ്‌സിയെന്ന പെൺകുട്ടി മേഴ്‌സി രവിയായത് എങ്ങനെ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 1937 ജൂൺ നാലിന് ആലപ്പുഴ വയലാറിലെ സ്വാതന്ത്ര്യ സമര സേനാനിയും അറിയപ്പെടുന്ന കോൺഗ്രസ് നേതാവും സഹകാരിയുമായ എം.കെ. കൃഷ്ണന്റെയും മഹിളാ കോൺഗ്രസ് നേതാവ് ദേവകീ കൃഷ്ണന്റെയും മകനായി ജനിച്ച വയലാർ രവി കേരളാ രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വമാണ് ഇന്ന്. കേരള സ്റ്റുഡന്റ്‌സ് യൂണിയൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽ മന്മോഹൻസിങ് സർക്കാരിലെ പ്രവാസികാര്യമന്ത്രി വരെയെത്തിയ എം.കെ. രവീന്ദ്രൻ എന്ന വയലാർ രവി താണ്ടിയത് ആറുപതിറ്റാണ്ട് നീണ്ട ധീരോദാത്തമായ രാഷ്ട്രീയ ജീവിതമാണ്. നാളെ എൺപതിലേക്ക് കാലെടുത്തുവയ്ക്കുന്ന വയലാർജി. കോൺഗ്രസ് പത്രമായ വീക്ഷണത്തിൽ തന്റെ കെ എസ് യു കാലം ഓർത്തെടുക്കുകയാണ് വയലാർ രവി

കെ.എസ്.യുവിന്റെ പിറവി

'ചേർത്തല, വയലാർ സർക്കാർ സ്‌കൂളുകളിലെ പഠനത്തിന് ശേഷം ആലപ്പുഴ എസ്ഡി കോളേജിലെത്തി ആദ്യ പ്രസംഗം കൊണ്ടു തന്നെ ഞാൻ കോളേജിലെ താരമായി. പിന്നീടാണ് ഐ.എസ്.യു (ഇൻഡിപെൻഡന്റ് സ്റ്റുഡൻസ് യൂണിയൻ) നേതാവാകുന്നത്.' '1957ൽ എസ്.ഡി കോളേജിൽ നിന്ന് പടിയിറങ്ങി ഐഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി. ആയിടെയാണ് എറണാകുളം ലോ കോളേജിൽ സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ സ്വതന്ത്ര വിദ്യാർത്ഥി സംഘടന രൂപീകരിച്ച വാർത്ത എന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് പ്രസിഡന്റായിരുന്ന ജോർജ് തരകന്റെ പേരിൽ ഒരു കത്തയച്ചു. സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ട് എന്നറിയിച്ചു.'

'ആലപ്പുഴയിലെ താണു അയ്യർ ബിൽഡിംഗിൽ വച്ച് ഒരു യോഗം ചേർന്നു. ജോർജ് തരകൻ, എ.ഡി രാജൻ, എ.എ സമദ്, സുബൈർ, പി.എ ആന്റണി, ജിമ്മി, ജോൺ, പി. കെ. കുര്യാക്കോസ് തുടങ്ങിയവരായിരുന്നു അന്നത്തെ യോഗത്തിൽ പങ്കെടുത്തത്. കേരളത്തിലെ വിദ്യാർത്ഥികൾക്കൊരു സ്വതന്ത്ര സംഘടനയെന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകർന്നത് ആ യോഗമായിരുന്നു. ആലപ്പുഴയിലെ ഐ.എസ്.യു നേതാവായിരുന്ന ഞാൻ പുതിയ സംഘടനയ്ക്ക് ഐ.എസ്.യു എന്ന പേര് നൽകണമെന്ന് പറഞ്ഞെങ്കിലും തരകൻ, സമദ് എന്നിവർ എതിർത്തു. കെ.എസ്.യു എന്ന പേര് നൽകണമെന്നാണ് തരകന്റെ വാദം. എങ്കിൽ ശരി കേരള സ്റ്റുഡന്റ്‌സ് യൂണിയൻ എന്ന പേരിലായിരിക്കണം അറിയപ്പെടുന്നത് എന്ന് ഞാനും പറഞ്ഞു. തരകൻ പ്രസിഡന്റായും ഞാൻ സെക്രട്ടറിയായും, എ.എ.സമദ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ പ്രധാന പത്രങ്ങളിലെല്ലാം വാർത്ത വന്നു. കെ.എസ്.യു രൂപീകരിച്ചു. പിന്നീട് ചേർത്തല വിട്ട് എറണാകുളം കെപിസിസി ഓഫീസിലായിരുന്നു എന്റെ പ്രവർത്തന കേന്ദ്രം. കെ.എസ്.യു ഭാരവാഹിയായതോടെ വീടുമായുള്ള ബന്ധം താൽക്കാലികമായി ഉപേക്ഷിച്ചു.

കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പത്രങ്ങളിൽ സ്ഥിരം പ്രസ്താവനകൾ ഇറക്കി. ആയിടെയാണ് കോട്ടയത്ത് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്നത്. അന്ന് പ്രസ്താവനകളിലൂടെ മാത്രം അറിഞ്ഞിരുന്ന വയലാർ രവിയെ പരിചയപ്പെടാൻ വലിയ ആൾക്കൂട്ടമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ നാട്ടിലും കെ.എസ്.യു രൂപീകരിക്കാൻ ക്ഷണിച്ചു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് കണ്ണൂരിലെ പ്രഹ്ലാദൻ ഗോപാലനെന്ന പി. ഗോപാലനായിരുന്നു. കോട്ടയം സമ്മേളനത്തിനിടെയാണ് ഉമ്മൻ ചാണ്ടിയെന്ന യുവാവിനെ പരിചയപ്പെട്ടതെന്ന് ഞാൻ ഓർക്കുന്നു. അങ്ങനെ പി. ഗോപാലന്റെ നിർബന്ധപ്രകാരം മലബാറിലേക്ക് പോയി. പത്തു ദിവസം വിജയനെന്ന സഹായിയെ ഗോപാലൻ വിട്ടുനൽകി. ലാൻഡ്മാസ്റ്റർ ടാക്‌സികാറിൽ കാസർഗോഡ് കണ്ണൂർ ജില്ലകളിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള യാത്രയായിരുന്നു. അക്കാലത്താണ് കണ്ണൂരിൽ കോൺഗ്രസ് സമ്മേളനം നടന്നത്. തലശേരി ബ്രണ്ണൻ കോളേജിലെ ഐ.എസ്.ഒ നേതാവായിരുന്ന ഇ. കുഞ്ഞനന്ദൻ, പി.കെ മോഹൻദാസ്, പ്രഭാകരൻ തുടങ്ങിയവരെയും കെ.എസ്.യുവിന്റെ കൂടെക്കൂട്ടി.

അന്ന് തിരുവനന്തപുരത്ത് സ്റ്റുഡന്റ്‌സ് കോൺഗ്രസ് എന്നൊരു സംഘടന പ്രവർത്തിച്ചിരുന്നു. കെപിസിസി നിർദ്ദേശപ്രകാരം അക്കാലത്തുകൊല്ലം വരെ മാത്രമാണ് കെ. എസ്.യു പ്രവർത്തനം. കൊല്ലത്ത് സി.കെ തങ്കപ്പന്റെ നേതൃത്വത്തിലായിരുന്നു കെ.എസ്.യു. തൃശ്ശൂരിലും സമാനസ്ഥിതി തന്നെ നേരിടേണ്ടി വന്നു. പി.എം മുഹമ്മദാലിയുടെ നേതൃത്വത്തിൽ ഐ.എസ്.ഒ ആയിരുന്നു അവിടെയുണ്ടായിരുന്നത്. പിന്നീട് കെ.എസ്.യുവിന്റെ ഭാഗമായെങ്കിലും ആരംഭഘട്ടത്തിൽ കെ.എസ്.യുവിന്റെ എതിരാളി തന്നെയായിരുന്നു.

പിന്നീട് എ.സി ജോസ് പ്രസിഡന്റായി. അത് വലിയൊരു കഥയാണ്. ഞാനും ജോസും പഠിക്കാൻ മദ്രാസിനു പോയി. ഞാൻ തരകനൊരു കത്തെഴുതി ഇത്തവണ എന്നെ ഒഴിവാക്കണം എന്ന്. അങ്ങനെ സ്ഥലത്തില്ലാതിരുന്ന ജോസിനെ പിടിച്ച് പ്രസിഡന്റാക്കുകയായിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞ് ഞാൻ തന്നെ പ്രസിഡന്റായി. എനിക്ക് ശേഷം പി.കെ മോഹൻദാസായിരുന്നു പ്രസിഡന്റാകേണ്ടിയിരുന്നത്. എന്നാൽ ഞങ്ങൾ അവനെ മാറ്റി ആന്റണിയെ പ്രസിഡന്റാക്കുകയായിരുന്നു. അതിലിപ്പോഴുമെനിക്ക് സങ്കടമുണ്ട്. ഇല്ലെങ്കിൽ അവൻ ഇന്ന് മന്തിയോ എംഎ‍ൽഎ യോ ഒക്കെ ആകേണ്ട ആളായിരുന്നു.'

മഹാരാജാസും പ്രണയവും കല്യാണവും

ബി.എയ്ക്കു മഹാരാജാസിൽ ചേർന്നകാലം. മഹാരാജാസിൽ ഡെമോക്രാറ്റിക് ഫ്രണ്ട് ആയിരുന്നു അന്നുണ്ടായിരുന്നത്. കെ.എസ്.യുവിന്റെ സംസ്ഥാന നേതാവായ എനിക്ക് പക്ഷെ മുന്നണി ബന്ധം തകർക്കാൻ താൽപര്യമില്ലായിരുന്നു. അവിടെ വച്ചാണ് ചേർത്തലക്കാരനായിരുന്ന ആന്റണിയെ പരിചയപ്പെടുന്നത്. ഫൈനൽ ബി.എയ്ക്ക് പഠിക്കുന്ന സമയത്താണ് പ്രീഡിഗ്രിക്കാരിയായ മേഴ്‌സിയെന്ന പെൺകുട്ടിയെ കാണുന്നത്. പിന്നീട് സഹധർമ്മിണിയും കോൺഗ്രസിലെ പല തീരുമാനങ്ങൾക്കും കാരണക്കാരിയുമായ മേഴ്‌സി രവിയായി.

മഹാരാജാസിലെ പഠിത്തം കഴിഞ്ഞ് എറണാകുളം ലോ കോളേജിൽ എഫ്.എൽ എഴുതിയെങ്കിലും കിട്ടിയില്ല. പിന്നീട് വീണ്ടും മഹാരാജാസിൽ എം.എയ്ക്ക് ചേർന്നു. ഒരു കുസൃതി നിറഞ്ഞ ചിരിയോടെ കാര്യം അദ്ദേഹം വ്യക്തമാക്കി. 'എം.എയ്ക്ക് ചേരാനുള്ള താൽപര്യം കൊണ്ടല്ല. മേഴ്‌സിയെ കാണാനായിരുന്നു'. എം.എ ഹിസ്റ്ററി പൂർത്തീകരിച്ച് എഫ്.എൽ എഴുതി പാസ്സായി ലോ കോളേജിൽ ബി.എല്ലിന് ചേർന്നു. 'പഠിത്തം, രാഷ്ട്രീയം, പ്രണയം, പിന്നെ കല്ല്യാണം.... എല്ലാം നടന്നു.

ഇന്നത്തെ പോലത്തെ പ്രണയമൊന്നുമല്ല അന്ന്. അവളുടെ ഒരു പെൺസുഹൃത്തായ വത്സലയുടെ പേരിലായിരുന്നു ഞങ്ങളുടെ കത്തിടപാടുകൾ. സ്‌പെഷ്യൽ ക്ലാസ് എന്ന പേരിലുള്ള കൂടിക്കാഴ്ചകൾ. മേഴ്‌സി എം.എ പാസ്സായി. സാധാരണ വരുന്നതുപോലെ അവൾ കോളേജിൽ വന്നു. ഞാൻ സുഹൃത്ത് ജയറാമിന്റെ കാറുമായി മഹാരാജാസിന് മുന്നിൽ കാത്തിരുന്നു. നേരെ വിളിച്ചെന്റെ വീട്ടിലേക്ക്. ആന്റണിയോടും ഉമ്മൻ ചാണ്ടിയോടുമൊക്കെ വീട്ടിൽ പാർട്ടിയോഗം ഉണ്ട് വരണം എന്നു പറഞ്ഞാണ് വിളിച്ചത്.

അച്ഛനും അമ്മയും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായതിനാൽ പ്രശ്‌നം ഗുരുതരമായിരുന്നില്ല. എന്നാലും അമ്മയ്ക്ക് ചെറിയൊരു വിഷമം. അമ്മ നേരെ അമ്മയുടെ സുഹൃത്തായ നവോദയ അപ്പച്ചന്റെ ഭാര്യ അന്നമ്മക്കുട്ടി ചാക്കോയുടെ വീട്ടിലേക്കാണ് പോയത്. 'അന്നമ്മേ അവൻ ഒരു പെണ്ണിനെയും വിളിച്ചോണ്ടു വന്നു. എന്നിട്ടോ.. ഞാനങ്ങ് കെട്ടിച്ചു കൊടുത്തു.. എറണാകുളത്തെപ്പെണ്ണാ...' 'ഹാ ഞങ്ങടെ കൂട്ടക്കാരാ... കുട്ടനാട്ടിലെ കട്ടിക്കാരൻ കുടുംബക്കാരല്ല്യോ' അന്നമ്മ ചാക്കോ പറഞ്ഞത് അമ്മയ്ക്ക് വലിയ ആശ്വാസമായി.. കല്ല്യാണം കേരളമാകെ ചർച്ചയായി. 'പലപ്പോഴും അവൾ പറയുമായിരുന്നു ഞാൻ മഹാരാജാസിൽ വന്നത് എസ്ഡി കോളേജിൽ കിട്ടാത്തതോണ്ടാ. അതുകൊണ്ട് രണ്ടുപേർ രക്ഷപ്പെട്ടു. നീ എന്നെക്കെട്ടി. ആന്റണി നേതാവുമായി'

എ.സി ജോസുമായുള്ള ബന്ധം

കെ.എസ്.യുവിന്റെ ഭാരവാഹിയായി എറണാകുളത്തെത്തിയപ്പോൾ ആദ്യം കിട്ടിയ സുഹൃത്താണ് ജോസ്. അവനന്ന് ആൽബർട്‌സിലെ വിദ്യാർത്ഥി. നല്ലൊരു പ്രസംഗകനായിരുന്നു. അവന്റെ ചേട്ടൻ ജോർജ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്നു. അങ്ങനെ ഞാനും ജോസും നല്ല സുഹൃത്തുക്കളായി. രാത്രി ഇടപ്പള്ളിയിലെ ജോസിന്റെ വീട്ടിൽ പോകും. രാത്രിയിലെയും രാവിലത്തെയും ഭക്ഷണം ജോസിന്റെ അമ്മ തരും. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും വളർച്ചയിൽ നല്ലൊരു പങ്ക് വഹിച്ചത് ആ സൗഹൃദമാണ്.'

മേഴ്‌സിയെ കെട്ടുന്ന വിവരം ഞാൻ ജോസിനോടു പറഞ്ഞിരുന്നു. പക്ഷെ ഇക്കാര്യം ഒരിക്കലും അവന്റെ ഭാര്യ ലീലാമ്മയോട് പറയരുത് എന്നും പറഞ്ഞു. അവനത് പറഞ്ഞില്ല. അത്രയ്ക്ക് ഊഷ്മള ബന്ധമായിരുന്നു ഞങ്ങൾക്കിടയിലേത്. 1971ൽ ചിറയൻകീഴ് മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക്. 72ൽ എ.ഐ. സി.സി പ്രവർത്തകസമിതി അംഗമായി. 77ൽ വീണ്ടും ലോക്‌സഭയിലേക്ക്. ആയിടെ ഞാൻ കോഴിക്കോട് നടത്തിയ കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന പ്രസംഗം വളരെ പ്രശസ്തമായിരുന്നു. 1982ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. ലീഡറുടെ ചില പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ചു. ഞാനും ലീഡറും ആദ്യം തൊട്ടേ ശത്രുക്കളായിരുന്നു. എന്നാൽ ആ ബന്ധം നന്നാക്കിയത് മേഴ്‌സിയാണ്. സുധീരനെ മത്സരിപ്പിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടതും അവളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP